മലയാളിയെ ചിന്തിപ്പിച്ച പി ജി


പുത്തലത്ത് ദിനേശൻ
Published on Aug 07, 2025, 10:41 PM | 4 min read
ദേശാഭിമാനിയുടെ മുഖ്യപത്രാധിപരായി 12 വർഷം പ്രവർത്തിച്ച പി ഗോവിന്ദപിള്ളയുടെ ശതാബ്ദിയാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ദേശാഭിമാനിയുടെ മുന്നേറ്റത്തിലും പത്രത്തിന്റെ ഉള്ളടക്കങ്ങൾ രൂപപ്പെടുത്തുന്നതിലും അദ്ദേഹം നൽകിയ ദിശാബോധം ഇന്നും ദേശാഭിമാനിയുടെ കരുത്താണ്. ഓരോ കാലത്തെയും പുത്തൻചിന്തകളെ മാർക്സിസം–- ലെനിനിസത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം വിശകലനം ചെയ്തു. അതിന്റെ ശക്തി ദൗർബല്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും പരിശ്രമിച്ചു.
പരന്ന വായനയും അഗാധമായ ചിന്തയുംകൊണ്ട് നമ്മെ വിസ്മയിപ്പിച്ച പി ജി കൈവയ്‌ക്കാത്ത മേഖലകൾ കുറവാണ്. വിദ്യാർഥി പ്രസ്ഥാനത്തിലും കേരള കർഷകസംഘത്തിലും പ്രവർത്തിച്ച പി ജി തിരു– കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിരുന്നു. ജയിൽവാസം അനുഭവിക്കുന്ന ഘട്ടത്തിൽപ്പോലും പഠനപ്രവർത്തനത്തിന് അവധി കൊടുത്തില്ല. അതിന്റെ ഉൽപ്പന്നമാണ് മലയാളിയെ എന്നും ത്രസിപ്പിച്ച നോവലായ ‘കാട്ടുകടന്ന’ലിന്റെ മലയാള തർജമ. ചരിത്രത്തെയും സംസ്കാരത്തെയും മിത്തുകളെയും തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് ഭരണത്തിലെത്തുന്ന സംഘപരിവാർ സമീപനങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു. ആ മേഖലയിലെ പ്രതിരോധം എങ്ങനെ രൂപപ്പെടുത്താമെന്ന് വ്യക്തമാക്കിയതാണ് ‘മഹാഭാരതമെന്ന മഹാപ്രസ്ഥാനം’ എന്ന ലേഖനം.
വർണവ്യവസ്ഥ മനുഷ്യജീവിതത്തിന് ആഹ്ലാദങ്ങളല്ല, വേദനകളും ഒറ്റപ്പെടലുമാണ് സമ്മാനിച്ചതെന്ന് മഹാഭാരതം നമ്മെ ഓർമപ്പെടുത്തുന്നുണ്ടെന്ന് കാണാം. ആ വഴിയാണ് പി ജിയും സഞ്ചരിച്ചത്
യൂറോപ്യൻ സംസ്കാരത്തിന്റെ അടിത്തറയായി വിശേഷിപ്പിക്കുന്ന ഇലിയഡും ഒഡിസിയുമെല്ലാം യൂറോപ്യൻ ജനത വായിക്കുന്നതാണ്. എന്നാൽ, അവ ഉപയോഗിച്ച് ഒരു രാഷ്ട്രീയപ്രയോഗം അവിടെ സാധ്യമല്ല. ഇന്ത്യയിൽ രാമായണംപോലുള്ള കൃതികൾ രാഷ്ട്രീയ പ്രവർത്തനത്തിന് വിധേയമാക്കപ്പെടുകയാണ്. വിവിധ സമൂഹങ്ങൾ തലമുറയായി കൈമാറിയ മതഗ്രന്ഥങ്ങളെയും ഇതിഹാസ പുരാണങ്ങളെയും ശാസ്ത്രീയമായി വിശകലനം ചെയ്ത് പഠിക്കണം. അതിനുപകരം അക്ഷരാർഥംമാത്രം ഗ്രഹിക്കുകയും അന്തരാർഥം അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ് മതമൗലികതാവാദത്തിന്റെയും മതഭ്രാന്തിന്റെയും വർഗീയതയുടെയും ഉറവിടമെന്ന് പി ജി നിരീക്ഷിക്കുന്നു. വർണവ്യവസ്ഥ മനുഷ്യജീവിതത്തിന് ആഹ്ലാദങ്ങളല്ല, വേദനകളും ഒറ്റപ്പെടലുമാണ് സമ്മാനിച്ചതെന്ന് മഹാഭാരതം നമ്മെ ഓർമപ്പെടുത്തുന്നുണ്ടെന്ന് കാണാം. ആ വഴിയാണ് പി ജിയും സഞ്ചരിച്ചത്. ദേവിപ്രസാദ് ചതോപാദ്ധ്യായയും ഇന്ത്യാ ചരിത്രത്തിനൊരു മുഖവുരയെഴുതിയ ഡി ഡി കൊസാംബിയും ചരിത്രത്തിന് നൽകിയ സംഭാവനകളെ ഉപയോഗപ്പെടുത്തിയുള്ള വിശകലനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങൾ നമ്മുടെ നാടിന്റെ കാഴ്ചപ്പാടുകളെക്കൂടി ഊന്നിക്കൊണ്ടാണ് മുന്നോട്ടുപോയതെന്ന് പി ജി ഓർമിപ്പിച്ചു. നവോത്ഥാനത്തെ ഹിന്ദുമതത്തിന്റെ നാലതിരുകൾക്കുള്ളിൽ കെട്ടിയിട്ടില്ല. എല്ലാ മതവിഭാഗത്തിനകത്തും നവോത്ഥാനത്തിന്റെ വിവിധ വഴികൾ നിറഞ്ഞുനിൽക്കുന്നുണ്ടെന്ന് പി ജി മലയാളിയെ പഠിപ്പിച്ചു. വക്കം അബ്ദുൾ ഖാദർ മൗലവിയെയും അബ്രഹാം മൽപ്പാനെയും പൊയ്കയിൽ യോഹന്നാനെയുമെല്ലാം ഉയർത്തിയ സവിശേഷധാരകളെ പി ജി മറന്നില്ല.
മാർക്സിസത്തിന്റെ മുന്നോട്ടുപോക്കിൽ എംഗൽസ് ഒരു പിന്നണി പാട്ടുകാരൻ മാത്രമായിരുന്നില്ലെന്ന് എംഗൽസിന്റെ ജീവചരിത്രത്തിലൂടെ മലയാളിയെ ഓർമിപ്പിച്ചു. അക്കാലത്തെ സാമൂഹ്യവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിവരണങ്ങളോടൊപ്പം മാർക്സും എംഗൽസും അവരുടെ നിലപാടുകളിലെത്തിച്ചേർന്ന വഴികളും ഇതിലുണ്ട്. കേവലം രാഷ്ട്രീയ, ദാർശനിക വിവരണങ്ങൾ മാത്രമായി ജീവചരിത്രത്തെ ചുരുക്കാതെ എംഗൽസിന്റെയും മാർക്സിന്റെയും വിദ്യാഭ്യാസം, പ്രേമം, വിവാഹം, ദുരിതാനുഭവങ്ങൾ ഇവയെല്ലാം പകർന്നുതരുന്ന ഒന്നായി ഇതിനെ മാറ്റിയിട്ടുണ്ട്.
മാർക്സിനും എംഗൽസിനും ലെനിനും ശേഷമുള്ള മാർക്സിസത്തിന്റെ വികാസത്തെ പരിചയപ്പെടുത്താനും ഉൾക്കൊള്ളാനും പി ജി എക്കാലവും ശ്രമിച്ചു. ഗ്രാംഷിയൻ ചിന്തയെ മലയാളിക്ക് പരിചയപ്പെടുത്താൻ അദ്ദേഹം നേരത്തേതന്നെ ശ്രമിച്ചു. റോസ ലക്സംബർഗിന്റെ പ്രവർത്തനത്തെക്കുറിച്ച് എഴുതാൻ പി ജി ലക്ഷ്യംവച്ചെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആ ഘട്ടത്തിലാണ് ഈ ലേഖകനോട് മകൾക്ക് റോസ എന്ന് പേരിടാൻ നിർദേശിച്ചത്.
എല്ലാ വസ്തുക്കളിലും പ്രതിഭാസങ്ങളിലും വിരുദ്ധ ശക്തികൾ ഏറ്റുമുട്ടുകയും ഐക്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന മാർക്സിസ്റ്റ് സമീപനത്തിൽനിന്നുകൊണ്ടാണ് ലോകത്തെ അദ്ദേഹം വിലയിരുത്തിയത്. വ്യക്തികളെയും ആശയങ്ങളെയും പരിചയപ്പെടുത്തുന്ന ഘട്ടങ്ങളിലെല്ലാം ഇത്തരമൊരു സമീപനം പി ജി സ്വീകരിച്ചിരുന്നു
വിപ്ലവത്തിന്റെ ജനകീയ പങ്കാളിത്തത്തെയും ജനകീയ അവബോധത്തെയും വിവരിച്ച് ഒറ്റപ്പെട്ട ഭീകരപ്രവർത്തനങ്ങളുടെ വ്യർഥതയെ തുറന്നുകാട്ടിയ ആളാണ് ചെ ഗുവേരയെന്ന് പി ജി പറയുന്നുണ്ട്. അതിനായി ചെ ഗുവേരയുടെ ഗറില്ല യുദ്ധം എന്ന പുസ്തകത്തിൽ സായുധ സമരത്തിനായുള്ള സാഹചര്യത്തെ സംബന്ധിച്ച ചെയുടെ വാക്കുകൾ ഉദ്ധരിക്കുന്നു. “ഒരു ഗവൺമെന്റ് എത്ര കുതന്ത്രങ്ങൾ നിറഞ്ഞതായാലും ജനകീയമായ ഒരു തെരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തിൽ വന്നിട്ടുള്ളതെങ്കിൽ ആ ഗവൺമെന്റ് ബാഹ്യമായിട്ടെങ്കിലും ഒരു ഭരണഘടനയെയും നിയമത്തെയും നിലനിർത്തുന്നുണ്ടെങ്കിൽ സാധ്യമായ സകല നിയമാനുസൃത മാർഗങ്ങളും അടഞ്ഞതിനുശേഷം മാത്രമേ ഗറില്ലാ വിപ്ലവം സാധ്യമാകൂ”. ചെ ഗുവേരയുടെ ഈ കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ടാണ് ഭീകര പ്രവര്‍ത്തന ത്തിന്റെ രീതിയല്ല അദ്ദേഹം പിന്‍തുടര്‍ന്നതെന്ന് വ്യക്തമാക്കുന്നത്. എല്ലാ വസ്തുക്കളിലും പ്രതിഭാസങ്ങളിലും വിരുദ്ധ ശക്തികൾ ഏറ്റുമുട്ടുകയും ഐക്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന മാർക്സിസ്റ്റ് സമീപനത്തിൽനിന്നുകൊണ്ടാണ് ലോകത്തെ അദ്ദേഹം വിലയിരുത്തിയത്. വ്യക്തികളെയും ആശയങ്ങളെയും പരിചയപ്പെടുത്തുന്ന ഘട്ടങ്ങളിലെല്ലാം ഇത്തരമൊരു സമീപനം പി ജി സ്വീകരിച്ചിരുന്നു. പോസ്റ്റ് മോഡേൺ ചിന്തകളെ വിലയിരുത്തുമ്പോഴും ഈ സമീപനം കാണാം. പരിഗണിക്കപ്പെടാതെ പോകുന്ന മേഖലകളിലേക്ക് അത് വെളിച്ചം വീശുന്നുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. എന്നാൽ, മാർക്സിസത്തിന്റെ അടിസ്ഥാന നിലപാടുകളെ ചോദ്യം ചെയ്യുന്ന അതിന്റെ ദാർശനിക വ്യവസ്ഥയെ പി ജി അംഗീകരിച്ചിരുന്നില്ല.
മുതലാളിത്തത്തിന്റെ വികാസത്തിന്റെ ഭാഗമായി രൂപപ്പെടുന്ന പുതിയ പ്രശ്നങ്ങളെ കൂടുതൽ ശക്തമായി അഭിമുഖീകരിക്കുകയാണ് കമ്യൂണിസ്റ്റുകാർ ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമപ്പെടുത്തിയിരുന്നു.
മാർക്സിയൻ സൗന്ദര്യശാസ്ത്രത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിനും പി ജി മുന്നിൽത്തന്നെ ഉണ്ടായിരുന്നു. മാർക്സിയൻ സൗന്ദര്യശാസ്ത്രം ഉത്ഭവവും വളർച്ചയുമെന്ന കൃതി ഇതിന്റെ ഭാഗമായിരുന്നു. കലാസൃഷ്ടിയെയും ആസ്വാദനത്തെയും നിയന്ത്രിക്കുന്ന നിയമങ്ങളാണ് സൗന്ദര്യശാസ്ത്രത്തിന്റെ വിഷയമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. വിശ്വസാഹിത്യ പ്രപഞ്ചം അറിവിന്റെയും ആനന്ദത്തിന്റെയും ഉറവിടമായിട്ടാണ് മാർക്സ് കണ്ടതെന്ന് പി ജി എടുത്തുപറഞ്ഞു. അക്കാലത്തെ സാമൂഹ്യജീവിതത്തെ പ്രതിഫലിപ്പിക്കുന്നെന്ന് മാത്രമല്ല, മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളുമായി സംവദിക്കുന്നതുമാണ് ബെൽസാക്കിന്റെയും ഷേക്‌സ്‌പിയറിന്റെയും കൃതികളെന്ന മാർക്സിന്റെ സമീപനത്തെ അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചിരുന്നു.
മതത്തെ സംബന്ധിച്ചും ആഴത്തിൽ അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതിന്റെ അടയാളമാണ് മാർ ഗ്രിഗോറിയോസിന്റെ മതവും മാർക്സിസവുമെന്ന ഗ്രന്ഥം. മാർ ഗ്രിഗോറിയോസിന്റെ ചിന്തകൾ മാനവിക ആദർശത്തിലധിഷ്ഠിതമായ മതചിന്ത ഉൾക്കൊള്ളുന്നതാണെന്ന് പി ജി ഓർമപ്പെടുത്തുന്നുണ്ട്
സാർവദേശീയരംഗത്തെ സൂക്ഷ്മ ചലനങ്ങളെപ്പോലും പരിചയപ്പെടുത്തിയ പി ജി കേരള ജനതയുടെ ലോക വീക്ഷണത്തെ വികസിപ്പിക്കുകയായിരുന്നു. അമേരിക്കൻ സാമ്രാജ്യത്വം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതച്ച ആപത്തുകളെ ഇത്രയേറെ തുറന്നുകാട്ടിയ എഴുത്തുകാർ ലോകത്തുതന്നെ അപൂർവമായിരിക്കും. പലസ്തീൻ ജനതയോടും പശ്ചിമേഷ്യയിലെ ജനതയോടും എന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായിരുന്നു പി ജിയുടെ കാഴ്ചകൾ. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും പോരാടുന്ന ജനതയുടെ വഴികളെ മലയാളിക്ക് പരിചിതമാക്കിയത് അദ്ദേഹമായിരുന്നു. ഈ രംഗത്ത് പി ജിക്ക് ശേഷമുണ്ടായ വിടവ് ഇപ്പോഴും നികത്തപ്പെട്ടിട്ടില്ല.
മതത്തെ സംബന്ധിച്ചും ആഴത്തിൽ അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതിന്റെ അടയാളമാണ് മാർ ഗ്രിഗോറിയോസിന്റെ മതവും മാർക്സിസവുമെന്ന ഗ്രന്ഥം. മാർ ഗ്രിഗോറിയോസിന്റെ ചിന്തകൾ മാനവിക ആദർശത്തിലധിഷ്ഠിതമായ മതചിന്ത ഉൾക്കൊള്ളുന്നതാണെന്ന് പി ജി ഓർമപ്പെടുത്തുന്നുണ്ട്. ഇങ്ങനെ മതവും മാർക്സിസവും തമ്മിലുള്ള ബന്ധത്തെക്കൂടി പ്രതിപാദിക്കുന്ന ഒന്നായി ഇത് മാറുന്നുണ്ട്.
ശാസ്ത്രത്തെയും ശാസ്ത്രീയ ചിന്തകളെയും പരിചയപ്പെടുത്താനും അതനുസരിച്ച് ലോകത്തെ വീക്ഷിക്കുകയും ചെയ്യുന്നതായിരുന്നു പി ജിയുടെ ജീവിതം. വൈജ്ഞാനികവിപ്ലവം ഒരു സാംസ്കാരിക ചരിത്രമെന്ന ഒറ്റ പുസ്തകം മതി അത് മനസ്സിലാക്കാൻ. നാഗരികതയും സംസ്കാരവും തമ്മിലുള്ള ബന്ധത്തെയും വൈപരീത്യത്തെയുംകുറിച്ച് ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ശാസ്ത്രവും സംസ്കാരവും തമ്മിൽ എങ്ങനെയാണ് ബന്ധപ്പെട്ട് കിടക്കുന്നതെന്നുമുള്ള അന്വേഷണവും ഇത് മുന്നോട്ടുവയ്ക്കുന്നു. ഫ്യൂഡൽ കാലഘട്ടത്തിൽനിന്ന് ആധുനിക കാലഘട്ടത്തിലേക്കുള്ള വളർച്ചയ്‌ക്കിടയാക്കിയ സാമൂഹ്യവും ശാസ്ത്രീയവുമായ ചിന്തകളെ ഇതിൽ അദ്ദേഹം വിലയിരുത്തുന്നു. പരിസ്ഥിതി, സ്‌ത്രീ, ദളിത് പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്‌തു.
മലയാളികളെ മാർക്സിസത്തിന്റെ സർഗാത്മകമായ ലോകത്തേക്ക് കൈപിടിച്ച് നടത്തിച്ച എഴുത്തുകാരനായിരുന്നു പി ജി. ലോകത്തിന്റെ ഏത് കോണിലും പുതിയ ചിന്തകൾ ഉയർന്നുവരുമ്പോൾ അത് മനസ്സിലാക്കാനും ലോകത്തെ പരിചയപ്പെടുത്താനും പി ജി വെമ്പൽകൊണ്ടു
ശാസ്ത്രീയചിന്തയാണ് സാമൂഹ്യമുന്നേറ്റങ്ങളുടെ അടിസ്ഥാനമായിത്തീരുന്നതെന്ന് പി ജി ഓർമിപ്പിച്ചു. വൈജ്ഞാനിക വിപ്ലവമാണ് യൂറോപ്പിന് ലോകത്ത് മേൽക്കോയ്‌മ നേടിക്കൊടുത്തതെന്നും ലോക ചരിത്രത്തെ മാറ്റിമറിക്കാൻ ഇടയാക്കിയതെന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്. ഈ വിപ്ലവത്തിന്റെ വ്യത്യസ്ത തലങ്ങളെ വിശകലനം ചെയ്ത് കലയും സാഹിത്യവും ദർശനവും മതവും രാഷ്ട്രീയവുമെല്ലാം എങ്ങനെ ശാസ്ത്രസംരംഭങ്ങളുമായി ചേർന്നുനിൽക്കുന്നെന്ന് പി ജി ഇതിൽ വിശദീകരിക്കുന്നു. അതിലൂടെ വൈജ്ഞാനിക വിപ്ലവത്തിന്റെ ചരിത്രം എന്നത് കടന്ന് വിപുലമായ സാംസ്കാരിക ചരിത്രമായി ഈ പുസ്തകം മാറുന്നുണ്ട്. ഓരോ അധ്യായത്തെയും സ്വയം സമ്പൂർണമായ ഒന്നാക്കി മാറ്റിയാണ് പി ജി ഈ പുസ്തകം നമുക്ക് നൽകിയിട്ടുള്ളത്. മലയാളികളെ മാർക്സിസത്തിന്റെ സർഗാത്മകമായ ലോകത്തേക്ക് കൈപിടിച്ച് നടത്തിച്ച എഴുത്തുകാരനായിരുന്നു പി ജി. ലോകത്തിന്റെ ഏത് കോണിലും പുതിയ ചിന്തകൾ ഉയർന്നുവരുമ്പോൾ അത് മനസ്സിലാക്കാനും ലോകത്തെ പരിചയപ്പെടുത്താനും പി ജി വെമ്പൽകൊണ്ടു. വായനയേക്കാൾ വലിയൊരു ഉത്സവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എഴുതിയതിനേക്കാൾ എത്രയോ കൂടുതൽ വായിച്ചും പ്രസംഗിച്ചും സഞ്ചരിക്കുകയായിരുന്നു പി ജി. മലയാളിയെയും ദേശാഭിമാനിയെയും സർഗാത്മകമായ വഴികളിലൂടെ നയിക്കാൻ പരിശ്രമിച്ച പി ജിയുടെ ജന്മശതാബ്ദി ആഘോഷത്തിന് ദേശാഭിമാനി പ്രവർത്തകരുടെ അഭിവാദ്യവും പിന്തുണയും നേരുന്നു.














