സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്; ലീഗ് നേതൃത്വത്തിനെതിരെ എംഎസ്എഫ് മങ്കട മണ്ഡലം കമ്മിറ്റി


സ്വന്തം ലേഖകൻ
Published on Sep 04, 2026, 06:32 PM | 1 min read
മലപ്പുറം : മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശവുമായി എംഎസ്എഫ് മങ്കട മണ്ഡലം കമ്മിറ്റിയുടെ പ്രമേയം. കമ്മിറ്റി വിളിച്ചുചേർക്കാതെ എംഎസ്എഫിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച ഏകപക്ഷീയ നടപടി അംഗീകരിക്കില്ലെന്നാണ് നിലപാട്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം തുടങ്ങിയവരുടെ മേൽനോട്ടത്തിൽ ഈ മാസം ഒന്നിനാണ് എംഎസ്എഫിന്റെ പുതിയ സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിച്ചത്. 14 ജില്ലകളിലെയും ഭാരവാഹികളുമായി ആശയവിനിമയം നടത്തിയാണ് കമ്മിറ്റിയെ തീരുമാനിച്ചതെന്നായിരുന്നു അവകാശവാദം.
എന്നാൽ, സംഘടനയുടെ ഭരണഘടനയും പൊതുമര്യാദയും പാലിക്കാതെയാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചതെന്ന് എംഎസ്എഫ് മങ്കട മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തുന്നു. "പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിന് സംസ്ഥാന കൗൺസിൽ വിളിച്ചുചേർത്തില്ല. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയുടെ വരവു ചെലവ് കണക്ക് അവതരിപ്പിച്ചിട്ടില്ല. പഞ്ചായത്ത് – മണ്ഡലം തലങ്ങളിൽപോലും പ്രവൃത്തിപരിചയമില്ലാത്തവരെ സംസ്ഥാന ഭാരവാഹികളായി പ്രഖ്യാപിച്ചത് ചോദ്യംചെയ്യപ്പെടും' –വ്യാഴാഴ്ച മണ്ഡലം കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
മുൻ സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് സ്വദേശിയുമായി ഷറഫുദ്ദീൻ പിലാക്കലിനെയാണ് പുതിയ പ്രസിഡന്റാക്കിയത്. കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന സ്വാഹിബ് മുഹമ്മദാണ് ജനറൽ സെക്രട്ടറി. മലപ്പുറം ജില്ലാ ഭാരവാഹിയായിരുന്ന റാഷിദ് കോക്കൂരിനെ ട്രഷററുമാക്കി. 11 വൈസ് പ്രസിഡന്റുമാരും 10 സെക്രട്ടറിമാരുമുണ്ട്. നേരത്തെ പി എം ശ്രീ വിഷയത്തിലും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും ലീഗ് നേതൃത്വത്തിന്റെ നിലപാടിനെ എംഎസ്എഫ്, യൂത്ത് ലീഗ് സംഘടനകൾ പരസ്യമായി എതിർത്തിരുന്നു.









0 comments