വെമ്പായത്ത് ബാറിൽ സംഘർഷം; 4 പേർക്ക് പൊള്ളലേറ്റു

വെഞ്ഞാറമൂട്
വെമ്പായത്തെ ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാക്കളെ തീകൊളുത്തിക്കൊല്ലാൻ ശ്രമം. അപകടത്തിൽ ഇരിഞ്ചയം സ്വദേശി അരുൺ, തേക്കട സ്വദേശി നൗഫൽ, വെമ്പായം സ്വദേശി റിയാസ്, നന്നാട്ടുക്കാവ് സ്വദേശി അനീഷ് എന്നിവർക്ക് പൊള്ളലേറ്റു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ– അരുൺ, നൗഫൽ, റിയാസ് എന്നിവർ ബാറിൽ മദ്യപിക്കാനെത്തി. തൊട്ടടുത്ത ടേബിളിൽ ഒറ്റയ്ക്കിരുന്ന് മദ്യപിക്കുകയായിരുന്നു അനീഷ്. മൂവർസംഘം ഇയാളെ കളിയാക്കി. ഇത് വാക്കേറ്റത്തിനും കൈയാങ്കളിക്കും കാരണമായി. പിന്നീട് അനീഷ് ബില്ലടച്ചശേഷം പുറത്തേക്ക് പോയി സമീപത്തെ പെട്രോൾ പമ്പിൽനിന്ന് കന്നാസിൽ പെട്രോൾ വാങ്ങി തിരിച്ചെത്തി മൂവർ സംഘത്തിന്റെ ദേഹത്തൊഴിച്ച് തീയിടുകയുമായിരുന്നു. തീ പടർന്നതോടെ അനീഷിനും ഗുരുതര പൊള്ളലേറ്റു.ബാറിലുണ്ടായ മറ്റ് ചിലർക്കും പൊള്ളലേറ്റതായി പറയപ്പെടുന്നുണ്ട്. പരിക്കേറ്റ മൂന്നുപേരെ ആദ്യം കന്യാകുളങ്ങര സിഎച്ച്സിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പൊള്ളലേറ്റ അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തീപിടിത്തത്തിൽ എസി ബാറിലെ ഉപകരണങ്ങളും കത്തിനശിച്ചു.










0 comments