നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാർ കാണാമറയത്ത്; ആറ് മലയാളികളെക്കുറിച്ച് വിവരമില്ല

ന്യൂഡൽഹി: നേപ്പാൾ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1,287 ആയി ഉയർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ 5,000 ത്തിലധികം ആളുകളെ ഇപ്പോഴും കാണ്ടെത്താനായിട്ടില്ല. ഇതുവരെ 13,000 ത്തിലധികം ആളുകളെ രക്ഷപ്പെടുത്തി.
കാണാതായവരിൽ 275 ഇന്ത്യക്കാരും ഉൾപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപകടത്തിൽപ്പെട്ട 166 ഇന്ത്യക്കാരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്.
മിന്നല്‍പ്രളയത്തെ തുടര്‍ന്ന് നേപ്പാളിൽ കുടുങ്ങിയ ആറു മലയാളികളെക്കുറിച്ച് ഇതുവരെയും വിവരമില്ല. ഓസ്ട്രേലിയന്‍ പൗരന്മാരായ നാലുപേര്‍, ബ്രിട്ടീഷ് പൗരത്വമുള്ള ഒരാള്‍, കഴിഞ്ഞദിവസം ബന്ധുക്കള്‍ ഹെല്‍പ്പ് ഡെസ്കില്‍ രജിസ്റ്റര്‍ ചെയ്ത അമേരിക്കന്‍ പൗരത്വമുള്ള കൃഷ്ണകുമാര്‍ രാഘവന്‍ (59) എന്നിവരുമായിട്ടാണ് ആശയവിനിമയം സാധ്യമാകാത്തത്. പ്രളയസമയത്ത് ചൈന–നേപ്പാൾ അതിർത്തിമേഖലകളിലായിരുന്നു ഇവര്‍ എന്നാണ് വിവരം.
ചൈനയിൽ നിന്ന് 1,907 ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി നേപ്പാളിലേക്ക് കടന്നു. ഇന്ത്യ 7 വിമാനങ്ങളിലായി ഏകദേശം 95 ടൺ ദുരിതാശ്വാസ വസ്തുക്കൾ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.
തുരങ്ക രക്ഷാ വിദഗ്ധരും ഫോറൻസിക് വിദഗ്ധരുമടക്കം 54 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ വിന്യസിച്ചു. ഫോറൻസിക് കിറ്റുകളും ബെയ്‌ലി പാലങ്ങളും പോലുള്ള കൂടുതൽ സഹായങ്ങൾ നൽകാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
ഇന്ത്യൻ സൈന്യം, എൻഡിആർഎഫ്, നേപ്പാൾ സൈന്യം, നേപ്പാൾ പൊലീസ്, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘങ്ങൾ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര, ആഭ്യന്തര ഏജൻസികൾ രക്ഷാപ്രവർത്തനത്തിലേർപ്പെടുന്നുണ്ട്. ഒമ്പത് ദിവസമായി ത്രിശൂലി ജലവൈദ്യുത പദ്ധതി പ്രദേശത്തെ തുരങ്കത്തിൽ അകപ്പെട്ട രണ്ട് പേരെ ഇന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയിരുന്നു.









0 comments