ad
Deshabhimani

Articles

ഇന്ന്‌ പയ്യപ്പിള്ളി ബാലന്റെ 
ജന്മശതാബ്ദി

അക്ഷരങ്ങളിലൂടെ തീപടർത്തിയ പോരാളി

payyappilly balan
avatar
എ ശ്യാം

Published on Jun 12, 2025, 01:10 AM | 3 min read

സ്വാതന്ത്ര്യസമരസേനാനി, കമ്യൂണിസ്‌റ്റ്‌ നേതാവ്‌, പുരോഗമനസാഹിത്യ പ്രവർത്തകൻ, ജനാധിപത്യ പോരാട്ടങ്ങളുടെ ചരിത്രകാരൻ, മാധ്യമവിമർശകൻ, നോവലിസ്‌റ്റ്‌, തദ്ദേശ ഭരണാധികാരി എന്നീ നിലകളിലെല്ലാം മായാത്ത മുദ്ര പതിപ്പിച്ച പയ്യപ്പിള്ളി ബാലന്റെ ജന്മശതാബ്ദിയാണ്‌ ഇന്ന്‌. മഞ്ഞുമ്മൽ പയ്യപ്പിള്ളി പാപ്പിയമ്മയുടെയും നാവുള്ളിൽ കൂടാനക്കാട്ട്‌ ഇരവി രാമൻപിള്ളയുടെയും മകനായി 1925 ജൂൺ 12ന്‌ ജനിച്ച ബാലകൃഷ്‌ണപിള്ളയാണ്‌ പയ്യപ്പിള്ളി ബാലൻ എന്ന പേരിൽ പ്രസിദ്ധനായത്‌. ഏലൂർ വ്യവസായ മേഖലയിലെ ആദ്യ കോൺഗ്രസ്‌ കമ്മിറ്റിയുടെ സെക്രട്ടറി, അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ആലുവ താലൂക്ക്‌ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യസംഘം ജില്ലാ ഭാരവാഹി തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചു. ഇടപ്പള്ളി പൊലീസ്‌സ്‌റ്റേഷൻ ആക്രമണക്കേസിൽ നിരപരാധിയായിട്ടും നിഷ്‌ഠുരമായ ലോക്കപ്പ്‌ മർദനം അനുഭവിക്കേണ്ടിവരികയും ഏഴുവർഷം തടവറയിലടയ്‌ക്കപ്പെടുകയും ചെയ്‌തു. പാർടിയിലെ പിളർപ്പിനെ തുടർന്ന്‌ 1965ലും പിന്നീട്‌ അടിയന്തരാവസ്ഥക്കാലത്തും ജയിലിലായി. തിരക്കേറിയ രാഷ്‌ട്രീയ പ്രവർത്തനത്തിനിടയിലാണ്‌ എഴുത്തുകാരൻ എന്നനിലയിലും പേരെടുത്തത്‌. ആത്മാംശമുള്ള നോവലടക്കം 12 പുസ്‌തകങ്ങൾ എഴുതി. ദേശാഭിമാനിയിൽ മാധ്യമവിമർശ പംക്തിയും എഴുതിയിരുന്നു. അവസാനകാലംവരെ തികഞ്ഞ കമ്യൂണിസ്‌റ്റ്‌ ജാഗ്രതയോടെ രാഷ്‌ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ ഇടപെട്ടു.


മഞ്ഞുമ്മൽ ഗാർഡിയൻ ഏഞ്ചൽസ്‌ സ്‌കൂളിലായിരുന്നു പയ്യപ്പിള്ളി ബാലന്റെ പ്രാഥമിക വിദ്യാഭ്യാസം. തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യർക്കെതിരെ സ്‌റ്റേറ്റ്‌ കോൺഗ്രസ്‌ നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുത്ത്‌ 13–-ാം വയസ്സിലാണ്‌ പൊതുപ്രവർത്തനം ആരംഭിച്ചത്‌. ആലുവ അദ്വൈതാശ്രമത്തിനു കീഴിലെ സംസ്‌കൃത പാഠശാലയിൽ വിദ്യാർഥിയായിരുന്നു അന്ന്‌. ഗാന്ധിത്തൊപ്പി ധരിച്ച്‌ പ്രകടനത്തിൽ പങ്കെടുത്തതിന്‌ ഒരുമാസം സ്‌കൂളിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ടു. 1942ൽ ഇടപ്പള്ളി ഇംഗ്ലീഷ്‌ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ക്വിറ്റ്‌ ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തു. 1945ൽ ആലുവ യുസി കോളേജിൽ പഠിക്കുമ്പോഴാണ്‌ കമ്യൂണിസ്‌റ്റ്‌ ആശയത്തിൽ ആകൃഷ്‌ടനായത്‌. കോളേജിൽ സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ പ്രവർത്തകനായിരുന്നു. പഠനശേഷം ചേരാനല്ലൂർ ലിറ്റിൽഫ്ലവർ സ്‌കൂളിൽ അധ്യാപകനായെങ്കിലും ഒരു പ്രസംഗത്തിന്റെ പേരിൽ പിരിച്ചുവിടപ്പെട്ടു. തുടർന്ന്‌ കുറച്ചുകാലം കളമശേരിയിൽ ഒഗലെ ഗ്ലാസ്‌ ഫാക്ടറിയിൽ ജോലിചെയ്ത അദ്ദേഹം ഫാക്ടിൽ ജോലിചെയ്യുമ്പോഴാണ്‌ ഇടപ്പള്ളിക്കേസിൽ അറസ്‌റ്റിലായത്‌.


കമ്യൂണിസ്‌റ്റ്‌ നേതാക്കളായ എൻ കെ മാധവനെയും വറുതുകുട്ടിയെയും പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തെന്നും ലോക്കപ്പിലെ ഭീകരമർദനത്തിൽ ഇവരിലൊരാൾ കൊല്ലപ്പെട്ടെന്നും കേട്ട്‌ (ആരും മരിച്ചിരുന്നില്ല) 1950 ഫെബ്രുവരി 28ന്‌ പുലർച്ചെ രണ്ടിനാണ്‌ 17 പേരടങ്ങുന്ന സംഘം സ്‌റ്റേഷൻ ആക്രമിച്ചത്‌. പൊലീസ്‌ പിടിച്ചവരിൽ അവശേഷിക്കുന്നയാളെയെങ്കിലും രക്ഷിക്കാമെന്ന പ്രതീക്ഷയിൽ കെ സി മാത്യു, എം എം ലോറൻസ്‌, വി വിശ്വനാഥമേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിഫലശ്രമം. അന്ന്‌ രാവിലെതന്നെ, സംഭവത്തിൽ പങ്കില്ലാതിരുന്ന പയ്യപ്പിള്ളിയെ ജോലിസ്ഥലത്തുനിന്ന്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. നാടാകെ കമ്യൂണിസ്‌റ്റുകാരെ വേട്ടയാടാനാരംഭിച്ച പൊലീസ്‌ ഈ കേസിൽ നടത്തിയ ആദ്യ അറസ്‌റ്റായിരുന്നു പയ്യപ്പിള്ളിയുടേത്‌. കൊച്ചി കമ്മിറ്റിക്കുകീഴിലെ പ്രവർത്തകർ റെയിൽവേ പണിമുടക്ക്‌ വിജയിപ്പിക്കാൻ തലേന്ന്‌ സന്ധ്യക്ക്‌ യോഗം ചേർന്നതും രണ്ട്‌ നേതാക്കൾ അറസ്‌റ്റിലായതറിഞ്ഞ്‌ അവരെ മോചിപ്പിക്കാൻ തീരുമാനിച്ചതുമൊന്നും ആലുവ കമ്മിറ്റിക്ക്‌ കീഴിലെ പ്രവർത്തകനായിരുന്ന ബാലൻ അറിഞ്ഞിരുന്നില്ലെന്ന്‌ ലോറൻസ്‌ അനുസ്‌മരിച്ചിട്ടുണ്ട്‌.


പൊലീസ്‌ സംഘവുമായി രാവിലെതന്നെ ഫാക്ടറിയിലെത്തിയ ഇൻസ്‌പെക്ടർ പയ്യപ്പിള്ളി ബാലനെ തിരിച്ചറിഞ്ഞയുടൻ ചെകിടത്തടിച്ചു. ആ അടിയിൽ തന്നെ ഇടതുചെവിയുടെ കേൾവി എന്നേക്കുമായി നഷ്‌ടപ്പെട്ടു. മറിഞ്ഞുവീണ അദ്ദേഹത്തെ പൊലീസുകാർ ജീപ്പിലേക്ക്‌ തൂക്കിയെറിഞ്ഞു. തുടർന്ന്‌ തോക്കിന്റെ പാത്തികൊണ്ട്‌ നെഞ്ചിൽ ആഞ്ഞാഞ്ഞ്‌ കുത്തി. ലോക്കപ്പിൽ മാസങ്ങൾ നീണ്ട ഭീകരമർദനങ്ങളുടെ മുന്നോടി മാത്രമായിരുന്നു അത്‌. കേസിൽ വിചാരണ കഴിഞ്ഞ്‌ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട പയ്യപ്പിള്ളി ഒന്നാം ഇ എം എസ്‌ മന്ത്രിസഭ രാഷ്‌ട്രീയ തടവുകാരെ മോചിപ്പിച്ചപ്പോഴാണ്‌ വിട്ടയക്കപ്പെട്ടത്‌.


ഇടപ്പള്ളിക്കേസിൽ നിരപരാധികളടക്കം ലോക്കപ്പിൽ നേരിട്ട നിഷ്‌ഠുരപീഡനം ഹിറ്റ്‌ലറുടെ നാസി തടവറകളിലെ പീഡനങ്ങളെ ഓർമിപ്പിക്കുന്നതായിരുന്നു. ഇതിനെക്കുറിച്ച്‌ പയ്യപ്പിള്ളി ബാലൻ എഴുതിയ ‘ആലുവാപ്പുഴ പിന്നെയും ഒഴുകി’ തടവറകളിലെ പീഡനങ്ങളെക്കുറിച്ച്‌ ലോകത്ത്‌ എഴുതപ്പെട്ട മികച്ച പുസ്‌തകങ്ങളിലൊന്നായി. ആലുവയിലെ ട്രേഡ്‌ യൂണിയൻ പ്രസ്ഥാനം, പാലിയം സമരം, സ്‌റ്റാലിന്റെ പ്രസക്തി തുടങ്ങി വലിയ ഗവേഷണവും പഠനവും ആവശ്യമായ പുസ്‌തകങ്ങളും അദ്ദേഹത്തിൽനിന്നുണ്ടായി. അദ്ദേഹത്തിന്റെ ഏക നോവലായ ‘ജ്ഞാനസ്‌നാനം’ ചരിത്രാത്മക കഥാവിഭാഗത്തിൽ മലയാളത്തിലെ ഏറ്റവും മികച്ചതാണെന്നാണ്‌ ഡോ. എം ലീലാവതി വിശേഷിപ്പിച്ചത്‌. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനെതിരെ കേരളത്തിലെ പ്രധാന വലതുപത്രം നിരന്തരം എഴുതുന്ന നുണകൾ തുറന്നുകാട്ടി ദേശാഭിമാനിയിൽ അദ്ദേഹം എഴുതിവന്ന പംക്തി ‘മുത്തശ്ശി ഉവാച’യും വായനക്കാരുടെ അഭിനന്ദനം നേടി. പ്രസിദ്ധമായ അബുദാബി ശക്തി അവാർഡടക്കം നിരവധി പുരസ്‌കാരങ്ങൾ പയ്യപ്പിള്ളി ബാലന്‌ ലഭിച്ചിട്ടുണ്ട്‌. ഏലൂർ പഞ്ചായത്ത്‌ പ്രസിഡന്റായും മുനിസിപ്പൽ ഉപദേശകസമിതി അധ്യക്ഷനായും ഭരണരംഗത്തും തിളങ്ങിയ അദ്ദേഹം 2016 മാർച്ച്‌ 29നാണ്‌ വിടവാങ്ങിയത്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home