സവര്‍ണത്വത്തില്‍നിന്ന് മനുഷ്യത്വത്തിലേക്ക്


പ്രൊഫ. വി കാർത്തികേയൻ നായർ
Published on Feb 25, 2026, 12:00 AM | 2 min read
പത്തൊമ്പതാംനൂറ്റാണ്ടിന്റെ അന്ത്യപാദത്തിലെ കേരളത്തില്‍ എല്ലാ ജാതിമതവിഭാഗത്തില്‍പ്പെട്ടവരിലും സമ്പന്നരും ദരിദ്രരുമുണ്ടായിരുന്നു. ഏറ്റവും താഴ്‌ന്നജാതികളില്‍പ്പെട്ടവരില്‍ ദരിദ്രര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. സവര്‍ണജാതികളില്‍പ്പെട്ടവരെല്ലാം സമ്പന്നരാണെന്ന മിഥ്യാധാരണയുണ്ടാക്കി പൊതുസമൂഹത്തില്‍ അവര്‍ അവഹേളിക്കപ്പെടുന്ന അവസ്ഥയുണ്ടായപ്പോള്‍ സ്വന്തം സമുദായത്തിന്റെ ദുഃസ്ഥിതി മാറ്റിയെടുത്ത് അന്തസ്സുള്ളവരായി ജീവിക്കാൻ അവസരമുണ്ടാക്കുന്നതിനുവേണ്ടിയായിരുന്നു മന്നത്ത് പത്മനാഭനും കൂട്ടരും സംഘടന ഉണ്ടാക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്. സവര്‍ണത്വത്തിന്റെ മിഥ്യാഭാണ്ഡവും ദാരിദ്ര്യത്തിന്റെ സത്യഭാണ്ഡവുംപേറി നടക്കേണ്ടിവന്ന ദുരിതത്തില്‍നിന്ന് മോചനം നേടുന്നതിനുവേണ്ടിയായിരുന്നു മന്നത്ത് പത്മനാഭന്‍, ചങ്ങനാശേരി പരമേശ്വരന്‍പിള്ള തുടങ്ങിയവര്‍ സംഘടനയുണ്ടാക്കി ശക്തി സംഭരിക്കാന്‍ പ്രയത്നിച്ചത്.
സവര്‍ണത്വമുള്ളിടത്ത് മനുഷ്യത്വമുണ്ടാകില്ലെന്നും അതിനാല്‍ മനുഷ്യത്വം നേടിയെടുക്കുന്നതിന്റെ മുന്നുപാധി സവര്‍ണത്വം നശിപ്പിക്കലാണെന്നും തിരിച്ചറിഞ്ഞതുകൊണ്ടാണ് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള അവര്‍ണപോരാട്ടത്തില്‍ മന്നത്ത് പത്മനാഭന്‍ പങ്കാളിയാകുന്നത്. നായർ–ഇൗഴവ കലഹം തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും നടക്കുന്ന സന്ദര്‍ഭത്തിലാണ് എസ്എന്‍ഡിപിയുടെ യോഗങ്ങളില്‍ എന്‍എസ്എസ് നേതാക്കളും എന്‍എസ്എസിന്റെ യോഗങ്ങളില്‍ എസ്എന്‍ഡിപി യോഗത്തിന്റെ നേതാക്കളും പതിവായി പങ്കെടുത്തിരുന്നത്.
അതിന്റെ സ്വാഭാവികമായ വളര്‍ച്ചയായിരുന്നു 1924-ലെ വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ചുള്ള സവര്‍ണജാഥ. സവര്‍ണരെല്ലാം അവര്‍ണരുടെ അവകാശപ്പോരാട്ടങ്ങള്‍ക്കെതിരാണെന്ന മിഥ്യാധാരണ പൊളിക്കലായിരുന്നു മന്നത്തിന്റെ ലക്ഷ്യം. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമാണ് ജാഥ സംഘടിപ്പിച്ചിരുന്നതെങ്കിലും അതിന്റെ വിജയകരമായ പരിസമാപ്തി മന്നത്തിന്റെ സംഘാടനമികവിന്റെയും ആശയദാര്‍ഢ്യത്തിന്റെയും മാനവികവീക്ഷണത്തിന്റെയും തെളിവായിരുന്നു. സവര്‍ണത്വത്തെ നിരാകരിച്ചുകൊണ്ട് മാനവികത്വത്തെ സ്വീകരിക്കുമ്പോഴാണ് നവോത്ഥാനമുണ്ടാകുന്നത്. അതുകൊണ്ടാണ് മന്നത്ത് പത്മനാഭന്‍ നവോത്ഥാന നായകനാകുന്നത്. അവര്‍ണരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സവര്‍ണര്‍ക്കെതിരെ സവര്‍ണരില്‍നിന്നുതന്നെ പ്രക്ഷോഭം ഉയര്‍ന്നുവന്നു എന്നതാണ് സവര്‍ണജാഥയുടെ പ്രത്യേകത.
ഭാഗികമായ വിജയത്തോടുകൂടി വൈക്കം സത്യഗ്രഹം 1925 നവംബര്‍ 23-ന് അവസാനിച്ചു. നവംബര്‍ 27-ന് വൈക്കം ബോട്ടുജെട്ടിയില്‍ ഒരു വിശദീകരണയോഗം നടന്നു. പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരായിരുന്നു അധ്യക്ഷനായത്. മുഖ്യപ്രഭാഷണം നിര്‍വഹിച്ചത് മന്നമായിരുന്നു. അതിലാണ് അവര്‍ണസമുദായത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യം ഒരു സവര്‍ണസമുദായ നേതാവ് ആദ്യമായി പരസ്യമായി ഉന്നയിക്കുന്നത്. അയിത്തം ഒരു ചെകുത്താനാണെന്നും തെരുവില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട അവന്‍ അമ്പലങ്ങള്‍ക്കകത്ത് ഒളിച്ചിരിക്കുകയാണെന്നും അവനെ പുറത്തുചാടിക്കാന്‍ ക്ഷേത്രങ്ങള്‍ക്കകത്തേക്ക് പ്രവേശിക്കണമെന്നും മന്നം ആഹ്വാനം ചെയ്തു. അതാണ് ആറുവര്‍ഷത്തിനുശേഷം ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിക്കാനുണ്ടായ സാഹചര്യം. അവര്‍ണരുടെ ക്ഷേത്രപ്രവേശനം എന്ന ആവശ്യത്തിനുവേണ്ടി സവര്‍ണര്‍ ആഹ്വാനം ചെയ്യുമ്പോള്‍ വാസ്തവത്തില്‍ അത് സനാതനധര്‍മത്തിനെതിരായ പോരാട്ടത്തിനുള്ള ആഹ്വാനമായിരുന്നു.
പുരുഷന്മാരെപ്പോലെ സ്ത്രീകളും ഒറ്റമുണ്ടുടുത്തുമാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്ന മലബാറിലെ ചില ക്ഷേത്രങ്ങളിലെ ആചാരങ്ങളെ മുറിച്ചെറിഞ്ഞ മന്നം ഇങ്ങനെ പറഞ്ഞു: ‘‘നായര്‍സ്ത്രീകളെ മാറുമറയ്‌ക്കാതെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു ദേവന്‍ അമ്പലത്തിലിരിപ്പുണ്ടോ? നമ്മുടെ വംശത്തിന്റെ മാനസംരക്ഷണത്തിനുവേണ്ടി ഇതിനെ ഉടനെ ധ്വംസിക്കേണ്ടതാണ്. ഇതിനു കഴിയുന്നില്ലെങ്കില്‍ സഹോദരിമാര്‍ ക്ഷേത്രത്തോട് നിസ്സഹകരിക്കണം.’’ മനുഷ്യസമൂഹത്തിന്റെ യഥാര്‍ഥമോചനം വിദ്യാഭ്യാസത്തിലൂടെമാത്രമേ സാധ്യമാവുകയുള്ളൂവെന്ന ശരിയായ ബോധ്യത്തില്‍നിന്നാണ് വിദ്യാലയങ്ങള്‍ സ്ഥാപിക്കാനുള്ള യജ്ഞത്തില്‍ മന്നം ഏര്‍പ്പെട്ടത്. സവര്‍ണന്മാരാണെങ്കിലും ബഹുഭൂരിപക്ഷം നായന്മാര്‍ക്കും ഫീസ് കൊടുത്ത് പഠിക്കാനുള്ള ശേഷിയില്ലായിരുന്നു.
അതു പരിഹരിക്കുന്നതിനുവേണ്ടിയായിരുന്നു വിദ്യാലയങ്ങള്‍ സ്ഥാപിക്കാനുള്ള ഒരു പദ്ധതിക്ക് അദ്ദേഹം തുടക്കംകുറിച്ചത്. സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന പരിമിതമായ ഗ്രാന്റുകൊണ്ട് സ്കൂള്‍നടത്തിപ്പിന്റെ ചെലവ് വഹിക്കാനാകുമായിരുന്നില്ല. ഈ പ്രശ്നത്തിനുള്ള പരിഹാരമെന്ന നിലയ്ക്കാണ് ധനം ജനകീയമായി സ്വരൂപിക്കുന്നതിന്റെ ഭാഗമായി പിടിയരി പിരിക്കാനുള്ള നീക്കം അദ്ദേഹം ആരംഭിച്ചത്. അതിന്റെ അടുത്തഘട്ടമെന്ന നിലയ്ക്കാണ് ഭൂ ഉടമകളില്‍നിന്ന് ഭൂമി ദാനമായി സ്വീകരിച്ച് സ്കൂളുകളും കോളേജുകളും തുടങ്ങാനുള്ള നടപടി തുടങ്ങിയത്. മാന്യമായി തൊഴിലെടുത്തു ജീവിക്കാന്‍ സ്വസമുദായാംഗങ്ങളെ പ്രാപ്തരാക്കിയത് ഒരളവുവരെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. സവര്‍ണത്വത്തിന്റെ മന്തുകാലുംപേറി മൂഢന്മാരായി കഴിഞ്ഞ സ്വസമുദായാംഗങ്ങളെ മനുഷ്യരാക്കിയ നവോത്ഥാന നായകനായിരുന്നു സാക്ഷാല്‍ മന്നത്ത് പത്മനാഭന്‍.















