Articles

‘ജീവിതത്തിനായുള്ള ഓസോൺ’

‘ജീവിതത്തിനായുള്ള ഓസോൺ’

world ozone day
ഗയ പുത്തലത്ത്

Published on Sep 15, 2025, 10:44 PM | 2 min read

മുമ്പൊന്നും ഇല്ലാത്തവിധം നമ്മുടെ കാലാവസ്ഥയിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു ഓസോൺ സംരക്ഷണദിനംകൂടി വന്നെത്തിയിരിക്കുന്നത്. കാലം തെറ്റിയുള്ള മഴയും പ്രളയവും മേഘവിസ്ഫോടനങ്ങളും അതി കഠിനചൂടും തുടങ്ങി കാലാവസ്ഥയിൽ തീർത്തും അപ്രതീക്ഷിത വ്യതിയാനങ്ങൾ ഉണ്ടാകുകയാണ്. ആഗോളതാപനവും ഓസോൺ പാളിയിലെ സുഷിരവുമാണ് ഇവയ്ക്ക് കാരണമായി പറയുന്നത്‌. ‘ജീവിതത്തിനായുള്ള ഓസോൺ’ എന്നതാണ് ഇ‍ൗ വർഷത്തെ ഓസോൺദിന പ്രമേയം. ഭൂമിയുടെ കുടയെന്നും പുതപ്പെന്നുമൊക്കെ നമ്മൾ വിശേഷിപ്പിക്കുന്ന ഓസോൺ പാളിയുടെ പ്രാധാന്യമാണ്‌ പ്രമേയം മുന്നോട്ടുവയ്‌ക്കുന്നത്‌.


വരുംതലമുറയ്ക്കായി ഓസോണിന്റെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ദ‍ൗത്യം ഓർമപ്പെടുത്തിയാണ്‌ ഓരോ ഓസോൺദിനവും കടന്നുപോകുന്നത്. ​ഓസോൺ പാളിയിലുണ്ടാകുന്ന സുഷിരം ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന്‌ ഭീഷണിയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്‌ 1985 മാർച്ചിൽ ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ നടന്ന വിയന്ന കൺവൻഷന്റെ ഭാഗമായി 1987 സെപ്തംബർ 16ന് ‘മോൺട്രിയൽ പ്രോട്ടോകോൾ’ നിലവിൽ വന്നത്. ഓസോൺ പാളിയുടെ ക്ഷയത്തിനിടയാക്കുന്ന വസ്തുക്കളുടെ ഉൽപ്പാദനം, ഉപയോഗം, കയറ്റുമതി എന്നിവ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഉടമ്പടിയിൽ 197 രാഷ്ട്രങ്ങൾ ഒപ്പുവച്ചു. 1994ൽ ചേർന്ന ഐക്യരാഷ്ട്ര പൊതുസഭ എല്ലാ വർഷവും സെപ്തംബർ 16 ഓസോൺദിനമായി ആചരിക്കാൻ തീരുമാനിച്ചു. അന്തരീക്ഷത്തിൽ സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോൺ പാളിയാണ് സൂര്യനിൽനിന്ന്‌ ഭൂമിയിലേക്കെത്തുന്ന അൾട്രാവയലറ്റ് രശ്മികളിൽനിന്ന്‌ ഭൂമിയെ സംരക്ഷിക്കുന്നത്. അൾട്രാവയലറ്റ് രശ്മികൾ നേരെ ഭൂമിയിലെത്തിയാൽ മനുഷ്യരിൽ ചർമ കാൻസർ, തിമിരം, സൂര്യാതപം എന്നിവയുണ്ടാക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും.


കാർഷികവിളകളുടെയും മറ്റ്‌ ചെടികളുടെയും ഉൽപ്പാദനക്ഷമത ഗണ്യമായി കുറയ്‌ക്കും. എയർ കണ്ടീഷണർ, റഫ്രിജറേറ്റർ, എയർസോൾ സ്പ്രേ എന്നിവയിൽ ഉപയോഗിക്കുന്ന ക്ലോറോ ഫ്ലൂറോ കാർബണുകൾ (CFCs) പോലുള്ള രാസവസ്തുക്കൾ അന്തരീക്ഷത്തിൽ ചേരുന്നത്‌ ഓസോൺ പാളിയെ ദോഷമായി ബാധിക്കുന്നു. ഹൈഡ്രോക്ലോറോ ഫ്ലൂറോ കാർബണുകൾ (HCFCs), ഹാലോണുകൾ, കാർബൺ ടെട്രാക്ലോറൈഡ്, മീഥയിൽ ക്ലോറോഫോം എന്നീ രാസവസ്തുക്കളും ഓസോൺ പാളിയുടെ ശോഷണത്തിന് കാരണക്കാരാണ്‌. വന നശീകരണം, വാഹനങ്ങളിൽനിന്നുള്ള പുക എന്നിവമൂലവും ഓസോൺ പാളിയിൽ ശോഷണം സംഭവിക്കുന്നു.


​എല്ലാ മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് കാലാവസ്ഥാവ്യതിയാനമെങ്കിലും പല രാജ്യങ്ങളും ഇന്നും അത് പരിഹരിക്കാനുള്ള കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു ജനുവരി ഏഴിന് ലോസ് ഏഞ്ചൽസിലുണ്ടായ തീപിടിത്തം. കാലാവസ്ഥാവ്യതിയാനമെന്ന ഗുരുതര പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിന് പലപ്പോഴും അള്ളുവയ്ക്കുന്ന അമേരിക്കയ്ക്ക് കിട്ടിയ തിരിച്ചടിയായിരുന്നു ഇത്. ആഗോളതാപനം നിമിത്തം വരണ്ടപ്രദേശങ്ങളിലുണ്ടാകുന്ന വർധനയും ഊഷരകാലത്തിനുണ്ടാകുന്ന ദൈർഘ്യവും എവിടെയും എപ്പോഴും ദുരന്തം ക്ഷണിച്ചുവരുത്താം. ഈ വിഷയത്തിൽ യുഎസ് പരിസ്ഥിതിസംരക്ഷണ ഏജൻസിയും (ഇപിഎ) കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. തീപിടിത്തങ്ങളെക്കുറിച്ച് ആധികാരിക പഠനങ്ങൾ നടത്തിയ അമേരിക്കൻ വിദഗ്ധൻ സ്റ്റീഫൻ പൈൻ പറയുന്നത് കലിഫോർണിയയിലെ ദുരന്തം മനുഷ്യനിർമിതമാണെന്നും കാലാവസ്ഥാവ്യതിയാനത്തിന്റെ ഗുരുതരപ്രശ്നങ്ങൾ കണ്ടറിയാനും രക്ഷനേടാനുമുള്ള ശ്രമം ബോധപൂർവം നടത്തിയില്ലെങ്കിൽ ലോസ്‌ ഏഞ്ചൽസിന്റെ അനുഭവം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുമെന്നതിൽ സംശയമില്ലെന്നാണ്.


​അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങൾ അമിതമായി വർധിക്കുന്നതിലൂടെ ഭൂമിയുടെ ഉപരിതല താപനില ഉയരുകയും ആഗോളതാപനം സംഭവിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തിലേക്ക്‌ എത്തുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കണമെന്നും ഓസോൺ പാളിയെ ഇല്ലായ്മ ചെയ്യുന്ന വാതകങ്ങളെ ഒഴിവാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിക്കണമെങ്കിൽ ഇന്നും വ്യാപകമായി ഉപയോഗിക്കുന്ന കൽക്കരി, പെട്രോളിയം ഉൽപ്പന്നങ്ങൾ, അവയിൽനിന്നുള്ള ഗ്യാസ് എന്നിവ ഉൾപ്പെടെ പല വാതകങ്ങളും പൂർണമായി ഒഴിവാക്കണം. പകരം സൗരോർജം, ആണവോർജം, കാറ്റിൽനിന്നുള്ള ഊർജം, വാഹനങ്ങൾക്ക് ഇന്ധനമായി ഹൈഡ്രജൻ എന്നിങ്ങനെ പുതിയ ഊർജസ്രോതസ്സുകൾ നിർദേശിച്ചിട്ടുമുണ്ട്. അവ ആവശ്യത്തിന്‌ കണ്ടെത്തുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്യണം. എന്നാൽ, ഏറ്റവും ചെലവ് കുറഞ്ഞതും വലിയ അന്തരീക്ഷമലിനീകരണം നടത്തുന്നതുമായ കൽക്കരിയുടെ ഉപയോഗം ഉടൻ അവസാനിപ്പിക്കണമെന്ന മുൻ കാലാവസ്ഥാ ഉച്ചകോടി തീരുമാനത്തെ വികസിതരാജ്യങ്ങൾ ഇതുവരെയും നടപ്പാക്കിയിട്ടില്ല.


കോവിഡിന്റെ ഭാഗമായുണ്ടായ അടച്ചിടൽ അന്തരീക്ഷം ശുദ്ധീകരിക്കാനിടയാക്കിയപ്പോൾ അത്‌ ഓസോൺ പാളിയിലെ സുഷിരത്തിന്‌ കുറവുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്‌. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക, കീടനാശിനികൾ ഒഴിവാക്കുക, ക്ലോറോ ഫ്ലൂറോ കാർബൺ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക, മരങ്ങൾ നട്ടുപിടിപ്പിക്കുക, ജനങ്ങളിൽ ഓസോൺ പാളിയുടെ പ്രാധാന്യത്തെപ്പറ്റി അവബോധം വളർത്തുക എന്നീ നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെ ഓസോൺ പാളിക്കുണ്ടാകുന്ന സുഷിരങ്ങൾ കുറയ്‌ക്കാൻ നമുക്കാകും.



deshabhimani section

Dont Miss it

Recommended for you

Home