കള്ളനാണയങ്ങളെ നിലമ്പൂർ തിരിച്ചറിയുന്നു


പുത്തലത്ത് ദിനേശൻ
Published on Jun 15, 2025, 11:10 PM | 4 min read
എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കള്ളപ്രചാരവേല നടത്തി നിലമ്പൂരിൽ വിജയിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടിയത്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോൾ കള്ളക്കഥകൾ പൊളിഞ്ഞുവീഴുകയും യുഡിഎഫിന്റെ തനിനിറം ജനങ്ങൾക്ക് കൂടുതൽ വ്യക്തമാകുകയുമാണ്.
നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ വിധിയായിരിക്കുമെന്ന പ്രചാരവേലയാണ് തുടക്കത്തിൽ ഉയർത്തിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ ഒമ്പതു വർഷത്തെ ഭരണത്തെയാണ് ഈ പേരിലൂടെ അവർ വിശേഷിപ്പിച്ചത്. എന്നാൽ, സർക്കാരിന്റെ വികസനപ്രവർത്തനം ജനങ്ങൾ മനസ്സിലാക്കിയതോടെ മുദ്രാവാക്യം അവർക്കുനേരെ തിരിഞ്ഞുകുത്തി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്. അക്കാലത്തെ കേരളത്തിന്റെ നില മനസ്സിലാക്കിയാൽ എൽഡിഎഫ് ഭരണം കേരളത്തിന് നൽകിയ നേട്ടങ്ങൾ വ്യക്തമാകും. യുഡിഎഫ് ഭരിച്ച 2011–-16 കാലത്ത് എല്ലാ മേഖലയിലും കേരളം തകരുകയായിരുന്നു. വാർഷിക സാമ്പത്തികവളർച്ച 3–- 4 ശതമാനമായി കുറഞ്ഞു. കാർഷിക വളർച്ചയാകട്ടെ നെഗറ്റീവ് 4.6 ശതമാനമായി. പൊതുമേഖലാ സ്ഥാപനങ്ങൾ വൻതോതിൽ നഷ്ടത്തിലായി അടച്ചുപൂട്ടി. വായ്പയെടുക്കുന്ന പണത്തിന്റെ 70–- 80 ശതമാനവും സർക്കാരിന്റെ നിത്യ ചെലവുകൾക്ക് ഉപയോഗിക്കുന്ന സ്ഥിതിയുണ്ടായി. പശ്ചാത്തല മേഖലയിലുൾപ്പെടെയുള്ള വൻകിട പ്രോജക്ടുകൾ ഏറ്റെടുക്കുന്ന കാര്യം ആലോചിക്കാൻപോലും പറ്റാത്ത നിലയായി. ക്ഷേമ പെൻഷനുകൾ താളം തെറ്റി. പൊതുവിദ്യാഭ്യാസവും ആരോഗ്യരംഗവും തകർന്നു. സ്കൂളുകൾ അടച്ചുപൂട്ടാൻ തുടങ്ങി. വർഗീയസംഘർഷങ്ങളുടെ അന്തരീക്ഷം കേരളത്തിലുയർന്നുവന്നു. കാർഷികമേഖലയെ തകർക്കുന്ന ആസിയാൻ കരാറിനെതിരെ നിലപാടെടുക്കാൻ കഴിയാത്ത വിധം ആഗോളവൽക്കരണ നയങ്ങളുടെ വക്താക്കളായി യുഡിഎഫ് സർക്കാർ മാറി.

കേരളത്തിന്റെ സമസ്ത മേഖലയും തകർന്നുകൊണ്ടിരുന്ന ഘട്ടത്തിലാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനം ചെന്നുപെട്ട ഈ പ്രതിസന്ധി മറികടക്കാൻ ബദൽ വികസന കാഴ്ചപ്പാട് എൽഡിഎഫ് മുന്നോട്ടുവച്ചു. ‘വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ–- അഴിമതിരഹിത–- വികസിത കേരളം' എന്ന ആ മുദ്രാവാക്യത്തിന് ജനങ്ങൾ അംഗീകാരം നൽകി. നൽകിയ വാഗ്‌ദാനം നടപ്പാക്കുന്നതിന് പ്രോഗ്രസ് റിപ്പോർട്ട് ഉൾപ്പെടെ തയ്യാറാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തെ ജനപക്ഷത്തുനിന്ന് നയിച്ചു. ആഗോളവൽക്കരണ നയങ്ങൾക്ക് ബദൽ മുന്നോട്ടുവച്ച് നടത്തിയ ഇടപെടലുകളുടെ ഫലമായി നിതി ആയോഗുതന്നെ ഇന്ത്യയിലെ മികച്ച സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന നിലയുണ്ടായി. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിൽ ലോകത്തിനുതന്നെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ മാതൃകയായി.
2018 മുതൽ തുടർച്ചയായി സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതാണ്. അടിസ്ഥാന സൗകര്യ വികസനം, ക്രമസമാധാനം, ഐടി വികസനം, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, വയോജന സംരക്ഷണം, ദാരിദ്ര്യനിർമാർജനം, ടൂറിസം, മത്സ്യബന്ധനം, തദ്ദേശഭരണം തുടങ്ങിയ മേഖലകളിലെല്ലാം നടത്തിയ മുന്നേറ്റത്തിന്റെ ഫലമായി 34 അന്തർദേശീയ–- ദേശീയ പുരസ്‌കാരങ്ങൾ കേരളത്തെ തേടിയെത്തി. പല സംസ്ഥാനങ്ങളും കേരളത്തിന്റെ വികസനത്തെ പകർത്തിയെടുക്കാനെത്തുന്ന സ്ഥിതിയുമുണ്ടായി. സൗജന്യ ചികിത്സ, നിക്ഷേപ സൗഹൃദം എന്നിവയിൽ ഇന്ത്യയിൽ ഒന്നാമതായി കേരളം മാറി. ആഗോള നിക്ഷേപ ഉച്ചകോടിയിൽ 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനവും കേരളത്തിന് ലഭിച്ചു. ഇന്ത്യയിലെ മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനവും അഴിമതി ഏറ്റവും കുറഞ്ഞ പൊലീസ് സംവിധാനവും കേരളത്തിലേതാണെന്ന് വ്യക്തമാക്കപ്പെട്ടു.

സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി 1,80,000 കോടി രൂപ കേന്ദ്ര സർക്കാർ നൽകാതിരുന്നിട്ടും 70,000 കോടി രൂപ ആഭ്യന്തര വരുമാനം വർധിപ്പിച്ച് കേരളം നടത്തിയ ഇടപെടൽ ജനം തിരിച്ചറിഞ്ഞു. നാടിന്റെ വികസനവും നിലമ്പൂരിന്റെ വികസനവും മനസ്സിലാക്കിയ നിലമ്പൂർ ജനത എൽഡിഎഫ് ഭരണത്തിനെതിരെയുള്ള വിമർശങ്ങളെ പുച്ഛത്തോടെ തള്ളി. മുഖ്യമന്ത്രിയുടെ യോഗങ്ങളിൽ ആവേശത്തോടെ എത്തുന്ന ജനത എൽഡിഎഫ് സർക്കാരിന് ലഭിക്കുന്ന പിന്തുണയുടെ അടയാളമാണ്.
ജനക്ഷേമ പദ്ധതികളാണ് സർക്കാരിന് ലഭിക്കുന്ന പിന്തുണയുടെ അടിസ്ഥാനങ്ങളിലൊന്ന് എന്ന് തിരിച്ചറിഞ്ഞപ്പോൾ അതിനെതിരെ അഖിലേന്ത്യ കോൺഗ്രസ് നേതാവുതന്നെ രംഗത്തിറങ്ങി. പാവങ്ങൾക്ക് അത്താണിയായ ക്ഷേമ പെൻഷനുകൾ കൈക്കൂലിയെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നു. ഈ ഘട്ടത്തിൽ എം എം ഹസ്സൻ സമൂഹമാധ്യമ നേതാക്കളെന്ന് വിശേഷിപ്പിച്ചവർ കള്ളരേഖകളും നട്ടാൽ പൊടിക്കാത്ത നുണകളുമായി രംഗത്തെത്തി. സ്വന്തം സംഘടനയ്ക്കകത്ത് വ്യാജരേഖ ചമച്ച് അധികാരം പിടിച്ചവർക്ക് ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള ജാള്യവും ഉണ്ടാകേണ്ടതില്ലല്ലോ.
1980ൽ കർഷകത്തൊഴിലാളി പെൻഷനെന്ന ആശയം മുന്നോട്ടുവച്ചതും അത് 1600 രൂപയിലേക്കുവരെ എത്തിച്ചതും കൃത്യമായി വിതരണം ചെയ്തതും ഇടതുപക്ഷമാണ്. സംസ്ഥാനത്തെ വിവിധ ജനവിഭാഗത്തെ ക്ഷേമ പെൻഷന്റെ സുരക്ഷാവലയത്തിലേക്ക് എത്തിച്ചതും ഇടതുപക്ഷമാണ്. ഈ കേരളീയ അനുഭവത്തെയാണ് ഇവർ നുണകൊണ്ട് മൂടാൻ ശ്രമിച്ചത്. 2011 മുതൽ 2016 വരെയുള്ള യുഡിഎഫിന്റെ അഞ്ചുവർഷം 9400 കോടി രൂപയാണ് ക്ഷേമ പെൻഷനുകൾക്കായി വിതരണം ചെയ്തത്. അതുതന്നെ നിരവധി പ്രക്ഷോഭങ്ങൾ ഉയർന്നുവന്നതിന്റെ ഫലമായാണ്. എന്നാൽ, പിന്നീട് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിന്റെ അഞ്ചു വർഷം നൽകിയ തുക 35,000 കോടിയായി ഉയർന്നു. രണ്ടാം പിണറായി സർക്കാർ അഞ്ചുവർഷം പൂർത്തീകരിക്കുമ്പോൾ 45,000 കോടി രൂപയെങ്കിലും എത്തുന്ന നിലയാണിപ്പോഴുള്ളത്. ഇത്ര ഭാരിച്ച തുക ഒരു സംസ്ഥാന സർക്കാരിന് ഭാവിയിൽ നൽകാനാകില്ലെന്ന് യുഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾകൂടി മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വ്യാജ രേഖക്കാർ തലയിൽ മുണ്ടിട്ട് നടക്കേണ്ട നില വന്നിരിക്കുകയാണ്.
പന്നിമാംസ കച്ചവടക്കാരനായ കോൺഗ്രസ് പ്രവർത്തകൻ നിയമവിരുദ്ധമായി ഉണ്ടാക്കിയ ഇലക്‌ട്രിക് വേലിയിൽ കുടുങ്ങി ഒരു കുട്ടി മരണപ്പെട്ടു. ഈ ദാരുണ സംഭവത്തിലും രാഷ്ട്രീയനേട്ടത്തിനുള്ള നീചമായ ഇടപെടലാണ് യുഡിഎഫ് നിലമ്പൂരിൽ നടത്തിയത്. പഞ്ചായത്ത് ഭരണം യുഡിഎഫിന്റേതാണെന്നും പ്രതി കോൺഗ്രസുകാരനാണെന്നും പുറത്തുവന്നതോടെ അത്തരം പ്രതിഷേധവും ആവിയായി. സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഇടപെട്ട് പ്രതിയെ ജയിലിലടച്ചതോടെ സർക്കാരിനെ ജനങ്ങൾ അഭിനന്ദിക്കുന്ന നിലയാണുണ്ടായത്.

അപവാദ പടക്കങ്ങൾ ചീറ്റിപ്പോയപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ തണലിൽനിന്ന് തെരഞ്ഞെടുപ്പ് ജയിക്കാനാകുമോയെന്ന ശ്രമത്തിലേക്ക് ഇപ്പോൾ കടന്നിരിക്കുകയാണ് യുഡിഎഫ്. കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികൾ മാറ്റിനിർത്തിയ ജമാഅത്തെ ഇസ്ലാമിക്ക് മതനിരപേക്ഷ സർട്ടിഫിക്കറ്റും പ്രതിപക്ഷ നേതാവ് നൽകി. ഇതിനെതിരെ കേരളത്തിലെ മുസ്ലിംപണ്ഡിത സമൂഹംതന്നെ രംഗത്തുവന്നു. നിലമ്പൂരിലെ മതനിരപേക്ഷതയെ തകർക്കുന്ന മറ്റൊരു ആപൽക്കരമായ രാഷ്ട്രീയ കച്ചവടവും തുറന്നുകാട്ടപ്പെട്ടു.
അടുത്ത ഘട്ടമായി പുതിയൊരു നാടകവുമായി വ്യാജരേഖ സംഘം രംഗത്തെത്തി. യുഡിഎഫിന്റെ എംപിയെയും എംഎൽഎയെയും പൊലീസ് തടഞ്ഞുവച്ച് ജനാധിപത്യവിരുദ്ധമായി പെരുമാറിയെന്നായിരുന്നു വാദം. എംപിയായ കെ രാധാകൃഷ്ണനുൾപ്പെടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ ഇവരുടെ പൊയ്മുഖം ജനങ്ങൾക്ക് വ്യക്തമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വാളയാർ അമ്മയുമായി നാട് ചുറ്റിയവർ ഇപ്പോൾ ‘സൂസി’ക്കാരുമായി നിലമ്പൂരിൽ കറങ്ങിനടപ്പുണ്ട്. വാളയാറമ്മയ്ക്ക് എന്ത് സംഭവിച്ചെന്ന് നിലമ്പൂരിലെ വോട്ടർമാർക്ക് അറിയാമെന്ന് ഇത്തരക്കാർ ഓർക്കേണ്ടതുണ്ട്. വ്യാജരേഖകളുടെയും രാഷ്ട്രീയ നാടകങ്ങളുടെയും അസാന്മാർഗികമായ രാഷ്ട്രീയ കൂട്ടുകെട്ടുകളുടെയും പിറകെ യുഡിഎഫിന് സഞ്ചരിക്കേണ്ടിവരുന്നത് രാഷ്ട്രീയ ദിശാബോധം നഷ്ടപ്പെട്ടതുകൊണ്ടാണ്. ശരിയായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുന്നതിനുപകരം കേരളത്തിലെ ജനാധിപത്യ സംസ്‌കാരത്തിനുതന്നെ പോറലേൽപ്പിക്കുന്ന തരത്തിലാണ് യുഡിഎഫിലെ വലിയൊരുവിഭാഗം പ്രവർത്തിക്കുന്നത്. ഇതിനെതിരെ കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയ സംസ്‌കാരത്തെ സംരക്ഷിക്കാനുള്ള വിധിയെഴുത്തായി നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് മാറുമെന്നതിൽ തർക്കമില്ല. കുഞ്ഞാലിയുടെ മണ്ണിന് അങ്ങനെ ചിന്തിക്കാതിരിക്കാനാകില്ല.














