ലീഗിനെപ്പറ്റി ഒരക്ഷരം മിണ്ടാമോ


ശ്രീകുമാർ ശേഖർ
Published on Feb 12, 2026, 10:51 PM | 3 min read
‘‘അതോടെ (വിഭജനത്തോടെ) മുസ്ലീംലീഗ് പാകിസ്ഥാനിലേക്കു നാടുകടന്നുവെങ്കിലും അതിന്റെ വാലിന്റെ ഒരു കഷ്ണം മലബാറിലുണ്ട്. അതിപ്പോഴും ഐക്യത്തെ ഭഞ്ജിക്കുന്ന ഒരു കക്ഷിയായി ഇവിടെ പ്രവർത്തിക്കുന്നു. ആ വർഗീയസംഘടനയുടെ രാഷ്ട്രീയപ്രവർത്തനം തടയുന്നത് നാട്ടിന്റെ ഐക്യം ദൃഢമാക്കാനാവശ്യമാണ്’’‐ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ഇപ്പോഴത്തെ രീതിവച്ചിട്ട് ഈ വാചകങ്ങൾ പറഞ്ഞയാളെ ലീഗ് എന്തൊക്കെ പേരിട്ടുവിളിക്കും?
1957 ഫെബ്രുവരി 25ന് കോഴിക്കോട് വെസ്റ്റ്‌ഹിൽ മൈതാനിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എക്കാലത്തെയും സമുന്നതനേതാവും ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ജവാഹർലാൽ നെഹ്റു നടത്തിയ പ്രസംഗത്തിൽനിന്നാണ് ഈ വരികൾ. ഫെബ്രുവരി 26-ന്റെ ‘മാതൃഭൂമി’യുടെ മുഖപ്രസംഗത്തിൽ ഈ വരികൾ കൊടുത്തശേഷം ‘എന്ന് ജവാഹർലാൽ നെഹ്റു, യുക്തിയുക്തമായി, ദേശാഭിമാനം ദ്യോതിപ്പിക്കുന്ന ഹൃദയസ്‌പൃക്കായ ഭാഷയിൽ, കേരളീയരെ ഉൽബോധിപ്പിച്ചു’ എന്നാണ് പത്രം എഴുതിയത്. തീർന്നില്ല; ‘അതുകൊണ്ട് മുസ്ലീംലീഗിനെ ഒറ്റപ്പെടുത്തി രാഷ്ട്രീയരംഗത്തുനിന്നു പിന്മാറ്റുന്നതാണ് പരക്കെ തങ്ങളുടെ താൽപ്പര്യത്തിനു ചേർന്നത് എന്ന് കണ്ട് എല്ലാ മുസ്ലീങ്ങളും അതിനു ശ്രമിക്കേണ്ടിയിരിക്കുന്നു.’ എന്നുകൂടി നെഹ്റു പറഞ്ഞതായും മാതൃഭൂമി കൂട്ടിച്ചേർക്കുന്നു.
നെഹ്റു ലീഗിനെ ‘ചത്ത കുതിര’ എന്നു വിളിച്ചതായി പലപ്പോഴും പറയാറുണ്ട്. ആ വിളിയൊക്കെ ചെറുത്. 1955ൽ കേരളത്തിൽ വന്നപ്പോൾത്തന്നെ ‘ചത്ത കുതിരയെ എന്തിനു തല്ലണം?’ എന്നു നെഹ്റു ചോദിച്ചിരുന്നു. എന്നാൽ, 1957ലെ വിമർശം അതിരൂക്ഷമായിരുന്നു. എറണാകുളംമുതൽ കാഞ്ഞങ്ങാടുവരെ നടത്തിയ പ്രസംഗങ്ങൾ പലതിന്റെയും പൂർണരൂപം മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. പ്രസംഗത്തിലെ ലീഗ് വിരുദ്ധ പരാമർശങ്ങൾ മുഖപ്രസംഗത്തിൽ എടുത്തെഴുതുകയായിരുന്നു.

മുസ്ലിംലീഗിനെതിരെ ജവാഹർലാൽ നെഹ്‌റു ഉയർത്തിയ വിമർശങ്ങൾ പരാമർശിച്ച് 1957 ഫെബ്രുവരി 26ന് മാതൃഭൂമി പ്രസിദ്ധീകരിച്ച മുഖപ്രസംഗം
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ജനപ്രാതിനിധ്യനിയമപ്രകാരം രജിസ്റ്റർ ചെയ്ത രാഷ്ട്രീയപാർടിയാണ്. ഇപ്പോൾ യുഡിഎഫ് മുന്നണിയിലാണ്. മുമ്പ് ഇടതുപക്ഷത്തിനൊപ്പവും കൂടിയിട്ടുണ്ട്. ഒരു രാഷ്ട്രീയപാർടി എന്ന നിലയിൽ ലീഗ് എന്നും വിമർശങ്ങൾ നേരിട്ടിട്ടുണ്ട്. മറ്റേതു പാർടിയെയുംപോലെ അവർ മറുപടിയും നൽകിയിട്ടുണ്ട്. ഇതെല്ലാം ഭൂതകാലം.
ഇപ്പോൾ ലീഗ് വല്ലാതെ മാറുകയാണ്. നേതാക്കളുടെ പ്രസംഗങ്ങളിൽ രാഷ്ട്രീയമില്ല. മതംമാത്രം നിറയുന്നു. ഹിന്ദുത്വഭീകരർ രാജ്യഭരണം കൈയാളുമ്പോൾ, അടിച്ചമർത്തൽ നേരിടുന്ന മുസ്ലിം ജനസാമാന്യത്തിന്റെ ബേജാറുകൾ ലീഗ് പങ്കുവച്ചാൽ അത് മനസ്സിലാക്കാം. അതിനെ രാഷ്ട്രീയത്തിലെ മതപ്രയോഗമായി ആരും മുദ്രകുത്തില്ല.
എന്നാൽ, അതാണോ ലീഗ് ഇന്ന് ചെയ്യുന്നത്? രാഷ്ട്രീയ ആരോപണങ്ങൾ നേരിടേണ്ടി വരുമ്പോൾ ലീഗ് ഇന്ന് മതത്തെ കവചമാക്കുന്നു. വിമർശം ഉന്നയിക്കുന്നവരെയെല്ലാം മുസ്ലിംവിരുദ്ധരായും ഇസ്ലാമോഫോബിക്കായും മുദ്രകുത്തുന്നു. ലീഗ് പ്രസിഡന്റിനെ ആരെങ്കിലും പരാമർശിച്ചാൽ മതമേധാവിയെ തൊട്ടമട്ടിൽ ലീഗ് ചീറുന്നു. പാണക്കാട് തങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ രാഷ്ട്രീയനേതാവായല്ലേ കാണാനാകൂ. മതോപദേശം നൽകുമ്പോൾ മതനേതാവായി പരിഗണിക്കാം. അതല്ലേ ശരി?
‘മതമാണ്, മതമാണ്, മതം മാത്രമാണ് പ്രശ്‌നം’ എന്നു ജപിക്കുന്നവരും എതിർ രാഷ്ട്രീയം ഉയർത്തുന്നവരെയെല്ലാം കാത്തിരിക്കുന്നത് നരകമെന്ന് ശപിക്കുന്നവരുമായ നേതാക്കൾ ലീഗിൽ കൂടിവരുന്നു. മതത്തെ തകർക്കാൻ ശ്രമിക്കുന്ന ‘കമ്യൂണിസ്റ്റ് ഭൂത’ങ്ങളെപ്പറ്റി മുസ്ലിംവീടുകൾ കയറിയിറങ്ങി ലീഗ് അപസർപ്പകകഥകൾ പ്രചരിപ്പിക്കുന്നു.
ഒരു പാടത്ത് വിത്തുവിതയ്ക്കാൻ ഒരാൾ മതി; അത് അന്തകവിത്തായാലും വിഷവിത്തായാലും. നിങ്ങൾ അവരാകാനാണ് തുനിയുന്നത്. അങ്ങനെ വന്നാൽ പിന്നെ അവരേ ഉണ്ടാകൂ. പത്തുകൊല്ലത്തെ ഭരണമില്ലായ്‌മ നിങ്ങളെ കടുത്ത ‘വരൾച്ച’യിലാക്കിയിട്ടുണ്ടാകും. അത് മറികടക്കാമെന്ന പ്രതീക്ഷയിൽ ഇപ്പോൾ ഈ ചെയ്യുന്നത് ആത്മഹത്യയാകും
നിങ്ങൾ ഇങ്ങനെ മാറിയത് എങ്ങനെയെന്ന് ഈ നാടിനറിയാം. നിങ്ങളിപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ പിടിയിലാണ്. അവർ നിങ്ങളെ വിഴുങ്ങാൻ വയറൊരുക്കുകയാണ്. അവരുടെ ലക്ഷ്യം മതരാജ്യമാണ്. ജമാഅത്തെ ഇസ്ലാമി വയ്‌ക്കുന്ന ഓരോ ചുവടും കരുത്തുപകരുന്നത് അധികാരം കൈയാളിയിട്ടുള്ള ഹിന്ദുത്വശക്തികൾക്കാണ്. ലീഗിനെ ചൂണ്ടിക്കാട്ടി മുസ്ലിംവിരുദ്ധത വിതയ്ക്കുന്നതിലും പലമടങ്ങ് എളുപ്പമാണ് അവർക്ക് ജമാഅത്തെ ഇസ്ലാമിയെ തൊട്ടുകാട്ടി ഇസ്ലാംവിരുദ്ധത വളർത്താൻ. നിങ്ങളുടെ ഈ കൂട്ടുകെട്ടിൽ അവരാണ് ആഹ്ലാദിക്കുന്നത്. ‘ജമാഅത്തെ ഇസ്ലാമിയും അവരുടെ വെൽഫെയർ പാർടിയും ചെറുതല്ലേ, ഞങ്ങൾ നൂറ്റാണ്ട് തികച്ച പാർടിയല്ലേ’ എന്നൊക്കെ നിങ്ങൾ കരുതുന്നുണ്ടാകും. പക്ഷേ, അവർ നിങ്ങളെപ്പോലെയല്ല. തൊഴിലാളിക്ക് ശമ്പളം കൊടുക്കുന്നില്ലെങ്കിലും നിങ്ങളുടേതിനേക്കാൾ പ്രചാരമുള്ള ഒരു പത്രം അവർക്കുണ്ട്. അതിനേക്കാൾ വലിയ ചാനലുണ്ട്. ആ ചാനൽ സ്റ്റുഡിയോയിൽ ഒറ്റ ബൾബ് വെളിച്ചത്തിൽ വർഗീയ വിഷപ്പുകയുടെ വലയങ്ങൾ ഊതിവിടാൻ വിദഗ്ധരായ ദാവൂദുമാരുണ്ട്. നാട്ടുകാർക്കിടയിൽ നുണ വിതരണംചെയ്യാനുള്ള സംഘടനാസംവിധാനമുണ്ട്. ഒരു പാടത്ത് വിത്തുവിതയ്ക്കാൻ ഒരാൾ മതി; അത് അന്തകവിത്തായാലും വിഷവിത്തായാലും. നിങ്ങൾ അവരാകാനാണ് തുനിയുന്നത്. അങ്ങനെ വന്നാൽ പിന്നെ അവരേ ഉണ്ടാകൂ. പത്തുകൊല്ലത്തെ ഭരണമില്ലായ്‌മ നിങ്ങളെ കടുത്ത ‘വരൾച്ച’യിലാക്കിയിട്ടുണ്ടാകും. അത് മറികടക്കാമെന്ന പ്രതീക്ഷയിൽ ഇപ്പോൾ ഈ ചെയ്യുന്നത് ആത്മഹത്യയാകും. സമസ്‌ത അടക്കമുള്ളവർ നൽകുന്ന മുന്നറിയിപ്പും ഇതുതന്നെയാണ്.
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും ജമാഅത്തെ -ഇസ്ലാമിയും എസ്‌ഡിപിഐയും പോലെയുള്ള മുസ്ലിം മതമൗലിക -തീവ്രവാദസംഘടനകളുമായി സഖ്യം അപകടകരമാണെന്ന് മധുരയിൽ ചേർന്ന സിപിഐ എം പാർടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു
നെഹ്റുവിന്റെ 1957ലെ ലീഗ് വിമർശം അതേപടി കമ്യൂണിസ്റ്റുകാർ അംഗീകരിച്ചിരുന്നില്ല. പക്ഷേ, ജമാഅത്തെ ഇസ്ലാമിയുമായിക്കൂടി ബന്ധം സ്ഥാപിച്ച് ആ വിമർശങ്ങൾ പൂർണമായും ബാധകമാകുംവിധമല്ലേ നിങ്ങൾ ഇന്ന് നീങ്ങുന്നത്? ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും ജമാഅത്തെ -ഇസ്ലാമിയും എസ്‌ഡിപിഐയും പോലെയുള്ള മുസ്ലിം മതമൗലിക -തീവ്രവാദസംഘടനകളുമായി സഖ്യം അപകടകരമാണെന്ന് മധുരയിൽ ചേർന്ന സിപിഐ എം പാർടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ‘മുസ്ലീം മതമൗലിക-തീവ്രവാദ സംഘടനകൾ മുസ്ലീം ജനവിഭാഗത്തിനിടയിൽ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള പ്രവർത്തനം നടത്തിവരികയാണ്. ഹിന്ദുത്വശക്തികളുടെ നിരന്തരമായ ആക്രമണങ്ങൾക്ക് വിധേയരാകുന്ന ന്യൂനപക്ഷ സമുദായത്തിന്റെ അന്യവൽക്കരണവും ഭീതിയും ഇത്തരം പാർടികൾ മുതലെടുക്കാൻ ശ്രമിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ ശക്തികൾ ന്യൂനപക്ഷാവകാശങ്ങളെ സുദൃഢമായി സംരക്ഷിക്കുകയും മതമൗലികശക്തികളെ നേരിട്ടുകൊണ്ട് ന്യൂനപക്ഷങ്ങളെ മതനിരപേക്ഷവേദിയിലേക്ക് കൊണ്ടുവരികയും ചെയ്യേണ്ടതാണ്’ എന്നും പ്രമേയം പറയുന്നുണ്ട്.
കമ്യൂണിസ്റ്റുകാർ ആ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട്. ഗോമാംസം തിരഞ്ഞ് സംഘപരിവാറിന്റെ ശൂലധാരികൾ മുസ്ലിംവീടുകൾ കയറുമ്പോൾ, പള്ളികൾക്കുനേരെ പിക്കാസുകൾ ഉയരുമ്പോൾ, ന്യൂനപക്ഷങ്ങളുടെ കുടിലുകൾക്കുനേരെ ബുൾഡോസർ ഉരുളുമ്പോൾ മുന്നിൽ വിരൽചൂണ്ടി ചെറുക്കാൻ ഒറ്റയ്ക്കായാൽപ്പോലും കമ്യൂണിസ്റ്റുകാരുണ്ട്. ഒറ്റരാത്രികൊണ്ട് ‘ധാരാവികൾ ഒഴിപ്പിച്ച്’ സർക്കാരുകൾ തെരുവിലിറക്കുന്നവരെ ചേർത്തുനിർത്താനും അവരുണ്ട്. അതാണ് അവരുടെ രാഷ്ട്രീയശരിയെന്ന് അവർക്ക് ഉത്തമബോധ്യമുണ്ട്. ഇസ്ലാം മതരാജ്യവാദികളായ പുതിയ ചങ്ങാതിമാരേക്കാൾ മതവാദികളാകാനുള്ള ശ്രമത്തിൽ, കമ്യൂണിസ്റ്റുകാരെ മുസ്ലിംവിരുദ്ധരാക്കാനിറങ്ങുമ്പോൾ ഇതൊക്കെക്കൂടി ഓർക്കുക.










