കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തില്‍ വെള്ളക്കെട്ട്, റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി : കനത്ത മഴയെ തുടർന്ന് ഡൽഹി, ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെള്ളക്കെട്ട് രൂക്ഷം. നിരവധി വിമാനസർവീസുകളെ മഴ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. അഹമ്മദാബദ്, മുംബൈ, പോർട്ട് ബ്ലെയർ തുടങ്ങിയ നഗരങ്ങളിൽ നിന്നും ഡൽഹിയിലെത്തിയ നിരവധി ആഭ്യന്തര വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വൈകി. ഒൻപത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വിമാനത്താവള പരിസരത്ത് പലയിടത്തും വെള്ളം കെട്ടിക്കിടക്കുകയാണ്.
വിമാനത്താവളത്തിനുള്ളില്‍ മുട്ടറ്റം വെള്ളത്തില്‍ ബാഗുകളുമായി യാത്രക്കാര്‍ പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മോശം കാലാവസ്ഥയെ തുടർന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മണിക്കൂറില്‍ 3.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷവും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.ഡൽഹിക്ക് പുറമെ ഉത്തർപ്രദേശിലെ നോയിഡയിലും ഗാസിയാബാദിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.








0 comments