സ്വേച്ഛാധിപത്യത്തോട് പൊരുതിയ കഥകൾ


ഡോ. കെ എസ് രവികുമാർ
Published on Jul 07, 2025, 12:00 AM | 3 min read
എഴുപതു ചെറുകഥകൾ മാത്രം എഴുതി മലയാളസാഹിത്യത്തിൽ സ്വന്തമായ സ്ഥാനം നേടിയ കഥാകാരനാണ് പട്ടത്തുവിള കരുണാകരൻ. (ജനനം: 1925 ജൂലൈ 7–-മരണം: 1985 ജൂൺ 5). 1950കളുടെ തുടക്കംമുതൽ ചെറുകഥകൾ എഴുതിയിരുന്ന പട്ടത്തുവിളയുടെ ഒടുവിലത്തെ കഥ മരണത്തിനു രണ്ടുമാസംമുമ്പ്, 1985 മാർച്ചിലാണ് പ്രസിദ്ധീകരിച്ചത്. ഏതാണ്ട് മൂന്നര പതിറ്റാണ്ട് ദൈർഘ്യമുള്ള ഈ കാലയളവിൽ ചെറുകഥകളല്ലാതെ മറ്റൊന്നും എഴുതിയിട്ടില്ല. സാഹിത്യവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നുമില്ല. ശക്തമായ ഇടതുപക്ഷ രാഷ്ട്രീയം അന്തർധാരയുള്ള നവീനഭാവുകത്വം പ്രകടിപ്പിച്ച കഥകളിലൂടെയാണ് പട്ടത്തുവിള വ്യത്യസ്തനായത്.
അറിയപ്പെടുന്ന വ്യവസായ കുടുംബമായ കൊല്ലത്തെ പട്ടത്തുവിളയിലെ അംഗമാണ് കരുണാകരൻ. കൊല്ലം ക്രേവൻസ് ഹൈസ്കൂൾ, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. ബിരുദാനന്തരം തിരുവനന്തപുരം ലോ കോളേജിൽ ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. തുടർന്ന് കേരളകൗമുദിയിൽ പത്രപ്രവർത്തകനായി. പിന്നീട് ജ്യേഷ്ഠന്റെ താൽപ്പര്യപ്രകാരം ഉപരിപഠനത്തിന് അമേരിക്കയിലേക്കു പോയി. ചലച്ചിത്രസംവിധാനം പഠിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ബിസിനസ് മാനേജ്മെന്റാണ് പഠിച്ചത്. ന്യൂയോർക്കിലെ സിറാക്യൂസ് സർവകലാശാലയിൽനിന്ന് എംബിഎ ബിരുദം നേടി. നാട്ടിലെത്തിയ കരുണാകരൻ 1953ൽ കോഴിക്കോട്ട് പിയേഴ്സ് ലസ്ലി കമ്പനിയിൽ ഉദ്യോഗസ്ഥനായി. 1982 ൽ ഡിവിഷണൽ മാനേജരായി റിട്ടയർ ചെയ്തു.
അന്തർമുഖനും മിതഭാഷിയുമായിരുന്നെങ്കിലും കോഴിക്കോട്ടെ സാംസ്കാരികജീവിതത്തിൽ സജീവമായിരുന്ന എം ടി വാസുദേവൻ നായർ, എം വി ദേവൻ, തിക്കോടിയൻ, ജി അരവിന്ദൻ തുടങ്ങിയവരുമായി ഗാഢമായ സൗഹൃദം പുലർത്തി. അങ്ങനെയാണ് പട്ടത്തുവിള, അരവിന്ദന്റെ ആദ്യ സിനിമയായ‘ഉത്തരായണ’ത്തിന്റെ നിർമാതാവായത്. വൈക്കം മുഹമ്മദ് ബഷീറുമായും അടുത്ത ബന്ധമായിരുന്നു.
പട്ടത്തുവിളയുടെ ആദ്യകാലത്തെ കഥകളിൽത്തന്നെ വ്യക്തമായ ഇടതുപക്ഷരാഷ്ട്രീയം പ്രകടമായിരുന്നു. തന്റെ മുൻതലമുറയിലെ തകഴി, പൊൻകുന്നം വർക്കി തുടങ്ങിയവരുടെ കഥകളിലെ പുരോഗമന സാഹിത്യത്തിന്റെ പ്രത്യയശാസ്ത്രബോധം പട്ടത്തുവിള അപ്പാടെ പിന്തുടർന്നില്ല. വർഗപരമായി ഉപരിവർഗത്തിൽപ്പെട്ട കഥാകാരൻ, താഴെത്തട്ടിലെ മനുഷ്യരുടെ ദുരിതമയമായ ജീവിതാവസ്ഥയെ സൂക്ഷ്മതലത്തിൽ ചിത്രീകരിച്ച കഥകളിൽ സാമൂഹ്യവിമർശം നടത്തിയത് തന്റെ അവസ്ഥയെ സ്വയം വിമർശപരമായി ആവിഷ്കരിച്ചുകൊണ്ടാണ്. കണ്ണേ മടങ്ങുക(1957), ബൂർഷ്വാ സ്നേഹിതൻ(1958) എന്നീ ആദ്യകാല സമാഹാരങ്ങളിലെ കഥകളിൽ ഇതു കാണാം.
ക്രമേണ പട്ടത്തുവിളയുടെ കഥകളിലെ രാഷ്ട്രീയസമീപനം കൂടുതൽ നിശിതമായി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഗാന്ധിജിയുടെ അഹിംസാസമരം കൊണ്ടല്ലെന്നും വിപ്ലവകാരികളുടെ പ്രവർത്തനത്തിനും അതിൽ നല്ല പങ്കുണ്ടെന്നും പട്ടത്തുവിള കഥകളിൽ പലയിടത്തും തുറന്നു പറയുന്നുണ്ട്. ഇന്ത്യയിലെ ജനവിരുദ്ധമായ ഭരണകൂടം ജനാധിപത്യത്തിന്റെ ആവരണമണിഞ്ഞ് ഉപരിവർഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുകയാണെന്ന വിമർശം 1960കളിൽത്തന്നെ അദ്ദേഹം കഥകളിലൂടെ നിരന്തരം അവതരിപ്പിച്ചു.
1971ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം കൂടുതൽ ശക്തി നേടി അധികാരത്തിലെത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മെല്ലെമെല്ലെ ഏകാധിപതിയായി മാറി. അക്കാലത്ത് ജനകീയ പ്രക്ഷോഭങ്ങൾ വർധിച്ചു. തീവ്രവാദ രാഷ്ട്രീയത്തിനും ശക്തി വർധിച്ചു. അതിനോട് പട്ടത്തുവിള അനുഭാവം പുലർത്തി. അത്തരം ജനമുന്നേറ്റങ്ങളെയും തൊഴിലാളിസമരങ്ങളെയും ഇന്ദിരഭരണം ഏകാധിപതിയുടെ വീറോടെ അടിച്ചമർത്തി. ആ ചരിത്രഘട്ടത്തിന്റെ മൂർദ്ധന്യത്തിലാണ് അമ്പതുകൊല്ലം മുമ്പ് 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇന്ദിരാഗാന്ധിയെയും അനധികൃത അധികാരകേന്ദ്രമായി മാറിയ മകൻ സഞ്ജയ് ഗാന്ധിയെയും ചെറുകഥകളിൽ നേരിട്ടും പരോക്ഷമായും പട്ടത്തുവിള ധീരമായി വിമർശിച്ചു. ഇന്ദിരയെ ദുർഗയെന്നും യക്ഷിയെന്നുമൊക്കെ ആ കഥകളിൽ മറകൂടാതെ പരാമർശിച്ചു.
അടിയന്തരാവസ്ഥയുടെ അന്ത്യത്തിൽ ജനം തൂത്തെറിഞ്ഞ ഇന്ദിര വീണ്ടും അധികാരക്കോട്ടയിൽ എത്തിയപ്പോൾ കുടുംബാധിപത്യം സ്ഥാപിക്കാൻ വ്യഗ്രതപ്പെടുന്നതാണ് കഥയുടെ ജീവബിന്ദു. നെഹ്റുവിന്റെ വംശാധിപത്യം തുടരുന്നതിനെക്കുറിച്ചുള്ള പ്രവചനശക്തിയുള്ള കഥയാണത്
1970കളുടെ ആദ്യവർഷങ്ങളിലും അടിയന്തരാവസ്ഥക്കാലത്തും പട്ടത്തുവിള എഴുതിയ ചെറുകഥകൾ ആ രാഷ്ട്രീയാവസ്ഥയോടുള്ള തീക്ഷ്ണപ്രതികരണങ്ങളായിരുന്നു. രാഷ്ട്രീയനിലപാട് നിശിതമായി അവതരിപ്പിച്ച കഥകളാണ് ആദിതാളം, ബലി, അങ്കം ഒന്ന് രംഗം രണ്ട്, പരാശരൻ തുടങ്ങിയവ. എഴുത്തുകാർ രാഷ്ട്രീയവിമർശമുള്ളതൊന്നും എഴുതാൻ ധൈര്യം കാണിക്കാതിരുന്ന അടിയന്തരാവസ്ഥയിൽ കറുത്തഹാസ്യവും വിരുദ്ധോക്തിയുമൊക്കെ പ്രയോഗിച്ച് കഥകളിൽ പട്ടത്തുവിള രാഷ്ട്രീയവിമർശം നടത്തി. ആ കാലത്ത് പ്രസിദ്ധീകരിച്ച വിഗ്രഹങ്ങൾ, ഒരിക്കൽക്കൂടി, ആരാധന എന്നീ കഥകളിൽ അതുകാണാം.
അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന ജനതാഭരണത്തിന്റെ വർഗസ്വഭാവം തിരിച്ചറിഞ്ഞ കഥാകൃത്ത് അതിനെ ഒരു കോമാളിനാടകമായി കണ്ടു. ഇന്ദിര 1980ൽ വീണ്ടും അധികാരത്തിലെത്തി. ആ ഘട്ടത്തിൽ (1982) എഴുതിയതാണ് ഇന്ത്യയിൽ കംപ്യൂട്ടർ യുഗം എന്ന കഥ. ആഖ്യാതാവ് തന്റെ ഉള്ളിലേക്ക് നടത്തിയ യാത്രയിൽ കാണുന്ന കാഴ്ചകളായാണ് കഥയുടെ രൂപഘടന. ആഖ്യാതാവ് വഴിയിൽ കാണുന്നത് സ്വയം അറവുശാല തേടിപ്പോകുന്ന ഗോക്കൾ, ചൂഷകരിൽ ഒന്നിനെപ്പോലും പിടിച്ചുഞെരിക്കാൻ കഴിയാതെ വിയർപ്പൊഴുക്കുന്ന തൊഴിലാളികൾ, ചരിത്രബോധമില്ലാത്ത എടുത്തുചാട്ടക്കാരായ ചെറുപ്പക്കാർ, അന്ധരായ മതാനുയായികൾ തുടങ്ങിയവരെയാണ്. അയാൾ എത്തിപ്പെടുന്നത് ഉയർന്ന ചുവപ്പുകോട്ടയുടെ മുന്നിലാണ്. അവിടെ സ്വന്തം കുടുംബാധിപത്യം നിലനിർത്താൻ വ്യഗ്രതപ്പെടുന്ന വയോധികയായ മന്ത്രവാദിനിയെ കാണുന്നു. കളിവിമാനം പറത്തുന്ന ബുദ്ധി വളരാത്ത മകനെ അവർ ശാസിക്കുന്നു. താൻ പിന്തുടർച്ചക്കാരനായി കരുതിയ അകാലത്തു മരിച്ചുപോയ മറ്റേമകനെ ഓർത്ത് ദുഃഖിക്കുന്നു. വയോധികരായ അനുയായികൾ മന്ത്രവാദിനിയെ ബഹുമാനിച്ച് നാവടക്കി നിൽക്കുന്നു. അനുയായികൾ ബാലറ്റ് പെട്ടിയെ ഭണ്ഡാരപ്പെട്ടിയെപ്പോലെ തൊട്ടു നമസ്കരിക്കുന്നു. അടിയന്തരാവസ്ഥയുടെ അന്ത്യത്തിൽ ജനം തൂത്തെറിഞ്ഞ ഇന്ദിര വീണ്ടും അധികാരക്കോട്ടയിൽ എത്തിയപ്പോൾ കുടുംബാധിപത്യം സ്ഥാപിക്കാൻ വ്യഗ്രതപ്പെടുന്നതാണ് കഥയുടെ ജീവബിന്ദു. നെഹ്റുവിന്റെ വംശാധിപത്യം തുടരുന്നതിനെക്കുറിച്ചുള്ള പ്രവചനശക്തിയുള്ള കഥയാണത്. അതിലെ ഭാവന രണ്ടുകൊല്ലത്തിനുള്ളിൽ ചരിത്രസത്യമായി. ഇന്ദിര മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മകൻ രാജീവ് പ്രധാനമന്ത്രിയായി. ഭരണമില്ലെങ്കിലും ഇന്നും ആ വംശാധികാരത്തിന്റെ ശ്രേണി തുടരുന്നു. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ വർഗസ്വഭാവവും അതിന്റെ ദൗർബല്യങ്ങളും ഈ കഥ സൂചിപ്പിക്കുന്നു.
മുനി എന്ന കഥാസമാഹാരത്തിന് പട്ടത്തുവിളയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സത്യാന്വേഷണം, നട്ടെല്ലികളുടെ ജീവിതം, ബലി, പട്ടത്തുവിളയുടെ കഥകൾ തുടങ്ങിയവയാണ് മറ്റു സമാഹാരങ്ങൾ.
പട്ടത്തുവിളയുടെ ചെറുകഥകൾ ഇന്നും പ്രസക്തമായിരിക്കുന്നതിന്റെ കാരണം സ്വേച്ഛാധിപത്യത്തോടു പൊരുതുന്ന അതിന്റെ രാഷ്ട്രീയമാനങ്ങൾ തന്നെയാണ്. ചെറുകഥ എന്ന സാഹിത്യരൂപത്തിൽ കഥാകൃത്ത് പരീക്ഷിച്ച ഇന്നും പുതുമയുള്ള രചനാപരമായ വ്യത്യസ്തതകളും പ്രധാനം തന്നെ. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികവും പട്ടത്തുവിളയുടെ ജന്മശതാബ്ദിയും ചേർന്നു വന്നതിൽ ചരിത്രത്തിന്റെ ഐറണി കലർന്ന കാവ്യനീതിയുണ്ട്. (കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലറാണ് ലേഖകൻ)














