ad
Deshabhimani

രാഷ്‌ട്രീയ പ്രതികാരം തിരിച്ചടിച്ചു, പിഴ ഏഴ്‌ മടങ്ങായി: ഓഫ് റോഡ് വാഹനത്തിന്‌ 50,000 രൂപ പിഴയിട്ട് ഹെെക്കോടതി

ebin worky
വെബ് ഡെസ്ക്

Published on Sep 04, 2026, 11:11 AM | 1 min read

അടൂർ: മോഡിഫിക്കേഷൻ നടത്തിയ ഓഫ് റോഡ് വാഹനത്തിന്‌ പിഴ ചുമത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ കോൺഗ്രസ്‌ എംഎൽഎയുടെ പ്രതികാരം തിരിച്ചടിച്ചു. ഹൈക്കോടതി ഇടപെടലിനെ തുടർന്ന്‌ വാഹനത്തിന്‌ 50, 000 രൂപ പിഴയീടാക്കി. അടൂരിൽ പതിവ് പരിശോധനയ്‌ക്കിടെ നിയമവിരുദ്ധമായി ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചുപാഞ്ഞ ജീപ്പിനു പിഴയിട്ടതാണ്‌ സംഭവത്തിന്‌ തുടക്കം.


പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തിയെന്ന്‌ ആരോപിച്ച്‌ അടൂർ എംവിഡി സ്‌ക്വാഡിലെ ഇൻസ്‌പെക്‌ടർ ലൈജുവിനെ അബിൻ വർക്കി എംഎൽഎയുടെ നിർദേശപ്രകാരം മോട്ടോർ വാഹനവകുപ്പ്‌ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിനിടയിലല്ല, അടൂരിൽ പതിവ് പരിശോധനയ്‌ക്കിടെയാണ് നിയമവിരുദ്ധമായി ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചുപാഞ്ഞ ജീപ്പിനു പിഴയിട്ടത്‌.


പിഴത്തുക അബിൻ വർക്കിയുടെ നിർദേശപ്രകാരം യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ്‌ നെജോ മെഴുവേലിയാണ്‌ അടച്ചത്‌. തുടർന്ന്‌ അബിൻ വർക്കി, ഗതാഗതമന്ത്രി സി പി ജോണിനെ ഫോണിൽ ബന്ധപ്പെട്ടാണ് എംവിഡി ഉദ്യോഗസ്ഥനെ സസ്‌പെൻഡ്‌ ചെയ്‌തത്. ഇതിനെതിരെ ജീവനക്കാർ ഒന്നടങ്കം പ്രതിഷേധിച്ചതോടെ സസ്‌പെൻഷൻ പിൻവലിച്ചു.


​എന്നാൽ പക തീർക്കാൻ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. തുടർന്ന്‌ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ്‌ രൂപമാറ്റം വരുത്തിയ ജീപ്പിന് 50,000 രൂപ മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്‌. കുളനട സ്വദേശി അമൽ വിദ്വാന്റെ ഉടമസ്ഥതയിലുള്ള ഥാർ ജീപ്പിനാണ് പിഴയിട്ടത്. ​വാഹനത്തിൽ വരുത്തിയ ഓരോ രൂപമാറ്റത്തിനും 5,000 രൂപ വെച്ചാണ് പിഴ ഈടാക്കിയിരിക്കുന്നത്. നാല് ടയറുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നതിന് 20,000 രൂപയും ആറുലൈറ്റുകൾ അനധികൃതമായി ഘടിപ്പിച്ചതിന് 30,000 രൂപയുമാണ് പിഴ ചുമത്തിയത്.


വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നത് തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവിനുപിന്നാലെയാണ് എംവിഡി കർശനനടപടി സ്വീകരിച്ചത്. നോട്ടീസ് കൈപ്പറ്റി ഏഴുദിവസത്തിനുള്ളിൽ പിഴയടച്ച് വാഹനം പരിശോധനയ്ക്കായി ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു. ഈ നിർദേശം പാലിച്ചില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home