ടർബോ മോഡ് ഓൺ

ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസിലെ നോബിൾ ബിനോയ് സ്വർണം നേടുന്നു
കൊച്ചി
സ്റ്റാർട്ടിങ് ഗൺ മുഴങ്ങി, പിന്നെ കണ്ടത് മിന്നൽപ്പിണറിന്റെ വേഗം. പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ 100 മീറ്ററിൽ സ്പീഡ് ലിമിറ്റ് തകർത്ത് കൗമാരത്തിന്റെ മിന്നലാട്ടം. വേഗവും മികവും മനക്കരുത്തും ഒത്തുചേർന്നപ്പോൾ ഫിനിഷിങ് ലൈനിൽ പിറന്നത് പുതിയ താരങ്ങൾ.
സബ് ജൂനിയര്, ജൂനിയര് ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും 100 മീറ്റര് മത്സരം ഗ്രൗണ്ടില് തീര്ത്തത് ഉത്സവാന്തരീക്ഷം. സബ് ജൂനിയര് ആണ്കുട്ടികളുടെ വിഭാഗത്തില് ചേരാനല്ലൂര് ജിഎച്ച്എസിന്റെ പി എന് വിനായക് സ്വര്ണം നേടി. 12:9 സെക്കന്ഡില് ഏഴാം ക്ലാസ് വിദ്യാര്ഥി കടമ്പകടന്നു. 400 മീറ്ററിലും റിലേയിലും വിനായക് ഇനി കളത്തിലിറങ്ങും.
പെണ്കുട്ടികളുടെ വിഭാഗത്തില് യു വൈഗ (13:5 സെക്കന്ഡ്) ഒന്നാമതെത്തി. വെങ്ങോല ശാലേം എച്ച്എസിലെ എട്ടാം ക്സാസ് വിദ്യാര്ഥിയായ വൈഗ കഴിഞ്ഞതവണയും 100, 200 മീറ്ററുകളില് സ്വര്ണം നേടിയിരുന്നു. ജൂനിയര് ആണ്കുട്ടികളില് എംഎ കോളേജ് സ്പോര്ട്സ് ഹോസ്റ്റലിലെ നോബിള് ബിനോയ് (11 സെക്കന്ഡ്) സ്വര്ണത്തില് മുത്തമിട്ടു.
കീരംപാറ സെന്റ് സ്റ്റീഫന്സ് എച്ച്എസ്എസിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്ഥിയാണ്. ഞായറാഴ്ച നടക്കുന്ന ലോങ്ജമ്പിലും ഗ്രൗണ്ടിലിറങ്ങും. പെണ്കുട്ടികളില് പള്ളുരുത്തി ഒൗവര് ലേഡീഡ് സിജിഎച്ച്എസിലെ ത്രയ ബിനുവാണ് (13:3 സെക്കന്ഡ്) ഒന്നാമത്. ഒമ്പതാം ക്ലാസുകാരിക്ക് ഇനി 400, 200 മീറ്റര് മത്സരങ്ങളാണുള്ളത്.
കുതിച്ച് കോതമംഗലം
കൊച്ചി
മഹാരാജാസ് കോളേജ് ഗ്രൗണ്ടില് ആരംഭിച്ച റവന്യു ജില്ലാ സ്കൂള്കായികമേളയുടെ രണ്ടാംദിനത്തില് 107 പോയിന്റുമായി കോതമംഗലം ഉപജില്ല കുതിക്കുന്നു. 14 സ്വര്ണവും ഒമ്പതു വെള്ളിയും ഏഴു വെങ്കലവുമായാണ് കോതമംഗലത്തിന്റെ മുന്നേറ്റം. 24 പോയിന്റുമായി പെരുമ്പാവൂരാണ് രണ്ടാമത്. മൂന്നു സ്വര്ണവും നാലു വെങ്കലവുമാണ് നേട്ടം. 23 പോയിന്റുമായി എറണാകുളം തൊട്ടുപിന്നിലുണ്ട്. മൂന്നു സ്വര്ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും സ്വന്തമാക്കി.
സ്കൂളുകളില് നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാര് ബേസില് എച്ച്എസ്എസിന്റെ സര്വാധിപത്യമാണ്. 12 സ്വര്ണവും ആറു വെള്ളിയും അഞ്ചു വെങ്കലവുമായി 83 പോയിന്റ് ആദ്യദിനംതന്നെ പോക്കറ്റിലാക്കി. 13 പോയിന്റുമായി കീരംപാറ സെന്റ് സ്റ്റീഫന്സാണ് രണ്ടാമത്.
രണ്ടുസ്വര്ണവും ഒരു വെള്ളിയുമാണ് നേട്ടം. മൂന്നാമതുള്ള മൂക്കന്നൂര് സേക്രഡ് ഹാര്ട്ട് ഓര്ഫനേജ് എച്ച്എസിനും 13 പോയിന്റുണ്ട്. ഒരുസ്വര്ണവും രണ്ടുവീതം വെങ്കലവും വെള്ളിയുമാണ് സ്വന്തമാക്കിയത്. സബ് ജൂനിയര് ആണ്കുട്ടികളുടെ വിഭാഗത്തില് എറണാകുളവും പെണ്കുട്ടികളുടെ വിഭാഗത്തില് കോതമംഗലവുമാണ് മുന്നില്. ജൂനിയര്, സീനിയര് ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും വിഭാഗത്തില് കോതമംഗലമാണ് ഒന്നാമത്.
കായികമേളയ്ക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തി. മേയർ വി കെ മിനിമോൾ ഉദ്ഘാടനം ചെയ്തു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. കൗൺസിലർമാരായ കെ വി പി കൃഷ്ണകുമാർ, ആൽബർട്ട് അമ്പലത്തിങ്കൽ, ഹയർസെക്കൻഡറി സ്കൂൾ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി എക്സ് ബിയാട്രിസ് മരിയ, സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ–ഓർഡിനേറ്റർ പി എ റഹീം, സ്പോർട്സ് ഓർഗനൈസേഷൻ സ്റ്റേറ്റ് അസിസ്റ്റന്റ് വി കെ വിസ്മയ, റിസപ്ഷൻ കമ്മിറ്റി കൺവീനർ പി എ നിഷാദ് ബാബു തുടങ്ങിയവര് സംസാരിച്ചു.









0 comments