വിമാനം 300 അടി താഴേക്ക് പതിച്ച സംഭവം; എയർ ഇന്ത്യ പൈലറ്റിനെ പിരിച്ചുവിട്ടു

ന്യൂഡൽഹി: തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരുന്നതിനിടെ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ. അപകടസമയത്ത് വിമാനത്തിന്റെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് നടപടി. സംഭവത്തിൽ പൈലറ്റിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിജിസിഎയോടും ശുപാർശ ചെയ്തിരുന്നു.
ആഗസ്ത് നാലിനായിരുന്നു സംഭവം. 36,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം ഏകദേശം നാല് സെക്കൻഡിനിടെ 300 അടി താഴേക്ക് പതിക്കുകയായിരുന്നു. ക്യാബിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 24 പേർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.
വിമാനം ആകാശച്ചുഴിയിൽപ്പെട്ടതാണ് അപകടത്തിന് കാരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ വിമാനത്തിലെ സാങ്കേതിക തകരാറാണ് കാരണമെന്ന് പൈലറ്റുമാരുടെ സംഘടന പിന്നീട് ആരോപിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ പൈലറ്റുമാർക്ക് നിർബന്ധിത ലഹരി പരിശോധന നടത്തിയപ്പോൾ ക്യാപ്റ്റന്റെ പ്രാഥമിക പരിശോധനാഫലം ‘നോൺ-നെഗറ്റീവ്’ ആയിരുന്നു. തുടർന്ന് നടത്തിയ വിശദമായ ലാബ് പരിശോധനയിലാണ് ലഹരിവസ്തുക്കളുടെ ഉപയോഗം സ്ഥിരീകരിച്ചത്. കോ-പൈലറ്റിന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നു.
അതേസമയം, വിമാനം പറക്കുന്നതിനിടെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം നാല് സെക്കൻഡോളം പ്രവർത്തനരഹിതമായതായി എഎഐബി കണ്ടെത്തി. ഇതിനെ തുടർന്ന് ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും വിമാനം 300 അടിയോളം താഴേക്ക് പതിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക കണ്ടെത്തൽ.
ക്യാപ്റ്റനെതിരെ ക്യാബിൻ ക്രൂ അംഗങ്ങളും പരാതി നൽകിയിരുന്നു. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ എഎഐബി, സംഭവത്തിന്റെ സാങ്കേതിക കാരണങ്ങളും പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും സംബന്ധിച്ച വിശദമായ അന്വേഷണം തുടരുകയാണെന്നും വ്യക്തമാക്കി.









0 comments