ട്രിവാൻഡ്രം റോയൽസിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസ് ഫൈനലിൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സെമിഫൈനലിൽ ട്രിവാൻഡ്രം റോയൽസിനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് തൃശൂർ ടൈറ്റൻസ് ഫൈനലിൽ. തിരുവനന്തപുരം ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ തൃശൂർ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. ട്രിവാൻഡ്രത്തിനായി അക്ഷയ് മനോഹർ 26 പന്തിൽ 53 റൺസുമായി പുറത്താകാതെ നിന്നപ്പോൾ നിഖിൽ മാലിക്കും 15 പന്തിൽ 28 റൺസെടുത്ത് പുറത്താകാതെ നിന്നു. തൃശൂരിനായി ആനന്ദ് ജോസഫും, ബിജു നാരായണനും 2 വിക്കറ്റ് വീതം വീഴ്ത്തി
മറുപടി ബാറ്റിങ്ങിൽ അഹമ്മദ് ഇമ്രാന്റെ 43 റൺസും അഖിൽ എംഎസിന്റെ 13 പന്തിലെ 27 റൺസും തൃശൂരിന്റെ വിജയത്തിൽ നിർണായകമായി. നിഖിൽ തോട്ടത്ത് 24 റൺസും ഷോൺ റോജർ 23 റൺസെടുമെടുത്തു.
അവസാന ഘട്ടത്തിൽ വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടെങ്കിലും ആനന്ദ് ജോസഫിന്റെ 16 റൺസ് തൃശൂരിന് വിജയമൊരുക്കി. മൂന്ന് പന്തിൽ ഒരു ഫോറും രണ്ട് സിക്സുമാണ് ആനന്ദ് നേടിയത്.
ട്രിവാൻഡ്രത്തിനായി രാഹുൽ ചന്ദ്രൻ മൂന്ന് വിക്കറ്റും നിഖിൽ മാലിക്, സിജോമോൻ ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ ഒരു വിക്കറ്റ് വിജയം നേടിയ തൃശൂർ ടൈറ്റൻസ്, ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ശനിയാഴ്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ നേരിടും.










0 comments