Deshabhimani

പരുമല പള്ളിപെരുന്നാളിന് നാളെ സമാപനം

parumala church

തീർത്ഥാടന വാരാ​​ഘോഷ സമാപന സമ്മേളനത്തിൽ നടൻ മമ്മൂട്ടി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 01, 2026, 09:47 PM | 1 min read

തിരുവല്ല : ഇന്ത്യയിൽ നിന്ന് ആദ്യമായി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പരിശുദ്ധ പരുമലതിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിന് നാളെ സമാപനം. പെരുന്നാളിന്റെ പ്രധാനദിനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീർഥാടകരെത്തി. പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ വിശ്വാസികൾക്ക് പള്ളിമേടയിൽ നിന്ന് ശ്ലൈഹിക വാഴ്വ് നൽകി. സഭയുടെ മെത്രാപ്പൊലീത്തമാർ പങ്കെടുത്തു.


പെരുന്നാളിനോട് അനുബന്ധിച്ചുള്ള തീർത്ഥാടന വാരാ​​ഘോഷ സമാപന സമ്മേളനം മലങ്കരസഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. നടൻ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, വൈദിക ട്രസ്റ്റി ഫാ. ഡോ.തോമസ് വർ​ഗീസ് അമയിൽ, അഡ്വ.വർ​ഗീസ് മാമ്മൻ എംഎൽഎ, സജി ചെറിയാൻ എംഎൽഎ, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മനോജ് പി ജോർജ് പന്നായികടവിൽ, ജോസ് പുത്തൻപുരയിൽ, പരുമല സെമിനാരി മാനേജർ യാക്കോബ് തോമസ് റമ്പാൻ എന്നിവർ പങ്കെടുത്തു.


തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം അനുസ്മരണ പ്രസംഗം നടത്തി. കബറിടത്തിലെ ധൂപപ്രാർഥന, ആശീർവാദം എന്നിവയ്ക്ക് ശേഷം എംജിഎം കൈപ്പട്ടൂരിന്റെ നേതൃത്വത്തിൽ ഗാനാർച്ചനയും നടന്നു. പെരുന്നാളിന്റെ പ്രധാന ദിവസമായ തിങ്കൾ പുലർച്ചെ 3ന് പള്ളിയിൽ കുർബാന, യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്ത നേതൃത്വം നൽകും. രാവിലെ 6.15ന് ചാപ്പലിൽ കുർബാന ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്താ. രാവിലെ 7.30ന് പ്രഭാതനമസ്ക്കാരത്തെ തുടർന്ന് മൂന്നിൻമേൽ കുർബാന. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ.യൂഹാനോൻ മാർ തേവോദോറോസ് എന്നിവർ സഹകാർമ്മികരാകും. 10.30ന് ശ്ലൈഹിക വാഴ്വ്. 12 മണിക്ക് എംജിഒസിഎസ്എം സമ്മേളനം. പകൽ 2ന് പ്രദക്ഷിണം. 3ന്‌ കൊടിയിറക്കോടെ ഓർമപ്പെരുന്നാളിന് സമാപനമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home