അട്ടിമറിക്കായി നൊബേൽ സമ്മാനം


വി ബി പരമേശ്വരൻ
Published on Oct 13, 2025, 10:24 PM | 3 min read
"വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനും സ്വേച്ഛാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരവും നീതിയുക്തവുമായ പരിവർത്തനത്തിനുമായാണ്’ മരിയ കൊറീന മച്ചാഡോയ്‌ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയതെന്നാണ് നൊബേൽ കമ്മിറ്റിയുടെ അവകാശവാദം. "ഇരുട്ട് പരക്കുമ്പോഴും ജനാധിപത്യത്തിന്റെ തീ അണയാതെ സൂക്ഷിക്കുന്ന സമാധാനത്തിന്റെ ചാമ്പ്യനാണ് മച്ചാഡോ’ എന്നും കമ്മിറ്റി വിശേഷിപ്പിച്ചു. എന്നാൽ, വെനസ്വേലൻ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ മിഷേൽ എൽനർ പറയുന്നത് വലതുപക്ഷക്കാരിയായ മച്ചാഡോയെപ്പോലുള്ളവർക്ക് സമാധാനത്തിന്റെ നൊബേൽ സമ്മാനം നൽകുമ്പോൾ "സമാധാനം’ എന്ന വാക്കിന് അർഥം നഷ്ടപ്പെടുന്നുവെന്നാണ്. ‘വാഷിങ്ടണിലുള്ള റജീം ചെയ്ഞ്ച് മെഷീന്റെ (തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളെ അട്ടിമറിക്കുന്ന) പുഞ്ചിരിക്കുന്ന മുഖവും വൈദേശിക സൈനിക ഇടപെടലിന്റെയും ഉപരോധത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും തിളക്കമേറിയ വക്താവുമാണ് മച്ചാഡോ’ എന്നാണ് മിഷേൽ എൽനർ പറയുന്നത്. വെനസ്വേലൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുപകരം നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാർടി ഗവൺമെന്റിനെ അട്ടിമറിച്ച് അമേരിക്കൻ പാവസർക്കാരിനെ സ്ഥാപിക്കാൻ രണ്ടു ദശാബ്ദമായി ശ്രമിക്കുന്ന നേതാവാണ് മച്ചാഡോ.
26 വർഷംമുമ്പ് 1999ലാണ് ഹ്യൂഗോ ഷാവേസ് വെനസ്വേലയിൽ അധികാരത്തിൽ വരുന്നത്. ക്യൂബയ്‌ക്കുശേഷം ലാറ്റിനമേരിക്കൻ–കരീബിയൻ മേഖലയിൽനിന്ന് ഉയർന്നുവന്ന ഉറച്ച ഇടതുപക്ഷശബ്ദമായിരുന്നു ഷാവേസിന്റേത്. മുതലാളിത്തത്തിന്റെ നവ ഉദാരവാദ യുക്തികളോട് സന്ധിയില്ലാസമരം പ്രഖ്യാപിക്കുകയും എണ്ണമേഖല ദേശസാൽക്കരിച്ച് അതിൽനിന്ന് കിട്ടുന്ന പണം ജനക്ഷേമത്തിനായി വിനിയോഗിക്കുകയും ചെയ്തുകൊണ്ടാണ് ഷാവേസ് ഭരണം ആരംഭിച്ചത്. 2002ൽ അമേരിക്കൻ നേതൃത്വത്തിൽ നടന്ന അട്ടിമറിയിൽ ഷാവേസ് സർക്കാർ വീണു. വൻകിട ബിസിനസുകാരനായ പെദ്രോ കർമോണ അധികാരത്തിൽ വരികയും അദ്ദേഹത്തിന്റെ പേരിൽ നടത്തിയ പ്രഖ്യാപനത്തിൽ ഭരണഘടനതന്നെ അസാധുവാക്കപ്പെടുകയും ചെയ്തു. എന്നാൽ, രോഷാകുലരായ ജനങ്ങൾ തെരുവിലിറങ്ങിയതോടെ ഷാവേസിന് അധികാരം തിരികെ ലഭിച്ചു. ഈ അട്ടിമറിക്ക് പെദ്രോ കർമോണയ്‌ക്കൊപ്പം നിന്ന നേതാവാണ് മച്ചാഡോ. 2014ലും 2017ലും മഡുറോ ഗവൺമെന്റിനെ അട്ടിമറിക്കാൻ നടത്തിയ നീക്കത്തിലും 2019ൽ പ്രതിപക്ഷനേതാവ് ജുവാൻ ഗുവായ്‌ഡോയെ ഇടക്കാല പ്രസിഡന്റായി നിയമിച്ച് നടത്തിയ അട്ടിമറിശ്രമത്തിലും 2020ൽ വെനസ്വേലയിൽനിന്നും കൊളംബിയയിൽനിന്നുമുള്ള കൂലിപ്പട്ടാളത്തെ ഉപയോഗിച്ച് മഡുറോയെ അധികാരഭ്രഷ്ടനാക്കാൻ ശ്രമിച്ചപ്പോഴും മച്ചാഡോയുടെ പിന്തുണ അമേരിക്കയ്‌ക്ക് ലഭിച്ചു. അതുമാത്രമല്ല, മഡുറോയെ അട്ടിമറിക്കാൻ സൈനിക ഇടപെടൽ നടത്താൻ അമേരിക്കൻ ഗവൺമെന്റിനോടും ഇസ്രയേലിലെ നെതന്യാഹു സർക്കാരിനോടും അവർ ആവശ്യപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തിയ വംശഹത്യയെ വാനോളം പുകഴ്ത്തുന്നതിൽ ഒരു ലോപവും കാട്ടാത്ത ക്രൂരമനസ്സിന്റെ ഉടമകൂടിയാണ് മച്ചാഡോ. അധികാരലബ്‌ധിക്കുവേണ്ടി ജനിച്ച നാടിന്റെ പരമാധികാരത്തെപ്പോലും ചവിട്ടിമെതിച്ച് വിദേശസേനയുടെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട നേതാവിനെയാണ് സമാധാനത്തിന്റെ മാലാഖയാക്കാൻ നൊബേൽ സമിതി തയ്യാറായത്.
അമേരിക്ക അടുത്തിടെ അട്ടിമറിപ്രവർത്തനം ശക്തമാക്കിയ വേളയിലാണ് അതിന് എരിവ് പകരാനെന്നോണം "വെന്റേ വെനസ്വേല’ എന്ന തീവ്ര വലതുപക്ഷപാർടിയുടെ നേതാവുകൂടിയായ മച്ചാഡോയ്‌ക്ക് പുരസ്കാരം നൽകിയത്. മഡുറോ മയക്കുമരുന്നുസംഘത്തിന് നേതൃത്വം നൽകുന്നു എന്ന് ആരോപിച്ചാണ് രണ്ടാമതും അധികാരത്തിൽവന്ന ട്രംപ് സർക്കാർ ആക്രമണം ആരംഭിച്ചിട്ടുള്ളത്. സെപ്തംബർ രണ്ടിന് മയക്കുമരുന്ന് കടത്തുകയാണെന്ന് ആരോപിച്ച് ഒരു ബോട്ട് അമേരിക്കൻസേന തകർത്തു. ഇതിനകം നാല് ബോട്ടുകൾ ഈ രീതിയിൽ കരീബിയൻ കടലിൽ തകർത്തു. 21 പേർ കൊല്ലപ്പെട്ടു. വെനസ്വേലക്കാർമാത്രമല്ല, കൊളംബിയക്കാരും കൊല്ലപ്പെട്ടതായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. യഥാർഥ മയക്കുമരുന്നുസംഘം വസിക്കുന്നത് വാഷിങ്ടണിലും ഫ്ലോറിഡയിലുമാണെന്ന് ആരോപിച്ച പെട്രോ, നിത്യജീവിതത്തിന് കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളാണ് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടി.
വെനസ്വേല മയക്കുമരുന്ന് വ്യാപാരത്തിന്റെ കേന്ദ്രമാണെന്ന യുഎസ് ഭരണകൂടത്തിന്റെ ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ല. മയക്കുമരുന്ന് ഉൽപ്പാദനത്തിന്റെ 28 ശതമാനവും മധ്യ അമേരിക്കയിലാണ്. മയക്കുമരുന്ന് കടത്തി ജയിലിൽ കഴിയുന്ന 87 ശതമാനംപേരും യുഎസ് പൗരന്മാരാണ്. മാത്രമല്ല, അമേരിക്കയിലുള്ള മയക്കുമരുന്നിൽ 87 ശതമാനവും ശാന്തസമുദ്രം വഴിയാണ് എത്തുന്നത്. വെനസ്വേലൻ തീരത്തുള്ള കരീബിയൻ കടൽവഴി എത്തുന്നത് അഞ്ചുശതമാനം മാത്രമാണ്. 22 ശതമാനം മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്ന ലാറ്റിനമേരിക്കയിൽ കൊളംബിയ, പെറു, ഇക്വഡോർ എന്നീ രാജ്യങ്ങളിലാണ് കൂടുതലായും ഉൽപ്പാദിപ്പിക്കുന്നത്. ഈ മൂന്നു രാജ്യങ്ങളും വർഷങ്ങളായി ഭരിക്കുന്നത് യുഎസ് അനുകൂല ഗവൺമെന്റുകളാണ് (കൊളംബിയയിൽ ഇടതുപക്ഷനേതാവ് ഗുസ്താവോ പെട്രോ പ്രസിഡന്റായത് 2022ൽമാത്രമാണ്. പെറുവിൽ ഇടതുപക്ഷത്തിന്റെ പെദ്രോ കാസ്തിയ്യാ അധികാരത്തിൽ വന്നെങ്കിലും അട്ടിമറിക്കപ്പെട്ടു) 2002 മുതൽ 2010 വരെ കൊളംബിയ ഭരിച്ച അൽവാരോ ഉറിബെ, അമേരിക്കയുടെ വിശ്വസ്തൻമാത്രമല്ല മയക്കുമരുന്ന് വ്യാപാരി പാബ്ലോ എസ്കോബാറുമായി അടുത്തബന്ധം പുലർത്തിയ ആളുമായിരുന്നു.
ഇതെല്ലാം സൂചിപ്പിക്കുന്നത്, വെനസ്വേല മയക്കുമരുന്നുകടത്തിൽ ഏർപ്പെട്ടിരിക്കുന്നു എന്ന പുകമറ സൃഷ്ടിച്ച് സോഷ്യലിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് അമേരിക്ക നടത്തുന്നത് എന്നാണ്. വെനസ്വേലൻ തീരത്ത് അമേരിക്കയുടെ ഒരു ആണവവാഹിനി മുങ്ങിക്കപ്പലും ഏഴ് യുദ്ധക്കപ്പലുകളും നങ്കൂരമടിച്ചിരിക്കുന്നു. ഏഴ് പി-8 നിരീക്ഷണവിമാനങ്ങളും പ്യൂർട്ടോറിക്കോയിൽ ഒരു സ്ക്വാഡ്രൺ എഫ് 35 യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. വിർജീനിയയിലെ നോർഫ്ളോക്കിലെ നാവികകേന്ദ്രത്തിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെ ട്രംപ് പറഞ്ഞത്, വെനസ്വേലയ്‌ക്കെതിരെ കരയാക്രമണത്തിനും മടിക്കില്ലെന്നാണ്.
ഈ അട്ടിമറിനീക്കത്തിന് പ്രധാന കാരണം, ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരം വെനസ്വേലയിലാണ് എന്നതാണ്. 303 ബില്യൺ ബാരൽ എണ്ണശേഖരമാണ് വെനസ്വേലയിലുള്ളത്. ഇപ്പോൾ എണ്ണഖനനവും വിതരണവും പിഡിവിഎസ്എ എന്ന പൊതുമേഖലാ കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. അധികാരം കിട്ടിയാൽ ഇത് സ്വകാര്യവൽക്കരിക്കുമെന്ന് മച്ചാഡോ വ്യക്തമാക്കിയിരുന്നു. മച്ചാഡോയെ മുൻനിർത്തിയുള്ള അട്ടിമറിക്കുപിന്നിലുള്ള അമേരിക്കയുടെ താൽപ്പര്യം ഈ എണ്ണസമ്പത്താണ്. അതിന് അവസരമൊരുക്കാനുള്ള ഒരു കൈസഹായമാണ് മച്ചാഡോയ്‌ക്കുള്ള നൊബേൽ.
ചൈന, ഇറാൻ, റഷ്യ, ക്യൂബ എന്നീ രാജ്യങ്ങളുമായി വെനസ്വേല അടുത്തബന്ധം പുലർത്തുന്നതും അമേരിക്കയെ അലോസരപ്പെടുത്തുന്നു. അമേരിക്കൻ ഉപരോധത്തെ അവർ അതിജീവിക്കുന്നത് ചൈന വൻതോതിൽ വെനസ്വേലയിൽനിന്ന് എണ്ണ വാങ്ങുന്നതിനാലാണ്. ലാറ്റിനമേരിക്കൻ–കരീബിയൻ മേഖലയിൽ ചൈനയുടെ വർധിക്കുന്ന സ്വാധീനം തടയുക അമേരിക്കയുടെ ലക്ഷ്യമാണ്. മാത്രമല്ല, ലാറ്റിനമേരിക്കയിലെ അമേരിക്കൻവിരുദ്ധ കൂട്ടുകെട്ടായ സിലാക്, അൽബ എന്നിവയിലെല്ലാം വെനസ്വേല സജീവമാണ്. ഇടതുവശം ചേർന്നുപോകുന്ന വെനസ്വേലയെ ട്രംപിന്റെ വഴിയേ നയിക്കാനാണ് മച്ചാഡോയ്‌ക്ക് നൊബേൽ സമ്മാനിക്കുന്നത്.














