ജന്തർമന്തർ സമരത്തിനിടയിലെ അതിക്രമം; സംഘപരിവാർ ക്രിമിനലിനെ ഒടുവിൽ കസ്റ്റഡിയിലെടുത്തു

സ്വതന്ത്ര ഭരദ്വാജ് (ഇടത്)
ലഖ്നൗ: ഡൽഹി ജന്തർമന്തറിൽ നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത പെണ്‍കുട്ടിയുടെ അച്ഛന്റെ തലയടിച്ചു പൊട്ടിച്ച സംഘപരിവാർ ക്രിമിനൽ സ്വതന്ത്ര ഭരദ്വാജിനെ പ്രതിഷേധത്തിനൊടുവിൽ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സ്വതന്ത്ര ഭരദ്വാജിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർടി (സിജെപി) പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുൻപിൽ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുക്കാമെന്ന് പൊലീസ് അറിയിച്ചത്.
നീറ്റ് പരീക്ഷാക്രമക്കേടിനെതിരായ ജന്തർമന്തറിലെ പ്രക്ഷോഭത്തിനെത്തിയ നിഷു ആസാദ് എന്ന പെൺകുട്ടിയുടെ അച്ഛനെയാണ് സ്വതന്ത്ര ഭരദ്വാജ് ക്രൂരമായി മർദിച്ചത്. താൻ ഒരാളുടെ തലയടിച്ചു പൊട്ടിച്ചെന്നും ബിജെപി നേതാക്കളുടെ ‘ആശിർവാദ’മുള്ളതിനാൽ ജയിലിൽ പോകേണ്ടിവന്നില്ലെന്നും ഇയാൾ യൂടൂബ് പോഡ്കാസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. ഡൽഹി പൊലീസിന്റെ ലാത്തിയും ഷൂസുമാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നും ഇയാള്‍ സ്ഥിരീകരിച്ചു.
ഇതിന് പിന്നാലെയാണ് ക്രിമിനലുകളെ സംരക്ഷിക്കുന്ന ഡൽഹി പൊലീസിനെതിരെ സിജെപി സമരം തുടങ്ങിയത്. സൗരവ് ദാസ്, അഷുതോഷ് റാങ്ക തുടങ്ങിയവർ സിജെപി സമരത്തിന് നേതൃത്വം നൽകി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുൻപിലെ സമരവേദിയിലേക്ക് നിമിഷങ്ങൾക്കകം കൂടുതൽ യുവാക്കളും നേതാക്കളും ഒഴുകിയെത്തി. തുടർന്നാണ് കേസെടുക്കാൻ പൊലീസ് നിർബന്ധിതമായത്. പെൺകുട്ടിയുടെ അച്ഛനെ മർദിച്ചതിൽ 72 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടും എന്ന് പൊലീസ് സിജെപി നേതാക്കൾക്ക് ഉറപ്പ് നൽകി. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. തുടർന്ന് സമരം അവസാനിപ്പിക്കുകയാണെന്ന് സിജെപി നേതാക്കളും അറിയിച്ചു.
യുവജനപ്രക്ഷോഭകരെ സംഘപരിവാർ എങ്ങനെയാണ് നേരിട്ടതെന്ന് തുറന്നുപറയുന്നതായിരുന്നു സ്വതന്ത്ര ഭരദ്വാജിന്റെ പോഡ്കാസ്റ്റ്. ‘‘നിഷുവിന്റെ അച്ഛന്റെ തല ഞാൻ അടിച്ചുപൊട്ടിച്ചു. വധശ്രമ കുറ്റമാണിത്. അയാൾക്ക് തലയിൽ 60 തുന്നല്‍ വേണ്ടിവന്നു. അച്ഛന് നീതി ലഭിച്ചില്ലെങ്കിൽ വിഷം കഴിച്ചുമരിക്കുമെന്ന് പറഞ്ഞ് മകൾ പൊലീസ് സ്റ്റേഷന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്നിട്ടെന്തായി? പിറ്റേദിവസം ഞാൻ പുറത്തിറങ്ങി. എനിക്ക് ജയിലിൽപോലും പോകേണ്ടി വന്നില്ല.’’– ഭരദ്വാജ് ചിരിച്ചുകൊണ്ട് പറഞ്ഞു.
‘‘ഞാൻ ജയിലിൽ പോയിട്ടില്ലെന്ന് ലോകം മുഴുവൻ അറിയണം. കപിൽ മിശ്ര (ഡല്‍ഹി മന്ത്രി) എന്റെ ജ്യേഷ്ഠനെപ്പോലെയാണ്. കപിൽ മിശ്രയുടെ ഫോൺകോൾ വന്നതുകൊണ്ടാണ് വിട്ടയച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ചിരാഗ് പാസ്വാൻ എന്റെ ജ്യേഷ്ഠനാണ്, മോദി ജിയെ അറിയാമോ? മോദി ജിയും എന്റെ ജ്യേഷ്ഠനാണ്. എനിക്ക് എല്ലാവരുടെയും പിന്തുണയുണ്ട്," ഭരദ്വാജ് പറഞ്ഞു.
‘"ഈ ഷൂസ് കാണാമോ? ഇത് ഡൽഹി പൊലീസിന്റേതാണ്. ഒരു ഫോമും പൂരിപ്പിച്ചു നൽകിയിട്ടില്ലെങ്കിലും ഡൽഹി പൊലീസിനെപ്പോലെയാണ് ഞാൻ നടക്കുന്നത്. ഷൂസും ലാത്തിയുമെല്ലാം ഡൽഹി പൊലീസിന്റേതാണ്.’’– ലാത്തി എവിടെനിന്ന് ലഭിച്ചെന്ന ചോദ്യത്തിന് ഭരദ്വാജ് മറുപടി നൽകി.
അഭിമുഖം പുറത്തുവന്നതിന് പിന്നാലെ ഡൽഹി പൊലീസിനും ബിജെപിക്കുമെതിരെ വിമർശം ശക്തമായി. ഇടപെട്ടത് ഡൽഹി മന്ത്രി കപിൽ മിശ്രയാണെന്ന് പ്രതിതന്നെ ഇപ്പോൾ വെളിപ്പെടുത്തിയെന്ന് കോക്രോച്ച് ജനതാ പാർടി നേതാവ് സൗരവ് ദാസ് എക്‌സിൽ കുറിച്ചു.









0 comments