വ്യാജരേഖകൾ സമർപ്പിച്ചാൽ കർശന നടപടി; ബിരുദ പ്രവേശനത്തിൽ മുന്നറിയിപ്പുമായി ഡൽഹി സർവകലാശാല

ന്യൂഡൽഹി: 2026-27 അധ്യയന വർഷത്തെ ബിരുദ പ്രവേശന നടപടികളിൽ പങ്കാളികളാകുന്ന വിദ്യാർത്ഥികൾക്ക് കർശന മുന്നറിയിപ്പുമായി ഡൽഹി സർവകലാശാല. കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം വഴി പ്രവേശനം നേടുന്നതിനായി വ്യാജമായോ, കൃത്രിമമായോ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചോ നിർമ്മിച്ച രേഖകൾ സമർപ്പിച്ചാൽ നിയമനടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്ന് സർവകലാശാല അറിയിച്ചു.
അതാത് അധികാരികൾ നൽകിയ യഥാർത്ഥ രേഖകൾ മാത്രം അപ്‌ലോഡ് ചെയ്യാൻ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട്. വ്യാജമോ ഡിജിറ്റലായി തിരുത്തിയതോ ആയ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയാൽ പ്രവേശനം റദ്ദാക്കുക മാത്രമല്ല, അടച്ച പ്രവേശന ഫീസ് തിരികെ നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി.
പ്രവേശനം അന്തിമമാക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ സമർപ്പിക്കുന്ന എല്ലാ രേഖകളും സർവകലാശാല സൂക്ഷ്മമായി പരിശോധിക്കും. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റുകൾ, കാറ്റഗറി സർട്ടിഫിക്കറ്റുകൾ, ഇഡബ്ള്യുഎസ്, ഒബിസി, എസ്‌സി, എസ്ടി തുടങ്ങിയ സർട്ടിഫിക്കറ്റുകളെല്ലാം പരിശോധിക്കും.
കൃത്രിമം കാട്ടിയതോ എഡിറ്റ് ചെയ്തതോ ആയ രേഖകളാണെന്ന് കണ്ടെത്തിയാൽ പ്രവേശനം റദ്ദാക്കുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനും സർവകലാശാല മടിക്കില്ല. എ ഐ ടൂളുകളോ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളോ ഉപയോഗിച്ച് സർട്ടിഫിക്കറ്റുകളിൽ മാറ്റം വരുത്തരുതെന്ന് വിദ്യാർത്ഥികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
രേഖകളിലെ വിവരങ്ങൾ ഔദ്യോഗിക രേഖകളുമായി ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പരിശോധനാ വേളയിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടി വരുമെന്നതിനാൽ അവ കൈവശം വെക്കാനും നിർദ്ദേശമുണ്ട്.
സിഇയുടി യുജി 2026 സ്കോറിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി സർവകലാശാലയിൽ പ്രവേശനം നടക്കുന്നത്. സീറ്റ് അലോക്കേഷൻ, രേഖകളുടെ പരിശോധന, പ്രവേശന തീയതികൾ എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്സൈറ്റ് തുടർച്ചയായി പരിശോധിക്കാനും വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.










0 comments