ad
Deshabhimani

Articles

കരുതൽധനവും കൊള്ളയടിക്കുന്ന മോദി

കരുതൽധനവും കൊള്ളയടിക്കുന്ന മോദി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
എസ് എസ് അനിൽ

Published on Jun 01, 2026, 10:58 PM | 3 min read

ആർബിഐ 2025–-26ലെ മിച്ച ലാഭവിഹിതമായി 2,86,588.46 കോടി രൂപ യൂണിയൻ സർക്കാരിന് കൈമാറാൻ തീരുമാനിച്ചു. മെയ് 22ന് ചേർന്ന ആർബിഐ ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ മിച്ച ലാഭവിഹിത കൈമാറ്റമാണിത്. റിസർവ്‌ ബാങ്കിന്റെ ഇത്തരം വലിയ കൈമാറ്റത്തിന് മാധ്യമങ്ങൾ നല്ല പ്രാധാന്യം മുൻകാലത്ത്‌ നൽകിയിരുന്നു. ഇത്തവണ അതുണ്ടായില്ല. എന്നാൽ മലയാളത്തിലെ പ്രമുഖ പത്രം, സാമ്പത്തികവർഷത്തെ ഡിവിഡന്റ്‌ വരുമാനത്തെക്കുറിച്ച് കേന്ദ്ര ധനമന്ത്രാലയം ബജറ്റിൽ കണക്കാക്കിയിരുന്ന തുകയെക്കാൾ വളരെ കുറഞ്ഞ തുകയാണ് ആർബിഐ കൈമാറിയതെന്ന പച്ചനുണകൂടി ചേർത്ത് കേന്ദ്രസർക്കാരിനെ വെള്ളപൂശി.


​ആർബിഐയിൽനിന്നും പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള പൊതുധനമേഖലാ സ്ഥാപനങ്ങളിൽനിന്നും പ്രതീക്ഷിച്ച ആകെ സാമ്പത്തികവരുമാനമായി ബജറ്റിൽ സൂചിപ്പിച്ചത് 3.16 ലക്ഷം കോടി രൂപയാണ്. അതിൽ 2.87 ലക്ഷം കോടി രൂപ ആർബിഐയിൽനിന്ന്‌ ലഭിച്ചു. പൊതുമേഖലാ ബാങ്കുകളുടെ കഴിഞ്ഞ സാമ്പത്തികവർഷത്തെ അറ്റലാഭം 1.98 ലക്ഷം കോടി രൂപയും എൽഐസിയിൽ 57,419 കോടി രൂപയുമാണ്. ജനറൽ ഇൻഷുറൻസ് കമ്പനികളിലും നബാർഡ് ഉൾപ്പെടെയുള്ള മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും റെക്കോഡ് അറ്റാദായമാണ്. ഇ‍ൗ സ്ഥാപനങ്ങളിൽനിന്നുള്ള ലാഭവിഹിതം പരിശോധിച്ചാൽ ബജറ്റിൽ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ ലഭിക്കുമെന്നതാണ്‌ വസ്‌തുത.


​റിസർവ്‌ ബാങ്കിന് ലാഭമാണ് കരുതൽധനമായി കണക്കാക്കുന്നത്. ഇന്ത്യൻ/വിദേശ കടപ്പത്രങ്ങൾ, വിദേശ നിക്ഷേപങ്ങൾ, ധനനയങ്ങൾ നടപ്പാക്കുമ്പോഴുള്ള പണമിടപാടുകൾ (റിപ്പോ, റിവേഴ്‌സ് റിപ്പോ) എന്നിവയിൽനിന്ന്‌ ലഭിക്കുന്ന പലിശയും വിദേശനാണ്യ ഇടപാടുകൾ, സർക്കാർ കടപ്പത്ര മൂല്യവർധന, കമീഷനുകൾ എന്നിവയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽനിന്ന്‌, കറൻസി നോട്ടുകളുടെ ഉൽപ്പാദനം, വിതരണം, ഏജൻസി കമീഷൻ, ധനനയങ്ങൾ നടപ്പാക്കുമ്പോഴുള്ള ചെലവും വ്യവസായങ്ങൾക്കും ഗ്രാമവികസനത്തിനുമായി മാറ്റിവയ്ക്കുന്ന പണവും കുറച്ച് ബാക്കിവരുന്ന സംഖ്യയാണ് ആർബിഐയുടെ മിച്ചവരുമാനം. ഇതിൽനിന്ന് മാറ്റിവയ്ക്കുന്ന പണമാണ് റിസർവ്‌ ബാങ്കിന്റെ കരുതൽധനം; അഥവാ രാജ്യത്തെ സമ്പദ്‌മേഖലയെ സംരക്ഷിക്കാനുള്ള ധനം. അതുകൊണ്ടുതന്നെ ഏറെ സൂക്ഷ്‌മതയോടെമാത്രമേ റിസർവ്‌ ബാങ്ക് കരുതൽധനം കൈകാര്യം ചെയ്യുകയുള്ളൂ.


​ലാഭവിഹിതത്തിൽനിന്ന് നിശ്ചിതസംഖ്യ കണ്ടിൻജൻസി റിസ്‌ക്‌ ബഫർ ഫണ്ട് (Contingency Risk Buffer) എന്ന നിലയിൽ കരുതിവയ്ക്കും. രാജ്യത്തെ സാമ്പത്തികമേഖലയിലെ ചലനങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് ഭാവിയിൽ ഉണ്ടായേക്കാവുന്ന ആകസ്‌മിക പ്രതിസന്ധി തരണംചെയ്യാനുള്ള പണമാണ് കണ്ടിൻജൻസി ഫണ്ടായി മാറ്റിവയ്‌ക്കപ്പെട്ടിരുന്നത്. രാജ്യത്തിന്റെ സമ്പദ്‌മേഖലയെ സംരക്ഷിക്കാനുള്ള യഥാർഥ കരുതൽധനമാണ് കണ്ടിൻജൻസി ഫണ്ട്. ബാക്കിവരുന്ന സംഖ്യയാണ് ആർബിഐ യൂണിയൻ സർക്കാരിന് കൈമാറാറുണ്ടായിരുന്നത്.


​ലക്ഷം കോടികൾ കൈക്കലാക്കാൻ 
വിദഗ്‌ധ കമ്മിറ്റികൾ


​എന്നാൽ 2014 മുതൽ രാജ്യം ഭരിക്കുന്ന മോദി സർക്കാർ, മറ്റു ഭരണഘടനാ സ്ഥാപനങ്ങളോടും പൊതുമേഖലയോടും സ്വീകരിക്കുന്ന അതേ നയംതന്നെയാണ് റിസർവ്‌ ബാങ്കിനോടും സ്വീകരിക്കുന്നത്. റിസർവ്‌ ബാങ്കിന്റെ കൈവശമുള്ള അടിയന്തര കരുതൽധനശേഖരത്തിലും ഇടപെടൽ തുടങ്ങി. വികസിത രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളെ അപേക്ഷിച്ച് ആർബിഐ വളരെയധികം പണം കരുതലായി സൂക്ഷിക്കുന്നുണ്ടെന്ന്‌ പറഞ്ഞ്, കൂടുതൽ തുക വികസന ആവശ്യത്തിനായി സർക്കാരിന് കൈമാറണമെന്ന്‌ ധനമന്ത്രാലയം വാദിച്ചു.


എന്നാൽ, സാമ്പത്തികപ്രതിസന്ധികളെ നേരിടാൻ ഈ തുക ആർബിഐയുടെ പക്കൽതന്നെ വേണമെന്നായിരുന്നു റിസർവ്‌ ബാങ്കിന്റെ നിലപാട്. ഈ തർക്കത്തിന് ശാശ്വതപരിഹാരം കാണാനും ആർബിഐയുടെ മൂലധന ആവശ്യകത കൃത്യമായി വിലയിരുത്താനുമായി പുതിയ സാമ്പത്തിക മൂലധന ചട്ടക്കൂട് രൂപീകരിക്കാൻ, 2018 ഡിസംബറിൽ റിസർവ് ബാങ്ക്‌ മുൻ ഗവർണറായിരുന്ന ഡോ. ബിമൽ ജലാന്റെ അധ്യക്ഷതയിൽ ആറംഗ വിദഗ്‌ധസമിതിയെ നിയോഗിച്ചു. ആർബിഐയുടെ ആകെ ആസ്‌തിയുടെ 5.5 ശതമാനംമുതൽ 6.5 ശതമാനംവരെ തുക അടിയന്തര കരുതൽഫണ്ടായി സൂക്ഷിച്ചാൽ മതിയെന്ന നിർദേശമാണ് കമ്മിറ്റി നൽകിയത്. കമ്മിറ്റി റിപ്പോർട്ട് പിൻബലമാക്കി, ഈ സാമ്പത്തികവർഷത്തെ 6.5 ശതമാനം തുക നീക്കിവച്ചശേഷമാണ് ഇപ്പോൾ 2,86,588.46 കോടി രൂപ കൈമാറുന്നത്‌. കഴിഞ്ഞ സാമ്പത്തികവർഷം നീക്കിവച്ചത് 7.5 ശതമാനമായിരുന്നു.


​മോദിസർക്കാർ അധികാരത്തിൽ വരുംമുമ്പുള്ള 11 വർഷം, 2003 മുതൽ 2014 വരെ ആർബിഐ കൈമാറിയ ആകെ തുക 2,06,102 കോടി രൂപമാത്രമാണ്. മോദിസർക്കാർ അധികാരമേറ്റ 2014 മുതൽ 2026 വരെയുള്ള കൈമാറ്റസംഖ്യ 14,28,445 കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് സാമ്പത്തികവർഷംമാത്രം 7,66,052 കോടി രൂപ കൈമാറി.

​റിസർവ്‌ ബാങ്കിന്റെ കരുതൽധനത്തിൽനിന്ന്‌ ഇത്ര വലിയ തുകയുടെ കൈമാറ്റം ഉണ്ടാക്കാനിടയുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമുള്ള ചർച്ചപോലും നടക്കുന്നില്ല. മോദിസർക്കാരിനെ വെള്ളപൂശാനിറങ്ങുന്ന സാമ്പത്തികനിരീക്ഷകരെല്ലാം പറയുന്നത്, ആർബിഐയിൽനിന്നുള്ള ഈ അധികവരുമാനം സർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് പോവുകയും വിവിധ മുൻഗണനാക്രമങ്ങൾക്കായി വിന്യസിക്കുകയും ചെയ്യുമെന്നതാണ്.


അടിസ്ഥാനസൗകര്യ വികസനത്തിലൂടെയുള്ള സാമ്പത്തികവളർച്ച ലക്ഷ്യമിട്ട്, സർക്കാരിന്റെ ഏറ്റവും ഉയർന്ന ചെലവിടൽ മുൻഗണനയായി ഇത് തുടരുമെന്നും അവർ പറയുന്നു. രാജ്യത്തെ സമ്പദ്‌മേഖലയെ സംരക്ഷിക്കാനാണ് റിസർവ്‌ ബാങ്ക് കണ്ടിൻജൻസി റിസ്‌ക്‌ ബഫർ ഫണ്ട് എന്ന പേരിലുംമറ്റും കരുതൽധനം സ്വരൂപിക്കുന്നത്. ആ കരുതൽധനമാണ് ഇപ്പോൾ കേന്ദ്രം കൊള്ള നടത്തുന്നത്. ലക്ഷം കോടികൾ ഇങ്ങനെ കൈക്കലാക്കുമ്പോഴും നികുതി ഇനത്തിൽ ലഭിക്കുന്ന പണം സംസ്ഥാനങ്ങൾക്ക്‌ വീതംവയ്‌ക്കുന്നതിൽ എന്തെങ്കിലും മാറ്റംവരുത്തി സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ പദ്ധതിയൊന്നും കൈക്കൊള്ളുന്നുമില്ല.


(ബിഇഎഫ്ഐ അഖിലേന്ത്യ 
പ്രസിഡന്റാണ് ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home