Articles

മതനിരപേക്ഷത ഉറപ്പിക്കും

എന്നും കുട്ടികളുടെ പക്ഷത്ത്

national educational policy and kerala
avatar
വി ശിവൻകുട്ടി

Published on Oct 27, 2025, 11:31 PM | 4 min read

പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവച്ചതിനെ തുടർന്നുണ്ടായ അക്കാദമിക ചർച്ചകളെ സ്വാഗതം ചെയ്യുന്പോൾ അനാവശ്യമായ രാഷ്ട്രീയവിവാദങ്ങളെ തള്ളിക്കളയുകയാണ്. 2016-ൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലോകത്തിനുതന്നെ മാതൃകയാകുന്ന മാറ്റങ്ങളാണ് ഇവിടെ ഉണ്ടായത്. ഭൗതികസാഹചര്യ വികസനത്തോടൊപ്പംതന്നെ അക്കാദമിക ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതിയും നടപ്പാക്കുകയാണ്. ഈ പദ്ധതിയുടെ ഭാഗമാണ് പാഠ്യപദ്ധതിപരിഷ്കരണവും അധ്യാപകപരിശീലനവും മൂല്യനിർണയപരിഷ്കരണങ്ങളും. വൈകാതെതന്നെ ഈ പ്രവർത്തനങ്ങളുടെയെല്ലാം ഫലം കണ്ടു തുടങ്ങും.  എന്നാൽ‍, അക്കാദമികമല്ലാത്ത ചർച്ചകൾ നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തെ പിറകോട്ടടിക്കാനേ കാരണമാകൂ.


ദേശീയ വിദ്യാഭ്യാസനയങ്ങളും കേരളവും

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മൂന്നു പ്രധാന ദേശീയ വിദ്യാഭ്യാസനയങ്ങളാണ് അവതരിപ്പിച്ചത്. 1964–-66-ലെ കോത്താരി കമീഷന്റെ ചുവടുപിടിച്ച് നടപ്പാക്കിയ 1968-ലെ ദേശീയ വിദ്യാഭ്യാസനയവും 1986-ലെ ദേശീയനയവും 2020-ലെ ദേശീയനയവും കേരളം സൂക്ഷ്മമായി വിലയിരുത്തിയശേഷമേ നടപ്പാക്കിയിട്ടുള്ളൂ. ഒരു ദേശീയനയത്തിനോടും പൂർണമായും വിയോജിപ്പ്‌ പ്രകടിപ്പിക്കാതെ ക്രിയാത്മകമായി പ്രതികരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സംസ്ഥാനത്തെ വലിയ വിദ്യാഭ്യാസമാറ്റങ്ങൾക്ക് ഇത്തരം നയങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നു. 1968-ലെ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവച്ച നാഷണൽ സിസ്റ്റം ഓഫ് എഡ്യുക്കേഷൻ (10 + 2+3) പാറ്റേൺ വൈകിയാണെങ്കിലും സംസ്ഥാനത്തും ഭാഗികമായി നടപ്പാക്കേണ്ടി വന്നു. ത്രിഭാഷാ ഫോർമുലയും ഇത്തരത്തിൽ നടപ്പാക്കിയവയാണ്.


ദേശീയ വിദ്യാഭ്യാസനയങ്ങളെ വിലയിരുത്തുമ്പോൾ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങളെ വിശകലനം ചെയ്യേണ്ടിവരും. ഒന്ന്, ആ നയത്തിന്റെ രാഷ്ട്രീയ ഉള്ളടക്കമാണ്. രണ്ട്, സാങ്കേതികമായ ഉള്ളടക്കമാണ്. 2020-ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം വ്യക്തമായി വിശകലനം ചെയ്തിട്ടുണ്ട്. ആ ഉള്ളടക്കം ഹിന്ദുത്വത്തിലൂന്നിയ രാഷ്ട്രീയമാണ്. 62 പേജ്‌ മാത്രമുള്ള എൻഇപി 2020ൽ ഒളിഞ്ഞിരിക്കുന്ന വർഗീയ പ്രത്യയശാസ്ത്രത്തെ വ്യക്തമായും കൃത്യതയോടെയും കേരളം പഠിച്ചിട്ടുണ്ട്. മാത്രമല്ല, ഈ നയത്തെ അകറ്റിനിർത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളെ പഠിപ്പിച്ചിട്ടുമുണ്ട്. 


ITI Students


1968-ലും 1986-ലും രാജ്യം മുന്നോട്ടുവച്ച ദേശീയ വിദ്യാഭ്യാസനയങ്ങൾ ഭരണഘടനാ ലക്ഷ്യങ്ങളെ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, 2020-ലെ നയം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ബുദ്ധിപൂർവം ഒളിച്ചുകടത്താനുള്ള ഒന്നാക്കി. അതിനാൽത്തന്നെ ഈ നയത്തിന്റെ ഭാഗമായി രൂപപ്പെടുത്തുന്ന പാഠ്യപദ്ധതിയെയും കേരളം നിരാകരിക്കുകയാണ്. എന്നാൽ, ദേശീയ വിദ്യാഭ്യാസനയത്തിലെ അക്കാദമികമായ സാങ്കേതികഭാഗങ്ങൾ നാം സൂക്ഷ്മമായി വിലയിരുത്തി ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നത്. സ്കൂൾ ഘടനാപരമായ മാറ്റങ്ങൾ, സ്കൂൾ പ്രവേശനപ്രായം, മൂല്യനിർണയ മാറ്റങ്ങൾ, അധ്യാപകരുടെ യോഗ്യതകൾ, നാഷണൽ ക്രഡിറ്റ് ഫ്രെയിംവർക്, അപാർ ഐഡി, നാലുവർഷ സംയോജിത അധ്യാപകപരിശീലന കോഴ്സ് എന്നിവയെല്ലാംതന്നെ ഈ നയത്തിന്റെ സാങ്കേതികപരമായ അക്കാദമിക നിർദേശങ്ങളാണ്. ഇവയെല്ലാം എങ്ങനെ സ്വാധീനിക്കുമെന്ന് വിശദമായി വിലയിരുത്തിയേ തീരുമാനങ്ങളിലേക്ക്‌ പോകുകയുള്ളൂ. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസ, തൊഴിൽപരമായ ഭാവിക്ക് പ്രഥമപരിഗണന നൽകിയാകും തീരുമാനം.


ദേശീയ വിദ്യാഭ്യാസനയം 2020നെ കേരളം വിമർശിക്കുന്നതിന് മറ്റൊരു കാരണംകൂടിയുണ്ട്. അത്‌ കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിയോളം വളർന്നിട്ടില്ല എന്നതുകൊണ്ടുകൂടിയാണ്. ഈ നയരേഖ ആദ്യഭാഗത്ത് (എൻഇപി പേജ് 3 പാരഗ്രാഫ് 2ൽ) പറയുന്നതുതന്നെ ഇതിന് ഉദാഹരണമാണ്. 2030ഓടുകൂടി ഇന്ത്യയിലെ എല്ലാ കുട്ടികളെയും ഒന്നാംക്ലാസിൽ എത്തിക്കുമെന്നും ജിഇആർ 100 ശതമാനമായി മാറുമെന്നും രേഖ പ്രഖ്യാപിക്കുമ്പോൾ, നാം ഇത് 20 വർഷംമുമ്പേ നേടി. രാജ്യത്ത് 3.22 കോടി കുട്ടികൾ ഇപ്പോഴും സ്കൂളിന് പുറത്താണെന്ന് ദേശീയ വിദ്യാഭ്യാസ നയരേഖ (പേജ് 10 പാരഗ്രാഫ് 1)തന്നെ വ്യക്തമാക്കുന്നു. ഇത്തരം നിർദേശങ്ങളും പദ്ധതികളും കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിയോളം വളരാത്തതാണെന്ന് കാണാം.


പിഎം ശ്രീ പദ്ധതിയും കേരള പാഠ്യപദ്ധതിയും

ദേശീയ വിദ്യാഭ്യാസനയത്തെ മുൻനിർത്തി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പിഎം ശ്രീ. 1986-ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ആരംഭിച്ച നവോദയ വിദ്യാലയങ്ങളെ ഓർമിപ്പിക്കുംതരത്തിലാണ് ഈ പദ്ധതിയും. എന്നാൽ, ഇ‍ൗ മേഖലയിൽ വലിയ നിക്ഷേപം നടത്താൻ കേന്ദ്രത്തിന്‌ താൽപ്പര്യമില്ല എന്നതിന്റെ തെളിവുകൂടിയാണ് നിലവിലെ വിദ്യാലയങ്ങളെ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ. സംസ്ഥാന ഫണ്ടുകൊണ്ട് പടുത്തുയർത്തിയ വിദ്യാലയങ്ങളെ എളുപ്പവഴിയിൽ സ്വന്തമായി അവതരിപ്പിക്കാനുള്ള ശ്രമമാണ്‌. ഈ പദ്ധതിയെ മുന്നിൽ നിർത്തി കേന്ദ്രാവിഷ്കൃതപദ്ധതിയായ സമഗ്രശിക്ഷയുടെ 1400 കോടിയിലധികം രൂപ തടഞ്ഞുവയ്‌ക്കുമ്പോൾ, കേരളീയ പൊതുവിദ്യാഭ്യാസത്തിന് കേന്ദ്രസർക്കാർ കാണിക്കുന്ന തരംതാണ രാഷ്ട്രീയത്തിന്റെ മുന്നിലും അഭിമാനത്തോടെ ഉയർന്നുനിൽക്കാനും സംസ്ഥാനത്തെ 40 ലക്ഷത്തിലധികം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കാനും പിഎം ശ്രീ പദ്ധതിയെ പേരിനെങ്കിലും കൂടെനിർത്തി എന്നുമാത്രമേ ഉള്ളൂ.


പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രത്തിൽ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാൻ മത്സരിക്കുകയാണ് ചിലർ. അതിൽ പത്രമാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും കൂടിയുണ്ട്‌. പദ്ധതിയിൽ ഒപ്പുവച്ചാൽ പാഠ്യപദ്ധതിയെല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനൽകുന്നത്‌ നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമാണ്. സംസ്ഥാനങ്ങൾക്ക് അവരുടെ കരിക്കുലം തുടരാമെന്ന കാര്യം ദേശീയ വിദ്യാഭ്യാസനയംതന്നെ വ്യക്തമാക്കിയിട്ടുണ്ട് (പേജ് 17 പാരഗ്രാഫ് 3).  മാത്രവുമല്ല, രാജ്യത്ത്‌ സംഭവിക്കുന്ന മാറ്റങ്ങൾക്ക്‌ അനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിച്ച ഏകസംസ്ഥാനവും കേരളമാണ്. ഹയർ സെക്കൻഡറി വിദ്യാഭ്യാസം ആരംഭിച്ചശേഷം എൻസിഇആർടി പുസ്തകങ്ങളും എസ്‌സിഇആർടി പുസ്തകങ്ങളും ചേർത്തുനിർത്തിയാണ് പാഠ്യപദ്ധതി രൂപീകരിച്ചിട്ടുള്ളത്. അക്കാദമികപരമായി ഏതു പുസ്തകം സ്വീകരിച്ചാലും അതിലെ ഏതു പാഠം പഠിപ്പിക്കണം, പഠിപ്പിക്കരുത് എന്നു തീരുമാനിക്കാനുള്ള പരമാധികാരം സംസ്ഥാനങ്ങൾക്കുണ്ട്. അതുകൊണ്ടാണ് എൻസിഇ‍ആർടി രാഷ്ട്രീയതാൽപ്പര്യം മുൻനിർത്തി പാഠഭാഗങ്ങൾ വെട്ടിമാറ്റിയപ്പോൾ കേരളം അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കുകയും പഠിപ്പിക്കുകയും ചെയ്തത്. ഇതിലും തൃപ്തിയില്ലാത്തവർ പിഎം ശ്രീ നടപ്പാക്കിയ സംസ്ഥാനങ്ങളിൽ നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്. എതിർക്കുന്ന ചില ദേശീയപാർടികൾക്ക് ഈ വിവരങ്ങൾ വേഗത്തിൽ ശേഖരിച്ച് ജനങ്ങളെ അറിയിക്കാനും കഴിയും.​


എന്തുകൊണ്ട് 
ഇപ്പോൾ ഒപ്പുവച്ചു

കേന്ദ്രാവിഷ്കൃതപദ്ധതികൾ നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടെ നികുതിപ്പണംകൂടി ഉപയോഗപ്പെടുത്തിയാണ്. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന ഫെഡറൽ തത്വങ്ങളിൽ വിശ്വസിക്കുന്ന കേരളം പദ്ധതികളെ നിരാകരിക്കുന്നത് ജനദ്രോഹപരമായ നിലപാടുകളായി മാറ്റുകയും ചെയ്യും. സമഗ്രശിക്ഷാ, പിഎം പോഷൺ സ്റ്റാർസ്, ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം എന്നിവയും ഉന്നതവിദ്യാഭ്യാസമേഖലയിലെ പിഎം ഉഷയും ഇതിനകംതന്നെ നാം നടപ്പാക്കിവരുന്നു. ഈ പദ്ധതികളെയെല്ലാം കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെടുത്തിയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. 2022 മുതൽ സമഗ്രശിക്ഷാ പദ്ധതിയെ ദേശീയ വിദ്യാഭ്യാസനയം 2020-ലെ 86 നിർദേശങ്ങളുമായി ബന്ധപ്പെടുത്തി പുനക്രമീകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളം തനതുപദ്ധതികൾ നടപ്പാക്കി. പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ അനുഭവങ്ങളും നിരന്തരമായ ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ വകുപ്പ് തീരുമാനിച്ചത്. 


2009-ലെ വിദ്യാഭ്യാസ അവകാശനിയമപ്രകാരം കുട്ടിയുടെ മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തങ്ങൾക്ക് എന്തുകൊണ്ട് നിഷേധിക്കുന്നു എന്ന കുട്ടികളുടെ ചോദ്യങ്ങൾക്ക് ഭരണകൂടം മറുപടി നൽകേണ്ടതായുണ്ട്. പദ്ധതിയെ എതിർക്കുന്നവരുടെ വാദങ്ങൾപോലെതന്നെ കുട്ടികളുടെ ഈ ചോദ്യങ്ങളും പ്രസക്തമാണ്. വിദ്യാഭ്യാസ അവകാശനിയമം ഉറപ്പുനൽകുന്ന ഗുണമേന്മാ വിദ്യാഭ്യാസ ആവശ്യങ്ങൾ എട്ടാംക്ലാസ് വരെ സൗജന്യ പാഠപുസ്തകങ്ങൾ, യൂണിഫോമുകൾ, ഭിന്നശേഷിക്കുട്ടികളുടെ പഠനം, ട്രൈബൽ–തീരദേശ മേഖലയിലെ കുട്ടികളുടെ പ്രത്യേക വിദ്യാഭ്യാസ പദ്ധതികൾ, അധ്യാപകപരിശീലനങ്ങളുടെ പരീക്ഷകളും എല്ലാംതന്നെ അടിയന്തരപ്രാധാന്യത്തോടെ തുടർന്നും നടപ്പാക്കേണ്ടവയാണ്. എല്ലാം പഠിച്ചശേഷമാണ് കേരളം അന്തിമതീരുമാനത്തിലേക്ക് എത്തിയത്.


അചഞ്ചലമായ നിലപാടുകൾ

കേരളത്തിന്റെ പൊതു വിദ്യാഭ്യാസമേഖല ലോകത്തിനുമുന്നിൽ തല ഉയർത്തി നിൽക്കുന്നതിന് അനേകം മനുഷ്യരുടെ ബുദ്ധിയും പ്രയത്നവുമുണ്ട്. അത് സങ്കുചിതതാൽപ്പര്യങ്ങൾക്കുമുമ്പിൽ അടിയറവയ്‌ക്കാൻ ഒരുക്കമല്ല. നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രത്യേകതതന്നെ മതനിരപേക്ഷമായ ഉള്ളടക്കമാണ്. ഇതിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്ന ഭൂരിപക്ഷ–ന്യൂനപക്ഷ വർഗീയശക്തികളെ മുഖംനോക്കാതെ എതിർക്കുക എന്ന നയം നടപ്പാക്കിവരുന്നു. വർഗീയതയ്ക്കുമുന്നിൽ മുട്ടുമടക്കാതെ മതനിരപേക്ഷമായ പരിസരം കാത്തുസൂക്ഷിക്കണമെന്ന ഇടതുപക്ഷപാഠം പ്രവർത്തനത്തിലൂടെ തെളിയിക്കാൻ ഏവരും ബാധ്യസ്ഥരാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പ് കുട്ടികൾക്കുള്ളതാണ്, അവരുടെ വിദ്യാഭ്യാസത്തിനാണ്. അതിലൂടെ ആരോഗ്യകരമായ,- സാംസ്കാരികസമ്പന്നമായ സമൂഹത്തെ വളർത്താനാണ്.  കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വകുപ്പ് തുടർന്നും ധീരമായ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകും.



deshabhimani section

Dont Miss it

Recommended for you

Home