ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടാവ് രക്ഷപെട്ടു

കുണ്ടറ : മോഷണക്കുറ്റത്തെത്തുടർന്ന് കരുതൽ തടങ്കലിലായിരുന്ന പ്രതി രാത്രിയിൽ ലോക്കപ്പിൽ നിന്ന് രക്ഷപെട്ടു. കുണ്ടറ പൊലീസ് സ്റ്റേഷനിൽ ബുധൻ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് ലോക്കപ്പ് തുറന്ന് രക്ഷപെട്ടത്. കുണ്ടറ സ്റ്റേഷൻ പരിധിയിൽ മോഷണം നിത്യസംഭവമാണ്. നാന്തിരിക്കലിൽ നിർമാണത്തിലിരുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് ഉപകരണങ്ങളും വയറുകളും മോഷണം പോയിരുന്നു. വീട്ടുകാർ കുണ്ടറ പോലീസിൽ പരാതി നൽകുകയും അന്വേഷണം നടക്കുന്നില്ലെന്ന് കണ്ട് സ്വന്തം നിലയിൽ അന്വേഷണം നടത്തുകയുമായിരുന്നു.
വീട്ടുകാരുടെ അന്വേഷണത്തിൽ പവ്വർ ടൂളുകൾ വാടകക്ക് നൽകുന്ന സ്ഥാപനത്തിൽ നിന്നും ഒരാൾ ചില ഉപകരണങ്ങൾ കൊണ്ടുപോയതായി അറിയാൻ കഴിഞ്ഞു. പിന്നീട് ഇയാൾ ഉപകരണങ്ങൾ തിരികെ നൽകാൻ എത്തിയപ്പോൾ വീട്ടുകാർ എത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടത്തിയത് ഇയാളാണെന്നു ബോധ്യമായത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
റൂറൽ കൺട്രോൾറും എസ്ഐ അനിൽകുമാർ സ്ഥലത്തെത്തി പ്രതിയെ കൊണ്ടുപോയി. വൈദ്യ പരിശോധനക്ക് ശേഷം രാത്രി പതിനൊന്നോടെയാണ് വൈജേഷിനെ സ്റ്റേഷനിൽ എത്തിച്ചത്. രാത്രിയായതിനാൽ തൊണ്ടിമുതൽ കണ്ടെത്തുന്നതിന് വേണ്ടി കരുതൽ തടങ്കലിൽ സൂക്ഷിക്കുകയായിരുന്നു. ഈ സമയം പാറാവ്, ജനറൽ ഡ്യൂട്ടിയിൽ ഉള്ള രണ്ട് പേർ മാത്രമാണ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. പൊലീസുകാർ വൈജേഷിനെ ലോക്കപ്പിൽ അടച്ചെങ്കിലും പൂട്ടാൻ മറന്നുപോയിരുന്നു. പിന്നീട് 1.30 ഓടെയാണ് വൈജേഷ് ലോക്കപ്പ് തുറന്ന് രക്ഷപെട്ടത്. ഏറെ സമയത്തിനുശേഷമാണ് പ്രതി രക്ഷപെട്ട വിവരം പൊലീസുകാർ അറിയുന്നത്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.










0 comments