സ്വയം പ്രകാശിക്കുന്ന കേരളം


എം വി ഗോവിന്ദൻ
Published on Oct 22, 2025, 11:24 PM | 4 min read
എൽഡിഎഫ് ഭരണത്തിൽ കേരളം മുന്നേറരുതെന്ന് നിർബന്ധമുള്ളവരാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫും അതുപോലെ ബിജെപിയും. ഈ വിഷയത്തിൽ ഒരുമെയ്യായി പ്രവർത്തിക്കുന്നതിന് ഇവർക്ക് മടിയില്ലതാനും. കേരളത്തെ മുന്നോട്ടുനയിക്കുന്ന എല്ലാ പദ്ധതികളെയും കണ്ണടച്ച് എതിർക്കുകയാണ് മുഖ്യ പ്രതിപക്ഷമായ യുഡിഎഫ്. കേരളത്തിന് അർഹമായ സഹായംപോലും നിഷേധിച്ച് സാമ്പത്തികമായി ഞെരുക്കി കേരളത്തെ പിറകോട്ടുവലിക്കാൻ ബോധപൂർവം ശ്രമിക്കുകയാണ് ബിജെപിയും മോദിസർക്കാരും. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വലിയ നേട്ടങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിക്കുകയാണ്. അത് അംഗീകരിക്കാൻ, മോദിസർക്കാരിന് സ്തുതിഗീതം പാടുന്ന ദേശീയ മാധ്യമങ്ങൾപോലും നിർബന്ധിതരാകുന്നുവെന്നതാണ് യാഥാർഥ്യം. ‘ഇന്ത്യടുഡേ’ സർവേയിൽ സാമൂഹ്യ, പൗരബോധാധിഷ്ഠിത പുരോഗതിയിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം കേരളമാണെന്ന് കണ്ടെത്തിയിരിക്കുന്നു.
അവർ നടത്തിയ പ്രഥമ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ (ജെഡിബി) സർവേയിലാണ് കേരളം ഒന്നാമതെത്തിയത്.
രാജ്യത്തെ 20 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും പൗരബോധം, പൊതുസുരക്ഷ, ലിംഗസമത്വം, വൈവിധ്യവും വിവേചനവും എന്നീ പ്രധാന നാല് വിഷയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സർവേയിലാണ് കേരളം ഒന്നാമതെത്തിയത്. പൊതുക്ഷേമത്തിന് നൽകുന്ന പ്രാധാന്യവും സാമൂഹ്യനിയമങ്ങൾ പാലിക്കുന്നതിലുള്ള പ്രതിബദ്ധതയും കേരളീയർക്കിടയിലെ ഉയർന്ന പൗരബോധവും ലിംഗസമത്വത്തിനും സാമൂഹ്യസൗഹാർദത്തിനും നൽകുന്ന പ്രാധാന്യവും കണക്കിലെടുത്താണ്, കേരളമാണ് ഒന്നാംസ്ഥാനത്തെന്ന് സർവേ കണ്ടെത്തിയത്. സാമൂഹ്യമുന്നേറ്റത്തിൽ കേരളത്തെ രാജ്യത്തിലെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണമെന്നും ‘ഇന്ത്യടുഡേ’ സർവേ പറയുന്നു.

സർവേയിൽ പറയുന്ന ഓരോ കാര്യവും എടുത്തുപരിശോധിച്ചാൽ, കേരളത്തിന്റെ മതനിരപേക്ഷസംസ്കാരമാണ് ഈ നേട്ടങ്ങളുടെ അടിത്തറ എന്നു കാണാൻ വിഷമമില്ല. സാമൂഹ്യസമത്വം എന്ന ആശയം ശക്തമായി മുന്നോട്ടുവച്ച, സാമൂഹ്യപരിഷ്കരണത്തിൽ ഊന്നിയ നവോത്ഥാനപ്രസ്ഥാനങ്ങളും അതിന് തുടർച്ച നൽകിയ ദേശീയപ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ്, കർഷക, പുരോഗമന പ്രസ്ഥാനങ്ങളുമാണ് പൗരബോധത്തിനും തുല്യതയ്‌ക്കും പൊതുക്ഷേമ സങ്കൽപ്പത്തിനും കേരളത്തിൽ അടിത്തറയിട്ടത്. പൊതുവിഷയങ്ങളിൽ ഒന്നിച്ചുനിൽക്കാൻ കേരളത്തിന് കഴിയുന്നതിന് കാരണം ഈ മതനിരപേക്ഷസംസ്കാരമാണ്. ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ അതിർവരമ്പുകളില്ലാതെ കേരളത്തിലെ മനുഷ്യർക്ക് ഒന്നിച്ചുനിൽക്കാൻ കഴിയുന്നത് ഇതുകൊണ്ടാണ്. കോവിഡിനെയും നിപായെയും പ്രളയത്തെയും നമുക്ക് നേരിടാൻ കഴിഞ്ഞത് ഈ ഒത്തൊരുമ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. ദുരന്തമുഖത്ത്, പൊതു ആവശ്യങ്ങൾക്കു മുമ്പിൽ ജാതിയോ മതമോ സാമ്പത്തികാവസ്ഥയോ തടസ്സമാകാതെ കേരളീയർ പരസ്പരം സഹകരിച്ച് പ്രവർത്തിച്ചു. എന്നാൽ, ആർഎസ്എസിനും അവരുടെ ആശയപദ്ധതിക്കും വേരുറപ്പിക്കാൻ കഴിഞ്ഞ സംസ്ഥാനങ്ങളിൽ ഇത്തരമൊരു യോജിപ്പോ ഒത്തൊരുമയോ ഉണ്ടാക്കാനായില്ല.
വർണാശ്രമധർമത്തിൽ അധിഷ്ഠിതമായ, സവർണാധിപത്യ സമൂഹത്തിൽ അയിത്തവും അനാചാരങ്ങളും നിറഞ്ഞാടി. ഭോപാലിലെ മുൻ എംപി പ്രഗ്യ സിങ് ഠാക്കൂർ കഴിഞ്ഞദിവസം പറഞ്ഞത്, പെൺമക്കൾ അഹിന്ദുക്കളുടെ വീടുകൾ സന്ദർശിച്ചാൽ അവരുടെ കാലൊടിക്കണമെന്നാണ്. അസമിൽ ഹിന്ദു–മുസ്ലിം സ്വത്തിടപാടുകൾ നിരോധിക്കുന്ന നിയമം കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നാക്ക വിഭാഗക്കാരനായ യുവാവിനെക്കൊണ്ട് ബ്രാഹ്മണന്റെ കാലുകഴുകിച്ച സംഭവവും സവർണവിഭാഗത്തിലുള്ളയാൾ ആദിവാസിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവവും കഴിഞ്ഞദിവസമാണ് മധ്യപ്രദേശിൽനിന്ന് റിപ്പോർട്ട് ചെയ്തത്. ദളിത് വിഭാഗക്കാരനായ ചീഫ് ജസ്റ്റിസിനെതിരെ ഷൂസ് എറിയാൻ ഒരു സവർണനെ പ്രേരിപ്പിച്ചതും രാഷ്ട്രപിതാവിനുനേരെ നിറയൊഴിക്കാൻ ഗോഡ്സെയെ പ്രേരിപ്പിച്ചതും ഇതേ പ്രത്യയശാസ്ത്രമാണ്.

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി പുനർനിർമിച്ച അഴീക്കോടൻ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ ആർഎസ്എസ് പ്രത്യയശാസ്ത്രം നാട് ഭരിക്കാൻ തുടങ്ങിയാൽ കേരളീയസമൂഹത്തിന് ഒന്നിച്ചുനിൽക്കാനാകില്ല. ഇപ്പോൾ നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഇഷ്ടമുള്ള ആരാധനാലയത്തിൽ പോകാം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. എന്നാൽ, ആർഎസ്എസ് പ്രത്യയശാസ്ത്രം കേരളീയസമൂഹത്തിൽ ആധിപത്യം നേടിയാൽ അടുക്കളയിലെ ഭക്ഷണം അന്വേഷിച്ചും സ്ത്രധാരണം നോക്കിയും ആക്രമണം ആരംഭിക്കും. അഖ്‌ലാഖുമാരും സ്റ്റാൻസ്വാമിമാരും കേരളത്തിലും സൃഷ്ടിക്കപ്പെടും. സമൂഹം വർഗീയമായി പിളരുമ്പോൾ മനുഷ്യർ തമ്മിലുള്ള ഐക്യവും ഒരുമയും ഇല്ലാതാകും. ഇവിടെയാണ് എല്ലാ മനുഷ്യരെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ചരടിൽ കോർക്കുന്ന മതനിരപേക്ഷസംസ്കാരത്തിന്റെ പ്രാധാന്യം കുടികൊള്ളുന്നത്. ശ്രീനാരായണഗുരു പറഞ്ഞതുപോലെ മനുഷ്യർക്ക് മനുഷ്യത്വമാണ് ജാതി. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നത് ഈ മനുഷ്യത്വംതന്നെയാണ്.
വികസിത, അർധവികസിത രാഷ്ട്രങ്ങളിലേതുപോലെ സന്തോഷത്തിന്റെ സൂചികയെക്കുറിച്ചാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഞാൻ നിയമസഭയിൽ പ്രതിനിധാനംചെയ്യുന്ന തളിപ്പറമ്പ് മണ്ഡലത്തിൽ ഒരു ഹാപ്പിനസ് സ്ക്വയർതന്നെയുണ്ട്. കേരളത്തിലെങ്ങും സന്തോഷത്തിന്റെ സൂചിക ഉയർത്തുകയെന്നതും എൽഡിഎഫിന്റെ ലക്ഷ്യമാണ്. പ്രശസ്ത നോവലിസ്റ്റും എന്റെ നാട്ടുകാരിയുമായ ആർ രാജശ്രീ, ആന്തൂർ മുനിസിപ്പാലിറ്റി വികസന റിപ്പോർട്ട് സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ പറഞ്ഞതുപോലെ, ദാരിദ്ര്യവും പട്ടിണിയുമുള്ള ഒരു സമൂഹത്തിന് സന്തോഷസൂചികയെക്കുറിച്ച് സംസാരിക്കാനാകില്ല. കേരളത്തിന് ഇതേക്കുറിച്ച് സംസാരിക്കാനാകുന്നത് ദാരിദ്ര്യവും നിരക്ഷരതയും അവസാനിപ്പിക്കാനും പശ്ചാത്തലസൗകര്യ വികസനത്തിൽ ഏറെ മുന്നേറാനും കഴിഞ്ഞതുകൊണ്ടാണ്.

കേരളപ്പിറവിദിനമായ നവംബർ ഒന്നിന് അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളായ ചൈനയും വിയത്‌നാമുംപോലുള്ള വിരലിലെണ്ണാവുന്ന രാജ്യങ്ങൾമാത്രം നേടിയ നേട്ടമാണ് മുതലാളിത്ത വികസനപാത അംഗീകരിച്ച ഒരു കേന്ദ്രസർക്കാരിന്റെ ഭാഗമായ കേരളത്തിൽ കൈവരിക്കാൻ പോകുന്നത്. അടുത്തയിടെ സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ കെ ജി സെന്റർ സന്ദർശിച്ച ചൈനീസ് എംബസിയിലെ ഡെപ്യൂട്ടി ഓഫ് മിഷൻ ഹെ മെങ്ങിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം പ്രധാനമായും ഞങ്ങളോട് ആരാത്തത്, മുതലാളിത്ത വികസനപാത പിന്തുടരുന്ന ഒരു ഭരണകൂടത്തിനു കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് അതിദാരിദ്ര്യനിർമാർജനംപോലുള്ള സോഷ്യലിസ്റ്റ് ആശയങ്ങൾ നടപ്പാക്കാൻ കഴിയുന്നത് എങ്ങനെയെന്നായിരുന്നു. നാലു ദശാബ്ദം നീണ്ട പ്രവർത്തനത്തിന്റെ ഫലമായാണ് 2021ൽ ചൈനയ്‌ക്ക് ഇതിന് സാധിച്ചത്. കേരളം കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഈ ലക്ഷ്യം എങ്ങനെ കൈവരിച്ചെന്ന് അത്ഭുതത്തോടെയാണ് അവർ ചോദിച്ചത്. അധഃസ്ഥിത ജനവിഭാഗങ്ങളോട്, അടിച്ചമർത്തപ്പെട്ടവരോട് ഐക്യപ്പെടുകയെന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് ഞങ്ങൾക്ക് വഴികാട്ടിയെന്നാണ് അവർക്ക് നൽകിയ ഉത്തരം. ഇതുകൊണ്ടുതന്നെയാണ് കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോഴും ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൃത്യമായി നൽകിവരുന്നത്.

എന്നാൽ, പാവങ്ങളെ ചേർത്തുപിടിക്കുന്ന ഈ നയമല്ല മറിച്ച് കോർപറേറ്റുകളെ വഴിവിട്ട് സഹായിക്കുന്ന നയമാണ് കോൺഗ്രസിനും ബിജെപിക്കുമുള്ളത്. പാവങ്ങൾക്ക് പെൻഷനുംമറ്റും നൽകുന്നത് പാഴ്‌ചെലവാണെന്നും അവരെ കുഴിമടിയന്മാരാക്കാനേ ഇത് ഉപകരിക്കൂ എന്നുമാണ് നവ ഉദാരവാദ നയം സ്വീകരിക്കുന്ന കോൺഗ്രസും ബിജെപിയും പറയുന്നത്. പെൻഷനുംമറ്റും നൽകുന്ന തുക കോർപറേറ്റുകൾക്കാണ് നൽകേണ്ടതെന്നും എങ്കിലേ സമ്പദ്‌വ്യവസ്ഥ മുന്നേറൂ എന്നുമാണ് ഇക്കൂട്ടരുടെ വാദം. ഈ നവ ഉദാരവാദ നയത്തിന്റെ പുളിച്ചുതികട്ടലാണ് കഴിഞ്ഞദിവസം യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൽനിന്നുണ്ടായത്. ക്ഷേമപെൻഷൻ ഇനിയും വർധിപ്പിക്കുന്നത് ശുദ്ധമര്യാദകേടാണെന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാന സർക്കാർ ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് ചില വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് കൺവീനറുടെ പ്രതികരണം. പെൻഷൻ വാങ്ങുന്നവരെ ഭിക്ഷാപാത്രവുമായി തെരുവിലിറക്കി എന്ന അധിക്ഷേപ പരാമർശവും അടൂർ പ്രകാശിൽനിന്നുണ്ടായി. കോൺഗ്രസിന്റെ സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നേരത്തേ പറഞ്ഞത്, ക്ഷേമപെൻഷൻ കൈക്കൂലിയാണെന്നാണ്. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാകുന്നുണ്ട്; യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യം നിർത്തലാക്കുക ഈ ക്ഷേമപെൻഷനായിരിക്കും.
1980ൽ 45 രൂപയുമായി ഇ കെ നായനാർ സർക്കാർ ആരംഭിച്ച ക്ഷേമപെൻഷൻ ഇന്ന് 1600 രൂപയാണ്. അതിൽ യുഡിഎഫിന്റെ സംഭാവന 100 രൂപ വർധിപ്പിച്ചതാണ്. ബാക്കി 1500 രൂപയും എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് വർധിപ്പിച്ച് നൽകിയത്. 18 മാസം പെൻഷൻ കുടിശ്ശികയാക്കിയാണ് ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിഞ്ഞത്. പെൻഷൻ ഇനിയും വർധിപ്പിക്കണമെന്നുതന്നെയാണ് എൽഡിഎഫ് സർക്കാരിന്റെ ആഗ്രഹം. പട്ടിണിയും ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയും ഇല്ലാത്ത, സന്തോഷസൂചികയിൽ ഉയർന്നുനിൽക്കുന്ന അർധവികസിത, വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന സംസ്ഥാനമായി കേരളത്തെ ഉയർത്തുകതന്നെയാണ് എൽഡിഎഫിന്റെ ലക്ഷ്യം. അത് ഉറപ്പുവരുത്താൻ എൽഡിഎഫിന് ഭരണത്തുടർച്ച നൽകാൻ കേരളത്തിലെ ജനങ്ങൾ തയ്യാറാകുമെന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷയും.












