Deshabhimani

അസമില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി; 812 മുസ്‌ലിം കുടുംബങ്ങള്‍ക്ക് നോട്ടീസ്; 15 ദിവസത്തിനകം വീടൊഴിയണം

assam buldozer.
വെബ് ഡെസ്ക്

Published on Nov 01, 2026, 07:20 PM | 1 min read

ഗുവാഹത്തി : അസമിലെ ധുബ്രി ജില്ലയിൽ നൂറുകണത്തിന് കുടുംബങ്ങളെ പെരുവഴിയിലാക്കി ജില്ലാ ഭരണകൂടം. ധുബ്രിയിലെ ആലംഗഞ്ചിൽ താമസിക്കുന്ന 812 മുസ്‌ലിം കുടുംബങ്ങളോട് 15 ദിവസത്തിനകം സ്വന്തം വീടുകൾ ഒഴിഞ്ഞു പോകണമെന്ന് കാണിച്ച് അധികൃതർ നോട്ടീസ് നൽകി.


ഇതിന് പിന്നാലെ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും അധികൃതർ വിച്ഛേദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതായതോടെ സ്ത്രീകളും കുട്ടികളും ദുരിതത്തിലായിരിക്കുകയാണ്. 50 ലധികം ബുൾഡോസറുകളാണ് വീടുകൾ പൊളിച്ചുനീക്കാനായി എത്തിയച്ചത്. തങ്ങളുടെ വീടുകൾ പൊളിഞ്ഞുവീഴുന്നത് നേരിൽ കണ്ട് സ്ത്രീകൾ ബോധരഹിതരായി വീണു. വീടുകളിലേക്ക് ബുൾഡോസറുകൾ ഇരച്ചുകയറുമ്പോൾ പള്ളികളിൽ പ്രാർത്ഥനകളോടെ കണ്ണീരൊഴുക്കുന്ന പ്രദേശവാസികളുടെ ദൃശ്യങ്ങളും പുറത്തുവന്നു.


ഗൗരിപൂർ റവന്യൂ സർക്കിളിന് കീഴിലുള്ള ആലംഗഞ്ച് പാർട്ട്-ഒൻപതിൽ സർക്കാർ ഭൂമി കൈയേറിയാണ് ഈ കുടുംബങ്ങൾ താമസിക്കുന്നത് എന്ന് ആരോപിച്ചാണ് ജില്ലാ ഭരണകൂടം കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നത്. ഏകദേശം 940.5 ഏക്കർ സർക്കാർ ഭൂമിയാണ് ഇവിടെ ഒഴിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഒക്ടോബർ 31ന് ആരംഭിക്കാനിരുന്ന ഒഴിപ്പിക്കൽ നടപടികൾക്കായി ഭരണകൂടം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഇന്ന് രാവിലെ 6 മണിയോടെ വൻ പൊലീസ് വ്യൂഹത്തിന്റെ അകമ്പടിയോടെയാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.


വർഷങ്ങളായി താമസിച്ചുവരുന്ന ഭൂമിയിൽ നിന്നും കുടിയൊഴിപ്പിച്ചാൽ തങ്ങൾ എങ്ങോട്ട് പോകുമെന്ന് പ്രദേശവാസികൾ ചോദിച്ചു. പകരം സംവിധാനമോ പുനരധിവാസമോ ഒരുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. വ്യക്തികൾക്ക് പണം നൽകി വാങ്ങിയ ഭൂമിയാണിതെന്നും ഇത് സർക്കാർ ഭൂമിയാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home