എൻ എസ് : അതുല്യ വിപ്ലവകാരി


എം വി ഗോവിന്ദന്‍
Published on Feb 16, 2026, 10:50 PM | 2 min read
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ അതുല്യസംഘാടകരിൽ ഒരാളായ സഖാവ് എൻ ശ്രീധരൻ ഓർമയായിട്ട് 40 വർഷമായി. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണം ചിറ്റാറിൽ സൃഷ്ടിച്ച പൊലീസ്–-ഗുണ്ടാ തേർവാഴ്ചയ്‌ക്കെതിരായ പോരാട്ടം നയിച്ച് മടങ്ങുമ്പോൾ വാഹനാപകടത്തിലാണ് 57–-ാംവയസ്സിൽ അദ്ദേഹം വേർപിരിഞ്ഞത്. എൻ എസിന്റെ സ്മരണ വർത്തമാനകാലത്തെ വിപ്ലവപ്രവർത്തനത്തിന് വീര്യവും ആശയദൃഢതയും പ്രദാനം ചെയ്യുന്നതാണ്.
മധ്യതിരുവിതാംകൂറിലെ നാട്ടുന്പുറത്തെ ഒരു കേവുവള്ളക്കാരന്റെ മകനായി പിറന്ന് നാവികത്തൊഴിലാളിയും ബീഡിത്തൊഴിലാളിയുമായി ജീവിതം തുടങ്ങിയ ഒരാൾ, അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ആലപ്പുഴ ജില്ലാ ആക്ടിങ് സെക്രട്ടറിയായി. പിന്നീട് സിപിഐ എമ്മിന്റെ ആലപ്പുഴ, കൊല്ലം ജില്ലാ സെക്രട്ടറിയായി. പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെയാണ് മരണം. സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം, പുന്നപ്ര–വയലാർ സമരവേളയിൽ വള്ളിക്കാവിലെ ബീഡിത്തൊഴിലാളി ഓഫീസിനുമുന്നിൽ "ദിവാൻ ഭരണം അറബിക്കടലിൽ' എന്ന ബോർഡ് വച്ച് പൊലീസിനെ വെല്ലുവിളിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായത്.അദ്ദേഹം ക്രൂരമായ പൊലീസ് ലോക്കപ്പ് മർദനങ്ങൾക്ക് ഇരയായിട്ടുണ്ട്.
ഏത് ദുരിത–പീഡന കാലങ്ങളിലും ചെങ്കൊടി ഉയരെപ്പാറിക്കാനുള്ള നിശ്ചയദാർഢ്യം സഖാവിനുണ്ടായിരുന്നു. എങ്ങനെ ഒരു നല്ല കമ്യൂണിസ്റ്റാകാമെന്നതിന് ചൂണ്ടിക്കാണിക്കാനുള്ള അനേകം പേരുകളിൽ പ്രധാനപ്പെട്ട ഒന്നാണ് എൻ എസിന്റേത്. നല്ല കമ്യൂണിസ്റ്റാകാൻവേണ്ട പ്രധാന ഗുണങ്ങളിൽ സത്യസന്ധതയും മര്യാദയുമുള്ള പ്രവർത്തനം, സോഷ്യലിസ്റ്റ് വ്യവസ്ഥയ്‌ക്കുവേണ്ടിയും സോഷ്യലിസ്റ്റ് ആശയത്തിനുവേണ്ടിയുമുള്ള പോരാട്ടം, രാഷ്ട്രീയത്തെ സംബന്ധിച്ച ജ്ഞാനം വളർത്തൽ എന്നിവ ഉൾപ്പെടുന്നു. ഈ കാര്യങ്ങൾ നിർവഹിച്ച് ജനങ്ങളുടെ സ്നേഹവും ആദരവും ആർജിക്കാൻ കഴിഞ്ഞതുകൊണ്ടാണ് എൻ ശ്രീധരൻ എന്ന കമ്യൂണിസ്റ്റ് എൻ എസ് എന്ന രണ്ടക്ഷരത്തിൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത്.
അഴിമതിരഹിത പൊതുപ്രവർത്തനം, സദാചാരനിഷ്ഠ, പ്രസ്ഥാനത്തെ താറടിക്കുന്നതിനെതിരായ നെഞ്ചുറപ്പോടെയുള്ള പ്രവർത്തനം എന്നിവയിൽ എൻ എസ് ശ്രദ്ധയൂന്നി. തെറ്റ് ചെയ്യുന്നവരെ തിരുത്തി നല്ല കേഡർമാരാക്കാൻ അവസരം നൽകുന്നതിന് ശ്രദ്ധിച്ചു. കേഡർമാരെ നഷ്ടപ്പെടുത്താതിരിക്കാൻ ജാഗ്രത കാട്ടി
പഞ്ചായത്ത് പ്രസിഡന്റോ എംഎൽഎയോ മന്ത്രിയോ ഒന്നും അദ്ദേഹം ആയിട്ടില്ലായിരുന്നു. പാർലമെന്ററി പ്രവർത്തനവും പാർലമെന്റ് ഇതര പ്രവർത്തനവും ഒരുപോലെ പ്രാധാന്യമുള്ളതാണെന്നും പാർലമെന്ററി വ്യാമോഹത്തിന് അടിമപ്പെടാതിരിക്കലാണ് കമ്യൂണിസ്റ്റ് ബോധമെന്നും സ്വന്തം പാർടി ജീവിതശൈലിയിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തി. അഴിമതിരഹിത പൊതുപ്രവർത്തനം, സദാചാരനിഷ്ഠ, പ്രസ്ഥാനത്തെ താറടിക്കുന്നതിനെതിരായ നെഞ്ചുറപ്പോടെയുള്ള പ്രവർത്തനം എന്നിവയിൽ എൻ എസ് ശ്രദ്ധയൂന്നി. തെറ്റ് ചെയ്യുന്നവരെ തിരുത്തി നല്ല കേഡർമാരാക്കാൻ അവസരം നൽകുന്നതിന് ശ്രദ്ധിച്ചു. കേഡർമാരെ നഷ്ടപ്പെടുത്താതിരിക്കാൻ ജാഗ്രത കാട്ടി.
എൻ എസ് അടക്കമുള്ള നേതാക്കൾ നയിച്ച കമ്യൂണിസ്റ്റ് പാർടിയുടെ കായംകുളം ഡിവിഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കു മധ്യേയാണ് 1949ൽ ശൂരനാട് കലാപം ഉണ്ടായത്. ആ കലാപത്തിനുമുമ്പ് കാളയ്ക്കു പകരം നുകത്തിൽ കർഷകത്തൊഴിലാളിയെ കെട്ടി തെന്നല ജന്മി നിലം ഉഴുവിച്ചു. എന്നാൽ, ശൂരനാട് കലാപത്തിനുശേഷം ഈ സംസ്ഥാനത്തെ ഒരു ജന്മിക്കും അത്തരം ക്രൂരത ചെയ്യാൻ കഴിയാതെവന്നു. ‘പാളേൽ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന് വിളിപ്പിക്കും’ എന്ന് കുട്ടനാട്ടെ ജന്മിമാർ ശഠിച്ചപ്പോൾ ‘പാളേൽ കഞ്ഞി കുടിക്കില്ല, തമ്പ്രാനെന്ന് വിളിക്കില്ല’ എന്ന് കർഷകത്തൊഴിലാളികളെക്കൊണ്ട് ഉറക്കെ വിളിപ്പിച്ചു. ഈ വിപ്ലവമുന്നേറ്റത്തിന്റെ ഭാഗമായിട്ടായിരുന്നു മിച്ചഭൂമി പിടിച്ചെടുക്കൽ സമരം നടന്നത്. അതിനുവേണ്ടി ആലപ്പുഴയിൽ നടത്തിയ അറവുകാട് സമരപ്രഖ്യാപനസമരത്തിന്റെയും പ്രധാന സംഘാടകരിൽ പ്രമുഖനായിരുന്നു എൻ എസ്.
കേരളത്തെ ആത്മാഭിമാനമുള്ള മനുഷ്യരുടേതാക്കി മാറ്റിത്തീർത്തതിൽ പങ്കുള്ള നേതാക്കളിലൊരാളാണ് എൻ എസ്. സിപിഐ എമ്മിനെയും ഇടതുപക്ഷപ്രസ്ഥാനത്തെയും കൂടുതൽ ശക്‌തമാക്കാനുള്ള പോരാട്ടങ്ങൾക്ക് എൻ എസിന്റെ സ്മരണ കരുത്തുപകരും.















