പെരിയാർ കുള്ളൻ ഇനിമുതൽ പെരിയ കുള്ളൻ

കോസ് കുര്യൻ പെരിയാർ കുള്ളൻ പശുക്കിടാങ്ങൾക്കൊപ്പം
പെരുമ്പാവൂർ
‘പെരിയാർ കുള്ളൻ’ എന്നറിയപ്പെടുന്ന പശുക്കൾക്ക് ദേശീയ അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് അമ്പത്തെട്ടുകാരനായ കോസ് കുര്യൻ.
പെരിയാർ പശുക്കളുടെ സംരക്ഷണം ഏറ്റെടുത്ത്, വർഷങ്ങളായി ഇവയുടെ ജനിതക പരമ്പരയ്ക്ക് അംഗീകാരം നേടിയെടുക്കാനുള്ള പരിശ്രമങ്ങളിലായിരുന്നു കോടനാട് ചേട്ടാകുളത്തിൻകര വീട്ടിൽ കോസ് കുര്യൻ. സിവിൽ എൻജിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം ഉയർന്ന ശന്പളമുള്ള ജോലിയുപേക്ഷിച്ചാണ് പത്തുവർഷംമുമ്പ് ഇതിനായി ഇറങ്ങിത്തിരിച്ചത്. വർഷങ്ങൾ നീണ്ട ഗവേഷണ– നിരീക്ഷണങ്ങൾക്കൊടുവിലാണ് പെരിയാർ കുള്ളൻ എന്ന പേരിൽ അറിയപ്പെടുന്ന അപൂർവയിനം പശുക്കളെ തദ്ദേശീയ വർഗത്തിൽ ഉൾപ്പെടുത്തി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐസിഎആർ) അംഗീകാരം നൽകിയത്. ആഗസ്‌ത് ഏഴിന് ചേർന്ന ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.
വെച്ചൂർ പശുക്കൾക്കും കാസർകോട് കുള്ളനും ലഭിച്ച ശ്രദ്ധയും സംരക്ഷണവും പെരിയാർ പശുക്കൾക്ക് ലഭിക്കാതിരുന്നതാണ് ഇവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചതെന്ന് കോസ് കുര്യൻ പറയുന്നു. എണ്ണം 500-ൽ താഴെയായി ചുരുങ്ങിയ ഘട്ടത്തിലാണ് സംരക്ഷണശ്രമം തുടങ്ങിയത്. നൂറിലധികം പശുക്കളെ അദ്ദേഹം നേരിട്ട് സംരക്ഷിച്ചു. ഒരു നാടൻ ജീവിവർഗത്തെ ദേശീയതലത്തിൽ ‘ബ്രീഡ്' ആയി അംഗീകരിക്കപ്പെടാൻ കടുത്ത മാനദണ്ഡങ്ങളാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരത്തിൽ കുറയാത്ത പ്യുവർ ബ്രീഡ് (ശുദ്ധരക്ത) പോപ്പുലേഷൻ ഉണ്ടായിരിക്കണമെന്നതടക്കം മാനദണ്ഡങ്ങൾ പെരിയാർ കുള്ളന്മാരിൽ തെളിയിക്കപ്പെട്ടതോടെയാണ് അംഗീകാരം ലഭിച്ചത്.
വെച്ചൂർ പശുവിനെക്കാൾ അൽപ്പംകൂടി ഉയരമുള്ള പെരിയാർ ഇനത്തിന് 110 മുതൽ 120 സെന്റിമീറ്റർവരെ ഉയരവും 250 കിലോവരെ തൂക്കവുമുണ്ടാകും. ഉറച്ച ശരീരഘടനയും ചുവപ്പോ കറുപ്പോ നിറത്തിലുള്ള രോമങ്ങളുമാണ്. പെരിയാർ നദിയിലെ ശക്തമായ ഒഴുക്കിനെപ്പോലും നീന്തിക്കടന്ന് തുരുത്തുകളിലും തോട്ടം മേഖലകളിലും മേഞ്ഞുനടക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. 30 വർഷംവരെ ആയുസ്സുണ്ട്. വർഷംതോറും പ്രസവിക്കാനുള്ള ശേഷിയുമുണ്ട്. ദിവസേന മൂന്നുമുതൽ നാല് ലിറ്റർവരെ പാൽ ലഭിക്കും. ഉയർന്ന കൊഴുപ്പും പോഷകമൂല്യവും രുചിയും മണവുമാണ് പാലിന്റെ പ്രത്യേകത. ഉയർന്ന രോഗപ്രതിരോധശേഷിയുണ്ട്.
കോടനാട് മാർ ഔഗേൻ ഹൈസ്‌കൂൾ മാനേജർകൂടിയായ കോസ് കുര്യൻ പെരിയാർ കന്നുകുട്ടികളെ സ്കൂൾ കുട്ടികൾക്ക് കൈമാറുകയും അവയെ പരിപാലിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു. ഭാര്യ മാർ ഔഗേൻ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് സിന്ധു ടൈറ്റസും മക്കളായ എബ്രഹാം കുര്യനും അന്ന കുര്യനും പൂർണ പിന്തുണയോടെ കോസിനോടൊപ്പമുണ്ട്.









0 comments