ജീൻസിനും ടി ഷർട്ടിനും വിലക്ക്; ബിഹാറിൽ അധ്യാപകർക്ക് പുതിയ ഡ്രസ്കോഡ്, ഡിജെ പരിപാടികൾക്കും വിലക്ക്

എഐ നിർമിത ചിത്രം
പട്ന : ബിഹാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും പുതിയ ഡ്രസ് കോഡ് നിശ്ചയിച്ച് സംസ്ഥാന സർക്കാർ. ജോലി സമയത്ത് മാന്യവും ഔദ്യോഗികവുമായ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്നാണ് പുതിയ നിർദേശം. മാന്യമായ വസ്ത്രങ്ങളുടെ പട്ടികയിൽ നിന്ന് ജീൻസും ടി ഷർട്ടും ഒഴിവാക്കിയിട്ടുമുണ്ട്. ഇത്തരം വസ്ത്രങ്ങൾ ധരിച്ച് ജോലിക്കെത്തരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അച്ചടക്കവും ഔദ്യോഗിക അന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഉത്തരവിൽ പറയുന്നു.
നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയന്ത്രണം ബാധകമാണെന്നും ഉത്തരവിൽ പറയുന്നു. ഒക്ടോബർ 30ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വിജയ് കുമാർ പാണ്ഡെ പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നിർദേശങ്ങൾ. നേരത്തേ പുറത്തിറക്കിയ വസ്ത്രധാരണ മാർഗനിർദേശങ്ങൾ പല സ്ഥാപനങ്ങളിലും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതെന്നാണ് വിശദീകരണം. അധ്യാപകരുടെ പെരുമാറ്റവും വസ്ത്രധാരണവും വിദ്യാർഥികളെ സ്വാധീനിക്കുമെന്നും അധ്യാപകർ വിദ്യാർഥികൾക്ക് മാതൃകയാകണമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരിയുടെ വിശദീകരണം. നിർദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നൽകി.
സ്കൂൾ ക്യാമ്പസുകളിൽ ഡിജെ, ഡിസ്കോ പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. ഇത്തരം പരിപാടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തസ്സിനും പഠനാന്തരീക്ഷത്തിനും ദോഷകരമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ അക്കാദമിക് കലണ്ടറിന്റെ ഭാഗമായി പ്രത്യേക അവസരങ്ങളിൽ അച്ചടക്കത്തോടെ സംഘടിപ്പിക്കുന്ന നൃത്ത, സംഗീത പരിപാടികൾ അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു.









0 comments