Articles

വികസനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കേരളം

​ജന്മിത്തകേരളത്തിൽനിന്ന് നവകേരളത്തിലേക്ക്

navakeralam
avatar
പുത്തലത്ത് ദിനേശൻ

Published on Aug 12, 2025, 12:48 AM | 4 min read

കേരളത്തിലെ ഫ്യൂഡലിസത്തെ ഇ എം എസ് വിശേഷിപ്പിച്ചത് ജാതി-–ജന്മി- നാടുവാഴിത്തമെന്നായിരുന്നു. ഈ നാടിനെ നോക്കിയാണ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ചത്. ആ കേരളം നിതി ആയോഗിന്റെ കണക്കില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി മാറിയതിനു പിന്നിലുള്ള സാമൂഹ്യ-രാഷ്ട്രീയ ചലനങ്ങൾ മനസ്സിലാക്കിയെങ്കില്‍ മാത്രമേ ഭാവി കേരളം കെട്ടിപ്പടുക്കാനുള്ള വഴികളിലൂടെ നമുക്ക് മുന്നേറാനാകൂ. ആധുനികകേരളം രൂപപ്പെടുത്താൻ തുടക്കംകുറിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങളാണ്. ജന്മിത്തത്തിന്റെ സാംസ്കാരിക രൂപങ്ങള്‍ക്കെതിരായ ഈ സമരത്തെ ദേശീയ പ്രസ്ഥാനമേറ്റെടുത്തു. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. ഇത്തരം മുന്നേറ്റങ്ങളെ പിന്നീട് നയിച്ചത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. പാലിയം സത്യഗ്രഹവും തൃശൂരിലെ കുട്ടംകുളം സമരവും വടക്കേ മലബാറിലെ കുളി സമരവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു.


ഇത്തരം പ്രശ്നങ്ങൾ ഏറ്റെടുക്കുമ്പോള്‍ത്തന്നെ തൊഴിലാളികളുടെ സാമ്പത്തിക പ്രശ്നങ്ങളിലും പാര്‍ടി സജീവമായി ഇടപെട്ടു. നവോത്ഥാന മുന്നേറ്റങ്ങളോടൊപ്പം മിനിമം കൂലി, ക്ഷാമബത്ത, പ്രസവാവധി തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയുള്ള സമരങ്ങള്‍ക്കും പാര്‍ടി നേതൃപരമായ പങ്കുവഹിച്ചു.


കാര്‍ഷിക പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടു. 1938- ല്‍ മലബാര്‍ കുടിയായ്മാ പരിഷ്‌കാര കമ്മിറ്റിയുണ്ടായി. അതില്‍ ഇ എം എസ് എഴുതിയ വിയോജനക്കുറിപ്പില്‍ മണ്ണില്‍ പണിയെടുക്കുന്നവരുടെ മിച്ചാധ്വാനത്തെയും മിച്ച ഉല്‍പ്പന്നത്തെയും ചൂഷണം ചെയ്യുന്ന ഇത്തിള്‍ക്കണ്ണി വര്‍ഗമെന്ന് ജന്മിമാരെ വിശേഷിപ്പിച്ചു. ജന്മിത്തം അവസാനിപ്പിച്ചെങ്കില്‍മാത്രമേ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ എന്ന് ആ വിയോജനക്കുറിപ്പില്‍ ഇ എം എസ് വ്യക്തമാക്കി.


രണ്ടാംലോക യുദ്ധകാലത്ത് ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ പരിഹരിക്കാനും പാര്‍ടി ഇടപെട്ടു. നിത്യോപയോഗ സാധനങ്ങളുടെ പുനര്‍വിതരണം തുടങ്ങി, ഉല്‍പ്പാദന വികാസത്തിന് കൂട്ടുകൃഷിക്കളങ്ങള്‍ വരെയുണ്ടായി. സാക്ഷരതാ പ്രവര്‍ത്തനം, വായനശാലകള്‍, സ്ത്രീകള്‍ക്ക് തൊഴില്‍ കേന്ദ്രങ്ങള്‍ എന്നിവയിലെല്ലാം പാര്‍ടി സജീവമായി.


1954-ലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ടി വിജയിച്ചു. പരിമിതമായ അധികാരങ്ങളാണ്‌ ഉണ്ടായിരുന്നതെങ്കിലും പ്രാദേശിക വികസനത്തിലൂന്നി കൃഷി, വിദ്യാഭ്യാസം, കൈത്തൊഴിലുകള്‍, റോഡുകള്‍ തുടങ്ങിയവയില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ടി നടത്തി. പില്‍ക്കാല പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്ക് അത് കരുത്തായി.


കൊട്ടാരക്കെട്ടുകളും സവര്‍ണ തറവാടുകളിലെ കഥാപാത്രവും നിറഞ്ഞുനിന്ന സാഹിത്യലോകത്തെ ജീവല്‍ സാഹിത്യ പ്രസ്ഥാനങ്ങളിലൂടെയും മറ്റും ഇടപെട്ട് സാധാരണ മനുഷ്യര്‍ക്ക് പ്രവേശനം നല്‍കുന്ന ഒന്നാക്കി മാറ്റി. ചാത്തന്‍ പുലയനും പരീക്കുട്ടിയും കറുത്തമ്മയും റിക്ഷവലിക്കാരന്‍ പപ്പുവും പാത്തുമ്മയും മലയാള സാഹിത്യത്തില്‍ ഇടം നേടി.


‘പുതിയ കേരളം പടുത്തുയര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിര്‍ദേശങ്ങൾ’ എന്ന രേഖ അതിന്റെ ഭാഗമായുണ്ടായി. കേരളത്തിന് മുന്നോട്ടുപോകാന്‍ ഭൂപരിഷ്‌കരണം, അധികാര വികേന്ദ്രീകരണം, കാര്‍ഷിക വികസനം, വ്യാവസായിക വികസനം, പൊതുമേഖലാ സംരക്ഷണം, തൊഴിലാളികളുടെ സംരക്ഷണം തുടങ്ങിയവയുടെ പ്രാധാന്യം മുന്നോട്ടുവച്ചുള്ളതായിരുന്നു ആ രേഖ


ഭാഷാ സംസ്ഥാന രൂപീകരണത്തിലും കമ്യൂണിസ്റ്റ് പാര്‍ടിയുണ്ടായിരുന്നു. മലയാളികളുടെ സംസ്കാരവും ജീവിതവുമെല്ലാം അടയാളപ്പെടുത്തി ഇ എം എസ് ‘ഒന്നേകാല്‍ കോടി മലയാളികൾ’ എന്ന പുസ്തകം എഴുതി. രാജാധിപത്യവും ജന്മിത്തവും സാമ്രാജ്യത്വ ആധിപത്യവും ഇല്ലാത്ത കേരളത്തെ സംബന്ധിച്ച കാഴ്ചപ്പാട് അത് മുന്നോട്ടുവച്ചു. പുന്നപ്ര-വയലാര്‍ സമരത്തിലൂടെ സ്വതന്ത്ര തിരുവിതാംകൂറെന്ന ആശയത്തെ കടപുഴക്കി. ​കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് നടത്തിയ ഇത്തരം ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ഭാവി കേരളത്തെ സംബന്ധിച്ച കാഴ്ചപ്പാട് 1956 ജൂൺ 22, 23, 24 തീയതികളില്‍ തൃശൂരില്‍ ചേര്‍ന്ന ഒന്നാം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ചു. ‘പുതിയ കേരളം പടുത്തുയര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിര്‍ദേശങ്ങൾ’ എന്ന രേഖ അതിന്റെ ഭാഗമായുണ്ടായി. കേരളത്തിന് മുന്നോട്ടുപോകാന്‍ ഭൂപരിഷ്‌കരണം, അധികാര വികേന്ദ്രീകരണം, കാര്‍ഷിക വികസനം, വ്യാവസായിക വികസനം, പൊതുമേഖലാ സംരക്ഷണം, തൊഴിലാളികളുടെ സംരക്ഷണം തുടങ്ങിയവയുടെ പ്രാധാന്യം മുന്നോട്ടുവച്ചുള്ളതായിരുന്നു ആ രേഖ. 1957-ലെ തെരഞ്ഞെടുപ്പില്‍ അതിന്റെ അടിസ്ഥാനത്തിലാണ് പ്രകടനപത്രിക തയ്യാറാക്കിയത്.


1957 ഏപ്രിലില്‍ അധികാരത്തിലെത്തിയ ഉടനെതന്നെ എല്ലാ കുടിയൊഴിപ്പിക്കലും അവസാനിപ്പിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സും കൊണ്ടുവന്നു. തുടര്‍ന്ന് എതിര്‍പ്പുകളെയെല്ലാം മറികടന്ന് നിയമസഭ കാര്‍ഷികബന്ധ നിയമം പാസാക്കി. രണ്ട് വര്‍ഷത്തെ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരത്തിനായി ബില്ലയച്ചു. 1957 ജൂലൈ 13-ന് വിദ്യാഭ്യാസ നിയമം അവതരിപ്പിച്ചു. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം പിഎസ്‌സി വഴിയായിരിക്കണമെന്ന് ഇത് നിഷ്‌കര്‍ഷിച്ചു. അധ്യാപകര്‍ക്ക്‌ ആദ്യമായി ശമ്പള സ്കെയില്‍ കൊണ്ടുവന്നു. സ്കൂള്‍ വിദ്യാഭ്യാസം സൗജന്യമാക്കി. പൊതുആരോഗ്യസംവിധാനം ശക്തിപ്പെടുത്തി.


ഭരണപരിഷ്‌കാര കമീഷന്റെ ശുപാര്‍ശ പ്രകാരം 1958-ല്‍ പഞ്ചായത്ത് രാജ് ബില്ലും 1959-ല്‍ ജില്ലാ കൗണ്‍സില്‍ ബില്ലും നിയമസഭ പാസാക്കി. മാത്രമല്ല, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം കൊണ്ടുവന്നു. ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനുള്ള നിര്‍ദേശവും മുന്നോട്ടുവച്ചു. സാംസ്കാരികരംഗത്ത് ലളിതകലാ അക്കാദമിയും സാഹിത്യ അക്കാദമിയും നിലവില്‍ വന്നു. സിവില്‍ സര്‍വീസിനെ ഏകീകരിച്ചു.


മുസ്ലിങ്ങള്‍ക്ക് പൊലീസിലുണ്ടായിരുന്ന നിയന്ത്രണവും ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിലുള്ള തടസ്സങ്ങളും നീക്കുന്നതിനും നേതൃത്വം കൊടുത്തു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്, പ്രീമിയർ ടയേഴ്സ് തുടങ്ങിയ സ്വകാര്യ സംരംഭങ്ങളും 500- ല്‍പ്പരം ചെറുകിട ഫാക്ടറികളും നിലവില്‍ വന്നു. പൊതുവിതരണം ശക്തിപ്പെടുത്തി. ആധുനിക കേരളത്തിന്‌ അടിത്തറയിട്ട ആ സര്‍ക്കാരിനെതിരെ വലതുപക്ഷ ശക്തികള്‍ വിമോചനസമരം സംഘടിപ്പിച്ചു. ഭൂരിപക്ഷമുണ്ടായിരുന്നിട്ടും കേന്ദ്രസര്‍ക്കാര്‍ മന്ത്രിസഭയെ പിരിച്ചുവിട്ടു. കേരള വികസനത്തിന് അടിത്തറയിട്ട ഒന്നാം ഘട്ടമായി ഈ സര്‍ക്കാരിനെ വിലയിരുത്താനാകും.


പാര്‍ലമെന്റില്‍ കേരളത്തിന്റെ പ്രശ്നമുയര്‍ത്തിപ്പിടിച്ച് എ കെ ജിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭമുയര്‍ന്നു. അതിന്റെയൊക്കെ ഫലമായി കേരളത്തിൽ സ്‌റ്റാറ്റ്യൂട്ടറി റേഷന്‍ നടപ്പിലാക്കാൻ കഴിഞ്ഞു



വിമോചന സമരത്തിനുശേഷം അധികാരത്തില്‍ വന്ന വലതുപക്ഷ ശക്തികള്‍ പുരോഗമനപരമായ നിര്‍ദേശങ്ങളെയാകെ തകര്‍ത്തു. മിച്ചഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന ഭൂപരിഷ്‌കരണ നിയമം ഇഷ്ടദാനത്തിലൂടെ തകര്‍ത്തു. നിര്‍ണയിക്കപ്പെട്ട മിച്ചഭൂമി 11 ലക്ഷം ഹെക്ടറില്‍നിന്ന് 2.4 ലക്ഷം ഹെക്ടറായി കുറഞ്ഞു. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം പിഎസ്‌സി ലിസ്റ്റില്‍നിന്നും നടത്തണമെന്ന നിയമവും റദ്ദ് ചെയ്യപ്പെട്ടു. ജില്ലാ കൗണ്‍സില്‍ ബില്ല് ഫലത്തില്‍ ഉപേക്ഷിക്കപ്പെട്ടു. ഭാഷാ മാധ്യമം മലയാളത്തിലാക്കണമെന്ന തീരുമാനവും അട്ടിമറിച്ചു. വലതുപക്ഷ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഇക്കാലത്തുണ്ടായി. പാര്‍ലമെന്റില്‍ കേരളത്തിന്റെ പ്രശ്നമുയര്‍ത്തിപ്പിടിച്ച് എ കെ ജിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭമുയര്‍ന്നു. അതിന്റെയൊക്കെ ഫലമായി കേരളത്തിൽ സ്‌റ്റാറ്റ്യൂട്ടറി റേഷന്‍ നടപ്പിലാക്കാൻ കഴിഞ്ഞു.


1957-ലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള മന്ത്രസഭ പിരിച്ചുവിട്ടത് ഫെഡറലിസത്തിന്റെ പ്രശ്നങ്ങള്‍ സജീവമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്‌ ഇടയാക്കി. 1967-ലെ സര്‍ക്കാരാണ്, ഇന്ത്യയിൽ കാര്‍ഷക പ്രതിസന്ധി സൃഷ്ടിച്ച ഭക്ഷ്യക്ഷാമത്തെ നേരിട്ട്‌ സ്‌റ്റാറ്റ്യൂട്ടറി റേഷന്‍ വ്യാപകമാക്കിയത്. മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാതെ എല്ലാ പാട്ട കുടിയാന്മാര്‍ക്കും സ്ഥിരാവകാശത്തിന് പട്ടയങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. സെക്കൻഡറി വിദ്യാഭ്യാസംവരെ പൂര്‍ണമായും സൗജന്യമാക്കി. സര്‍വകലാശാലകളില്‍ സെനറ്റും സിന്‍ഡിക്കറ്റും കൊണ്ടുവന്ന് അവയെ ജനാധിപത്യവല്‍ക്കരിച്ചു. പഞ്ചായത്തീരാജ് വീണ്ടും കൊണ്ടുവന്നു. സംവരണത്തെ സംബന്ധിച്ച് കൊണ്ടുവന്ന നെട്ടൂര്‍ പി ദാമോദരന്‍ കമ്മിറ്റി കേരളത്തിലെ ആദ്യത്തെ സമഗ്ര ജാതി സര്‍വേ നടത്തി. പിന്നാക്ക പ്രദേശമായ മലപ്പുറത്ത് ഒരു ജില്ലതന്നെ രൂപീകരിച്ചു.


പുരോഗമനനടപടികളുമായി മുന്നോട്ടുപോയ സര്‍ക്കാര്‍ ഭരണത്തില്‍നിന്ന് പുറത്തുപോയതോടെ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നത്‌ അനിശ്ചിതത്വത്തിലായി. തുടര്‍ന്ന്, 1969 ഡിസംബര്‍ 14-ന് അമ്പലപ്പുഴയില്‍ എ കെ ജിയുടെ അധ്യക്ഷതയില്‍ കര്‍ഷക–-കര്‍ഷകത്തൊഴിലാളി കണ്‍വന്‍ഷന്‍ ചേര്‍ന്നു. പാസാക്കിയ നിയമം 1970 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് കണക്കാക്കി പ്രക്ഷോഭ രംഗത്തേക്ക് വന്നു. നിരവധി പേര്‍ രക്തസാക്ഷികളായി. പട്ടയം നല്‍കാന്‍ ലാന്‍ഡ്‌ ട്രിബ്യൂണല്‍ രൂപീകരിക്കപ്പെട്ടു.


1975- ലെ അടിയന്തരാവസ്ഥയെ തുടര്‍ന്ന് രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ചു. 1980- ല്‍ ഭരണത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷൻ ഏര്‍പ്പെടുത്തി. കയര്‍, കശുവണ്ടി, കൈത്തറി തൊഴിലാളികള്‍ക്ക് ക്ഷേമനിധിയേര്‍പ്പെടുത്തി. മാവേലി സ്റ്റോര്‍ കൊണ്ടുവന്നു. ജില്ലാ കൗണ്‍സില്‍ നിയമത്തിന് ചട്ടങ്ങളുണ്ടാക്കുകയും ചെയ്തു.


1987 ൽ രാജ്യത്താകമാനം വ്യാപിച്ച വര്‍ഗീയവല്‍ക്കരണത്തിനും കേന്ദ്ര ഗവണ്മെന്റിന്റെ സാമ്പത്തിക നയത്തിനുമെതിരെ ശക്തമായ പോരാട്ടം സര്‍ക്കാര്‍ നടത്തി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. തിരുവനന്തപുരത്ത് ഇന്ത്യയിലെ ആദ്യത്തെ ഐ ടി പാര്‍ക്ക് രൂപീകരിച്ചു. കൊച്ചിയില്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാനുള്ള രൂപരേഖ തയ്യാറാക്കി. കേരളത്തെ സമ്പൂര്‍ണ സാക്ഷരത നേടുന്ന സംസ്ഥാനമാക്കി മാറ്റി. നവോത്ഥാന പ്രസ്ഥാനത്തിലൂടെ കേരള വികസനത്തിന്റെ ആദ്യപടവുകള്‍ പിന്നിട്ട്, 1957-ലെ ഗവണ്‍മെന്റിലൂടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. 1990- കളാകുമ്പോഴേക്കും വികസനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കേരളം കടന്നു.


(അവസാനിക്കുന്നില്ല)​



deshabhimani section

Dont Miss it

Recommended for you

Home