ഗ്രാമീണ ബാങ്കുകളും വിൽപ്പനയ്‌ക്ക്

എസ് എസ് അനിൽ
Published on Jan 11, 2026, 10:32 PM | 3 min read
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ നവഉദാരനയങ്ങൾ ദുർബലപ്പെടുത്തുന്നതിന് ഉദാഹരണമാണ് ഗ്രാമീണ ബാങ്കുകളുടെ (ആർആർബി) ഇപ്പോഴത്തെ അവസ്ഥ. ഗ്രാമീണ ജനതയുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്ഥാപിച്ച ഈ ബാങ്കുകളെ കുത്തകകളുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന, ലാഭം മാത്രം ലക്ഷ്യമിടുന്ന സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഈ ലാഭക്കൊതിയിൽ സാമൂഹിക ബാങ്കിങ് എന്ന അടിസ്ഥാന ലക്ഷ്യം ഇല്ലാതാക്കപ്പെടുന്നു.
1975-ൽ നരസിംഹം കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കി ഓർഡിനൻസിലൂടെയാണ് ആർആർബികൾ സ്ഥാപിച്ചത്. പിന്നീട് 1976-ലെ റീജണൽ റൂറൽ ബാങ്ക്സ് ആക്ട് വഴി ഇത് നിയമപരമാക്കി. 1969-ൽ ബാങ്കുകൾ ദേശസാൽക്കരിച്ചതിനുശേഷവും ഗ്രാമീണ മേഖലയിലെ ബാങ്കിങ് വളർച്ച പ്രതീക്ഷിച്ച രീതിയിൽ വികസിക്കാത്തതിനെത്തുടർന്നാണ് റീജണൽ റൂറൽ ബാങ്കുകൾ എന്ന പുതിയ സംവിധാനം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഗ്രാമങ്ങളിലെ സാധാരണക്കാർക്ക്, പ്രത്യേകിച്ച് ചെറുകിട കർഷകർ, കാർഷിക തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ എന്നിവർക്ക് കുറഞ്ഞ ചെലവിൽ ബാങ്കിങ് സേവനങ്ങളും കുറഞ്ഞ പലിശ നിരക്കിൽ വായ്പകളും ലഭ്യമാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഈ ദൗത്യം നിറവേറ്റുന്നതിൽ ഗ്രാമീണ ബാങ്കുകൾ വലിയ വിജയം നേടി. സർക്കാർ പ്രഖ്യാപിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള മികച്ച സ്ഥാപനങ്ങൾകൂടിയാണ് ഈ ബാങ്കുകൾ.
വാണിജ്യ ബാങ്കുകളുടെ കാര്യക്ഷമതയും സഹകരണ ബാങ്കുകളുടെ പ്രാദേശിക സംവേദനക്ഷമതയും സംയോജിപ്പിച്ച് ഒരു പുതിയ ബാങ്കിങ് മാതൃകയാണ് ഗ്രാമീൺ ബാങ്കുകളിലൂടെ സൃഷ്ടിക്കപ്പെട്ടത്. തുടക്കത്തിൽ 5 ഗ്രാമീൺ ബാങ്കുകളായിരുന്നു ഉണ്ടായിരുന്നത്. 1990 ആയപ്പോൾ അത് 196 ആയി. പിന്നീട് 2008ൽ പുതുച്ചേരി കേന്ദ്രമായി പുതുവൈ ഭാരതീയർ ഗ്രാമീണബാങ്കും രൂപീകരിച്ചു. ഇപ്പോൾ ഏകദേശം 22,000 ശാഖകളോടെ ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവർക്ക് വലിയ ആശ്വാസകരമായ സേവനമാണ് ഗ്രാമീൺ ബാങ്കുകൾ നൽകുന്നത്.
വെല്ലുവിളികളും ലയനങ്ങളും
പ്രവർത്തന മേഖലയിലെ പരിധി, ഉയർന്ന ഭരണച്ചെലവ്, ക്രോസ് സബ്സിഡൈസേഷൻ ഇല്ലാത്ത അവസ്ഥ എന്നിവ ഗ്രാമീണ ബാങ്കുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഈ പരിമിതികൾ മറികടക്കാൻ, ഓൾ ഇന്ത്യ റീജണൽ റൂറൽ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIRRBEA) തുടക്കകാലംമുതൽതന്നെ നാഷണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ (NRBI) രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും നാഷണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. രണ്ട് പാർലമെന്ററി കമ്മിറ്റികളും ഈ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. ആർആർബികളെ സ്വകാര്യ താൽപ്പര്യങ്ങൾക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കാൻ നാഷണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യയുടെ രൂപീകരണം സഹായിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഗ്രാമീണ ബാങ്കിങ് സംവിധാനം ഒരു ദേശീയ ആസ്തിയായി തുടരുമെന്നും, അതിന്റെ പ്രാഥമിക ലക്ഷ്യം ഗ്രാമീണ ദരിദ്രരുടെ ക്ഷേമമാണെന്നും ഓഹരി ഉടമകൾക്ക് ലാഭമുണ്ടാക്കുകയല്ലെന്നും ഇത് ഉറപ്പാക്കും. ഏറ്റവും പുതിയ പുനഃക്രമീകരണത്തോടെ "ഒരു സംസ്ഥാനം - ഒരു ആർആർബി’ എന്ന സംവിധാനം നിലവിൽ വന്നു. വിവിധ പുനഃക്രമീകരണങ്ങളിലൂടെ 28 ഗ്രാമീണ ബാങ്കുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇത് നാഷണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള ഒരു ഉന്നത സ്ഥാപനം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു എന്നൊരു തോന്നലുണ്ടാക്കി.
സ്വകാര്യവൽക്കരണ ഭീഷണി
1991 ൽ തുടങ്ങിയ നവ ഉദാര സാമ്പത്തിക നയങ്ങൾ ആർആർബികളുടെ പ്രവർത്തനത്തെ ആഴത്തിൽ സ്വാധീനിച്ചു. ഈ ബാങ്കുകളുടെ സാമൂഹിക ലക്ഷ്യങ്ങളെക്കാൾ "ലാഭക്ഷമത’ എന്ന പുതിയ അളവുകോലിന് മുൻഗണന വന്നു. ലാഭത്തെ ലക്ഷ്യമിടുന്ന മറ്റ് വാണിജ്യ ബാങ്കുകളുമായി മത്സരിക്കാൻ അവ നിർബന്ധിതരായി. ഇത് ഗ്രാമീണ ബാങ്കുകളുടെ പ്രധാന പ്രവർത്തനങ്ങളിൽ വലിയ മാറ്റമുണ്ടാക്കി. ഗ്രാമീണ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനു പകരം സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ. ഇതിനായുള്ള നിയമനിർമാണം 2015-ൽ പാസാക്കിയെങ്കിലും സർക്കാർ അത് പൂർണമായി നടപ്പാക്കിയിരുന്നില്ല. എന്നാൽ, ഗ്രാമീണ ബാങ്കുകൾക്ക് ഒരു പ്രാരംഭ പൊതു ഓഹരി വിൽപ്പന (IPO) നടത്താനുള്ള പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോകുകയാണ്.
2015-ലെ ഭേദഗതി പ്രകാരം, ഗ്രാമീണ ബാങ്കുകളുടെ 49 ശതമാനം ഓഹരികൾവരെ സ്വകാര്യ മേഖലയിലേക്ക് കൈമാറാം. കേന്ദ്ര സർക്കാരും സ്പോൺസർ ബാങ്കും സംസ്ഥാന സർക്കാരും ചേർന്ന് 51 ശതമാനം ഓഹരികൾ കൈവശം വച്ചാൽ മതി. കേന്ദ്രസർക്കാരിന് 50 ശതമാനവും സംസ്ഥാന സർക്കാരിന് 15 ശതമാനവും സ്പോൺസർ ബാങ്കുകൾക്ക് 35 ശതമാനവും ഓഹരികളാണ് നിലവിലുള്ളത്. പുതിയ ഐപിഒ നീക്കം നടപ്പാക്കിയാൽ കേന്ദ്ര സർക്കാർ ഓഹരി 50 ശതമാനത്തിൽ താഴെയാകും. അതോടെ, ഗ്രാമീണ ബാങ്കുകൾ സ്വകാര്യ ബാങ്കുകളാകും. സ്വകാര്യവൽക്കരണത്തിനുള്ള ഐപിഒ ആദ്യം നടപ്പാക്കുന്നത് കേരള, തമിഴ്നാട്, ഹരിയാന ഗ്രാമീൺ ബാങ്കുകളിലാണ്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായുള്ള ചെറുത്ത് നിൽപ്പ് ശക്തമാക്കിയ രണ്ട് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. അവിടെയുള്ള ഗ്രാമീണ ബാങ്കുകളെത്തന്നെ സ്വകാര്യവൽക്കരിച്ച് വേഗതയിൽ സ്വകാര്യവൽക്കരണം പൂർത്തിയാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിനുപിന്നിലും.
പൊതുമേഖല സംരക്ഷിക്കേണ്ടതിന്റെ ആവശ്യം
ഗ്രാമീണ ബാങ്കുകളുടെ പൊതുമേഖലാ സ്വഭാവം ഇല്ലാതാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന കുറഞ്ഞ ചെലവിലുള്ള സേവനങ്ങൾ ഇല്ലാതാകും. ലാഭം മാത്രം ലക്ഷ്യമിടുന്ന സ്വകാര്യ ബാങ്കുകൾ സാമൂഹിക ഉത്തരവാദിത്വങ്ങളിൽനിന്ന് പിന്മാറും. സർക്കാർ പദ്ധതികൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഗ്രാമീണ ബാങ്കുകൾ വഹിക്കുന്ന നിർണായക പങ്ക് ഇല്ലാതാക്കപ്പെടും. അതിനാൽ ഗ്രാമീണ ബാങ്കുകളെ പൊതുമേഖലയിൽ ശക്തിപ്പെടുത്തുകയാണ്, അല്ലാതെ സ്വകാര്യവൽക്കരിക്കുകയല്ല വേണ്ടത്.
ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കുന്നതിലൂടെ, ബാങ്കുകൾ ഓഹരി ഉടമകളോട് കണക്ക് ബോധിപ്പിക്കാൻ നിർബന്ധിതരാകും. അവരുടെ പ്രാഥമിക താൽപ്പര്യം ലാഭമാണ്. ഇത് ബാങ്കുകളുടെ സാമൂഹിക ബാധ്യതകളെ പൂർണമായും ഇല്ലാതാക്കും. ലാഭമില്ലാത്ത ഗ്രാമീണ ശാഖകൾ അടച്ചുപൂട്ടപ്പെടും. കാർഷിക മേഖല, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മുൻഗണനാ മേഖലകൾക്ക് വായ്പ നൽകുന്നതിൽനിന്ന് ഗ്രാമീണ ബാങ്കുകൾ പിന്മാറി ലാഭകരമായ കോർപറേറ്റ് വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടും. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും അവരുടെ സേവന-വേതന വ്യവസ്ഥകൾ ദുർബലമാക്കുന്നതിനും ഇടയാക്കും.
( ബെഫി അഖിലേന്ത്യ പ്രസിഡന്റാണ് ലേഖകൻ )















