ലാ ലിഗ: ഗെറ്റാഫെയ്ക്ക് തകർപ്പൻ ജയം, സെവിയ്യയെ 3-1ന് തോൽപ്പിച്ചു

ടീം ഗെറ്റാഫെ | Photo: Laliga
മാഡ്രിഡ് : ലാ ലിഗയിൽ സെവിയ്യയെ 3–1ന് തോൽപ്പിച്ച് ഗെറ്റാഫെ. സ്വന്തം തട്ടകമായ കൊളീസിയം അൽഫോൻസോ പെരസിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായ ശേഷമാണ് ഗെറ്റാഫെയുടെ തിരിച്ചുവരവ്. രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ രണ്ട് ഗോൾ നേടിയ ഗെറ്റാഫെ അവസാന മിനിറ്റിൽ മൂന്നാം ഗോളും കണ്ടെത്തി.
19-ാം മിനിറ്റിൽ കികെ സാലസിന്റെ ഹെഡറിലൂടെ സെവിയ്യയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ സെവിയ്യയ്ക്ക് രണ്ടാം പകുതിയിൽ മികവ് തുടരാനായില്ല.
68-ാം മിനിറ്റിൽ മാർട്ടിൻ സത്രിയാനോയുടെ പാസിൽ എനെസ് ഉനാൽ ഗെറ്റാഫെയുടെ സമനില ഗോൾ നേടി. അഞ്ച് മിനിറ്റിനുശേഷം ഉനാലിന്റെ പാസിൽ സത്രിയാനോ ലക്ഷ്യം കണ്ടതോടെ ഗെറ്റാഫെ മുന്നിലെത്തി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ആന്ദ്രേസ് ഗാർസിയയുടെ പാസിൽ ഒറെൽ മംഗാല മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു.
ഇഞ്ചുറി ടൈമിൽ അവസാന പ്രതിരോധക്കാരനെന്ന നിലയിൽ ഫൗൾ ചെയ്തതിന് സെവിയ്യ താരം മാനു ബുവേനോയ്ക്ക് ചുവപ്പുകാർഡ് ലഭിച്ചു. ഗെറ്റാഫെയുടെ പ്രതിരോധ താരം സെബാസ്റ്റ്യൻ ബോസെല്ലിയാണ് മത്സരത്തിലെ മികച്ച താരം. 8.4 ആണ് താരത്തിന്റെ സോഫാസ്കോർ റേറ്റിങ്. പതിനഞ്ച് ഡ്യുവലുകൾ വിജയിച്ച ബോസെല്ലി അഞ്ച് ടാക്കിളുകളും നാല് ഇന്റർസെപ്ഷനുകളും നടത്തി. സത്രിയാനോയും ഉനാലും ഓരോ ഗോളും അസിസ്റ്റും നേടി.








0 comments