Articles

ജന്മിത്തകേരളത്തില്‍നിന്ന് 
നവകേരളത്തിലേക്ക്–2

​വികസനപാതയിലെ പുതിയ ചുവടുകൾ

navakeralam
avatar
പുത്തലത്ത് ദിനേശൻ

Published on Aug 12, 2025, 11:55 PM | 4 min read

​1991 ല്‍ ലോകത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിമറിക്കുന്ന സംഭവങ്ങളുണ്ടായി. സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് വ്യവസ്ഥ തകര്‍ന്നു. ഇത് അമേരിക്കയുടെ ഏകലോകക്രമം സ്ഥാപിക്കുന്നതിനുള്ള രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് ലോകത്തെ നയിച്ചു. നവഉദാര സാമ്പത്തിക നയങ്ങളിലേക്ക് ഇന്ത്യ കടന്നു. കേരളത്തിൽ ഈ നയങ്ങളുടെ വക്താക്കളായി യുഡിഎഫ് പ്രവര്‍ത്തിച്ചു. കേരളത്തിന്റെ സമ്പദ്ഘടനയെ ദുരിതപൂര്‍ണമാക്കുന്ന സാഹചര്യത്തിലേക്കെത്തിച്ചു. വര്‍ഗീയ സംഘര്‍ഷങ്ങളും വ്യാപകമായി. ഇടതുപക്ഷത്തെ നേരിടാൻ യുഡിഎഫ്– ബിജെപി കൂട്ടുകെട്ടും രൂപപ്പെട്ടു. കേരളത്തിന്റെ നേട്ടങ്ങൾ തകര്‍ക്കുന്ന രീതിയില്‍ വലതുപക്ഷ രാഷ്‌ട്രീയം ആഗോളവല്‍ക്കരണ നയങ്ങളുമായി മുന്നോട്ടുവന്നു. ഇവയ്ക്കെതിരെ ശക്തമായ സമര പോരാട്ടങ്ങള്‍ സംസ്ഥാനത്ത്‌ ഉയര്‍ന്നുവന്നു.


ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കൊപ്പം ബദല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിലേക്കും കേരളം കടന്നു. ഇ എം എസിന്റെ നേതൃത്വത്തില്‍ 1994- ല്‍ അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്. കേരള വികസനത്തിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും വിലയിരുത്തുന്ന ബഹുജന കൂട്ടായ്മയായി അത് മാറി. കേരളത്തിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കാര്‍ഷിക-വ്യാവസായിക മേഖലകള്‍ ശക്തിപ്പെടേണ്ടത് പ്രധാനമാണെന്ന് വിലയിരുത്തി. പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കണമെന്ന സമീപനവും അത് മുന്നോട്ട് വച്ചു. സേവന മേഖലയുടെ ഗുണനിലവാരം വര്‍ധിപ്പിക്കണമെന്നും എടുത്തുപറഞ്ഞു. കേരളത്തിലിന്നും അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ തുരുത്തുകളില്‍ പ്രത്യേക സാമൂഹ്യ ശ്രദ്ധ പതിയേണ്ടതിന്റെ പ്രാധാന്യവും ഉയര്‍ന്നുവന്നു. വികസനത്തിലെ സ്ത്രീ പങ്കാളിത്തത്തിന്റെ ദൗര്‍ബല്യത്തിലേക്ക് പഠനകോൺഗ്രസ്‌ വിരല്‍ചൂണ്ടി. അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ പ്രാധാന്യവും എടുത്തുപറഞ്ഞു.


അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് മുന്നോട്ടുവച്ച ഈ കാഴ്ചപ്പാടുകള്‍ ഉള്‍പ്പെടെ അവതരിപ്പിച്ചുകൊണ്ടാണ് 1996- ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി മത്സരിച്ചത്. തുടര്‍ന്ന് ഭരണത്തിലെത്തിയശേഷം അവ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കേരളത്തിന്റെ വികസന ചരിത്രത്തില്‍ വലിയ കുതിപ്പ് നല്‍കിയ ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കി. സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ ജനങ്ങള്‍ക്കും ഗ്രാമീണ മേഖലയ്ക്കും വലിയ പ്രാധാന്യം ലഭിക്കുന്നതിന് ഇടയാക്കിയത് ഈ മാറ്റമാണ്. കേരള വികസന ചരിത്രത്തിലെ സുപ്രധാനമായ കാല്‍വയ്‌പ്പായിരുന്നു അത്.


keralam


​ജനങ്ങള്‍ക്ക്‌ ആശ്വാസകരമായ നടപടികള്‍ സ്വീകരിച്ചെങ്കിലും ആഗോളവല്‍ക്കരണ നയങ്ങള്‍ വിവിധ മേഖലയിലുണ്ടാക്കിയ പ്രതിസന്ധികള്‍ സംസ്ഥാന എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ എതിര്‍പ്പായി മാറി. തെരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയായി. പിന്നീടൊരു ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലെത്തുന്നത് 2006- ലാണ്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ നയങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി. പൊതുമേഖലാ സംരക്ഷണം, കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തല്‍, പൊതുസംവിധാനങ്ങളെ സംരക്ഷിക്കല്‍, ക്ഷേമ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു.


​പാരിസ്ഥിതിക സംരക്ഷണത്തിനും ഈ സര്‍ക്കാര്‍ വലിയ ഇടപെടല്‍ നടത്തി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം പാസാക്കി. ഭൂമാഫിയയുള്‍പ്പെടെ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെ പ്രതിരോധിക്കുന്നതിനുള്ള നടപടികളും എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തിയ ഈ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിൽ വലിയ മതിപ്പുണ്ടാക്കി. എന്നാല്‍ വിജയത്തിനോട്‌ അടുത്തെത്തിയ പരാജയമാണ് എല്‍ഡിഎഫിന് തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലുണ്ടായത്.


വീണ്ടുംവലതുപക്ഷ ശക്തികള്‍ അധികാരത്തില്‍ വന്നതോടെ ആഗോളവല്‍ക്കരണ നയങ്ങള്‍ ശക്തമായി നടപ്പിലാക്കപ്പെട്ടു. ആസിയാന്‍ കരാര്‍ നടപ്പിലാക്കാന്‍ തുടങ്ങിയതോടെ കേരളത്തിലെ ജനജീവിതം പ്രതിസന്ധിയിലായി. വര്‍ഗീയമായ ധ്രുവീകരണം നാടിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് തിരിച്ചടിയായി. ഈ ഘട്ടത്തിലാണ് മതനിരപേക്ഷ കേരളം, അഴിമതിരഹിത കേരളം, വികസിത കേരളം എന്ന മുദ്രാവാക്യവുമായി 2016–ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മത്സരിച്ചത്.


health


​പ്രകടനപത്രികയില്‍ 900 നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. അതില്‍ 20 എണ്ണമൊഴിച്ച് ബാക്കി നടപ്പിലാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക മാത്രമാണ് എല്‍ഡിഎഫിന്റെ രീതിയെന്ന പ്രചാരണം അസ്ഥാനത്താക്കുന്നവിധമുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാരിന്റെകാലത്ത് നടന്നത്. ബജറ്റിന് പുറത്ത് 80,000 കോടിയോളം രൂപ പശ്ചാത്തല സൗകര്യത്തിന് ഇ‍ൗ സർക്കാർ നീക്കിവച്ചു. സ്കൂളുകളും ആശുപത്രികളും വന്‍തോതില്‍ വികസിച്ചു. പശ്ചാത്തല സൗകര്യങ്ങളില്‍ വലിയ കുതിപ്പുണ്ടായി. അഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് പട്ടയംനൽകി. കാര്‍ഷിക രംഗത്ത് പല മേഖലയിലും സ്വാശ്രയത്വം കൈവരിച്ചു. വര്‍ഗീയ സംഘര്‍ഷമില്ലാത്ത നാടായി കേരളം മാറി. പ്രകൃതി ദുരന്തങ്ങളെയും പകര്‍ച്ചവ്യാധികളെയും ശക്തമായി നേരിട്ട്‌ മുന്നോട്ടുപോകാനും കഴിഞ്ഞു. സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വമ്പിച്ച ജനപിന്തുണ നേടിയെടുക്കാന്‍ ഇടയാക്കി. ഇതോടെ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം സാധ്യമായി.


തുടര്‍ഭരണം ലഭിച്ചതോടെ ദീര്‍ഘകാല കാഴ്ചപ്പാടോടെ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി മാറി. എറണാകുളത്ത് ചേര്‍ന്ന സിപിഐ എം സംസ്ഥാന സമ്മേളനം പ്രകടനപത്രികയോടൊപ്പം 25 വര്‍ഷം മുന്നില്‍ക്കണ്ടുകൊണ്ടുള്ള ബദല്‍ നയങ്ങള്‍ക്ക് രൂപം നല്‍കി. ജനജീവിതത്തെ മെച്ചപ്പെടുത്തുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടല്‍ കൂടിയായിരുന്നു അത്. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിച്ച് അവ നീതിയുക്തമായി ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയെന്ന ഇടതുപക്ഷ കാഴ്ചപ്പാട് സർക്കാർ മുന്നോട്ടുകൊണ്ടുപോയി. അതിനായി വൈജ്ഞാനിക സമൂഹസൃഷ്ടിയെന്ന കാഴ്ചപ്പാടും സ്വീകരിച്ചു.


students


എല്ലാ മേഖലയിലെയും പരമ്പരാഗതമായ അറിവുകളെയും ആധുനികമായ വിജ്ഞാനങ്ങളെയും സ്വാംശീകരിച്ചുകൊണ്ട് ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടാണത്. വൈജ്ഞാനിക സമ്പദ്ഘടന രൂപപ്പെടണമെങ്കില്‍ പുതിയ അറിവുകള്‍ രൂപപ്പെടുത്തുകയും അവയെ വിവിധ മേഖലകളില്‍ സ്വാംശീകരിക്കുകയും വേണം. അതിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.


​ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളില്‍ മൂന്നെണ്ണം കേരളത്തിലേതായി മാറി. കോളേജുകളില്‍ ആദ്യ 100 റാങ്കിനുള്ളില്‍ സംസ്ഥാനത്തെ 16 കോളേജുകളുണ്ട്. റാങ്കുകളില്‍ ഉള്‍പ്പെട്ട 300 കോളേജുകളില്‍ 71 എണ്ണം കേരളത്തില്‍ നിന്നാണ്. ഇത്തരത്തില്‍ വലിയ മുന്നേറ്റത്തിന് കേരളം സാക്ഷ്യംവഹിക്കുകയാണ്. കേരള, മഹാത്മാഗാന്ധി സര്‍വകലാശാലയ്‌ക്ക് എ പ്ലസ് പ്ലസ് റാങ്ക് നേടാനായി. കലിക്കറ്റ് സര്‍വകലാശാലയും കുസാറ്റ് സര്‍വകലാശാലയും എ പ്ലസും നേടി. വിദ്യാര്‍ഥികളുടെ പ്രവേശനത്തിലും വലിയ പുരോഗതിയുണ്ടായി. 2017-–18ല്‍ 34 ശതമാനമായിരുന്നത് 2020-–24 ആകുമ്പോഴേക്കും 43.2 ശതമാനമായി വര്‍ധിച്ചു. പെൺകുട്ടികളുടെ പ്രവേശനം 38 ശതമാനത്തില്‍നിന്ന് 52 ശതമാനമായി ഉയര്‍ന്നു.


​മൂലധന നിക്ഷേപം യുഡിഎഫിന്റെ 5 വര്‍ഷം 24,505 കോടി ആയിരുന്നുവെങ്കില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 47,680 കോടിയായി മാറി. ഈ സര്‍ക്കാരിന്റെ ആദ്യത്തെ മൂന്ന് വര്‍ഷം തന്നെ 41,772 കോടിയായി മാറി. നെല്‍ക്കൃഷി ചെയ്യുന്ന സ്ഥലം 2016 -നെ അപേക്ഷിച്ച് ഇരട്ടിയായി വര്‍ധിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ചുവെന്ന് മാത്രമല്ല, 21,141.75 കോടി രൂപയുടെ നിക്ഷേപം നാട്ടിലുണ്ടായി. സ്റ്റാര്‍ട്ടപ്പിന്റെ കാര്യത്തില്‍ ഇന്ത്യയിലെതന്നെ ഒന്നാമതായി മാറി. സംസ്ഥാനത്തെ തൊഴില്‍ 16 ശതമാനം വളര്‍ച്ച നേടി. ഇങ്ങനെ ഓരോരംഗത്തും വലിയ കുതിപ്പാണ് ഇക്കാലയളവിലുണ്ടായത്.


kerala


കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി 1,80,000 ത്തോളം രൂപ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്‌ ഈ നേട്ടമുണ്ടായത്. 70,000 കോടിയോളം രൂപ ആഭ്യന്തര വിഭവ സമാഹരണം നടത്തിയാണ് ഇതു സാധിച്ചത്. അര്‍ഹതപ്പെട്ട കേന്ദ്ര വിഹിതം ചോദിക്കുമ്പോള്‍ കേരളം വളര്‍ന്നിരിക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായം. കേരളം നേരിടുന്ന പുതിയ പ്രതിസന്ധി കാണാനോ പരിഹരിക്കാനോ കേന്ദ്രം തയ്യാറാകുന്നില്ല. അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന പ്രചാരണവും ഇവര്‍ തന്നെ സംഘടിപ്പിക്കുകയാണ്.


കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ സംസ്‌ഥാനത്തിന്റെ ഈ വികാസത്തിന് പിന്നില്‍ ഇടതുപക്ഷം ജനങ്ങള്‍ക്കൊപ്പംനിന്ന് നടത്തിയ വിവിധങ്ങളായ ഇടപെടലുകളാണെന്ന്‌ വ്യക്‌തമാകും. അതോടൊപ്പം ഭരണം കിട്ടുന്ന ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കുവേണ്ടി ഭരണം നടത്തിയതുകൊണ്ട് കൂടിയാണ്.


പ്രതിപക്ഷത്തിരിക്കുമ്പോഴാകട്ടെ നേട്ടങ്ങള്‍ സംരക്ഷിക്കാനും തെറ്റായ നയങ്ങളെ പ്രതിരോധിക്കാനും നടത്തിയ ഇടപെടലുകളും ഇതിന് പ്രധാന കാരണമായിത്തീര്‍ന്നു. തീര്‍ച്ചയായും ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിന് നേതൃത്വപരമായ പങ്കാണ് ഇടതുപക്ഷം വഹിച്ചതെന്ന് കാണാം. ആ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി ജനകീയ നേട്ടങ്ങളെ തകര്‍ക്കാനുള്ള പൊതുമുന്നണികളാണ് സംസ്ഥാനത്ത് രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതു തുറന്നുകാട്ടി മുന്നോട്ടുപോയെങ്കില്‍ മാത്രമേ നേട്ടങ്ങള്‍ സംരക്ഷിക്കാനും പുതിയവ നേടിയെടുക്കാനും കഴിയുകയുള്ളൂവെന്ന് തിരിച്ചറിയേണ്ടതുണ്ട്.


(അവസാനിച്ചു)​





deshabhimani section

Dont Miss it

Recommended for you

Home