ദിവസം നൽകുന്നത് 40,000ത്തിലധികം പൊതിച്ചോറ്
മണ്ണുവാരിയിടാൻ സമ്മതിക്കില്ല ‘ഹൃദയപൂർവം’ തുടരും

തിരുവനന്തപുരം
‘ഇൗ വിലക്കയറ്റത്തിനിടയിൽ രോഗിക്കും കൂട്ടിരിപ്പുകാർക്കും ഹോട്ടലിൽ പോയി കഴിക്കണമെങ്കിൽ എത്ര രൂപയാകും. ഒരുനേരത്തെ ഭക്ഷണം സൗജന്യമായി ലഭിക്കുന്നത് എന്നെപ്പോലുള്ളവർക്ക് വലിയ സഹായമാണ്. അത് മുടക്കാൻ ശ്രമിക്കുന്ന സർക്കാർ ആദ്യം ആശുപത്രികളിൽ മെച്ചപ്പെട്ട ചികിത്സ നൽകാൻ തയ്യാറാകട്ടെ’ –മകൾ വിനീതയുടെ ഹൃദയശസ്ത്രക്രിയക്കായി ഒരാഴ്‌ചമുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ അടൂർ തെങ്ങമം സ്വദേശി വിശ്വനാഥന്റെ വാക്കുകളിലുണ്ട് ‘ഹൃദയപൂർവം’ പദ്ധതി മുടക്കാനുള്ള ആരോഗ്യമന്ത്രിയുടെ നിലപാടിനോടുള്ള പ്രതിഷേധം. വിവാദങ്ങൾക്കിടയിലും ഞായറാഴ്‌ചയും ജില്ലകളിൽ പൊതിച്ചോറ് വിതരണം നടന്നു. രാഷ്ട്രീയ-–ജാതി- – മത ചിന്തകൾക്കതീതമായി കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളിൽനിന്ന് ശേഖരിച്ച് ഡിവൈഎഫ്‌ഐ ആശുപത്രികളിലെത്തിക്കുന്ന പൊതിച്ചോറ് ലക്ഷക്കണക്കിന് മനുഷ്യരുടെ വിശപ്പാണ് അകറ്റിയത്. ചികിത്സയിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആശ്വാസമായി 2017- ജനുവരി ഒന്നിന് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംരംഭം തുടങ്ങിയത്. 200 പൊതിച്ചോറുമായി തുടക്കം കുറിച്ചത് ഡിവൈഎഫ്‌ഐ തിരുവനന്തപുരം മണ്ണന്തല മേഖലാ കമ്മിറ്റി. എന്നാൽ എല്ലാവർക്കും പൊതിച്ചോറ് നൽകാനാകാതെ വന്നത് ശ്രദ്ധയിൽപ്പെട്ട അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉടൻ ഇടപെടുകയും സംരംഭം നന്നായി മുന്നോട്ട് കൊണ്ടുപോകാൻ നിർദേശം നൽകുകയും ചെയ്‌തു. തുടർന്ന് ജനുവരി രണ്ടിന് വട്ടപ്പാറ മേഖലാ കമ്മിറ്റി 5000 പൊതിച്ചോറുകളാണ് വിതരണം ചെയ്‌തത്. ഇത്തരത്തിൽ സാധാരണക്കാർക്ക് ആശ്രയമായ സംരംഭം ഇന്ന് അറുപതിലധികം ആശുപത്രികളിലായി ദിനംപ്രതി വിതരണം ചെയ്യുന്നത് 40,000ത്തിലധികം പൊതിച്ചോറ്. വിശപ്പിനു മുന്നിൽ രാഷ്‌ട്രീയമില്ലെന്ന പൊതുബോധത്തിൽ കേരളമൊന്നാകെയാണ് അണിചേർന്നത്. കോവിഡിലോ പ്രകൃതിദുരന്തങ്ങളുടെ ഘട്ടങ്ങളിലോ അവധി ദിവസങ്ങളിലോപോലും വിതരണം മുടങ്ങിയിരുന്നില്ല. അന്താരാഷ്ട്ര മാധ്യമമായ ‘ദ ഗാർഡിയന്റെ’ വരെ ശ്രദ്ധ പിടിച്ചുപറ്റാനുമായി. സർക്കാർ സംവിധാനം വഴി തുടർച്ചയായും വിശ്വസനീയമായും ഭക്ഷണം ലഭിക്കുന്നെന്ന് ഉറപ്പാകുന്നതുവരെ ‘ഹൃദയപൂർവം’ പ്രവർത്തനം തുടരാനാണ് ഡിവൈഎഫ്‌ഐ തീരുമാനം. ഇതിനിടെ ആലപ്പുഴ മെഡിക്കൽ കോളേജിലെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള തീരുമാനമാണ് പറഞ്ഞതെന്നും പൊതിച്ചോറിന് എതിരല്ലെന്നും വിശദീകരണം നൽകി മന്ത്രി കെ മുരളീധരൻ മലക്കം മറിഞ്ഞു.










0 comments