എന്തുകൊണ്ട് പിഎം ശ്രീ നടപ്പാക്കരുത്


വി ശിവൻകുട്ടി
Published on Aug 08, 2026, 12:00 AM | 3 min read
പൊതുവിദ്യാലയങ്ങളെയും വിദ്യാഭ്യാസ അവകാശങ്ങളെയും അട്ടിമറിക്കുന്ന പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കിയെന്നും അതുവഴി വൻതോതിൽ കേന്ദ്രഫണ്ട് ലഭിച്ചെന്നും നിലവിലെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വാദിക്കുന്നത് അസത്യവും ജനവഞ്ചനയുമാണ്. കോൺഗ്രസ് അംഗം ജെബി മേത്തർ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലൂടെ യുഡിഎഫ് സർക്കാരിന്റെ നുണപ്രചാരണം പൊളിഞ്ഞു. പിഎം ശ്രീ പദ്ധതി എന്തുകൊണ്ട് കേരളം നടപ്പാക്കരുത് എന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്.
സർക്കാർ രാജ്യസഭയിൽ നൽകിയ രേഖകൾപ്രകാരം, "ചലഞ്ച് മോഡി'ൽ കേരളത്തിലെ ഒറ്റ സംസ്ഥാന പൊതുവിദ്യാലയംപോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. കേന്ദ്രത്തിന്റെ കീഴിലുള്ള കെവിഎസ്, എൻവിഎസ് വിദ്യാലയങ്ങൾമാത്രമാണ് പട്ടികയിൽ. കേരളത്തിന് അനുവദിച്ചതായി പറയുന്ന 99.27 കോടി രൂപ പിഎം ശ്രീ നടപ്പാക്കിയതിന് കിട്ടിയതല്ല; മറിച്ച് ‘സമഗ്രശിക്ഷാ'പ്രകാരം വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള സ്വാഭാവിക വിഹിതം മാത്രമാണ്. ഇതാകട്ടെ, കേന്ദ്രഫണ്ട് വൈകിയതുമൂലം സംസ്ഥാനം നേരത്തേ ചെലവഴിച്ചതുമാണ്. ധാരണപത്രത്തിൽ ഒപ്പിടാത്ത തമിഴ്‌നാടിനും ഈ വിഹിതം ലഭിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, കുട്ടികളുടെ അവകാശമായ ആർടിഇ ഫണ്ടിനെ പിഎം ശ്രീയുടെ അക്കൗണ്ടിൽപ്പെടുത്തി യുഡിഎഫ് സർക്കാർ ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണ്.
പിഎം ശ്രീ പദ്ധതി കാലാവധി അവസാനിക്കാൻ ഏതാനും മാസങ്ങളേ ബാക്കിയുള്ളൂ. പദ്ധതി ദീർഘിപ്പിക്കാൻ ഉത്തരവൊന്നും കേന്ദ്രം ഇറക്കിയിട്ടില്ല. യുഡൈസ് പ്ലസ് (യൂണിഫൈഡ് ഡിസ്‌ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യുക്കേഷൻ പ്ലസ്) ഡാറ്റ അനുസരിച്ച് പിഎം ശ്രീ മാനദണ്ഡം പാലിക്കുന്ന സ്‌കൂളുകളെ കേന്ദ്രം ലിസ്റ്റ് ചെയ്യും. അതിൽ ഉൾപ്പെടുന്ന താൽപ്പര്യമുള്ള സ്‌കൂളുകൾ അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടെ ഏഴ് മേഖലകളിലെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടിവരും. ഓണപ്പരീക്ഷാ സമയത്താണ് ഈ അനാവശ്യ ജോലിഭാരം അധ്യാപകർക്കും സ്‌കൂളുകൾക്കുംമേൽ അടിച്ചേൽപ്പിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ, സ്പർശ് വഴി ആർബിഐ ലിങ്ക് ചെയ്തുള്ള ഫണ്ട് കൈമാറ്റം, ജില്ലാ വിദ്യാഭ്യാസ ഓ-ഫീസർമാരുടെ നിയമനത്തിന് എജിയുടെ അനുമതി തുടങ്ങി സങ്കീർണനടപടികൾ പൂർത്തിയാക്കാൻ മാസങ്ങളെടുക്കും. അതോടെ ഈ പദ്ധതിക്ക് ഫലത്തിൽ മൂന്നുമാസത്തെ ആയുസ്സുപോലും ഉണ്ടാകാൻ സാധ്യതയില്ല.
പിഎം ശ്രീ മാനദണ്ഡമനുസരിച്ച് സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ കുട്ടികളുള്ളതും മുമ്പ് വലിയ തുക മുടക്കി നന്നാക്കിയതുമായ സ്‌കൂളുകളെമാത്രമേ കേന്ദ്രം പരിഗണിക്കൂ എന്നതിനാൽ വിഭവശേഷിയിൽ ദുർബലമായ വിദ്യാലയങ്ങൾക്ക് ഇതിലൂടെ പ്രയോജനമൊന്നും ലഭിക്കില്ല. പദ്ധതി കാലാവധി കഴിഞ്ഞാലും ഈ സ്‌കൂളുകൾ "പിഎം ശ്രീ' എന്ന പേരിൽ അറിയപ്പെടുകയും കേന്ദ്രനയങ്ങൾ തുടരേണ്ടിവരികയും ചെയ്യും. അതിനുള്ള അധികചെലവ് നിറവേറ്റാൻ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും അർഹതപ്പെട്ട പൊതുഫണ്ടിൽനിന്ന് പണം എടുക്കേണ്ടിയും വരും.
സംസ്ഥാന സിലബസിൽ കേന്ദ്രം ഇടപെടില്ലെന്ന് പറയുന്നുണ്ടെങ്കിലും മൂല്യനിർണയത്തിലെ ഇടപെടൽശ്രമം വ്യക്തമായി വരുന്നുണ്ട്. നാഷണൽ ടെസ്റ്റിങ് ഏജൻസിപോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പരീക്ഷകൾ കേന്ദ്രീകരിക്കാനും വിദ്യാഭ്യാസമേഖലയിൽ പിടിമുറുക്കാനും വലിയ നീക്കം നടക്കുന്നുണ്ട്. നീറ്റ് പരീക്ഷാനടത്തിപ്പിൽ കണ്ട ക്രമക്കേടുകൾ ഇവിടെയും ആവർത്തിക്കപ്പെടാം. മൂല്യനിർണയത്തിൽ കേന്ദ്ര ഇടപെടൽ വരുന്നതോടെ, ശാസ്ത്രീയചിന്തകൾക്കുപകരം അന്ധവിശ്വാസങ്ങളും വ്യാജപ്രചാരണങ്ങളും പഠിച്ച് പരീക്ഷയെഴുതേണ്ട ഗതികേടിലേക്ക് കുട്ടികൾ തള്ളപ്പെടും.
ധാരണപത്രത്തിലെ 23–ാം വകുപ്പുപ്രകാരം ഈ പദ്ധതി മരവിപ്പിക്കാൻ സംസ്ഥാനത്തിന് പൂർണ അധികാരമുണ്ട്. അപകടം തിരിച്ചറിഞ്ഞ് അതാണ് എൽഡിഎഫ് സർക്കാർ ചെയ്തതും. കേരളത്തിലെ സാധാരണക്കാരായ കുട്ടികൾക്ക് ലഭിക്കേണ്ടിയിരുന്ന 1100ൽപ്പരം കോടി രൂപ പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പിട്ടാൽമാത്രമേ നൽകൂവെന്നാണ് അക്കാലത്ത് കേന്ദ്രം പറഞ്ഞത്. അന്നത്തെ വിദ്യാഭ്യാസമന്ത്രി എന്നനിലയിൽ ഞാൻ നേരിട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയോട് ഫണ്ട് ആവശ്യപ്പെട്ടപ്പോഴും അദ്ദേഹം പിഎം ശ്രീ ഒപ്പിടാനാണ് പറഞ്ഞത്. കള്ളക്കളി വ്യക്തമായതോടെ ധാരണപത്രം മരവിപ്പിക്കാൻ സംസ്ഥാനം ഔദ്യോഗികമായി ആവശ്യപ്പെട്ടു. ബിജെപിയുടെ കാവിവൽക്കരണ അജൻഡ ഉൾപ്പെടെ അതേപടി നടപ്പാക്കുന്ന യുഡിഎഫ്, സംസ്ഥാന താൽപര്യം സംരക്ഷിച്ചേ പിഎം ശ്രീ നടപ്പാക്കൂ എന്ന് പറയുന്നത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്.
അതുകൊണ്ട് പൊതുവിദ്യാഭ്യാസമേഖലയെ സംഘപരിവാർ അജൻഡകൾക്ക് പണയംവയ്‌ക്കുന്ന നീക്കത്തിൽനിന്ന് യുഡിഎഫ് സർക്കാർ പിന്മാറണം.
പിഎം ശ്രീയുടെ പേരിൽ യുഡിഎഫ് ഇപ്പോൾ നടത്തുന്ന നീക്കങ്ങൾ അവരുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ ഇരട്ടത്താപ്പാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച വിമർശങ്ങളെല്ലാം വിഴുങ്ങി, സംഘപരിവാർ അജൻഡ നടപ്പാക്കാൻ യുഡിഎഫ് കൂട്ടുനിൽക്കുകയാണ്. തെരഞ്ഞെടുപ്പിനുമുമ്പ് എൽഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അയച്ച തുറന്ന കത്ത് ജനങ്ങൾക്കുമുന്നിലുണ്ട്. അധികാരത്തിൽ വന്നാൽ പിഎം ശ്രീ ധാരണപത്രം അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ച നിലവിലെ മന്ത്രി കെ എം ഷാജിയും മുസ്ലിംലീഗ് നേതൃത്വവും മറുപടി പറയണം. യുഡിഎഫ് യോഗത്തിൽ പങ്കെടുത്തുകൊണ്ട് പിഎം ശ്രീ നടപ്പാക്കാൻ സമ്മതം മൂളിയ ലീഗ് നേതൃത്വം സ്വന്തം അണികളെ വഞ്ചിക്കുകയാണ്. ഇതിന്റെ രാഷ്ട്രീയപ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് മുസ്ലിംലീഗായിരിക്കും.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചില്ലെങ്കിലോ പദ്ധതിയിൽനിന്ന് പിന്മാറിയാലോ സംസ്ഥാനങ്ങൾക്ക് നൽകിവരുന്ന സാർവത്രിക വിദ്യാഭ്യാസ സഹായത്തെയോ ഫണ്ടുകളെയോ അത് ബാധിക്കില്ലെന്ന് കേന്ദ്രം ഇപ്പോൾ പാർലമെന്റിൽ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആദ്യമായാണ് കേന്ദ്രസർക്കാർ ഇങ്ങനെ നിലപാട് എടുക്കുന്നത്. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മുമ്പ് പറഞ്ഞ "മുസ്ലിംലീഗിനെക്കൊണ്ടുതന്നെ ഞങ്ങൾ പിഎം ശ്രീ പദ്ധതി നടപ്പാക്കും' എന്ന പ്രഖ്യാപനമാണ് യുഡിഎഫും മുസ്ലിംലീഗും ഇപ്പോൾ പ്രാവർത്തികമാക്കുന്നത്.















