ഭരണഘടനാ മൂല്യങ്ങളെ നിഷേധിക്കുന്നവർ


പുത്തലത്ത് ദിനേശൻ
Published on Jul 13, 2025, 11:15 PM | 4 min read
സംഘപരിവാറിന്റെ നേതാക്കൾ തങ്ങളുടെ അജൻഡകൾ ഒന്നിനുപിറകെ ഒന്നായി പുറത്തെടുക്കുകയാണ്. മതനിരപേക്ഷതയും സമത്വവും ഭരണഘടനയിൽനിന്ന് എടുത്തുമാറ്റണമെന്നാണ് അവരുടെ ആവശ്യം. സംഘപരിവാറിന്റെ ഈ നിലപാടുകൾക്കെതിരെ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് മതനിരപേക്ഷവാദികളാകെ പോരാടുകയാണ്. ഭരണഘടനയിൽ എടുത്തുപറയുന്ന മതനിരപേക്ഷതയും ബഹുസ്വര സമീപനവുമാണ് സംഘപരിവാറിന്റെ അജൻഡകളെ പ്രതിരോധിക്കുന്നതിന് പ്രധാനപ്പെട്ട കാഴ്ചപ്പാടായി നാടിനെ സ്നേഹിക്കുന്നവർ മുന്നോട്ടുവയ്ക്കുന്നത്.
ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കുമെതിരെ സംഘപരിവാർ സ്വീകരിക്കുന്ന അതേ കാഴ്ചപ്പാടാണ് ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾക്കുമുള്ളത്. മതനിരപേക്ഷത യൂറോപ്യൻ ആശയമാണെന്നും അതുകൊണ്ട് നാം അത് സ്വീകരിക്കേണ്ടതില്ല എന്നുമാണ് ഇവരുടെ പൊതുനിലപാട്. ഗാന്ധിജി പറഞ്ഞ ‘രാജ്യത്തെ ജനങ്ങൾക്ക് മത വിശ്വാസമാകാം, എന്നാൽ രാജ്യം ഏതെങ്കിലും മതത്തിന്റേതായിക്കൂടാ’ എന്ന കാഴ്ചപ്പാടിനെ ഈ രണ്ട് കൂട്ടരും അംഗീകരിക്കുന്നില്ല.
ലോകമെമ്പാടുമുള്ള ഇസ്ലാമിക തീവ്രവാദശക്തികൾ മതനിരപേക്ഷത ക്രിസ്ത്യൻ ആശയമാണെന്ന് പ്രചരിപ്പിക്കുകയും ഇസ്ലാമിന്റെ വഴി അതല്ലെന്ന് പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. അതായത്, ഭരണഘടനയിലെ സുപ്രധാന മൂല്യങ്ങളായ മതനിരപേക്ഷതയെ ഇല്ലാതാക്കുകയെന്നതാണ് സംഘപരിവാറിന്റേത് എന്നപോലെ തന്നെ ജമാഅത്തെ ഇസ്ലാമിയുടെയും ലക്ഷ്യം. മതത്തെയും രാഷ്ട്രീയത്തെയും രണ്ടായിക്കാണുന്ന മതനിരപേക്ഷതയുടെ അടിസ്ഥാന സമീപനത്തെ ഇവർ അംഗീകരിക്കുന്നില്ല. 1947ൽ ഇന്ത്യ–-പാകിസ്ഥാൻ വിഭജനം നടന്നപ്പോൾ പാകിസ്ഥാൻ ഇസ്ലാമിക രാഷ്ട്രമായും ഇന്ത്യ ഹിന്ദു രാഷ്ട്രമായും മാറണമെന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ മൗദൂദി മുന്നോട്ടുവച്ചത്. മതത്തെയും രാഷ്ട്രീയത്തെയും രണ്ടായി കാണുന്ന ആധുനിക ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയെ പാശ്ചാത്യമെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് ഈ രണ്ട് കൂട്ടരും ചെയ്യുന്നത്.
മീഡിയാവണ്ണിന്റെ കള്ളക്കഥ
മതരാഷ്ട്രവാദ ആശയങ്ങൾ ഉയർത്തുന്ന ഇവർ ചരിത്രത്തെ വർഗീയമായി ചിത്രീകരിച്ച സാമ്രാജ്യത്വത്തിന്റെ വഴികളാണ് സ്വീകരിച്ചിട്ടുള്ളത്. പ്രാചീന ഹിന്ദു കാലഘട്ടം, ഇസ്ലാമിന്റെ മധ്യ കാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം എന്ന കൊളോണിയൽ വിഭജനമാണ് ഇന്ത്യാചരിത്രത്തെ സംബന്ധിച്ച് ഈ രണ്ട് ശക്തികളും സ്വീകരിച്ചിട്ടുള്ളത്. നട്ടാൽ പൊടിക്കാത്ത നുണകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും അതുവഴി ഒന്നായി ജീവിക്കുന്ന ജനമനസ്സുകളെ ഭിന്നിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ കാഴ്ചപ്പാട്.
വർത്തമാനകാലത്ത് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയും അതിന്റെ മാധ്യമങ്ങളും ഈ വഴി പിന്തുടരുകയാണ്. മലപ്പുറത്തെ കേന്ദ്രീകരിച്ച് സംഘപരിവാർ പ്രചരിപ്പിക്കുന്ന നുണകളെ തുറന്നുകാട്ടിയാണ് കമ്യൂണിസ്റ്റുകാർ മുന്നോട്ടുപോയിട്ടുള്ളത്. മലപ്പുറത്തെ ജനതയുടെ സൗഹാർദപരമായ ജീവിതം സംരക്ഷിക്കുന്നതിനും അതിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കുന്നതിനും കമ്യൂണിസ്റ്റ് പാർടി എന്നും മുൻപന്തിയിൽ നിന്നിട്ടുണ്ട്. മലബാറിലെ കാർഷിക കലാപം തൊട്ട് ഇത് കാണാം. മലപ്പുറത്തിന്റെ മതസൗഹാർദം തകർക്കുന്ന ശക്തികൾക്കെതിരെ സർക്കാരിന്റെ ഇടപെടലുണ്ടാകണമെന്ന സബ്മിഷനായിരുന്നു വണ്ടൂരിൽനിന്നും വിജയിച്ച കണ്ണൻ എംഎൽഎ മുമ്പ് നിയമസഭയിൽ കൊണ്ടുവന്നത്. മലപ്പുറംജില്ലയിൽ എൻഡിഎഫ് നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചശേഷം എംഎൽഎയുടെ സബ്മിഷനിൽ ഇങ്ങനെ പറയുന്നു. ‘‘ ആ രൂപത്തിൽ സൗഹാർദപരമായി ജീവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമമാണ് അവരുടെ ഭാഗത്തുനിന്നും നടന്നുകൊണ്ടിരിക്കുന്നത്. അവിടെ ഹിന്ദു വർഗീയപാർടികളുടെ പ്രവർത്തനം കഴിഞ്ഞകാലത്തുനിന്നും വ്യത്യസ്തമായി വളരെ വ്യാപകമായി ആ മേഖലയിൽ വന്നുകൊണ്ടിരിക്കുന്നു''. അതായത് ആ സബ്മിഷന്റെ ഉള്ളടക്കം എൻഡിഎഫും സംഘപരിവാറും മലപ്പുറത്തിന്റെ സൗഹാർദം തകർക്കുന്നതിനായി നടത്തുന്ന പരിശ്രമങ്ങളെ തടയാൻ സർക്കാർ ഇടപെടണമെന്നായിരുന്നു. മലപ്പുറത്തിന്റെ മതസൗഹാർദം സംരക്ഷിക്കാൻ ഇടപെട്ട അന്നത്തെ വണ്ടൂർ എംഎൽഎയെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർടിയെയുമാണ് മുസ്ലിം വിരുദ്ധമെന്ന് മുദ്രകുത്താൻ മീഡിയാവണ്ണുകാരൻ കള്ളക്കഥകൾ ഉണ്ടാക്കിയത്. ബിൻലാദനും ഭഗത് സിങ്ങും ഒരുപോലെയാണെന്ന് പറഞ്ഞ ലേഖകനും അതിന് തല കുലുക്കുന്ന എഡിറ്ററുമുള്ള ഒരു ചാനലിൽ നിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കണ്ട. എൻഡിഎഫ് എന്ന പേരും സംഘപരിവാറിന്റെ പേരും വെട്ടിമാറ്റിയാണ് ഇത്തരമൊരു കള്ളക്കഥ മീഡിയാവണ്ണുകാരൻ മെനഞ്ഞെടുത്തത്.
സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ഒരേവഴി
നിയമസഭാരേഖകളിൽപോലും കൃത്രിമംകാട്ടി കമ്യൂണിസ്റ്റ് പാർടിയെ മുസ്ലിം വിരുദ്ധമായി ചിത്രീകരിക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ തന്ത്രമാണ് ഇതിലൂടെ പുറത്തുവന്നത്. വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് നേട്ടം കൊയ്യുകയെന്ന വർഗീയ രാഷ്ട്രീയത്തിന്റെ തുടർച്ചയുമാണിത്. പൊലീസ് മുസ്ലിം നാമധാരിയായ ഒരാളോട് തെറ്റായി പെരുമാറിയെന്നും അത് മുസ്ലിമിനെതിരായുള്ള കേരള പൊലീസിന്റെ ഇടപെടലിന്റെ ഭാഗമാണെന്നും ജമാഅത്തെ ഇസ്ലാമിയുടെ ദൃശ്യമാധ്യമം ആവർത്തിച്ച് പറയുകയുണ്ടായി. അതിനായി പൊലീസുകാരന്റെ പേരും തെറ്റായി കൊടുത്ത് ‘ഹിന്ദു പൊലീ’സെന്ന ചിത്രം വരയ്ക്കാനും ശ്രമിച്ചു. അതുവഴി കമ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകുന്ന ഭരണ സംവിധാനം മുസ്ലിം വിരുദ്ധമാണെന്ന് സ്ഥാപിക്കുന്നതിനാണ് ഈ കള്ളക്കഥ മെനഞ്ഞത്. ഒരു നുണ ആയിരം വട്ടം ആവർത്തിച്ചാൽ അത് സത്യമായിത്തീരുമെന്ന ഗീബൽസിയൻ തന്ത്രത്തിന്റെ പ്രയോഗംകൂടിയാണ് ഇതിലൂടെ കാണാനാകുന്നത്. നുണകൾ പ്രചരിപ്പിക്കുന്ന കാര്യത്തിലും സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ഒരേ തൂവൽപ്പക്ഷികളാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം ഇപ്പോൾ ആരെയൊക്കെയാണ് വെള്ളപൂശാൻ ശ്രമിക്കുന്നത് എന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. സ്‌ത്രീ വിദ്യാഭ്യാസത്തെ അംഗീകരിക്കാത്ത, ഗർഭിണിയായ പൊലീസുകാരിയെ ജോലിക്കെത്തിയതിന്റെ പേരിൽ വെടിവച്ച് കൊന്ന താലിബാന്റെ രീതികളെ പിന്തുണയ്ക്കുന്നതിനും ഇവർക്ക് മടിയില്ല. താലിബാൻ നേതാക്കളെല്ലാം കവിതയെഴുതുന്നവരാണ് എന്ന് ഓർമപ്പെടുത്താനും മാധ്യമത്തിന് ഒരു മടിയുമുണ്ടായിട്ടില്ല. താലിബാനെ പിന്തുണക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം വെളിപ്പെടുത്തുന്നതാണിത്.
സിപിഐ എമ്മിനെ മുസ്ലിം വിരുദ്ധമായി ചിത്രീകരിക്കാനും വലിയ പ്രചാരണം ഇതോടൊപ്പം നടക്കുന്നുണ്ട്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ അധികാരത്തിലെത്തിയ ഘട്ടത്തിൽത്തന്നെ മുസ്ലിം ജനവിഭാഗങ്ങളുടെ സാമൂഹ്യമായ അവശതകൾ പരിഹരിക്കുന്നതിനുള്ള നിലപാടാണ് സ്വീകരിച്ചത്. എംഎസ്‌പിയിൽ മുസ്ലിങ്ങളെ പ്രവേശിപ്പിക്കില്ലെന്ന തീരുമാനം മാറ്റിയത് ആ സർക്കാരാണ്. ആരാധനാലയങ്ങൾ നിർമിക്കുന്നതിന് മുസ്ലിമിനുണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതും പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിന് നേതൃത്വം കൊടുത്തതും അതേ ഗവൺമെന്റ് തന്നെയാണ്. പിന്നാക്ക പ്രദേശമായ മലപ്പുറത്തെ മുന്നോട്ടുകൊണ്ടുവരാൻ കോൺഗ്രസിന്റെയും ആർ എസ്എസിന്റെയുമെല്ലാം എതിർപ്പുകളെ നേരിട്ട് ജില്ല രൂപീകരിച്ചതും ഇ എം എസിന്റെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പൊതു ആരോഗ്യ–- വിദ്യാഭ്യാസ മേഖല സംരക്ഷണവും ഭൂപരിഷ്‌കരണ നിയമവും ക്ഷേമ പദ്ധതികളും സമ്പൂർണ സാക്ഷരതയുമെല്ലാം ആ വിഭാഗത്തിലെ പാവപ്പെട്ടവരുടെ സംരക്ഷണത്തിന് ഏറെ ഉതകിയെന്ന കാര്യവും ഇവിടെ കൂട്ടിവായിക്കണം.
യുഡിഎഫിന് അധികാരമോഹം മാത്രം
മുസ്ലിംലീഗിനെ ചത്ത കുതിരയെന്ന് വിളിച്ചത് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവാണ്. സി എച്ചിനെ തൊപ്പിയഴിപ്പിച്ച് കൊണ്ടുവന്നതും കോൺഗ്രസാണ്. സംഘപരിവാറിന്റെ നേതാവ് ഗോൾവാൾക്കറുടെ ശതാബ്ദി പരിപാടിയിൽ വിളക്ക് കൊളുത്തിയത് ഇന്നത്തെ പ്രതിപക്ഷ നേതാവാണ്. ആർഎസ്എസ് ശാഖയ്ക്ക് കാവൽനിന്നത് കെ സുധാകരനാണ്. രഥയാത്ര തടഞ്ഞതിന്റെ പേരിൽ വി പി സിങ് മന്ത്രിസഭയെ താഴെയിറക്കാൻ സംഘപരിവാറുമായി ചേർന്ന് വോട്ട് ചെയ്തത് കോൺഗ്രസാണ്. വടകരയിലും ബേപ്പൂരിലും കോ–ലീ–ബി സഖ്യമുണ്ടായി. നേമം നിയമസഭാ മണ്ഡലത്തിലും തൃശൂർ പാർലമെന്റ് മണ്ഡലത്തിലും ബിജെപിക്ക് ജയിക്കാനായത് യുഡിഎഫിന്റെ വോട്ടുകൾ അവർക്ക് മറിച്ചു നൽകിയതുകൊണ്ടാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമം ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കുകയാണ്. ഇതിനെതിരെ ശക്തമായ നിലപാട് ഇടതുപക്ഷം സ്വീകരിക്കുമ്പോൾ മിണ്ടാട്ടമില്ലാത്തവരാണ് യുഡിഎഫ് എന്ന് ഓർക്കണം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ സംഘപരിവാർ ശ്രമിച്ചപ്പോൾ യുഡിഎഫ് മിണ്ടാതിരുന്നതും ഇതിന്റെ തുടർച്ചയാണ്.
ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് മതനിരപേക്ഷതയുടെ സംരക്ഷണത്തിന് അനിവാര്യമാണെന്ന് സിപിഐ എം നിലപാടെടുക്കുന്നു. എന്നാൽ യുഡിഎഫാകട്ടെ അധികാരം കിട്ടുന്നതിന് ഏത് വർഗീയവാദിയുമായി കൂട്ടുചേരാമെന്ന നിലപാടും സ്വീകരിക്കുന്നു. അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാരെ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കാൻ കള്ളക്കഥകൾ മെനയുന്നതും യുഡിഎഫിന്റെ ബിജെപി ബന്ധം മറച്ചുവയ്‌ക്കുന്നതും.
മതരാഷ്ട്രവാദത്തിന്റെ വക്താക്കളായ ബിജെപിക്കും ജമാഅത്തെ ഇസ്ലാമിക്കും സ്വപ്ന സാക്ഷാൽക്കാരത്തിനായി മതനിരപേക്ഷതയുടെ കരുത്തുറ്റ കാവലാളായ ഇടതുപക്ഷത്തെ തകർക്കണം. നാട് തകർന്നാലും കുഴപ്പമില്ല യുഡിഎഫ് വർഗീയതയുമായി സന്ധിചെയ്യും. ഏതു സമൂഹത്തിലും ഇടതുപക്ഷം ദുർബലപ്പെട്ടാൽ സാധാരണ മനുഷ്യരെയാണ് ബാധിക്കുക. റഷ്യയുൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയാണ് അമേരിക്കൻ അക്രമങ്ങളുടെ പരമ്പര ലോകത്ത് സൃഷ്ടിച്ചത്. ഇടതുപക്ഷത്തിന് നേരിട്ട തിരിച്ചടിയാണ് ബംഗാളിനെ വർഗീയസംഘർഷങ്ങളുടെ വേദിയാക്കി മാറ്റിയത്. സംഘപരിവാർ രാജ്യമെങ്ങും വർഗീയ കലാപങ്ങൾ ആഘോഷപൂർവം നടത്തുമ്പോൾ കേരളത്തിൽ അത്തരമൊരു സ്ഥിതിയില്ലാത്തതും ഇടതുപക്ഷത്തിന്റെ കരുത്തുകൊണ്ടാണ്. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ ഇപ്പോൾ നടത്തുന്ന ശ്രമങ്ങൾ നമ്മുടെ നേട്ടങ്ങളെ തകർക്കാനുള്ളതാണെന്ന് തിരിച്ചറിയാനാകണം.














