Articles
അധികാരമേറി നാലുമാസത്തിനകംതന്നെ നവഉദാര നടപടികൾ പൂർവാധികം ശക്തിയോടെ ചിലിയിൽ നടപ്പാക്കുകയാണ് കാസ്റ്റ് സർക്കാർ.
നവഉദാര നയം: വീണ്ടും പൊരുതുന്ന ചിലി

photo credits: AFP

വി ബി പരമേശ്വരൻ
Published on Jun 08, 2026, 09:56 PM | 4 min read
ജനക്ഷേമത്തിന്റെയും വികസനത്തിന്റെയും പാത വെടിഞ്ഞ് കേരളം യുഡിഎഫിന്റെ നേതൃത്വത്തിൽ വീണ്ടും നവഉദാര പാതയിലേക്ക് മടങ്ങുകയാണെന്ന ചർച്ച സജീവമാകുകയാണ്. സമാനചർച്ചയാണ് തെക്കേ അമേരിക്കയിലെ ചിലിയിലും നടക്കുന്നത്. നവഉദാര നയം ആദ്യമായി നടപ്പാക്കിയ രാജ്യങ്ങളിലൊന്നാണ് ചിലി. ഇടതുപക്ഷ അലൻഡെ സർക്കാരിനെ അട്ടിമറിച്ച് 1973ൽ അധികാരമേറിയ പിനോഷെ സർക്കാരാണ് നവഉദാര നയം സർക്കാരിന്റെ നയമായി പ്രഖ്യാപിച്ച് നടപ്പാക്കിയത്. അതിന് ചുക്കാൻ പിടിച്ചത് അന്നത്തെ തൊഴിൽമന്ത്രിയും സെൻട്രൽ ബാങ്ക് പ്രസിഡന്റുമായ മിഗ്വൽ കാസ്റ്റായിരുന്നു. ഈ മിഗ്വലിന്റെ ഇളയസഹോദരൻ അന്റോണിയോ കാസ്റ്റാണ് ഇപ്പോൾ ചിലി ഭരിക്കുന്നത്. അധികാരമേറി നാലുമാസത്തിനകംതന്നെ നവഉദാര നടപടികൾ പൂർവാധികം ശക്തിയോടെ ചിലിയിൽ നടപ്പാക്കുകയാണ് കാസ്റ്റ് സർക്കാർ.
ഇതിനെതിരെ ചിലിയിലെ വിദ്യാർഥികളും യുവാക്കളും തൊഴിലാളികളും സമരത്തിലാണ്. കോൺഫെഡറേഷൻ ഓഫ് ചിലിയൻ സ്റ്റുഡന്റ്‌സിന്റെ (Confech) നേതൃത്വത്തിലാണ് ദേശീയ പ്രക്ഷോഭം പ്രഖ്യാപിച്ചത്. നാഷണൽ ടീച്ചേഴ്സ് യൂണിയനും ചില ട്രേഡ് യൂണിയൻ സംഘടനകളും വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്തെത്തി. ഇതോടെ ജൂൺ മൂന്നിന് ദേശീയ പണിമുടക്ക് നടന്നു. അന്നേദിവസം പതിനായിരങ്ങളാണ് തലസ്ഥാനമായ സാന്റിയാഗോയിൽ മാർച്ച് ചെയ്‌തത്. സമരം ചെയ്യുന്നവർക്കെതിരെ മൃഗീയമായ ലാത്തിച്ചാർജും കണ്ണീർവാതകപ്രയോഗവും നടന്നു. 36 പേർക്ക് പരിക്കേറ്റു. ലാത്തിയടിയേറ്റ് തലപൊട്ടിയ വിദ്യാർഥിനിയെ പൊലീസുകാർ വലിച്ചിഴച്ച നടപടി വൻ പ്രതിഷേധത്തിന് കാരണമായി. പൊലീസ് നടപടിയെക്കുറിച്ച് നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പൊലീസ് നടപടിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ സെനറ്റ് മനുഷ്യാവകാശ കമീഷൻ തീരുമാനിച്ചു.
ജനക്ഷേമത്തിലൂന്നിയ ഇടതുപക്ഷ ഗബ്രിയേൽ ബോറിക് സർക്കാർ മാറി മാർച്ച് 11നാണ് ഹൊസെ അന്റോണിയോ കാസ്റ്റിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സർക്കാർ അധികാരമേറിയത്. കഴിഞ്ഞ വർഷാവസാനം നടന്ന തെരഞ്ഞെടുപ്പിൽ ഇടത്- ജനാധിപത്യ പാർടികളുടെ സഖ്യമായ യൂണിറ്റി ഫോർ ചിലിയുടെ സ്ഥാനാർഥിയായ ചിലിയൻ കമ്യൂണിസ്റ്റ് പാർടി നേതാവ് ജാനറ്റ് ജാറയെ 16 ശതമാനത്തിലധികം വോട്ടിന്റെ വ്യത്യാസത്തിന് തോൽപ്പിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയായ കാസ്റ്റ് അധികാരമുറപ്പിച്ചത്. ഈ വർധിച്ച ജനപിന്തുണ ഉപയോഗിച്ച് "ഷോക്ക് ഡോക്‌ടറിൻ’ എന്ന നവഉദാര പരിഷ്‌കാരങ്ങൾ നടപ്പാക്കാനാണ് കാസ്റ്റ് ഇപ്പോൾ ശ്രമിക്കുന്നത്. മാർച്ചിൽ അധികാരമേറി ഒരാഴ്‌ചയ്‌ക്കകം പുനർനിർമാണ സാമ്പത്തിക വികസന ബിൽ (Reconstruction and economic development bill) കൊണ്ടുവന്നു. മൊത്തം ആഭ്യന്തരോൽപ്പാദനം ഇരട്ടിയാക്കുക, സാമ്പത്തികവളർച്ച നാലുശതമാനമായെങ്കിലും ഉയർത്തുക എന്നിവയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. ഇത് നേടണമെങ്കിൽ ചെലവുചുരുക്കൽ കർശനമായി നടപ്പാക്കണമെന്ന് ബിൽ നിർദേശിച്ചു.
കാസ്റ്റിന്റെ ഭരണകാലമായ അടുത്ത നാലുവർഷത്തിനകം 600 കോടി ഡോളറിന്റെ ചെലവ് ചുരുക്കാനാണ് സർക്കാരിന്റെ തീരുമാനം. ജൂണിൽ നടത്തിയ സ്റ്റേറ്റ് ഓഫ് നാഷൻ അഡ്രസിൽ ഒരുവർഷത്തിനകം ആദ്യഘട്ടമെന്ന നിലയിൽ 150 കോടി ഡോളറിന്റെ ചെലവുചുരുക്കൽ നടപ്പാക്കുമെന്ന് കാസ്റ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എല്ലാ മന്ത്രാലയങ്ങളും മൂന്നുശതമാനം ചെലവ് ചുരുക്കണമെന്ന് ധനമന്ത്രി ഹൊസെ ക്വിറോസ് അഭ്യർഥിച്ചു. പാവങ്ങളെ ഏറെ ദോഷകരമായി ബാധിക്കുംവിധം സബ്സിഡി വെട്ടിച്ചുരുക്കാനും അദ്ദേഹം നിർദേശിച്ചു. പാവങ്ങൾക്കെതിരെ കരുണയേതുമില്ലാതെ നടപടി സ്വീകരിക്കുന്ന സർക്കാർ, കോർപറേറ്റുകൾക്ക് വലിയ നികുതിയിളവ് നൽകാനും തയ്യാറായി. ഗബ്രിയേൽ ബോറിക് സർക്കാരിന്റെ കാലത്തുള്ള 27 ശതമാനം കോർപറേറ്റ് നികുതി 20 ശതമാനമായി കുറയ്‌ക്കുമെന്ന് കാസ്റ്റ് സർക്കാർ പ്രഖ്യാപിച്ചു.
ബോറിക് സർക്കാർ നടപ്പാക്കിയ തൊഴിലാളി അനുകൂല സമഗ്ര തൊഴിൽപരിഷ്‌കാരങ്ങൾ കാസ്റ്റ് സർക്കാർ ഉപേക്ഷിച്ചു. ഓരോ സെക്‌ടർ തിരിച്ച് തൊഴിലാളികൾക്ക് കൂട്ടായ വിലപേശലിന് നൽകിയ സ്വാതന്ത്ര്യം പിൻവലിച്ചു; മാത്രമല്ല തൊഴിൽസമയം വർധിപ്പിക്കാനും വേതനം നിർണയിക്കാനും തൊഴിലുടമകൾക്ക് യഥേഷ്‌ടം സ്വാതന്ത്ര്യവും നൽകി. തീവ്രവലതുപക്ഷത്തെ ലോകമെങ്ങും സഹായിക്കുന്ന വൻകിട കോർപറേറ്റുകൾ ചിലിയിലും അതിന് തയ്യാറായി. കാസ്റ്റിന്റെ പരിഷ്‌കാരത്തെ മത്സരാധിഷ്ഠിതമെന്നും ഉൽപ്പാദനവർധനയെ സഹായിക്കുന്നതെന്നും അവർ അനുമോദിച്ചു. ഭൂരിപക്ഷം മാധ്യമങ്ങളും ഈ നയത്തെ വാനോളം പുകഴ്‌ത്തി.
പരിസ്ഥിതിസംരക്ഷണത്തിന് അനുകൂലമായി ഗബ്രിയേൽ ബോറിക് സർക്കാർ സ്വീകരിച്ച നിയന്ത്രണങ്ങളെല്ലാം മറ്റു തീവ്രവലതുപക്ഷ സർക്കാരുകളെപ്പോലെ കാസ്റ്റ് സർക്കാരും കാറ്റിൽ പറത്തി. സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉണർവേകാൻ തടസ്സം ഈ പരിസ്ഥിതി അനുകൂല നടപടികളാണെന്നും അതെടുത്തുകളഞ്ഞാൽ ഖനന- ഊർജ വ്യവസായങ്ങൾ തഴച്ചുവളരുമെന്നുമുള്ള ആഖ്യാനങ്ങളാണ് കോർപറേറ്റുകൾ മുന്നോട്ടുവച്ചത്. ഈ ആവശ്യം അംഗീകരിച്ച കാസ്റ്റ് സർക്കാർ ലിഥിയം, ചെമ്പ് ഖനനത്തിന് തടസ്സമായ എല്ലാ പരിസ്ഥിതി നിയന്ത്രണങ്ങളും പിൻവലിച്ചു. വിദേശനിക്ഷേപം ആകർഷിക്കാൻ ഇത് അനിവാര്യമാണെന്ന വാദമാണ് കാസ്റ്റ് മുന്നോട്ടുവച്ചത്. ബോറിക് സർക്കാരിന്റെ കാലത്ത് പരിസ്ഥിതിനിയന്ത്രണം കാരണം ഉപേക്ഷിച്ച 9300 കോടി ഡോളർ നിക്ഷേപം പ്രതീക്ഷിക്കുന്ന 389 വമ്പൻ പദ്ധതികൾ ഇതുവഴി തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നാണ് കാസ്റ്റ് സർക്കാരിന്റെ പ്രതീക്ഷ. സ്വാഭാവികമായും ഖനനമേഖലയിൽ ദശാബ്‌ദങ്ങളായി ജീവിക്കുന്ന ആദിവാസിസമൂഹം സർക്കാരിനെതിരെ തിരിഞ്ഞു.
വില വർധിപ്പിച്ചു, സബ്‌സിഡി ഇല്ലാതാക്കി
ഇതോടൊപ്പം വിലക്കയറ്റം സൃഷ്‌ടിക്കുന്ന നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. പെട്രോളിന് 30 ശതമാനവും ഡീസലിന് 60 ശതമാനവും വില വർധിപ്പിച്ചു. സ്വാഭാവികമായും ഗതാഗതച്ചെലവ് കുത്തനെ ഉയർന്നു. അവശ്യസാധനങ്ങളുടെ വിലയും വർധിച്ചു. ഇതോടൊപ്പം സബ്സിഡി പിൻവലിക്കാനും ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസമേഖലയ്‌ക്കുള്ള ബജറ്റ് വെട്ടിക്കുറച്ചു. അതോടൊപ്പം വീടുനിർമാണത്തിനുള്ള സബ്‌സിഡി നൽകുന്ന നടപടി മരവിപ്പിച്ചു. കടുത്ത കുടിയേറ്റവിരുദ്ധ നടപടികളും കാസ്റ്റിന്റെ ജനപ്രീതി കുറച്ചു. മൂന്നരലക്ഷം കുടിയേറ്റക്കാരെ മനുഷ്യത്വരഹിതമായി പുറത്താക്കാനുള്ള നീക്കവും വൻ പ്രതിഷേധത്തിനിടയാക്കി. വിദ്യാർഥികളാണ് ആദ്യമായി പ്രക്ഷോഭരംഗത്തേക്ക് കടന്നുവന്നത്. ഏതായാലും നാലുമാസത്തിനകം കാസ്റ്റിന്റെ ജനപ്രീതിക്ക് വലിയ ഇടിച്ചിലുണ്ടായി. അധികാരമേറുമ്പോൾ 60 ശതമാനം ജനങ്ങളുടെ പിന്തുണ കാസ്റ്റിന് ഉണ്ടായിരുന്നെങ്കിൽ, ഇപ്പോൾ അത് 42 ശതമാനമായി കുറഞ്ഞു. 18 ശതമാനത്തിന്റെ ഇടിവ്.
ഇത് ചിലിയിലെമാത്രം സ്ഥിതിയല്ല. വലതുപക്ഷം അധികാരത്തിലുള്ള അയൽരാജ്യമായ ബൊളീവിയയിലും വൻപ്രക്ഷോഭങ്ങളാണ് നടക്കുന്നത്. രണ്ടു ദശാബ്‌ദം നീണ്ട ഇടതുപക്ഷഭരണത്തിനുശേഷം ആറുമാസംമുമ്പ് നടന്ന തെരഞ്ഞെടുപ്പിലാണ് റൊഡ്രിഗോ പാസിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാർ ലാ പാസിൽ അധികാരത്തിൽ വന്നത്. സബ്സിഡികളും ക്ഷേമനടപടികളും പുതിയ സർക്കാർ ഉപേക്ഷിച്ചു. ഇതിന്റെ ഭാഗമായി പെട്രോളിന് 86 ശതമാനവും ഡീസലിന് 160 ശതമാനവും വില വർധിപ്പിച്ചു. ഏപ്രിലിൽ വിലക്കയറ്റം 16 ശതമാനമായി ഉയർന്നു. സ്വാഭാവികമായും തൊഴിലാളിസംഘടനകളും കർഷകസംഘടനകളും ആദിവാസി ജനവിഭാഗങ്ങളും ചേർന്ന് തലസ്ഥാനമായ ലാ പാസിലേക്കുള്ള ഗതാഗതം തടഞ്ഞ് സമരം ആരംഭിച്ചു. മുൻ പ്രസിഡന്റ് ഇവാ മൊറാലിസും ലേബർ യൂണിയൻ നേതാവ് മറിയോ അർഗോല്ലോയുമാണ് ഈ സമരത്തിന് നേതൃത്വം നൽകുന്നത്. തീവ്രവലതുപക്ഷ നേതാവായ ഹാവിയർ മിലെ ഭരിക്കുന്ന അർജന്റീനയിലും നവഉദാര പരിഷ്‌കാരങ്ങൾക്കെതിരെ ജനങ്ങൾ തെരുവിലാണ്. ലോകമെങ്ങുമുള്ള ജനത, പ്രത്യേകിച്ചും മൂന്നാം ലോക രാജ്യങ്ങളിലെ ജനത നവഉദാര നയങ്ങൾക്കെതിരെ സമരം ചെയ്യുമ്പോഴാണ് കേരളത്തിലെ വി ഡി സതീശൻ സർക്കാർ അതേ ജനവിരുദ്ധ നയവുമായി രംഗത്തുവരുന്നത്.















