വെനസ്വേലൻ ഫ്രെയിമിൽ ഭരണഘടനയേന്തി എ എ റഹീം, എസ്എഫ്ഐ പതാകയുമായി പവിത്ര; രാജ്യാന്തര ശ്രദ്ധനേടി ഇടതുപക്ഷ സമരം

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ഇടതുപക്ഷ പ്രക്ഷോഭം രാജ്യാന്തര തലത്തിലും ശ്രദ്ധനേടുന്നു. എസ്എഫ്ഐ പതാകയും എ എ റഹീം എംപിയെയും മലയാളി വിദ്യാർഥിനി പി പവിത്രയെയും ആസ്പദമാക്കി വെനസ്വേലൻ ചിത്രകലാകാരനും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനുമായ കെയൽ അബെല്ലോ തയ്യാറാക്കിയ പോസ്റ്ററുകളാണ് ശ്രദ്ധനേടുന്നത്. ഇന്ത്യ, അർജന്റീന, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രതിഷേധങ്ങളെ ആസ്പദമാക്കിയാണ് പോസ്റ്ററുകൾ.
ഒക്ടോബറിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്ന 'വിദ്യാർഥികളുടെ ഒക്ടോബർ' എന്ന ആശയത്തിലാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. 'ഇന്ത്യ പ്രൊട്ടെസ്റ്റ', 'അർജന്റീന പ്രൊട്ടെസ്റ്റ', 'യൂറോപ്പ പ്രൊട്ടെസ്റ്റ' എന്നിങ്ങനെയാണ് മൂന്ന് പോസ്റ്ററുകൾക്ക് പേരിട്ടിരിക്കുന്നത്. ഓരോ പ്രദേശത്തെയും ശ്രദ്ധേയമായ പ്രതിഷേധരംഗങ്ങൾ വ്യത്യസ്ത നിറങ്ങളിലും ചിത്രീകരണശൈലികളിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന പോസ്റ്ററിൽ ഭരണഘടന ഉയർത്തിപ്പിടിച്ചുനിൽക്കുന്ന എ എ റഹീം എംപിയും എസ്എഫ്ഐ പതാകയേന്തിയ പി പവിത്രയുമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റ് പതാകയും കാണാം. ചുവപ്പും മഞ്ഞയും നിറങ്ങൾക്ക് പ്രാധാന്യം നൽകിയ ചിത്രത്തിൽ ഡൽഹിയിലെ ഇടതുപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിദ്യാർഥി പ്രക്ഷോഭങ്ങളെ ആസ്പദമാക്കിയ ചിത്രം 'യങ് സോഷ്യൽ ആർട്ടിസ്റ്റ്' കൂട്ടായ്മയുമായി സഹകരിച്ചാണ് തയ്യാറാക്കിയത്.
അർജന്റീനയിൽ പൊതുസർവകലാശാലകൾക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കുന്നതിനെതിരെയും വിദ്യാഭ്യാസാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും നടന്ന അഞ്ചാമത് ഫെഡറൽ യൂണിവേഴ്സിറ്റി മാർച്ചാണ് രണ്ടാമത്തെ പോസ്റ്ററിന്റെ പ്രമേയം. അർജന്റീനയുടെ ദേശീയപതാകയേന്തി പ്രതിഷേധിക്കുന്ന യുവതിയും മറ്റ് സമരക്കാരുമാണ് ചിത്രത്തിലുള്ളത്. 'ലാ മരിയറ്റ്' കൂട്ടായ്മയുമായി സഹകരിച്ചാണ് ഈ പോസ്റ്റർ ഒരുക്കിയത്.
യൂറോപ്പിലെ പ്രതിഷേധങ്ങളെ ആസ്പദമാക്കിയ മൂന്നാമത്തെ പോസ്റ്ററിൽ പാരീസിലെ റിപ്പബ്ലിക് സ്മാരകത്തിന് സമീപം നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രതിഷേധക്കാർ ഉയർത്തിയ മഞ്ഞ പ്ലക്കാർഡുകളും മുഷ്ടിചുരുട്ടി പ്രതിഷേധിക്കുന്നവരുമാണ് ചിത്രത്തിലെ പ്രധാന ഘടകങ്ങൾ. 'കാർട്ടൽ അർജന്റ്' കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പോസ്റ്റർ തയ്യാറാക്കിയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ഇടതുപക്ഷ പ്രക്ഷോഭം നേരത്തെ ദേശീയതലത്തിൽ ശ്രദ്ധനേടിയിരുന്നു. സമരത്തിനിടെ സിപിഐ എം രാജ്യസഭാംഗങ്ങളായ എ എ റഹീം, വി ശിവദാസൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്എഫ്ഐ പ്രവർത്തകയും ഡൽഹി സർവകലാശാലയിലെ ഹൻസ്‌രാജ് കോളേജ് വിദ്യാർഥിനിയുമായ പി പവിത്ര, പൊലീസ് തടസ്സങ്ങൾക്കിടയിൽ പതാകയേന്തി പ്രതിഷേധിക്കുന്ന ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു.
വിവിധ രാജ്യങ്ങളിലെ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങളെ ഒരേ വേദിയിൽ അവതരിപ്പിക്കുകയാണ് പോസ്റ്റർ പരമ്പരയുടെ ലക്ഷ്യമെന്ന് കെയൽ അബെല്ലോ ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി. പൊതുജനങ്ങൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നതിനായി ചിത്രങ്ങൾ യുടോപിക്സ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിദ്യാർഥി പ്രക്ഷോഭങ്ങളെ രാജ്യാതിർത്തികൾക്കപ്പുറം പരിചയപ്പെടുത്തുന്ന പരമ്പരയിൽ ഡൽഹിയിലെ ഇടതുപക്ഷ സമരവും ഇടംപിടിച്ചതോടെ എസ്എഫ്ഐയുടെ പ്രതിഷേധദൃശ്യങ്ങൾ വീണ്ടും ശ്രദ്ധനേടുകയാണ്.









0 comments