ഓൺലൈൻ ചാറ്റിൽ അതിരുകൾ ലംഘിച്ചു; സിംഗപ്പൂരിൽ മതകാര്യ മന്ത്രി പുറത്ത്

സിംഗപ്പൂർ: പെരുമാറ്റത്തെക്കുറിച്ചുള്ള പരാതി ഉയർന്നതിനെത്തുടർന്ന് വിവാദത്തിലായ സിംഗപ്പൂരിലെ മത കാര്യ ചുമതലയുള്ള മന്ത്രി ഫൈസൽ ഇബ്രാഹിം രാജിവെച്ചു. ഔദ്യോഗിക പദവിക്ക് ചേരാത്ത രീതിയിലുള്ള പെരുമാറ്റം നടന്നുവെന്ന് സ്വയം സമ്മതിച്ചാണ് 58-കാരനായ ഫൈസൽ പദവി ഒഴിഞ്ഞത്.
ഒരു സ്ത്രീയുമായുള്ള ഫൈസലിന്റെ ഇടപെടലുകളെക്കുറിച്ച് കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇമെയിലിൽ പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വിഷയത്തിൽ അന്വേഷണം നടത്താൻ പ്രധാനമന്ത്രി ലോറൻസ് വോങ് നിർദ്ദേശം നൽകി.
മന്ത്രിയും യുവതിയും തമ്മിലുള്ള സന്ദേശ കൈമാറ്റങ്ങൾ പ്രധാനമായും ഓൺലൈൻ വഴി മാത്രമായിരുന്നു. മാത്രമല്ല ഇരുവരും പരസ്പരം കണ്ടിരുന്നത് പൊതുപരിപാടികൾക്കിടയിൽ മാത്രമായിരുന്നു എന്നും അന്വേഷകര്‍ കണ്ടെത്തി.
എന്നാൽ അന്വേഷണം തുടങ്ങിയതോടെ ഇരുവരും പരസ്പരം പീഡന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് പരസ്പര വാശിയുടെ അടിസ്ഥാനത്തിലാണെന്നും കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്നും തുടർനടപടികളുടെ ആവശ്യമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.
കുറ്റം ചെയ്തിട്ടില്ല
ശിക്ഷ സ്വീകരിച്ചു
കുറ്റകൃത്യങ്ങൾ നടന്നിട്ടില്ലെങ്കിലും ഒരു പാർലമെന്റ് അംഗവും രാഷ്ട്രീയ പദവി അലങ്കരിക്കുന്ന വ്യക്തിയും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് വിലയിരുത്തപ്പെട്ടു. ഇതോടെ മന്ത്രി സമൂഹത്തിന് മുന്നിൽ വിശ്വാസ്യത നഷ്ടമായ അവസ്ഥയിലായി. "ഞങ്ങൾ തമ്മിൽ ശാരീരികമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ വ്യക്തമായ അതിർവരമ്പുകൾ സൂക്ഷിക്കുന്നതിൽ എനിക്ക് തെറ്റുപറ്റി," എന്ന് പ്രധാനമന്ത്രിക്കയച്ച രാജിക്കത്തിൽ പിന്നീട് ഫൈസൽ സമ്മതിച്ചു. തുടർന്നാണ് രാജി സമർപ്പിച്ചത്.
2006-ൽ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ അധ്യാപന ജീവിതത്തിന് ശേഷമാണ് ഫൈസൽ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. വർഷങ്ങളായി സർക്കാരിൽ വിവിധ പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിലെ മുതിർന്ന സഹമന്ത്രി സ്ഥാനവും ഇദ്ദേഹത്തിനുണ്ടായിരുന്നു.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്നില്ലെന്നും, ഈ പ്രയാസകരമായ ഘട്ടത്തിൽ ഒപ്പം നിന്ന ഭാര്യയോടും കുടുംബത്തോടും നന്ദിയുള്ളവനാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
2023 ജൂലൈയിൽ സിംഗപ്പൂരിൽ മൂന്ന് എം പിമാർ വിവാഹേതര ബന്ധങ്ങളുടെ പേരിൽ രാജി സമർപ്പിച്ചിരുന്നു. സ്പീക്കർ തൻ ചുവാൻ-ജിൻ, എം പി ചെങ് ലി ഹുയി, പ്രതിപക്ഷ പാർട്ടി എം പി ലിയോൺ പെരേര എന്നിവരായിരുന്നു അന്ന് രാജിവെച്ചത്. കൂടാതെ മുൻ ഗതാഗത മന്ത്രി എസ് ഈശ്വരൻ അഴിമതിക്കേസിൽ പ്രതിയായതിനെത്തുടർന്നും പദവി ഒഴിഞ്ഞു.










0 comments