ad
Deshabhimani

Articles

സമരപഥങ്ങളിലെ 
വീറുറ്റ പോരാളി

സമരപഥങ്ങളിലെ 
വീറുറ്റ പോരാളി

mc josephine
avatar
എം വി ഗോവിന്ദൻ

Published on Apr 09, 2026, 11:01 PM | 2 min read

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന എം സി ജോസഫൈന്റെ വേർപാടിന്‌ നാലുവർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം 23–-ാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ പത്തിനാണ്‌ ഹൃദയാഘാതത്തെ തുടർന്ന്‌ സഖാവിന്റെ അന്ത്യം.


വിദ്യാർഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ജോസഫൈന്റെ ത്യാഗപൂർണവും പ്രതിബദ്ധതയുള്ളതുമായ രാഷ്‌ട്രീയ, സംഘടനാ പ്രവർത്തനമാണ്‌ സഖാവിനെ പാർടിയുടെ കേന്ദ്ര കമ്മിറ്റിയിൽവരെ എത്തിച്ചത്‌. സംഘടനയിലെന്നപോലെ പാർലമെന്ററി രംഗത്തും വിവിധ പദവികൾ വഹിച്ച ജോസഫൈൻ മികവുറ്റ പ്രവർത്തനങ്ങളാണ്‌ നടത്തിയത്‌. സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങളും അവർ വഹിച്ചിട്ടുണ്ട്‌. വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതൃപദവിയിലും ഉണ്ടായിരുന്നു. 1978ൽ സിപിഐ എം അംഗമായ ജോസഫൈൻ പിന്നീട്‌ എറണാകുളം ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.


സുശീല ഗോപാലനുശേഷം കേരളത്തിൽനിന്ന്‌ പാർടിയുടെ കേന്ദ്ര കമ്മിറ്റിയിലെത്തുന്ന വനിത ജോസഫൈനാണ്‌. മലയാളം ബിരുദാനന്തര ബിരുദധാരിയായിരുന്ന സഖാവ്‌ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തനമാരംഭിച്ച കാലത്തുതന്നെ മികച്ച വാഗ്‌മിയും സംഘാടകയുമായിരുന്നു. സോഷ്യലിസ്റ്റ്‌ ആശയങ്ങളോട്‌ ആദ്യകാലംമുതൽതന്നെ താൽപ്പര്യമുണ്ടായിരുന്നു. പുരോഗമനവാദികളായ കോൺഗ്രസുകാർ എം എ ജോണിന്റെ നേതൃത്വത്തിൽ പരിവർത്തനവാദികളായി പ്രവർത്തിക്കുന്ന കാലത്ത്‌ അതിൽനിന്നാണ്‌ ജോസഫൈനും ഭർത്താവ് പി എ മത്തായിയും സിപിഐ എമ്മിൽ എത്തുന്നത്‌. രണ്ടുപേരെയും സിപിഐ എമ്മിന്റെ പ്രധാന പ്രവർത്തകരാക്കാൻ മുൻകൈയെടുത്തത് അന്തരിച്ച മുൻ സ്പീക്കർ എ പി കുര്യനായിരുന്നു.

കടുത്ത യാഥാസ്ഥിതിക ചുറ്റുപാടുകളിൽനിന്ന്‌ ഉയർന്ന വെല്ലുവിളികളെയും എതിർപ്പുകളെയും നേരിട്ടും അവഗണിച്ചുമാണ്‌ ജോസഫൈൻ പുരോഗമനപ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലും എത്തിയത്‌. എറണാകുളം മഹാരാജാസ്‌ കോളേജിൽ പഠിക്കുന്ന കാലത്താണ്‌ പരിവർത്തനവാദി കോൺഗ്രസിന്റെ പ്രവർത്തകയായത്‌. വൈപ്പിൻ എളങ്കുന്നപ്പുഴയിലെ മുരിക്കുംപാടത്ത്‌ സാധാരണ കുടുംബത്തിൽ ജനിച്ച ജോസഫൈൻ, വിവാഹത്തോടെ മത്തായിയുടെ നാടായ അങ്കമാലിയിലെത്തി. അങ്കമാലിയിൽ വച്ചാണ്‌ ജോസഫൈൻ തൊഴിലാളിവർഗപ്രസ്ഥാനത്തിൽ ആകൃഷ്‌ടയാകുന്നത്‌. വനിതകൾക്ക് കമ്യൂണിസ്റ്റ് പാർടി പ്രവർത്തനത്തിലേക്ക് കടന്നുവരാൻ കുടുംബപരവും സാമൂഹ്യപരവുമായ നിരവധി വിലക്കുകൾ നേരിടേണ്ടിവന്ന കാലത്ത്‌, അതിനെയെല്ലാം എതിർത്തുതോൽപ്പിച്ച സഖാവ്‌ മുഴുവൻസമയ കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകയായി മാറുകയായിരുന്നു. 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായും പ്രവർത്തിച്ചു.


കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരിക്കെത്തന്നെ രാജ്യത്ത്‌ സ്‌ത്രീസമൂഹം അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളിൽ സവിശേഷമായി ഇടപെടാൻ ജോസഫൈന്‌ കഴിഞ്ഞിരുന്നു. സ്‌ത്രീകളുടെയും തൊഴിലാളികളുടെയും അവകാശപ്പോരാട്ടങ്ങളിൽ എന്നും മുൻനിരയിലായിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ്‌ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷപദവിയിലേക്ക്‌ എത്തിയത്‌. ആ പദവിയിലിരുന്ന്‌ സുപ്രധാന ഇടപെടലുകൾ നടത്താനും കഴിഞ്ഞു. വനിതാ കമീഷൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതുമൂലം സ്‌ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെല്ലാം സ്വമേധയാ ഇടപെടാൻ അവർക്ക്‌ കഴിഞ്ഞു. കേസ്‌ എടുക്കേണ്ടതാണെങ്കിൽ അങ്ങനെ, പൊലീസിനെയോ സർക്കാരിനെയോ ഇടപെടുവിക്കേണ്ടതാണെങ്കിൽ ആ വിധത്തിൽ. പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട കാര്യമാണെങ്കിൽ മാധ്യമങ്ങളെ സമീപിച്ച്‌ അതിനും ശ്രമിച്ചു. അങ്ങനെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങളിൽ ഇടപെട്ട്‌ പരിഹാരം കാണാൻ നിരന്തരം ശ്രമിച്ച നേതാവിന്റെ അപ്രതീക്ഷിത വേർപാട്‌ ഉണ്ടാക്കിയ വിടവ്‌ എളുപ്പം പരിഹരിക്കാവുന്നതല്ല. എം സി ജോസഫൈന്റെ പാത പിന്തുടർന്ന്‌ കൂടുതൽ സജീവമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക എന്നതാണ്‌ നമ്മുടെ കടമ. സഖാവിന്റെ സ്‌മരണയ്‌ക്കുമുന്നിൽ ശോണാഭിവാദനങ്ങൾ.



Deshabhimani
Home