ad
Deshabhimani

തൃക്കാക്കര മോർഫിങ് കേസ്: പ്രതിയായ കെഎസ്‍യു നേതാവ് റിമാൻഡിൽ

Bharat Mata College Thrikkakara Morphing Sreehari
വെബ് ഡെസ്ക്

Published on Sep 04, 2026, 06:43 PM | 2 min read

കൊച്ചി: തൃക്കാക്കര ഭാരത്‍മാതാ കോളേജിലെ മോർഫിങ് കേസിൽ പിടിയിലായ രണ്ടാംവർഷ ബിബിഎ വിദ്യാർഥിയും കെഎസ്‍യു നേതാവുമായ എസ്‌ ശ്രീഹരി റിമാൻഡിൽ. 14 ദിവസത്തേക്കാണ് ശ്രീഹരിയെ കോടതി റിമാൻഡ് ചെയ്തത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ രണ്ട് പേർ കൂടിയുണ്ടായിരുന്നതായാണ് പ്രതിയുടെ മൊഴി. കൂടുതൽ പേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.


ശ്രീഹരിയുടെ ടെല​ഗ്രാം ​ഗ്രൂപ്പുകൾ പൊലീസ് പരിശോധിക്കും. ടെല​ഗ്രാം വഴിയാണ് അധ്യാപികമാർ, സഹപാഠികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി ശ്രീഹരി പല ​ഗ്രൂപ്പുകളിലേക്ക് വിറ്റത്. ടെല​ഗ്രാം ​ഗ്രൂപ്പിൽ നിരവധി പേർ അം​ഗങ്ങളാണെന്നാണ് വിവരം. ശ്രീഹരിയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്തും. കൂടുതൽ പേർ പ്രതികളായി ഉണ്ടോ എന്നതിലും പൊലീസ് അന്വേഷണം നടത്തും. അശ്ലീല ചിത്രങ്ങൾ വിറ്റതിൽ കുറഞ്ഞത് എട്ട് പേർക്കെങ്കിലും പങ്കുണ്ടെന്നാണ് പരാതിക്കാരായ വിദ്യാർഥികൾ പറയുന്നത്.


കെഎസ്‌യു മീഡിയ കമ്മിറ്റി അംഗമായ ശ്രീഹരി കോളേജിലെ വിവിധ ആഘോപരിപാടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ എടുത്തിരുന്നു. വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും അവരുടെ ചിത്രങ്ങൾ എടുത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളൊക്കെയാണ് എഐ ഉപയോഗിച്ച് അശ്ലീലമാക്കി മാറ്റിയത്. അശ്ലീല വീഡിയോ നിർമിച്ച്‌ ടെലിഗ്രാം, ഇൻസ്‌റ്റഗ്രാം ഉൾപ്പെടെ നവമാധ്യമങ്ങളിലേക്ക്‌ അയക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തു.


തൃക്കാക്കര എസ്എച്ച്ഒ എസ് സനലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചിട്ടുണ്ട്. തൃക്കാക്കര എസിപിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. സൈബർ സെല്ലും അന്വേഷിക്കുന്നുണ്ട്.


എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഉയർത്തിയ വൻ പ്രതിഷേധത്തിന്‌ പിന്നാലെയാണ്‌ വ്യാഴാഴ്ച ഇയാളെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തത്‌. പിന്നാലെ ശ്രീഹരിയെ പുറത്താക്കിയതായി കോളേജ്‌ പ്രിൻസിപ്പൽ അറിയിച്ചു. ശ്രീഹരിയെ സംരക്ഷിക്കുന്നതിനെതിരെ വ്യാഴാഴ്‌ച എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ ക്യാമ്പസിൽ പഠിപ്പുമുടക്കി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം കടുപ്പിച്ചതോടെയാണ്‌ ഇയാളെ പുറത്താക്കുമെന്നും ആരോപണമുയർന്ന മറ്റൊരു വിദ്യാർഥിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും കോളേജ് അധികൃതർ ഉറപ്പുനൽകിയത്‌.


മോർഫ്‌ ചെയ്‌ത ചിത്രങ്ങൾ ക്യാമ്പസിലെ എസ്‌എഫ്‌ഐ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണമാണ്‌ ശ്രീഹരിയിലേക്ക്‌ എത്തിയത്‌. സൈബർ വിഗദ്‌ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതി ഇയാളാണെന്ന്‌ വ്യക്തമായി. വിവരം കോളേജ്‌ അധികൃതരെ അറിയിച്ചു. സെപ്‌തംബർ ഒന്നിന്‌ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ശ്രീഹരിയുടെ ഫോൺ പരിശോധിച്ചപ്പോൾ അശ്ലീല ദൃശ്യങ്ങളുണ്ടായിരുന്നു. എന്നാൽ, നടപടി സ്വീകരിക്കാതെ ലോക്കൽ ഗാർഡിയന്‌ ഒപ്പം ഇയാളെ വിട്ടു. ഫോൺ വാങ്ങിവച്ചിരുന്നു. പിറ്റേദിവസമാണ്‌ പൊലീസിൽ പരാതി നൽകിയത്‌.


വ്യാഴാഴ്‌ച ആരോപണവിധേയനായ മറ്റൊരു വിദ്യാർഥിയെ പരീക്ഷക്കിരുത്താൻ മാനേജ്‌മെന്റ്‌ തയ്യാറായി. ഇതോടെ വിദ്യാർഥികൾ ക്യാമ്പസിൽ ശക്തമായ പ്രതിഷേധം ഉയർത്തി. കോളേജിൽ സംഘർഷത്തിനും ഇതിടയാക്കി. കോളേജിലെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട, അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ദൃശ്യങ്ങളടക്കം മോർഫ്‌ ചെയ്‌തിട്ടുണ്ടെന്നാണ്‌ വിവരം. അശ്ലീല വീഡിയോ നിർമാണ റാക്കറ്റ്‌, സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷിക്കേണ്ടിവരും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home