മോദി–ഷാ കൂട്ടുകെട്ടും പിന്നെ എൽബ്രിഡ്‌ജ് ജെറിയും

നരേന്ദ്ര മോദി (ഇടത്) എൽബ്രിഡ്‌ജ് ജെറി (നടുവിൽ) അമിത് ഷാ (വലത്)

ഡോ. ജോൺ ബ്രിട്ടാസ് എംപി
Published on Apr 16, 2026, 10:24 PM | 4 min read
രണ്ട് ദശാബ്‌ദത്തിനുശേഷം ഉത്തമരായ രണ്ട് ശിഷ്യന്മാരെ വിദൂരദേശമായ ഇന്ത്യയിൽ ലഭിച്ചതിൽ എൽബ്രിഡ്‌ജ് ജെറി സെമിത്തേരിയിൽക്കിടന്ന് സന്തോഷിക്കുന്നുണ്ടാകും. വനിതാ സംവരണത്തിന്റെയും അത് മുൻനിർത്തിയുള്ള മണ്ഡല പുനർനിർണയത്തിന്റെയും വിവാദങ്ങളിൽ സജീവമായി പരാമർശിക്കപ്പെടുന്ന വ്യക്തിത്വമാണ് കാലയവനികയ്ക്കു പിന്നിലേക്ക് എത്രയോ നാൾമുമ്പ് മറഞ്ഞുപോയ അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഗവർണറായിരുന്ന എൽബ്രിഡ്ജ് ജെറി. തന്റെ പാർടിക്ക് ആധിപത്യം ലഭിക്കാൻ മസാച്ചുസെറ്റ്സിലെ മണ്ഡലങ്ങൾ സാലമാണ്ടറിന്റെ (നീർപ്പല്ലി) രൂപത്തിൽ മാറ്റി വരച്ച ജെറിയുടെ പ്രവൃത്തിയിൽനിന്നാണ് ജെറിമാൻഡറിങ് എന്ന വാക്ക് ഉത്ഭവിച്ചത്. ജെറി മൺമറഞ്ഞെങ്കിലും മോദി–ഷാ കൂട്ടുകെട്ട് ആ പ്രവൃത്തിയെ സ്ഫുടം ചെയ്തെടുത്ത് തങ്ങളുടെ ആധിപത്യം നിലനിർത്താൻ ഉപയോഗിക്കുന്ന കാഴ്ചയ്ക്കാണ് രാജ്യം ഇന്ന് വേദിയാകുന്നത്.
ജമ്മു കശ്മീരിലും അസമിലും ഇവർ ഇത് ഫലവത്തായി ഉപയോഗപ്പെടുത്തി. തങ്ങൾക്ക് ഗുണകരമല്ലാത്ത കശ്മീർ താഴ്‌വരയുടെ പ്രാധാന്യം കുറയ്ക്കാൻ ജമ്മുവിൽ പുതുതായി ആറു മണ്ഡലങ്ങൾ സൃഷ്ടിച്ചു. അസമിലും ഇതുതന്നെ പയറ്റി. തങ്ങളോട് അനുഭാവമില്ലാത്ത സ്ഥലങ്ങളിലെ മണ്ഡലങ്ങളെ നീർപ്പല്ലിയുടെ രൂപത്തിലല്ല, അതിലുപരിയായി പരസ്‌പരം ബന്ധമില്ലാത്ത തുരുത്തുകളാക്കി മാറ്റി. ഇവിടെയാണ്, മോദി–ഷാ ദ്വയത്തിന്റെ ദീർഘകാല സഹപ്രവർത്തകനായിരുന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ വാക്കുകൾ പ്രസക്തമാകുന്നത്: “അവരെക്കുറിച്ച് എന്തും നിങ്ങൾ ധരിച്ചുകൊള്ളുക. പക്ഷേ, കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്.”
വനിതാസംവരണവും മോദിയുടെ ബ്രേക്കിടലും
ലോക്‌സഭയിലും നിയമസഭകളിലും വനിതാസംവരണമെന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ളവരുടെ ധീരോദാത്തമായ പോരാട്ടത്തിൽ 2010ൽ വനിതാസംവരണം രാജ്യസഭയുടെ കടമ്പ കടന്നിരുന്നു. എന്നാൽ, പിന്നീട് അത് നിയമമാകാതെ ഇടറിനിന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, 2023ൽ മോദി വനിതാ സംവരണ ബിൽ പാർലമെന്റിൽ വീണ്ടും അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ നിർലോഭമായ പിന്തുണയോടെ ബിൽ പാസാകുകയും ചെയ്തു. എന്നാൽ, മോദി തന്നെ വനിതാ സംവരണത്തിന് ബ്രേക്കിടാൻ ചില നിബന്ധനകൾ ഉൾപ്പെടുത്തിയിരുന്നു. അടുത്ത ജനസംഖ്യാ കണക്കെടുപ്പ് കഴിഞ്ഞ് രൂപീകരിക്കുന്ന മണ്ഡല പുനർനിർണയ കമീഷന്റെ തീരുമാനത്തിനുശേഷം മാത്രമേ ഇത് പ്രാബല്യത്തിൽ വരൂ എന്നതായിരുന്നു നിബന്ധന. സ്ത്രീ സമൂഹത്തോടുള്ള അനീതിയാണ് ഇതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിട്ടും നിബന്ധനകളിൽ മോദി ഉറച്ചുനിന്നു. ഇപ്പോൾ, പൊടുന്നനേ വെളിപാടുണ്ടായതുപോലെ ഈ നിബന്ധനകൾ നീക്കി. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംവരണം പ്രാബല്യത്തിൽ കൊണ്ടുവരാനെന്ന വ്യാജേനയാണ് ബില്ലുകളുമായി മോദി പാർലമെന്റിലെത്തിയത്. ഇതിൽ പതിയിരിക്കുന്ന അപകടം ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ജനാധിപത്യത്തിനും ഫെഡറലിസത്തിനും വരുത്തിവയ്ക്കും എന്നുള്ളതാണ്.
ലോക്‌സഭയിലെ അംഗസംഖ്യ പരമാവധി 850 ആക്കുകയാണ് ലക്ഷ്യം. ഇത് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് 2011ലെ ജനസംഖ്യാ കണക്ക് അനുസരിച്ച് നിർദിഷ്ട ഡീ ലിമിറ്റേഷൻ കമീഷന്റെ അധികാരമായിരിക്കുമെന്നും ബില്ലിൽ അനുശാസിക്കുന്നു. വിവാദം കത്തിജ്വലിച്ചപ്പോൾ സർക്കാർ വിശദീകരിച്ച കാര്യമുണ്ട്– എല്ലാ സംസ്ഥാനങ്ങളിലും അവർക്ക് നിലവിലുള്ള ലോക്‌സഭാ സീറ്റിൽ 50 ശതമാനത്തിന്റെ വർധന വരുത്തും. നിയമസഭകൾക്കും ഇത് ബാധകമായിരിക്കും. അതുകൊണ്ട്, ദക്ഷിണേന്ത്യക്ക് ഇപ്പോഴുള്ള അനുപാതത്തിൽ കുറവു വരില്ല. ഇതു ശരിയായി ഭവിച്ചാൽത്തന്നെയും ഈ സീറ്റു വർധനയിലെ അപകടത്തിൽ കുറവ് വരുന്നില്ലെന്ന് സൂക്ഷ്മപരിശോധനയിൽ ബോധ്യമാകും.
രാഷ്ട്രീയത്തിലെ ബലാബലം നിയന്ത്രിക്കപ്പെടുന്നത് അനുപാതമോ ശതമാനമോ വച്ചല്ല. മറിച്ച്, യഥാർഥ സംഖ്യയെ അടിസ്ഥാനപ്പെടുത്തിയാണ്. കേന്ദ്രത്തിന്റെ വാക്ക് വിശ്വസിക്കുകയാണെങ്കിൽത്തന്നെയും ഉത്തരേന്ത്യക്ക് 200 സീറ്റ് വർധിക്കും. ദക്ഷിണേന്ത്യക്കാകട്ടെ, കേവലം 63ഉം. തെരഞ്ഞെടുപ്പിനുശേഷം ആര് സർക്കാരുണ്ടാക്കും എന്ന ചോദ്യം വരുമ്പോൾ സംഖ്യക്കു മാത്രമാണ് പ്രസക്തി– ശതമാനം വെറും വ്യാമോഹം മാത്രം. ഇപ്പോൾത്തന്നെ, ഇന്ത്യൻ ഫെഡറലിസം ലോലമായ വീചികളിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക കാര്യങ്ങളിൽ ഉത്തരേന്ത്യയുടെ കോളനിയായി ദക്ഷിണേന്ത്യ മാറിക്കഴിഞ്ഞു. ബിജെപി രൂപപ്പെടുത്തുന്ന പുതിയ രാഷ്ട്രീയഭൂപടത്തിൽ ദക്ഷിണേന്ത്യക്ക് സാമന്ത പ്രദേശത്തിന്റെ പദവി മാത്രമേ ലഭിക്കൂ.
ഉദാഹരണമായി, എൻഡിഎയിലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ തെലുങ്കുദേശം പാർടി (ടിഡിപി) യെ എടുക്കുക. ആന്ധ്രപ്രദേശിന്റെ സീറ്റുകൾ ആനുപാതികമായി വർധിക്കും. ഇത് സംസ്ഥാനത്തിനുള്ളിൽ ടിഡിപിയുടെ വിഹിതം നിലനിർത്തും. എന്നാൽ, ദേശീയ രാഷ്ട്രീയത്തിൽ ടിഡിപിയുടെ സ്വാധീനം വളരെ വലിയ തോതിൽ കുറയും. നേരേമറിച്ച്, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള വടക്കൻ ശക്തികേന്ദ്രങ്ങളിൽനിന്നുള്ള സീറ്റുകളിൽ കിട്ടുന്ന ഗണ്യമായ വർധന ബിജെപിക്ക് വലിയ ഗുണം ചെയ്യും. ഒരു ചെറിയ സഭയിൽ, ഏതാനും ഡസൻ അംഗങ്ങളുള്ള കൂട്ടായ്മയ്ക്ക് വലിയ ഫലമുണ്ടാക്കാൻ കഴിയും; എന്നാൽ, വലിയ സഭയിൽ, ആ സ്വാധീനം അതേപോലെ നിലനിർത്താൻ പ്രയാസമാണ്.
സംസ്ഥാനങ്ങളിൽ ആനുപാതിക വിഹിതം നേടാനാകുമെങ്കിലും മിക്ക പ്രാദേശിക ചെറുപാർടികൾക്കും ഈ സ്വാധീനച്ചുരുക്കം നേരിടേണ്ടി വരും. രാഷ്ട്രീയം ആത്യന്തികമായി അധികാരത്തിന്റെ ഗണിതത്തെ ആശ്രയിച്ചാണിരിക്കുന്നത്, അനുപാതത്തിലെ നീതിയെ അല്ല. ഈ നിയമത്തിലൂടെ സംഭവിക്കാൻ പോകുന്ന സഭയുടെ വികാസം ഉത്തരേന്ത്യൻ പാർടികളുടെ, പ്രത്യേകിച്ച് ബിജെപിയുടെ, മേൽക്കോയ്മ സംരക്ഷിക്കുകയും ബലപ്പെടുത്തുകയും ചെയ്യും. പ്രാദേശിക ശബ്ദങ്ങളുടെ യഥാർഥ സ്വാധീനത്തെ ഇല്ലാതാക്കുകയും ചെയ്യും. ഇന്ത്യൻ രാഷ്ട്രീയത്തിലെ മേധാവിത്വശൈലികളെ തടയുന്ന ശക്തികളായി പലപ്പോഴും വർത്തിച്ചിരുന്നത് ഈ ചെറുകക്ഷികളും പ്രാദേശിക കക്ഷികളുമായിരുന്നു.
ഇതോടൊപ്പമാണ്, ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച മണ്ഡല പുനർനിർണയത്തിൽ മോദി–ഷാ കൂട്ടുകെട്ട് നടപ്പാക്കാൻ പോകുന്ന ജെറിമാൻഡറിങ് കൂടി അധികച്ചേരുവയായി അപായനില വർധിപ്പിക്കുന്നത്.
ഭരണഘടനയുടെ 81–ാം അനുച്ഛേദ പ്രകാരം ലോക്‌സഭയുടെ പരമാവധി അംഗസംഖ്യ 550 ആണ്. ഇത്തരമൊരു പരിധി നിശ്ചയിക്കാൻ ഭരണഘടനാശിൽപ്പികളെ പ്രേരിപ്പിച്ച കാര്യമുണ്ട്. നിയമ നിർമാണം, നയ രൂപീകരണം, സർക്കാരിന്റെ ഉത്തരവാദിത്വം ഉറപ്പിക്കൽ എന്നിവയാണ് പാർലമെന്റ് അംഗത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വങ്ങൾ. മറിച്ച് മണ്ഡലങ്ങളിലെ പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണലല്ലെന്ന് ബി ആർ അംബേദ്കർ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. അതിനുള്ള സംവിധാനങ്ങൾ ജനാധിപത്യ വികേന്ദ്രീകരണത്തിലൂടെ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം സമർഥിച്ചു. മണ്ഡലത്തിലെ ജനസംഖ്യ വർധിച്ചല്ലോ, അതുകൊണ്ട് അംഗങ്ങൾ കൂടേണ്ടതില്ലേ എന്ന കേവല യുക്തി ആത്യന്തികമായി നയിക്കുക പ്രവർത്തന ക്ഷമമല്ലാത്ത ഘടനയുള്ള സഭകളിലേക്കായിരിക്കും. വർധിക്കുന്ന ജനസംഖ്യക്ക് അനുസരിച്ച് പാർലമെന്റ്–നിയമസഭാ സീറ്റുകൾ വർധിപ്പിച്ചു തുടങ്ങിയാൽ സമ്മേളനങ്ങൾ ചേരാൻ ഭാവിയിൽ സ്റ്റേഡിയങ്ങൾ തന്നെ വേണ്ടി വരും.
അധികാര ബലാബലത്തിനപ്പുറം, പാർലമെന്ററി സംവാദത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ഈ നിർദേശം ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. ഇന്ത്യയിലെ നിയമസഭകൾ ഇതിനകംതന്നെ വൻതോതിൽ ശക്തിക്ഷയം നേരിടുകയാണ്. ലോക്‌സഭ 1952–1970 കാലത്ത് വർഷത്തിൽ ശരാശരി 121 ദിവസം സമ്മേളിച്ചിരുന്നു. അത് ഏകദേശം 55–68 ദിവസമായി സമീപ ദശകങ്ങളിൽ കുറഞ്ഞു. പാർലമെന്റിന്റെ സംവാദശൈലിയുടെ നട്ടെല്ലായ പാർലമെന്ററി കമ്മിറ്റി സംവിധാനം ദുർബലപ്പെട്ടു. മുൻ ലോക്‌സഭകളിൽ 70 ശതമാനം ബില്ലുകൾ പാർലമെന്ററി കമ്മിറ്റികൾക്ക് വിടുമായിരുന്നു. അത് ഇപ്പോൾ ഏകദേശം 18 ശതമാനം മാത്രമാണ്. സംസ്ഥാന നിയമസഭകളുടെ അവസ്ഥ ഇതിലും മോശമാണ്. അവയിൽ മിക്കതിലും വർഷത്തിൽ 20–28 സിറ്റിങ് ദിവസങ്ങൾ മാത്രമേയുള്ളൂ.
ലോക്‌സഭയിൽ നൂറുകണക്കിന് അംഗങ്ങളെ കൂടുതലായി ചേർക്കുന്നത് ഈ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. അത് സഭയെ കൂടുതൽ കലുഷിതമായ വേദിയായി മാറ്റും. അർഥവത്തായ പങ്കാളിത്തത്തിനും ചർച്ചയ്ക്കും പരിമിതമായ സാധ്യതമാത്രമേ പിന്നീട് ഉണ്ടാകൂ. ഭൂരിപക്ഷമുള്ള, ആധിപത്യസ്വഭാവമുള്ള, എക്സിക്യൂട്ടീവിന്റെ നിഗൂഢമായ മുൻഗണനകളുമായി സൗകര്യപ്രദമായി യോജിക്കുന്ന ഒരവസ്ഥയാണിത്.
സമഗ്രാധിപത്യത്തിനുള്ള പുകമറ
പ്രാതിനിധ്യ സ്വഭാവമുള്ളതും എന്നാൽ, പ്രായോഗികവുമായ പാർലമെന്റിനെയാണ് ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്തത്. സഭയിലെ അംഗത്വ പരിധി ആർട്ടിക്കിൾ 81ൽ മനഃപൂർവം നിശ്ചയിച്ചതായിരുന്നു. പ്രാതിനിധ്യത്തെ കാര്യക്ഷമതയുമായി അത് തുലനപ്പെടുത്തി. ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 850ലേക്ക് ഉയർത്തുന്നത് ഫലപ്രാപ്തിയേക്കാൾ കെട്ടുകാഴ്ചയ്ക്ക് മുൻഗണന നൽകുന്നു. ആത്മാർഥതയുണ്ടെങ്കിൽ, നിലവിലെ അംഗസംഖ്യയുടെ മൂന്നിലൊന്ന് വനിതകൾക്ക് നീക്കിവയ്ക്കുകയാണ് വേണ്ടത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഈ രീതി അവലംബിച്ചപ്പോൾ ആകാശമൊന്നും ഇടിഞ്ഞുവീണില്ലെന്നത് മോദി–ഷാ കൂട്ടുകെട്ടിന് അറിയാവുന്നതാണല്ലോ.
കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യങ്ങൾ സംശയത്തിന് അതീതമായി ഉയർന്നുനിൽക്കണമെങ്കിൽ, പാർലമെന്ററി ജനാധിപത്യത്തിന്റെ കാതലായ ലക്ഷ്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രതിബദ്ധത അത് പ്രകടിപ്പിക്കണം. പാർലമെന്റിലെയും സംസ്ഥാന അസംബ്ലികളിലെയും സിറ്റിങ്ങുകളുടെ എണ്ണം നിയമനിർമാണത്തിലൂടെ സംരക്ഷിക്കണം. വാർഷിക കലണ്ടർ മുൻകൂട്ടി പ്രഖ്യാപിക്കണം. യഥാർഥ ദേശീയ അടിയന്തരാവശ്യങ്ങൾക്ക് മാത്രമേ ഇതിൽ വ്യതിയാനം അനുവദിക്കാവൂ.
വനിതാ സംവരണം എന്ന പുകമറ സൃഷ്ടിച്ച് സമഗ്രാധിപത്യ രാഷ്ട്രീയത്തിന്റെ രഥയോട്ടമാണ് ബിജെപി ഇപ്പോൾ നടത്തുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാമത്തെ അനുച്ഛേദംതന്നെ ഫെഡറലിസത്തിൽ ഊന്നി നിൽക്കുന്നതാണ്: “ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്.” ഇന്ത്യയുടെ ഐക്യം നിലനിർത്തണമെങ്കിൽ, മൂന്നു ഘടകങ്ങൾ അനിവാര്യമാണ് – ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം. ഈ മൂന്നു മൂല്യങ്ങൾക്കും പ്രഹരമേൽപ്പിക്കുന്ന കുടിലതന്ത്രങ്ങൾക്കാണ് രാജ്യം ഇന്ന് സാക്ഷ്യംവഹിക്കുന്നത്. ലോക രാഷ്ട്രീയത്തിൽ രക്തച്ചൊരിച്ചിലുകളുടെയും രാജ്യങ്ങളുടെ വിഭജനങ്ങളുടെയും നിദാനമായി പ്രവർത്തിച്ചത് പലപ്പോഴും ഇത്തരത്തിലുള്ള ഉഴുതുമറിക്കലാണ്. നമ്മുടെ അയൽപക്കത്തേക്ക് നോക്കിയാൽപ്പോലും ഇതിനുള്ള ദൃഷ്ടാന്തങ്ങൾ കണ്ടെത്താം.















