എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെ സമരപ്പന്തലിലെത്തി സന്ദര്‍ശിച്ച് ഡിവൈഎഫ്ഐ നേതാക്കൾ

തിരുവനന്തപുരം : എൽപിഎസ്ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം നൽകാതെ സർക്കാർ വഞ്ചിച്ച ഉദ്യോഗാർഥികളെ സമരപ്പന്തലിലെത്തി സന്ദര്‍ശിച്ച് ഡിവൈഎഫ്ഐ നേതാക്കൾ. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന സമര സമിതി കൺവീനർ വളർമതിയെ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ ആർ രാഹുൽ സന്ദർശിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി അനൂപ്, ജില്ലാ സെക്രട്ടറി എൽ എസ് ലിജു, പ്രസിഡൻ്റ് വി എസ് ശ്യാമ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ ഷാനവാസ്, ജില്ലാ കമ്മിറ്റി അംഗം വിദ്യാ മോഹൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഉദ്യോഗാർഥികളെ സർക്കാർ പറഞ്ഞുപറ്റിച്ചതിൽ പ്രതിഷേധിച്ച് റാങ്ക് ഹോൾഡേഴ്സ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തലിലാണ് സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്തത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അർഹമായ നിയമനം നൽകണമെന്നും, അതിനാവശ്യമായ ഒഴിവുകൾ കണ്ടെത്തി നികത്തണമെന്നും ആവശ്യപ്പെട്ട് 37 ദിവസത്തെ സമരവും 13 ദിവസത്തെ നിരാഹാര സമരവും ഉദ്യോഗാർഥികൾ നടത്തിയിരുന്നു. ഉദ്യോഗാർഥികൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ പഠനവിധേയമാക്കുന്നതിനായി സർക്കാർ 45 ദിവസം സമയം ആവശ്യപ്പെട്ടു. തുടർന്ന് 51 ദിവസങ്ങൾക്ക് ശേഷം വീണ്ടും ചർച്ച നടന്നെങ്കിലും, ചില ആവശ്യങ്ങൾ മാത്രം അംഗീകരിക്കുകയും പ്രധാന ആവശ്യമായ അധ്യാപക–വിദ്യാർഥി അനുപാതം 1:25 ആയി പുനർനിശ്ചയിക്കണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തതോടെയാണ് സമരം കടുപ്പിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്.
വിവിധ ആവശ്യങ്ങളുന്നയിച്ച് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 119ാം ദിവസത്തിലേക്ക് കടന്നു.പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അർഹമായ നിയമനം ഉറപ്പാക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുക, കോഴ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗാർഥികൾ സമരം തുടരുന്നത്. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ ഒന്നും തന്നെ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങിയത്. എന്നാൽ സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്തെന്ന പേരിൽ റാങ്ക് ഹോൾഡേഴ്സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വളർമതിയാണ് ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.








0 comments