ad
Deshabhimani

പരസ്യം കണ്ട് എത്തി പരിശീലകനായി, വഴിവെട്ടിത്തെളിച്ച 'ആശാൻ'; പക്കാ പ്രൊഫഷണൽ

Luis de la Fuente

ലൂയിസ്‌ ഡാ ലെ ഫുയന്റെ | Photo Credit: X/SEFutbol

വെബ് ഡെസ്ക്

Published on Jul 20, 2026, 05:41 PM | 2 min read

ന്യൂയോർക്ക്: "ഇങ്ങനെയൊന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല, അതത് നിമിഷങ്ങളിലെ സന്തോഷം മാത്രമാണ് ഞാൻ എപ്പോഴും ആഗ്രഹിച്ചത്. തിരിഞ്ഞുനോക്കുമ്പോൾ, ഈ കളിക്കാരില്ലാതെ എനിക്ക് ഒന്നും നേടാനാകുമായിരുന്നില്ല. ഈ മികച്ച പ്രതിഭകളോടൊപ്പമുള്ള യാത്ര, സ്പാനിഷ് ഫുട്ബോൾ താരങ്ങൾ മത്സരിക്കുന്ന രീതി... ഈ കളിക്കാർ അദ്ഭുതപ്പെടുത്തുന്നവരാണ്."- വമ്പന്മാരായ അർജന്റീനയെ മുട്ടുകുത്തിച്ച്, ലോകകപ്പ് ഫുട്ബോൾ കിരീടം ചൂടിയതിന് പിന്നാലെ സ്പെയ്ൻ പരിശീലകൻ ലൂയിസ്‌ ഡാ ലെ ഫുയന്റെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. അമിതമായ അവകാശവാദമോ, അത്യാഹ്ലാദമോ ഇല്ല. ഏറ്റെടുത്ത പണി കൃത്യമായി ചെയ്യുന്ന പക്കാ പ്രൊഫഷണൽ ആണ് ചെമ്പടയുടെ ആശാൻ.


16 വർഷങ്ങൾക്കുശേഷം രണ്ടാം ലോകകിരീടമെന്ന ദൗത്യം നിറവേറ്റുമെന്ന നെഞ്ചുറപ്പോടെ തന്നെയായിരുന്നു ഫുയന്റെയുടെ പോരാളികളുടെ വരവ്. അജയ്യരെന്ന് പേരുകേട്ട ഫ്രാൻസിന്റെ ആക്രമണനിരയെ ഒരുതുള്ളി ചോരപൊടിയാതെ, സെമിഫൈനലിൽ നിഷ്പ്രയാസം മുനിയൊടിച്ചുവിട്ടു. അർജന്റീനയുടെ വൻമതിലിനെ ഒറ്റഗോൾ കൊണ്ട്‌ തച്ചുതകർത്താണ് വിശ്വലോകകപ്പ് കിരീടത്തിൽ സ്പെയ്ൻ മുത്തമിട്ടത്.

തോൽവിയറിയാതെ 38 മത്സരങ്ങളും പൂർത്തിയാക്കി. ടൂർണമെന്റിലാകെ ഒരേയൊരു ​ഗോളാണ് സ്പെയ്ൻ വഴങ്ങിയത്, ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബെൽജിയത്തിനെതിരെ.





ഫുയന്റെ പകരുന്ന തന്ത്രങ്ങൾ പട്ടാളച്ചിട്ടയോടെ അതേപടി പകർത്തിയാണ് സ്പെയ്ന്റെ കുതിപ്പ്. വ്യക്തമായ പദ്ധതിയും കളിശൈലിയുമുണ്ട്. ഓരോ നീക്കത്തിന് പിന്നിലും ഉറച്ച കണക്കുണ്ടായിരുന്നു. പ്രതിരോധത്തിൽ വിട്ടുവീഴ്ച ഉണ്ടായതേയില്ല. പന്ത് എതിർ കാലിലായാൽ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചെടുക്കും. മധ്യനിരയിലൂന്നി ആക്രമണം നെയ്യും. അടിമുടി യൂറോപ്യൻ പ്രൊഫഷണലിസം.


അലാവെസ്‌ ക്ലബ്ബിൽനിന്ന്‌ പുറത്തായശേഷം ലൂയിസ്‌ ഡാ ലെ ഫുയന്റെയ്‌ക്ക്‌ ഒരു വർഷത്തോളം മറ്റ്‌ ടീമുകളൊന്നുമുണ്ടായിരുന്നില്ല. സ്‌പാനിഷ്‌ ഫുട്‌ബോൾ ഫെഡറേഷന്റെ പരസ്യം കണ്ടാണ്‌ അണ്ടർ 19 ടീമിന്റ പരിശീലകനാകാൻ എത്തിയത്‌. താൽക്കാലിക അടിസ്ഥാനത്തിലായിരുന്നു നിയമനം. സ്‌പാനിഷ്‌ ഫുട്‌ബോളിലെ ചരിത്ര തീരുമാനമായി അതുമാറി.





2010ലെ സുവർണനിരയ്‌ക്കുശേഷം സ്‌പെയ്‌ൻ വീണ്ടും ലോകവേദിയിൽ തിളങ്ങുമ്പോൾ ഫുയന്റെയെന്ന അറുപത്തഞ്ചുകാരനാണ്‌ ഉ‍ൗർജം. ടീമിലെ ഓരോ കളിക്കാരനോടും ഹൃദയം കൊണ്ടാണ്‌ സംസാരിക്കുക. കോച്ച്‌–കളിക്കാർ എന്ന വേർതിരിവില്ല. ഇ‍ൗ ഇഴയടുപ്പമാണ്‌ സ്‌പാനിഷ്‌ ടീമിന്റെ ശക്തി. അണ്ടർ 19 ടീം മുതൽ ഫുയന്റെ അറിയുന്ന കളിക്കാരാണ്‌ നിലവിലെ സ്‌പാനിഷ്‌ ടീമിലുള്ളത്‌. 2015ൽ അണ്ടർ 19 യൂറോയിൽ സ്‌പെയ്‌നിനെ ചാന്പ്യൻമാരാക്കി. 2019ൽ അണ്ടർ 21 യൂറോ ജേതാക്കൾ. 2020 ഒളിമ്പിക്‌സിൽ വെള്ളി.


ലോകകപ്പിലും യൂറോയിലും തിളക്കം നഷ്ടപ്പെട്ട സ്‌പാനിഷ്‌ നിരയെ തിരികെ കൊണ്ടുവരികയായിരുന്നു ഫുയന്റെ. 2024ലെ യൂറോയിൽ അപരാജിത കുതിപ്പ്‌ നടത്തി ജേതാക്കളായി. 2022–23 നേഷൻസ്‌ ലീഗിൽ ജേതാക്കളായി. കഴിഞ്ഞ വർഷം റണ്ണറപ്പുമായി. പിന്നാലെ ലോകകപ്പിലെ മിന്നുന്ന വിജയവും. റോഡ്രി, മിക്കേൽ മെറീനോ, ഉനായ്‌ സിമോൺ, മിക്കേൽ ഒയർസബാൽ, ഡാനി ഒൽമോ, മാർടിൻ സുബിമെൻഡി, മാർക്‌ കുകുറെല്ല, പെഡ്രി എന്നിവരെല്ലാം ഫുയന്റെയ്‌ക്ക്‌ കീഴിൽ അണ്ടർ 19 ടീം മുതൽ കളിക്കുന്നവരാണ്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home