പാരിസ്ഥിതിക ആഘാതം ഏറെ; ഇന്ത്യയിൽ എഐ ഡാറ്റാ സെന്ററുകൾക്കെതിരെ ജനകീയ പ്രതിഷേധം

എഐ നിർമിത ചിത്രം
ന്യൂഡൽഹി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഡാറ്റാ സെന്ററുകളുടെ നിർമാണം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം. ഭൂമി ഏറ്റെടുക്കൽ, ജല- വൈദ്യുതി ഉപഭോഗം, പരിസ്ഥിതി ആഘാതം എന്നിവയാണ് ഡാറ്റാ സെന്ററുകൾക്കെതിരെ ഉയരുന്ന പ്രധാന ആശങ്കകൾ. വിശാഖപട്ടണത്ത് ഗൂഗിളിന്റെയും മഹാരാഷ്ട്രയിലെ താനെയിൽ ആമസോണിന്റെയും ഡാറ്റാ സെന്റർ പദ്ധതികൾക്കെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം തർലുവാഡയിൽ ഗൂഗിൾ സ്ഥാപിക്കുന്ന 1500 കോടി ഡോളറിന്റെ എഐ ഹബ്ബിനായി വർഷങ്ങളായി കൃഷിചെയ്തിരുന്ന ഭൂമി ഏറ്റെടുത്തെന്നാണ് ഗ്രാമവാസികൾ പറയുന്നത്. പദ്ധതിയുടെ ഭാഗമായി മരങ്ങൾ മുറിച്ചുമാറ്റുന്നതും കമ്പളകൊണ്ട വന്യജീവി സങ്കേതത്തിന് സമീപത്തായുള്ള നിർമാണവും പരിസ്ഥിതി പ്രവർത്തകർ ചോദ്യംചെയ്യുന്നു.
മഹാരാഷ്ട്രയിലെ താനെയിൽ ആമസോൺ നിർമിക്കാൻ പദ്ധതിയിടുന്ന 53 ഏക്കർ വിസ്തൃതിയുള്ള ഡാറ്റാ സെന്ററിനെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്. വീടുകൾക്കും സ്കൂളുകൾക്കും ആശുപത്രികൾക്കും സമീപം പദ്ധതി സ്ഥാപിക്കുന്നതാണ് പ്രധാന ആശങ്ക. വൻതോതിലുള്ള വൈദ്യുതി, ജല ഉപഭോഗം, ഡാറ്റാ സെന്ററുകളിൽനിന്നുള്ള ചൂട്, ശബ്ദമലിനീകരണം എന്നിവ ജനജീവിതത്തെ ബാധിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.









0 comments