ഋതിഷയുടെ ഫെല്ലോഷിപ് തടഞ്ഞത് വിദ്യാർഥി വിരുദ്ധം; വിസിയുടേത് പ്രതികാര നടപടി: ഡിവൈഎഫ്ഐ

തിരുവനന്തപുരം : കാലടി സർവകലാശാലയിൽ വിസിയുടെ പ്രതികാര നടപടികളുടെ ഫലമായി കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഗവേഷകയായ ഋതിഷ ഋതുവിന്റെ ഫെല്ലോഷിപ്പ് തടഞ്ഞു വച്ച നടപടി വിദ്യാർഥി വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. ന്യായമായ അവകാശത്തിനു വേണ്ടി വിദ്യാർഥികൾ നടത്തിയ സമരത്തിൽ പങ്കാളികളായി എന്ന കാരണത്താലാണ് ഋതിഷയുടെ പഠനവും ഗവേഷണവും വൈസ് ചാൻസലർ പ്രതിസന്ധിയിലാക്കിയത്.
സർവകലാശാലയിൽ നിന്ന് സസ്പെൻഷനിലായതോടെ ഗവേഷണത്തിനുള്ള സ്കോളർഷിപ്പ് തുക പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഋതിഷ. ജെആർഎഫോടെ ഗവേഷണം നടത്തുന്ന ഋതിഷയ്ക്ക് കഴിഞ്ഞ രണ്ട് മാസമായി സർവകലാശാലയിൽ പ്രവേശിക്കാനായിട്ടില്ല. ഹാജർ രേഖപ്പെടുത്താൻ കഴിയാത്തതിനാൽ ഫെലോഷിപ്പ് തുക ക്ലെയിം ചെയ്യാനും സാധിക്കുന്നില്ല. നിരവധി വിവേചനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയിലെത്തിയ വിദ്യാർഥിക്ക് ഇപ്പോൾ ഗവേഷണം തുടരാൻ പോലും കഴിയാത്ത സാഹചര്യമാണ്.
വിദ്യാർഥികളുടെ അടിസ്ഥാന അവകാശമായ വിദ്യാഭ്യാസം തന്നെ ഇല്ലാതാക്കാനുള്ള പ്രതികാര നടപടികളാണ് വി സി സ്വീകരിക്കുന്നത്. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും അതിനെതിരെ അപ്പീൽ നിലപാടാണ് വി സി സ്വീകരിച്ചത്.
വിദ്യാർഥികൾ പരീക്ഷ എഴുതരുത് എന്ന് കോടതിയിൽ വാദിക്കുന്ന അപൂർവ വൈസ് ചാൻസലറായി കാലടി സർവകലാശാലയിലെ വൈസ് ചാൻസലർ മാറി.
വിദ്യാർഥി സമരത്തിന്റെ ഉൽപ്പന്നമാണ് താനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സംഘപരിവാർ താല്പര്യമുള്ള വി സിക്ക് കുടപിടിക്കുകയാണ്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഗവേഷക വിദ്യാർഥി ഋതിഷക്ക് ഗവേഷണം തുടരാനുള്ള സാഹചര്യം ഉണ്ടാകണം. തടഞ്ഞുവെച്ച ഫെലോഷിപ്പുകളും മറ്റും നൽകി വിദ്യാർഥിക്ക് പഠനം തുടരാൻ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. വിദ്യാർഥി വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സമീപനം സ്വീകരിച്ച് ഋതിഷിയുടെ ഫെല്ലോഷിപ്പ് തടഞ്ഞു വച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡിവൈഎഫ്ഐ വ്യക്തമാക്കി.








0 comments