റോഡ് പരിപാലനം; നിർദേശങ്ങളുമായി കുസാറ്റ് വിദ്യാർഥികൾ

റോഡ് പരിപാലനം സംബന്ധിച്ച പഠന റിപ്പോർട്ടുമായി കുസാറ്റ് വിദ്യാർഥികൾ
കളമശേരി
പരിപാലനത്തിന് വലിയ തുക ചെലവഴിച്ചിട്ടും കൊച്ചിയിലെ മിക്ക റോഡുകളുടെയും അവസ്ഥ പരിതാപകരമെന്ന് കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ് സിവിൽ വിഭാഗം വിദ്യാർഥികളുടെ പഠന റിപ്പോർട്ട്. നിലവിലുള്ള സംവിധാനങ്ങളുടെ പോരായ്മയിലേക്ക് റിപ്പോർട്ട് വിരൽ ചൂണ്ടുന്നു. കോഴ്സ് പ്രോജക്ടിന്റെ ഭാഗമായാണ് പഠനം നടത്തിയത്.
നാലാംവർഷ വിദ്യാർഥികളായ കെ എ മുഹമ്മദ് സാദിർ, രാഹുൽ ദേവ്, റിജ്വിത് സുബ്രഹ്മണ്യൻ, ടി പി സൗഗന്ധ്, കെ ജെ ശ്രീകണ്ഠൻ, മീനാക്ഷി രാജീവ്, എ ധനിഷ് എന്നിവർ അധ്യാപിക ഡോ. സൂര്യ ആൻ കോശിയുടെ നേതൃത്വത്തിലാണ് സർവേ നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.
വൈറ്റില, മെഡിക്കൽ ട്രസ്റ്റ്, ഹൈക്കോടതി-, മറൈൻ ഡ്രൈവ് ജങ്‌ഷനുകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.
കേരളത്തിലെ ഏറ്റവും തിരക്കേറിയ ജങ്‌ഷനുകളിലൊന്നായ വൈറ്റിലയിൽ റോഡുകൾ കൊച്ചി കോർപറേഷൻ, ദേശീയപാത അതോറിറ്റി, പൊതുമരാമത്തുവകുപ്പ് തുടങ്ങി വിവിധ ഏജൻസികളുടെ കീഴിലാണ്. അവിടെ ഓടകൾ, പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങൾ, പാർക്കിങ്, സിഗ്നൽ ലൈറ്റ്, റോഡ് ഉപരിതലം, നടപ്പാത തുടങ്ങിയ സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തണമെന്ന് കണ്ടെത്തി.
മെഡിക്കൽ ട്രസ്റ്റ് ജങ്‌ഷനിൽ തകർന്ന സ്ലാബുകളും തടസ്സങ്ങളുള്ള നടപ്പാതകളും കാൽനടക്കാർക്ക് അപകടകരമാണ്. ഓടകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് റോഡിന്റെ ആയുസ്സ് കുറയ്ക്കുന്നു.
മറൈൻ ഡ്രൈവ് മികച്ച മാതൃക
ഹൈക്കോടതി ജങ്‌ഷൻ മേഖലയിലെ റോഡുകൾ പൊതുമരാമത്തുവകുപ്പിന്റെ കീഴിലാണ്. ഇത് നഗരത്തിലെ മികച്ചരീതിയിൽ പരിപാലിക്കപ്പെടുന്ന റോഡുകളിലൊന്നാണെന്നും പഠനം വിലയിരുത്തി. കേരളത്തിൽ 2022 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിവരുന്ന പ്രവർത്തനഫലവും കാര്യക്ഷമതയും അടിസ്ഥാനമാക്കിയുള്ള റോഡ് കരാർസംവിധാനം ഏറെ ഫലപ്രദമാണ്.
റോഡ് ശൃംഖലയെ വ്യക്തമായി നിർവചിച്ച് പ്രത്യേക പരിപാലന മേഖലകളായി തിരിക്കാനും പഠനം ശുപാർശ ചെയ്യുന്നു. റോഡുകൾ, നടപ്പാതകൾ, മീഡിയനുകൾ, ഗതാഗത വിളക്കുകൾ, റോഡ് അടയാളങ്ങൾ, ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ, ഓടകൾ തുടങ്ങിയവ ഉൾപ്പെടുത്തി കേന്ദ്രീകൃത ഡിജിറ്റൽ റോഡ് വിവരശേഖരണ സംവിധാനം രൂപീകരിക്കണം. പൊതുജനങ്ങൾക്ക് റോഡ് പരിപാലനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കണമെന്നും റിപ്പോർട്ടിലുണ്ട്.









0 comments