Articles

പോളണ്ട്‌, പോർച്ചുഗൽ, റുമേനിയ തെരഞ്ഞെടുപ്പ്‌ ഫലം

ആശങ്കയും പ്രതീക്ഷയും

poland rumania election
avatar
വി ബി പരമേശ്വരൻ

Published on Jun 03, 2025, 10:55 PM | 4 min read

യൂറോപ്പിൽ രണ്ടാഴ്ചയ്‌ക്കിടെ മൂന്നു രാജ്യങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ പോളണ്ടിൽ തീവ്ര വലതുപക്ഷം വിജയിച്ചപ്പോൾ റുമേനിയയിൽ അവർക്ക് തിരിച്ചടിയേറ്റു. പോർച്ചുഗലിൽ മധ്യവലതുപക്ഷം ഒന്നാം കക്ഷിയായെങ്കിലും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. കടുത്ത ആശങ്കയും പ്രതീക്ഷയും ഒരുപോലെ നൽകുന്ന ഫലങ്ങളാണ് ഈ രാജ്യങ്ങളിൽ ഉണ്ടായത്. തീവ്ര വലതുപക്ഷ ശക്തികളുടെ ത്വരിതഗതിയിലുള്ള വളർച്ചയാണ് ആശങ്ക പടർത്തുന്നതെങ്കിൽ അതേ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾ തമ്മിൽ വളർന്നുവരുന്ന വൈരുധ്യങ്ങൾ പ്രതീക്ഷ ഉണർത്തുകയും ചെയ്യുന്നു.


കിഴക്കൻ യൂറോപ്യൻ രാജ്യവും യൂറോപ്യൻ യൂണിയനിലെ ആറാമത്തെ സാമ്പത്തിക ശക്തിയുമായ പോളണ്ടിൽ ജൂൺ ഒന്നിന് നടന്ന രണ്ടാംഘട്ട പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷമായ ലോ ആൻഡ്‌ ജസ്റ്റീസ് പാർടിയുടെ പിന്തുണയുള്ള സ്ഥാനാർഥിയും ചരിത്രകാരനുമായ കരോൾ നവ്‌റോക്കിയാണ് 50.89 ശതമാനം വോട്ട് നേടി ജയിച്ചത്. ഒന്നാംഘട്ടത്തിൽ മുന്നിലെത്തിയ വാഴ്‌സ മേയറും ഭരണകക്ഷിയായ സിവിക് സഖ്യം സ്ഥാനാർഥിയുമായ ട്രസ്കോവ്സ്കിക്ക് രണ്ടാം ഘട്ടത്തിൽ 49.11 ശതമാനം വോട്ട്‌ മാത്രമേ ലഭിച്ചുള്ളൂ. എതിരാളിയേക്കാൾ 1.78 ശതമാനം അതായത് 3,69,591 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നവ്റോക്കി വിജയിച്ചത്. സിവിക് സഖ്യം നേതാവും പ്രധാനമന്ത്രിയുമായ ഡൊണാൾഡ് ടസ്കിന്റെ കൂട്ടുകക്ഷി സർക്കാരിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ടസ്‌കിന്റെ യൂറോപ്യൻ യൂണിയൻ, ഉക്രയ്ൻ അനുകൂല നയങ്ങൾക്ക് എതിരാണ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ വിധി. സർക്കാരിന്റെ നയങ്ങളെ നിശ്ചയിക്കാൻ പ്രസിഡന്റിന് കഴിയില്ലെങ്കിലും പാർലമെന്റ്‌ പാസാക്കുന്ന ബില്ലുകൾ വീറ്റോ ചെയ്യാൻ പോളിഷ് പ്രസിഡന്റിന് അധികാരമുണ്ട്.


ഈ വീറ്റോ മറികടക്കാൻ പാർലമെന്റിൽ 60 ശതമാനം അംഗങ്ങളുടെ പിന്തുണ വേണം. എന്നാൽ, ടസ്‌കിന്റെ കൂട്ടുകക്ഷി സർക്കാരിന് അതിനുള്ള അംഗബലമില്ല. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പ്രഖ്യാപിതനയങ്ങളിൽനിന്ന്‌ ഒരടി പിന്നോട്ടു പോകില്ലെന്ന് പ്രഖ്യാപിച്ച ടസ്‌ക്‌ വിശ്വാസവോട്ട് തേടുമെന്നും അറിയിച്ചു. തനിക്ക് സഖ്യകക്ഷികളുടെ പിന്തുണയുണ്ടെന്ന് ബോധ്യപ്പെടുത്താനുള്ള ടസ്‌കിന്റെ ഈ ശ്രമം പരാജയപ്പെട്ടാൽ നവ്റോക്കിയും കൂട്ടരും പുതിയ സഖ്യകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ശ്രമം നടത്തും. ആദ്യഘട്ടം വോട്ടെടുപ്പിൽ 15 ശതമാനം വോട്ട്‌ നേടിയ സ്ലാവോമിർ മെന്റന്റനിന്റെ തീവ്ര വലതുപക്ഷ പ്രസ്ഥാനം ലോ ആൻഡ്‌ ജസ്റ്റീസ് പാർടിയുമായി കൈകോർത്താൽത്തന്നെ ടസ്‌ക്‌ സർക്കാരിന്റെ ഭാവി അവതാളത്തിലാകും. എന്നാൽ, തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾ തമ്മിലുള്ള വൈരുധ്യം മുതലെടുക്കാൻ ടസ്‌കിന് കഴിയുമോയെന്ന് വരുംനാളുകളിൽ മാത്രമേ വ്യക്തമാകൂ.


മുൻ ഗുസ്തി താരവും നാൽപ്പത്തിരണ്ടുകാരനുമായ നവ്റോക്കിയുടെ വിജയം ലോകമെങ്ങുമുള്ള നവഫാസിസ്റ്റ്‌ ശക്തികൾക്ക് ഊർജം പകരുന്നതാണ്. അമേരിക്കൻ പ്രസിഡന്റ്‌ ട്രംപ് നവ്‌റോക്കിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു കഴിഞ്ഞു. ഹംഗറി പ്രസിഡന്റ്‌ വിക്ടർ ഓർബനും ഫ്രാൻസിലെ നാഷണൽ റാലി നേതാവ് മരീൻ ലീ പെന്നും പോളിഷ് വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുംവിധമുള്ള ഇടപെടലുകൾ നവഫാസിസ്റ്റ് ശക്തികൾ പോളണ്ടിൽ നടത്തിയിരുന്നു. അമേരിക്കൻ സൈനിക പിന്തുണയും ആയുധങ്ങളും ലഭിക്കാൻ നവ്റോക്കിയെ വിജയിപ്പിക്കണമെന്ന് യുഎസ് ഹോം ലാൻഡ്‌ സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ആഹ്വാനം ചെയ്യുകയുണ്ടായി. യൂറോപ്പിന്റെ ഭാവി ബ്രസൽസിൽനിന്ന്‌ നിശ്ചയിക്കുന്ന കാലത്തിന് അന്ത്യമാകുകയാണെന്ന സൂചനയാണ് ഇതെല്ലാം നൽകുന്നത്. നാറ്റോയെ ദുർബലമാക്കുന്ന ട്രംപിന്റെ നയങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്പിന് പ്രത്യേകമായ സുരക്ഷാകവചം ഒരുക്കാനുള്ള ജർമൻ - ഫ്രാൻസ് നീക്കത്തിനും നവഫാസിസ്റ്റുകളുടെ വിജയം വിലങ്ങുതടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.


റുമേനിയയിൽ മധ്യവലതുപക്ഷം

ലോകമെമ്പാടും പ്രത്യേകിച്ചും യൂറോപ്പിൽ തീവ്ര വലതുപക്ഷത്തിന് വൻമുന്നേറ്റങ്ങളാണ് സമീപകാലത്തുണ്ടായത്. അമേരിക്കയിൽ ട്രംപ് വീണ്ടും അധികാരത്തിലെത്തി. യൂറോപ്പിൽ ഏഴ് രാഷ്ട്രങ്ങളിൽ നേരിട്ടോ സഖ്യങ്ങളുടെ രൂപത്തിലോ തീവ്ര വലതുപക്ഷം അധികാരത്തിലേറി. ഇറ്റലി, ഹംഗറി, നെതർലൻഡ്‌സ്‌, ഫിൻലൻഡ്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, സ്ലോവാക്യ എന്നീ രാജ്യങ്ങളിലാണ് തീവ്ര വലതുപക്ഷം ഇപ്പോൾ അധികാരത്തിലുള്ളത്. ഫ്രാൻസിൽ ഇടതുപക്ഷം ശക്തമായ പ്രതിരോധനിര തീർത്തതിനാൽ മാത്രമാണ് നവഫാസിസ്റ്റ് കക്ഷിക്ക് അധികാരത്തിലെത്താൻ കഴിയാതിരുന്നത്. ബ്രിട്ടനിലും ജർമനിയിലും നവഫാസിസ്റ്റ് കക്ഷികൾ വൻ മുന്നേറ്റം നടത്തുകയും ചെയ്തു.


കിഴക്കൻ യൂറോപ്യൻ രാജ്യമായ, യൂറോപ്യൻ യൂണിയനിലും നാറ്റോവിലും അംഗമായ റുമേനിയയിലും തീവ്ര വലതുപക്ഷം അധികാരത്തിൽ വരുമെന്നാണ് എല്ലാ അഭിപ്രായ സർവേകളും മാധ്യമങ്ങളും പ്രവചിച്ചിരുന്നത്. മെയ് നാലിന് നടന്ന ആദ്യഘട്ടം പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ തീവ്ര ദേശീയവാദിയും യൂറോപ്യൻ യൂണിയന്റെ കടുത്ത വിമർശകനും ഉക്രയ്ൻ വിരുദ്ധനും ട്രംപിന്റെ ആരാധകനുമായ ജോർജ് സൈമണാണ് മുന്നിലെത്തിയിരുന്നത്. 41 ശതമാനം വോട്ട് സൈമൺ നേടിയപ്പോൾ ബുക്കാറസ്റ്റ് മേയറും മധ്യ വലതുപക്ഷ നയങ്ങളുടെ ആരാധകനുമായ സ്വതന്ത്ര സ്ഥാനാർഥി നിക്കോഷോർ ഡാനിന് 21 ശതമാനം വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ആദ്യഘട്ടം വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷവാദിയായ കാലിൻ ജോർജസ്ക്യു വിജയിച്ചെങ്കിലും റഷ്യൻ ഇടപെടൽ ആരോപിച്ച് ഭരണഘടനാ കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. മെയ് നാലിന് വീണ്ടും നടന്ന ആദ്യഘട്ടം വോട്ടെടുപ്പിലും അലയൻസ് ഫോർ ദ യൂണിയൻ ഓഫ് റുമേനിയ എന്ന തീവ്ര വലതുപക്ഷ പാർടിയുടെ സ്ഥാനാർഥി മുന്നിലെത്തി. എന്നാൽ, മെയ് 18ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബുക്കാറസ്റ്റ് മേയറും ഗണിതശാസ്ത്ര വിദഗ്ധനുമായ നിക്കോഷോർ ഡാൻ 56 ശതമാനം വോട്ട് നേടി വിജയിച്ചു. വലതുപക്ഷക്കാരൻതന്നെയായ ഡാനിന്റെ വിജയത്തിൽ ആഹ്ളാദിക്കാൻ ഏറെയില്ലെങ്കിലും നവഫാസിസ്റ്റ് പ്രസ്ഥാനം അധികാരത്തിൽ വരുന്നത് തടയാൻ കഴിഞ്ഞെന്ന്‌ ആശ്വസിക്കാം.


എന്തുകൊണ്ട് രണ്ടാം റൗണ്ടിൽ തീവ്ര വലതുപക്ഷ സ്ഥാനാർഥി തോറ്റെന്ന വിശകലനം പ്രസക്തമാണ്. കാരണം, നവഫാസിസ്റ്റ് പക്ഷത്ത് രൂപപ്പെടുന്ന ആന്തരിക വൈരുധ്യങ്ങൾ അവർക്കുതന്നെ വിനയാകുകയാണെന്നാണ് റുമേനിയ നൽകുന്ന പാഠം. ഈ വൈരുധ്യങ്ങൾ സമർഥമായി ഉപയോഗിക്കാൻ ലിബറൽ, ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് എത്രമാത്രം കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കും ഈ രാജ്യങ്ങളിലെ ഭാവി രാഷ്ട്രീയം ഉരുത്തിരിയുക. ‘മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ (മാഗ)’ എന്ന മുദ്രാവാക്യം ഉയർത്തുന്നത് ട്രംപാണ്. എന്നാൽ, അതേ ട്രംപിന്റെ ആരാധകരായ ജോർജ് സൈമണും ഇറ്റലിയിലെ പ്രധാനമന്ത്രി ജോർജിയ മെലണിയും മറ്റും ‘മെയ്ക്ക് യൂറോപ്പ്‌ ഗ്രേറ്റ് എഗെയ്ൻ’ എന്ന മുദ്രാവാക്യമാണ് ഉയർത്തുന്നത്. "അമേരിക്ക ഫസ്റ്റും’ "യൂറോപ്പ് ഫസ്റ്റും’ എങ്ങനെ സമാന്തരമായി മുന്നോട്ടു പോകുമെന്ന ചോദ്യമാണ് ഉയരുന്നത്. യൂറോപ്യൻ യൂണിയനെതിരെ ട്രംപ് താരിഫ് യുദ്ധം ആരംഭിച്ചതോടെ ആ യൂണിയന്റെ ഭാഗമായ ഇറ്റലിയിലെ ജോർജിയ മെലോണിക്കുപോലും ട്രംപിന്റെ നടപടിയെ വിമർശിക്കേണ്ടിവന്നു. യൂറോപ്യൻ യൂണിയൻ അംഗമായ റുമേനിയൻ നേതാവായിട്ടുപോലും ട്രംപിന്റെ നടപടിയെ ന്യായീകരിച്ച ജോർജ് സൈമണിന് മധ്യവർഗ വോട്ടുകൾ നഷ്ടമായി. സൈമണിന് ഹംഗറിയിലെ വിക്ടർ ഓർബൻ എന്ന തീവ്ര വലതുപക്ഷ പ്രസിഡന്റിന്റെ പിന്തുണയുണ്ട്. എന്നാൽ, റുമേനിയയിൽ ഒരു വലിയ വിഭാഗം ഹംഗേറിയൻ വംശജർ ജീവിക്കുന്നുണ്ട്. അവരുടെ ശവക്കല്ലറയ്‌ക്കുമേൽ റുമേനിയക്കാർ ശവക്കല്ലറ തീർത്തപ്പോൾ വലിയ സംഘർഷം ഉണ്ടായി. ആ സമയത്ത് റുമേനിയൻ പക്ഷത്ത് നിലയുറപ്പിച്ച സൈമണെ തെരഞ്ഞെടുപ്പിൽ പിന്തുണയ്‌ക്കാൻ ഓർബൻ അപേക്ഷിച്ചിട്ടും ഹംഗേറിയൻ വംശജർ തയ്യാറായില്ല. അവർ കൂട്ടമായി താമസിക്കുന്ന ഹർഗിത പ്രവിശ്യയിലെ- 90 ശതമാനം പേരും നിക്കോ ഷോർ ഡാന് വോട്ട് ചെയ്തു. സൈമണിന്റെ മറ്റൊരു സുഹൃത്ത് ഇറ്റാലിയൻ പ്രധാനമന്ത്രിയാണ്. എന്നാൽ, ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനി റുമേനിയയിൽനിന്ന്‌ ജോലി തേടിയെത്തിയവരെ വിശേഷിപ്പിച്ചത് "യാചകർ’, "കള്ളന്മാർ’, "ക്രിമിനലുകൾ’ എന്നൊക്കെയാണ്. സൈമണ് റുമേനിയൻ ദേശീയവാദികളുടെ വോട്ടുപോലും കുറയ്‌ക്കാൻ ഇത് കാരണമായി.


പോർച്ചുഗലിൽ ഇനി ആര്

പോർച്ചുഗലിൽ മധ്യ വലതുപക്ഷ പ്രസ്ഥാനമായ ഡെമോക്രാറ്റിക്ക് അലയൻസ് 32.7 ശതമാനം വോട്ട് നേടി മുന്നിലെത്തിയെങ്കിലും 230 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടു. 2015 മുതൽ 2023 വരെ ഭരണം നടത്തിയ സോഷ്യലിസ്റ്റ് പാർടിക്കും അവരെ പിന്തുണച്ച കമ്യൂണിസ്റ്റ് പാർടിക്കും ലെഫ്റ്റ് ബ്ലോക്കിനും കനത്ത തിരിച്ചടിയേറ്റു. 23.4 ശതമാനം വോട്ട് നേടി സോഷ്യലിസ്റ്റ് പാർടി രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും 22.6 ശതമാനം വോട്ട് നേടി തീവ്ര വലതുപക്ഷ പാർടിയായ ‘ചേഗ’ തൊട്ടടുത്തെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 18 ശതമാനം വോട്ട് നേടിയ ‘ചേഗ’ നാല്‌ ശതമാനം വർധിപ്പിച്ചപ്പോൾ സോഷ്യലിസ്റ്റ് പാർടിക്ക് അഞ്ച്‌ ശതമാനം കുറഞ്ഞു. കമ്യൂണിസ്റ്റ് പാർടിക്കും ലെഫ്റ്റ് ബ്ലോക്കിനുംകൂടി അഞ്ച് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. കമ്യൂണിസ്റ്റ് പാർടിക്ക് നാലും ലെഫ്റ്റ് ബ്ലോക്കിന് ഒരു സീറ്റുമാണ് ലഭിച്ചത്. നവഉദാരവാദ നയങ്ങൾ നടപ്പാക്കിയ സോഷ്യലിസ്റ്റ് പാർടി ഗവൺമെന്റിന്റെ ഭാഗമായതാണ് ഇടതുപക്ഷത്തിന് തിരിച്ചടി ലഭിക്കാൻ കാരണമായതെന്ന വിലയിരുത്തലാണ് ഉയരുന്നത്. സോഷ്യലിസ്റ്റ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അഴിമതിക്കേസിൽപ്പെട്ടാണ് അധികാരമൊഴിയേണ്ടി വന്നത്. നവഉദാരവാദത്തിനും നവഫാസിസത്തിനുമെതിരെയുള്ള പോരാട്ടം ഒന്നിച്ചു കൊണ്ടുപോകണമെന്ന കമ്യൂണിസ്റ്റ് പാർടികളുടെ നിഗമനം ശരിവയ്‌ക്കുന്നതാണ് പോർച്ചുഗലിലെ ഫലം.



deshabhimani section

Dont Miss it

Recommended for you

Home