‘ഞങ്ങളുടെ ക്ഷേത്രങ്ങൾ ഞങ്ങൾ കൊള്ളയടിച്ചാൽ നിങ്ങൾക്കെന്താ?’


എം അഖിൽ
Published on Jul 21, 2026, 10:46 PM | 3 min read
മുസ്ലിം ഭരണാധികാരികൾ ആയിരക്കണക്കിന് ഹിന്ദുക്ഷേത്രങ്ങൾ തകർത്തെന്നും കൊള്ളയടിച്ചെന്നുമാണ് തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രചാരണം. അയോധ്യ രാമക്ഷേത്രം, ഗുജറാത്തിലെ സോമനാഥക്ഷേത്രം, കാശി വിശ്വനാഥക്ഷേത്രം, മഥുര കൃഷ്‌ണ ജന്മസ്ഥാൻ ക്ഷേത്രം, മാർത്താണ്ഡ സൂര്യക്ഷേത്രം, ഹംപി വിജയനഗരസാമ്രാജ്യത്തിലെ ക്ഷേത്രസമുച്ചയങ്ങൾ തുടങ്ങിയവ ഇൗ രീതിയിൽ കൊള്ളയടിച്ചതായും തകർത്തതായും ഹിന്ദുത്വവാദികൾ ആരോപിക്കുന്നു. ‘1000 ക്ഷേത്രങ്ങൾ വീണ്ടെടുക്കും’ എന്ന മുദ്രാവാക്യമാണ് ആർഎസ്‌എസ്, വിഎച്ച്‌പി, ഹിന്ദു ജനജാഗ്രതി സമിതിപോലുള്ള തീവ്രഹിന്ദുത്വ സംഘടനകൾ ആവർത്തിച്ച് ഉയർത്തുന്നത്.
പതിനാറാംനൂറ്റാണ്ടിൽ ബാബറിന്റെ കാലത്ത് സൈന്യാധിപനായ മീർ ബാഖി അയോധ്യയിൽ രാമക്ഷേത്രം തകർത്ത് ബാബ്‌റി മസ്‌ജിദ് പണിതീർത്തെന്ന ആഖ്യാനമാണ് രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ കേന്ദ്രം. ഇൗ ആഖ്യാനത്തിന്റെ അടിസ്ഥാനത്തിലുള്ള വലിയ പ്രചാരണങ്ങളിലൂടെയും വർഗീയസംഘർഷങ്ങളിലൂടെയുമാണ് ആർഎസ്‌എസും ബിജെപിയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യവേദിയിലേക്ക് ഉയർന്നത്.
2019ലെ സുപ്രീംകോടതി വിധിയെ തുടർന്ന് രാമക്ഷേത്രം യാഥാർഥ്യമായതോടെ കാശി ജ്ഞാൻവാപി, മഥുര ശാഹി ഇൗദ്‌ഗാഹ് മസ്‌ജിദുകളിലേക്കും തീവ്രഹിന്ദുത്വ സംഘടനകൾ അവകാശവാദമുന്നയിച്ചു. ‘അയോധ്യ, കാശി, മഥുര തീനോം ലേംഗേ ബാരി–ബാരി’ (അയോധ്യ, കാശി, മഥുര... മൂന്നും ഘട്ടം ഘട്ടമായി നേടും) എന്ന മുദ്രാവാക്യവുമായി പുതിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്ന അവസരത്തിലാണ് ഇടിത്തീപോലെ അയോധ്യയിലെ കാണിക്കക്കൊള്ളയും മറ്റ് വലിയ തട്ടിപ്പുകളും പുറത്തുവരുന്നത്.
ഇതോടെ സാധാരണക്കാരായ വിശ്വാസികൾപോലും ആർഎസ്‌എസ്, വിഎച്ച്‌പി, ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും അവകാശവാദങ്ങൾ ചോദ്യംചെയ്യാൻ തുടങ്ങി. ‘പുറത്തുനിന്ന് വന്നവർ നമ്മുടെ അന്പലങ്ങൾ കൊള്ളയടിച്ചെന്ന് നിങ്ങൾ പറയുന്നു. ഇപ്പോൾ നിങ്ങൾതന്നെ നമ്മുടെ അന്പലങ്ങൾ കൊള്ളയടിക്കുന്നു. എന്തു ന്യായീകരണമാണ് നിങ്ങൾക്ക് പറയാനുള്ളത്’– എന്ന ചോദ്യത്തിനുമുന്നിൽ ആർഎസ്‌എസുകാരും ബിജെപിക്കാരും പകച്ചുനിൽക്കുകയാണ്.
മറ്റ് ക്ഷേത്രങ്ങളിലും കൊള്ള
വിശ്വാസികളുടെ വികാരവും ക്ഷേത്രങ്ങളും സംരക്ഷിക്കുമെന്ന അവകാശവാദത്തോടെ അധികാരത്തിലേറിയ മോദിസർക്കാരിന്റെ ഭരണത്തിനുകീഴിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിരവധി ക്ഷേത്രങ്ങളിൽ വലിയ കൊള്ളയും തട്ടിപ്പുകളും അരങ്ങേറുന്നുണ്ട്. അയോധ്യക്കുപുറമെ ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രം, ജമ്മു കശ്‌മീരിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രം, മധ്യപ്രദേശിലെ ബഗ്ലാമുഖി ക്ഷേത്രം എന്നിവിടങ്ങളിൽ ഗുരുതര ക്രമക്കേടുണ്ടായെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നു.
ബദരീനാഥ് ക്ഷേത്രത്തിൽ വിശ്വാസികൾ നൽകിയ കാണിക്കകളും സംഭാവനകളും കൈകാര്യം ചെയ്യുന്നതിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തിനുശേഷം ബദരീനാഥ്–കേദാർനാഥ് ക്ഷേത്രസമിതി (ബികെടിസി) ജീവനക്കാരനായ പ്രമോദ് നൗട്ടിയാലിനെ അറസ്റ്റ് ചെയ്‌തു. ബിജെപി സംസ്ഥാന വക്താവും ബികെടിസി ചെയർമാനുമായ ഹേമന്ത് ദ്വിവേദിയുടെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്നു പ്രമോദ് നൗട്ടിയാൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പിനുസമാനമായി ബദരീനാഥിലും കൊള്ള നടന്നതായി തെളിഞ്ഞു. 500ന്റെ നോട്ടുകൾ, സ്വർണം, വെള്ളിനാണയങ്ങൾ, സാളഗ്രാമങ്ങൾ തുടങ്ങിയവ മോഷ്ടിക്കുകയായിരുന്നു.
ബിജെപി എംഎൽഎമാരുടെയും നേതാക്കളുടെയും വിഐപി സന്ദർശനങ്ങളുമായി ബന്ധപ്പെട്ട ധനവിനിയോഗങ്ങളിലും ക്രമക്കേടുണ്ട്. മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ വിശ്വാസികൾ വർഷങ്ങളായി സമർപ്പിച്ച 20 ടൺ വെള്ളി പരിശോധിച്ചപ്പോൾ അഞ്ചുശതമാനം മാത്രമാണ് ‘വെള്ളി’ ഉണ്ടായിരുന്നത്. ഭൂരിഭാഗത്തിലും കാഡ്‌മിയം, ഇരുന്പ് എന്നിവ ചേർത്തിരുന്നു. ആകെ കൊള്ളയടിച്ച വെള്ളിയുടെ മൊത്തം മൂല്യം 550 കോടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വെള്ളി മോഷ്ടിച്ച് വിലകുറഞ്ഞ ലോഹങ്ങൾ പൂശുകയോ പകരംവയ്ക്കുകയോ ചെയ്‌തുവെന്നാണ് നിഗമനം.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ബഗ്ലാമുഖി ക്ഷേത്രത്തിലും വലിയ ഫണ്ട് വെട്ടിപ്പ് നടന്നുവെന്ന ആരോപണങ്ങളുണ്ട്. അഗർ മാൽവാ ജില്ലയിലെ പ്രശസ്‌തമായ ഇൗ ക്ഷേത്രത്തിലും കാണിക്കയായി അർപ്പിച്ച പണവും സ്വർണം–വെള്ളി വസ്‌തുക്കളും ആസൂത്രിതമായി കവർന്നു. കാണിക്ക തട്ടാൻ ക്ഷേത്രപരിസരത്ത് സമാന്തരസംഘങ്ങൾ പ്രവർത്തിച്ചിരുന്നു. ഒൗദ്യോഗിക ഭരണനിർവഹണസമിതി നിലവിലുള്ളപ്പോഴാണ് സ്വകാര്യവ്യക്തികൾ സമാന്തരസംഘങ്ങൾ തട്ടിക്കൂട്ടി കാണിക്കകളും സംഭാവനകളും സമാഹരിച്ചിരുന്നത്. ഇൗ രീതിയിൽ തട്ടിയ തുക സ്വകാര്യവ്യക്തികൾ അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബഗ്ലാമുഖി ക്ഷേത്രത്തിലേക്ക് പതിനായിരങ്ങളാണ് ഓരോ ദിവസവും എത്തുന്നത്.
വർഗീയവിഷമോ മറുമരുന്ന്?
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന വലിയ കൊള്ളകൾ എല്ലാ പരിധിയും ലംഘിച്ച് വളരുകയാണെന്ന് ഓരോ ദിവസവും പുറത്തുവരുന്ന വെളിപ്പെടുത്തലുകളും വിവരങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഇൗ വിഷമസന്ധിയിൽനിന്ന് കരകയറാൻ വർഗീയവിഷത്തെത്തന്നെയാണ് തീവ്രഹിന്ദുത്വവാദികൾ മറുമരുന്നാക്കുന്നത്. ‘ഞങ്ങളുടെ ക്ഷേത്രത്തിലെ പ്രശ്‌നങ്ങൾ ഞങ്ങൾ പറഞ്ഞുതീർത്തോളാം. പുറത്തുനിന്നുള്ളവർ അതിൽ ഇടപെടേണ്ട കാര്യമില്ല. ഭഗവാന്റെ സ്വത്ത് സംരക്ഷിക്കാൻ ഞങ്ങൾക്ക് അറിയാം. അതിന് പുറത്തുനിന്നുള്ളവരുടെ സഹായം ആവശ്യമില്ല. ക്ഷേത്രത്തെയും വിശ്വാസത്തെയും കരിവാരിത്തേക്കാനുള്ള ആസൂത്രിതനീക്കമാണ് ഇത്തരം ആരോപണങ്ങൾക്കുപിന്നിൽ’ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് വീണ്ടും മതത്തിന്റെയും വിശ്വാസത്തിന്റെയും ക്ഷേത്രങ്ങളുടെയും സംരക്ഷണവേഷം കെട്ടി കുറ്റാരോപണങ്ങളിൽനിന്ന് തടിയൂരാനാണ് ഹിന്ദുത്വവാദികൾ ശ്രമിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ വലിയ അഴിമതിയും കൊള്ളയും ക്രമക്കേടുകളുമാണെന്ന പ്രചാരണം അഴിച്ചുവിടുന്നതിൽ എക്കാലവും മുന്നിലുള്ളത് ആർഎസ്‌എസും വിഎച്ച്‌പിയും ബിജെപിയുമാണ്. ‘ക്ഷേത്രഭരണം വിശ്വാസികൾക്ക്’ എന്ന മുദ്രാവാക്യമാണ് ഇക്കൂട്ടർ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാൽ, ‘വിശ്വാസ സംരക്ഷകനാ’യ മോദിയുടെ ഭരണത്തിനുകീഴിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ‘വിശ്വാസികൾ’ നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളിലുണ്ടായ തീവെട്ടിക്കൊള്ളകൾ ഇൗ പ്രചാരണത്തിന്റെ മുനകൾകൂടിയാണ് ഒടിച്ചിട്ടുള്ളത്. അതോടൊപ്പം ‘1000 ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കാ’നുള്ള ആഹ്വാനത്തെ യഥാർഥ വിശ്വാസികൾ സംശയദൃഷ്ടിയോടെ നോക്കിക്കാണാനുള്ള സാധ്യതയും ഉരുത്തിരിയാനിടയുണ്ട്.
രാമന്റെ മണ്ണിൽ നടന്ന ഞെട്ടിപ്പിക്കുന്ന കൊള്ളകൾ അടുത്തവർഷം നടക്കാൻ പോകുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഹാട്രിക് ജയം ലക്ഷ്യമിടുന്ന യോഗി ആദിത്യനാഥിനും സംഘത്തിനും വലിയ വെല്ലുവിളികളാണ് സൃഷ്ടിച്ചിട്ടുള്ളത്. വിശ്വാസികളുടെ രോഷത്തിരമാലകളിൽ ആദിത്യനാഥ് കടപുഴകിയാൽ അത് മോദി–അമിത് ഷാ അധികാര അച്ചുതണ്ടിൽ ഭ്രമണംചെയ്യുന്ന കേന്ദ്രസർക്കാരിനും കടുത്ത ഭീഷണിയാകും.
(അവസാനിച്ചു)















