ഹണിട്രാപ്: 5 കോടി തട്ടിയ യുവതി പിടിയിൽ

തിരുവനന്തപുരം
തെലങ്കാന സ്വദേശിയിൽനിന്ന് ഹണിട്രാപ്പിലൂടെ അഞ്ച് കോടി രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. നെയ്യാറ്റിൻകര സ്വദേശി റോഷ്‌നി സുരേഷാണ് അറസ്റ്റിലായത്. സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഹൈദരാബാദിൽ വ്യവസായിയായ വിജയകുമാറിൽനിന്നാണ് പണം തട്ടിയത്. 17നാണ് വിജയകുമാർ വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകിയത്. റോഷ്‌നിയുടെ കുട്ടിയുടെ പിതൃത്വം വിജയകുമാറിൽ ആരോപിച്ചാണ് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയത്. ഹൈദരാബാദിൽ ജർമൻ ഭാഷ പഠിപ്പിച്ചിരുന്ന സ്വകാര്യ കമ്പനിയുടെ ഉടമയാണ് വിജയകുമാർ. സ്ഥാപനത്തിന്റെ തിരുവനന്തപുരം ശാഖയിലെ ജീവനക്കാരിയായ റോഷ്‌നിയും വിജയകുമാറും തമ്മിൽ 2022 മുതൽ അടുപ്പമുണ്ട്. 2023 ജൂൺ 22ന് റോഷ്‌നി ആൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന്റെ അച്ഛൻ വിജയകുമാറാണെന്നും ഇക്കാര്യം വിജയകുമാറിന്റെ ഭാര്യയെയും കുടുംബത്തെയും അറിയിക്കുമെന്നുമായിരുന്നു ഭീഷണി. വിജയകുമാറിന്റെ കമ്പനിയുടെ വാർഷിക ലാഭത്തിന്റെ 50 ശതമാനം റോഷ്‌നി സ്വന്തം പേരിലേക്ക് മാറ്റിവാങ്ങുകയും ചെയ്തു. പലപ്പോഴായി 45 പവനോളം സ്വർണവും വാങ്ങി. മലയിൻകീഴിൽ 20 സെന്റ് സ്ഥലവും റോഷ്‌നിയുടെ പേരിൽ വാങ്ങി. കൂടുതൽ പണം നൽകിയില്ലെങ്കിൽ ഭാര്യയെ സെക്‌സ് റാക്കറ്റിന് വിൽക്കുമെന്നും ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കമ്പനിയുടെ ബാക്കി 50 ശതമാനം കൂടെ സ്വന്തം പേരിലേക്ക് എഴുതി നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തൽ തുടർന്നു. ഇതോടെയാണ് വിജയകുമാർ പരാതി നൽകിയത്. പ്രതിയെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽവിട്ടു.










0 comments