തിരുവനന്തപുരത്ത് ദമ്പതികൾ സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; ഭാര്യയെ രക്ഷപെടുത്തി, ഭർത്താവിനായി തിരച്ചിൽ

വിദ്യാധരനെ കണ്ടെത്താൻ സ്കൂബാ ടീമും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു
നെടുമങ്ങാട് : തിരുവനന്തപുരം വട്ടപ്പാറയിൽ ദമ്പതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ കുത്തൊഴുക്കുള്ള തോട്ടിലേക്ക് മറിഞ്ഞു. ഒരാളെ കാണാതായി. വട്ടപ്പാറ കുറ്റിയാണി സുമാഭവനിൽ വിദ്യാധര(65)നെയാണ് കാണാതായത്. വിദ്യാധരന്റെ ഭാര്യ ലതാകുമാരിയെ നാട്ടുകാർ രക്ഷപെടുത്തി. ഞായർ രാത്രി എട്ടിന് വട്ടപ്പാറ വേറ്റിനാട് വില്ലേജ് ഓഫീസിനു സമീപം മൂന്നുമുക്കിലായിരുന്നു സംഭവം. വിദ്യാധരനായി തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.
മൂന്ന്മുക്കിനു സമീപം റോഡരികിലൂടെ ഒഴുകുന്ന ചിറക്കോണം വേറ്റിനാട് വേളാവൂർ തോട് ഞായറാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിൽ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. റോഡിലേക്കും വെള്ളം കയറി. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായായി പോവുകയായിരുന്നു ഇരുവരും. മൂന്നുമുക്കിലെത്തിയപ്പോൾ റോഡുകവിഞ്ഞ് വെള്ളം ഒഴുകിയിരുന്നതിനാൽ മറ്റൊരു വഴിയിൽ കൂടി പോകാൻ ഓട്ടോ തിരിക്കുന്നതിനിടെ തോട്ടിലേക്ക് മറിയുകയായിരുന്നു.
വിദ്യാധരനും ഓട്ടോയും ഒഴുക്കിൽപ്പെട്ടു. ലതാകുമാരിയെ നാട്ടുകാർ ഒഴുക്കിൽപ്പെടാതെ രക്ഷപ്പെടുത്തി. ഒഴുകുന്നതിനിടയിൽ വിദ്യാധരൻ ഓട്ടോയ്ക്ക് മുകളിലേക്ക് കയറിയെങ്കിലും വീണ്ടും മറിഞ്ഞ് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്. വെമ്പായം ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ് ലതാകുമാരി.







0 comments