കള്ളപ്പണം വെളുപ്പിക്കൽ; മുൻ വ്യോമസേന ഉദ്യോഗസ്ഥന് 3 വർഷം തടവ്

പ്രതീകാത്മക ചിത്രം
മൊഹാലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 80 കാരനായ മുൻ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനും 77 കാരനായ സഹപ്രവർത്തകനും മൂന്ന് വർഷം കഠിന തടവ്. 2008 ൽ കൊക്കെയ്ൻ കൈവശംവച്ച കേസുമായി ബന്ധപ്പെട്ടാണ് ഇരുവരെയും പിടികൂടിയത്. മൊഹാലിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് ദാര സിങ്ങിനെയും ഗുർദർശൻ സിങ്ങിനെയും ശിക്ഷിച്ചത്. ഇരുവർക്കും 5,000 രൂപ വീതം പിഴയും വിധിച്ചു.
2008 ഓഗസ്റ്റിൽ 1.23 കിലോഗ്രാം കൊക്കെയ്ൻ കൈവശം വെച്ചെന്നാരോപിച്ചാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തത്. അന്ന് 50 ലക്ഷം രൂപയോളം വിലമതിച്ച മയക്കുമരുന്നിനൊപ്പം 10 ലക്ഷം രൂപയുടെ രണ്ട് ബാങ്ക് ചെക്കുകളും പിടിച്ചെടുത്തിരുന്നു.
മയക്കുമരുന്ന് വാങ്ങുന്നതിനായി ദാര സിങ് നൽകിയ ചെക്കുകളാണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനത്തിന്റെ ഭാഗമാണ് ചെക്കുകളെന്ന് കണ്ടെത്തിയ കോടതി, പിഎംഎൽഎ പ്രകാരം ഇരുവരും കുറ്റക്കാരാണെന്ന് വ്യക്തമാക്കി. ഇതിനകം കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവ് ശിക്ഷയിൽ നിന്ന് കുറയ്ക്കാനും കോടതി നിർദേശിച്ചു.
ആരോഗ്യപ്രശ്നങ്ങളും കുടുംബത്തിന്റെ ഏക ആശ്രയമാണെന്നതും പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. 2008 ലെ കൊക്കെയ്ൻ കേസിൽ 2015 ൽ ഇരുവരെയും വിചാരണക്കോടതി കുറ്റക്കാരാക്കിയിരുന്നു. ഇതിനെതിരായ ദാര സിങ്ങിന്റെ അപ്പീൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ഇപ്പോഴും പരിഗണനയിലാണ്.










0 comments